വായുമലിനീകരണം പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുന്നു; പഠന റിപ്പോര്‍ട്ട്

നമ്മള്‍ ശ്വസിക്കുന്ന മലിനമായ വായു പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നതിനോടൊപ്പം നാളത്തെ തലമുറയുടെ ജീവനെത്തന്നെയാണ് ഇല്ലാതാക്കുന്നത്!

ആധുനിക കാലത്തെ ഏറ്റവും വലിയ പാരിസ്ഥിതിക, ആരോഗ്യ ഭീഷണിയായി വായു മലിനീകരണം മാറിയിരിക്കുകയാണ്. മനുഷ്യന്‍ ഒരു മിനിറ്റില്‍ ശരാശരി 12 തവണയാണ് ശ്വസിക്കുന്നത്. ഈ ശ്വസനപ്രക്രിയയാണ് നമ്മെ ജീവനോടെ നിലനിര്‍ത്തുന്നത്. പക്ഷേ, 99 ശതമാനം പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്. നമ്മള്‍ ശ്വസിക്കുന്ന മലിനവായു പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നതിനോടൊപ്പം നാളത്തെ തലമുറയുടെ ജീവനെത്തന്നെയാണ് ഇല്ലാതാക്കുന്നത്! അന്തരീക്ഷത്തിലെ വായുമലിനീകരണം പുരുഷന്മാരിലെ ബീജകോശങ്ങളുടെ ജനിതക ഘടനയെ (Sperm genes) ദോഷകരമായി ബാധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലണ്ടനില്‍ നടന്ന ‘യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജി’യുടെ (ESHRE) വാര്‍ഷിക യോഗത്തിലാണ് ഗവേഷകര്‍ പഠനവിവരങ്ങള്‍ പുറത്ത് വിട്ടത്.

ബീജകോശങ്ങള്‍ വികസിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ പുരുഷന്റെ ശരീരത്തിലെത്തുന്ന വിഷവായു, ഡി.എന്‍.എ ഘടനയില്‍പ്പോലും മാറ്റം വരുത്തുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വായുമലീനീകരണം. എപിജെനറ്റിക് മാറ്റങ്ങള്‍ എന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സാധാരണ വാതകങ്ങളില്‍ കാണപ്പെടുന്ന രണ്ട് ഘടകങ്ങളാണ് ബീജങ്ങളിലെ ജനിതക മാറ്റങ്ങളിലെ വില്ലന്‍മാര്‍. ഓസോണ്‍ (Ozone – $O_3$) നൈട്രജന്‍ ഡയോക്‌സൈഡ് (Nitrogen dioxide – $NO_2$) വാഹനങ്ങളില്‍ നിന്നുള്ള പുക, ഫാക്ടറി മാലിന്യങ്ങള്‍ എന്നിവയിലൂടെ ഈ വാതകങ്ങളുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നത് പ്രത്യുത്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലിനമായ അന്തരീക്ഷം ബീജങ്ങളുടെ ഗുണനിലവാരം കുറയ്ക്കുക മാത്രമല്ല, ഭാവി തലമുറയുടെ ആരോഗ്യത്തെപ്പോലും ബാധിച്ചേക്കാവുന്ന തരത്തിലുള്ള ജനിതക മാറ്റങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

2013നും 2017-നും ഇടയില്‍ അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ 2,000-ത്തിലധികം പുരുഷന്മാരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കത്തിലും, പിന്നീട് രണ്ട്, നാല്, ആറ് മാസങ്ങളുടെ ഇടവേളകളിലും ഇവരുടെ ബീജസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ബീജ ഉത്പാദനത്തിന് ആവശ്യമായി വരുന്ന മൂന്ന് മാസക്കാലയളവില്‍ ഇവര്‍ എത്രത്തോളം വായുമലിനീകരണത്തിന് ഇരയായെന്നും ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, സൂക്ഷ്മധൂളികള്‍ എന്നിവയുടെ അളവുകളുമാണ് പ്രധാനമായും പരിശോധിച്ചത്.

വായുമലിനീകരണം പുരുഷന്മാരിലെ പ്രത്യുത്പാദന ശേഷി കുറയ്ക്കുമെന്ന് മുന്‍പും ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അതിന്റെ പിന്നിലെ യഥാര്‍ത്ഥ ശാസ്ത്രീയ കാരണങ്ങള്‍ക്ക് വ്യക്തതയില്ലായിരുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ‘ഡി.എന്‍.എ മെഥിലേഷന്‍’ (DNA Methylation) എന്ന പ്രക്രിയയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജെനറ്റിക് കോഡില്‍ മാറ്റം വരുത്താതെ തന്നെ, ജീനുകള്‍ എപ്പോള്‍ പ്രവര്‍ത്തിക്കണം, എപ്പോള്‍ പ്രവര്‍ത്തിക്കരുത് എന്ന് നിയന്ത്രിക്കുന്ന ഡി.എന്‍.എ-യോട് ചേര്‍ന്നുള്ള രാസഘടനയാണിത്.

ആറാം മാസത്തില്‍ സാമ്പിളുകള്‍ നല്‍കിയ 1,220 പുരുഷന്മാരിലെ ഡി.എന്‍.എ മെഥിലേഷന്‍ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയപ്പോള്‍ വായുമലിനീകരണം മൂലം ബീജങ്ങളില്‍ 39 ജനിതക മാറ്റങ്ങള്‍ സംഭവിച്ചതായി കണ്ടെത്തി.

ഭ്രൂണ വികാസത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇത്തരം ജനിതക ആഘാതങ്ങള്‍ സാധാരണയായി പ്രശ്‌നമുണ്ടാക്കാറില്ലെങ്കിലും. ചില ജീനുകളില്‍ ഈ മാറ്റങ്ങള്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയെയും കുട്ടിയുടെ ഭാവിയെയും വരെ ബാധിച്ചേക്കാം. ഇത്തരത്തില്‍ മാറ്റം സംഭവിച്ച ജിഎന്‍എഎസ് (‘GNAS’) എന്ന ജീന്‍, ബീജങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്നതിനും ഭ്രൂണത്തിന്റെ തകരാറുകള്‍ക്കും കാരണമാകുന്ന ഒന്നാണെന്ന് മുന്‍ കാലങ്ങളില്‍ നടത്തിയ പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

‘ജീനുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വായുമലിനീകരണം മൂലമുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ വന്ധ്യതയ്ക്ക് എങ്ങനെ കാരണമാകുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ ആവശ്യമാണ്.’ എന്ന് ഗവേഷകയായ ഡോ. നോബിള്‍സ് വ്യക്തമാക്കി.

Air pollution linked to DNA changes in sperm, research shows

This post was last modified on July 7, 2026 1:16 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment