UPDATES

വായിച്ചോ‌

മോദിയും രാഹുലും കെജ്രിവാളും വൃത്തിയാക്കാത്ത ഓടയ്ക്കരികിൽ വോട്ട് ചോദിക്കുന്ന പോസ്റ്ററുകളായി; അധികാരികളെ മുട്ടുകുത്തിക്കാൻ യുവസംരംഭകൻ ചെയ്തത്

കോൺഗ്രസിന്റെയും ബിജെപിയുടെയും ആംആദ്മി പാർട്ടിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ സ്വന്തം ചെലവിൽ അച്ചടിപ്പിച്ചിട്ട് അദ്ദേഹം താഴെ ഒരു വരി കൂടി ചേർത്തു. ‘നിങ്ങൾ എനിക്ക് വോട്ട് ചെയ്യൂ, ഞാൻ നിങ്ങൾക്ക് മാലിന്യവും ഡെങ്കിപ്പനിയും മലേറിയയും പകരം തരാം’.

                       

നരേന്ദ്രമോദിയുടെയും രാഹുൽഗാന്ധിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും പോസ്റ്ററുകൾ ബുദ്ധിപരമായി ഉപയോഗിച്ച് ഒരു ഓട വൃത്തിയാക്കിച്ച യുവസംരംഭകന്റെ കഥ കേൾക്കുമ്പോഴാണ് ഈ ജനാധിപത്യ സംവിധാനത്തിലെ പൗരന്റെ ‘പവർ’ മനസ്സിലാകുന്നത്. അടുത്തുകൂടി പോകേണ്ടി വരുമ്പോൾ  ആളുകൾ മൂക്കുപൊത്തുന്ന ഓടയുടെ അടുത്ത് വച്ച് ഇദ്ദേഹം ഒരൊറ്റ പരിപാടി നടത്തിയതേയുള്ളൂ, രണ്ടാഴ്ചയ്ക്കുള്ളിൽ അധികൃതരെത്തി നാടിന്റെ നീറുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടു.

പടിഞ്ഞാറൻ ഡൽഹിയിലെ കീർത്തി നഗറിലേക്കുള്ള രാമ റോഡിലേക്ക് കടക്കുന്നവരൊക്കെ മൂക്കുപൊത്തി വേണമായിരുന്നു നടക്കാൻ. റോഡിന് ഒരു വശത്തുള്ള, മാസങ്ങളായി വൃത്തിയാക്കാതെ ഓടയിൽ നിന്നും രൂക്ഷഗന്ധമായിരുന്നു വന്നിരുന്നത്. അതിനു തൊട്ടടുത്തുള്ള ബിസിനസ്സ് സ്ഥാപനത്തിൽ ആളുകൾക്ക് മനഃസമാധാനമായി ജോലി ചെയ്യാൻ പോലും പറ്റാതായി. ദുർഗന്ധം കാരണം പല ഉദ്യോഗസ്ഥരും ജോലി പോലും വേണ്ടെന്നു വെച്ചു. മൂക്കുപൊത്തി പിടിച്ച് ശ്വാസം മുട്ടൻ വയ്യാത്ത കൊണ്ട് പല ഉപഭോക്താക്കളും കമ്പനിയിൽ നിന്ന് അകന്നു. ഓഫീസിലേക്ക് ഈച്ച പോലും അടുക്കാതെയായി. കമ്പനിയിലെ യുവ സംരംഭകൻ തരുൺ ബല്ല നാട്ടിലെ എംപിയ്ക്കും എംഎൽഎയ്ക്കും ഉൾപ്പടെയുള്ള അധികൃതർക്ക്  പരാതി സമർപ്പിച്ചിട്ടും ആരും തിരിഞ്ഞ് പോലും നോക്കിയില്ല.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. കാര്യങ്ങൾ കൂടുതൽ വഷളായി വന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പോസ്റ്ററുകളിൽ ചിരിച്ച് നിൽക്കുന്ന നേതാക്കളെ കണ്ട് തരുണിന് പുച്ഛം  തോന്നി. പെട്ടെന്ന് അദ്ദേഹത്തിന് ഒരു ആശയം തോന്നി. കോൺഗ്രസിന്റെയും ബിജെപിയുടെയും ആംആദ്മി പാർട്ടിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ സ്വന്തം ചെലവിൽ അച്ചടിപ്പിച്ചിട്ട് അദ്ദേഹം താഴെ ഒരു വരി കൂടി ചേർത്തു. ‘നിങ്ങൾ എനിക്ക് വോട്ട് ചെയ്യൂ, ഞാൻ നിങ്ങൾക്ക് മാലിന്യവും ഡെങ്കിപ്പനിയും മലേറിയയും പകരം തരാം’. രാഹുൽ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ചിരിച്ച മുഖങ്ങൾക് താഴെ ഈ അടിക്കുറിപ്പ് കൂടിയുള്ള ചിത്രങ്ങൾ വലിയ ഹിറ്റായി. കൂടാതെ ആരുകണ്ടാലും അറപ്പ് കൊണ്ട് മുഖം തിരിക്കുന്ന ഓടയുടെ വിവിധ ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മാർച്ച് രണ്ടാം തീയതി “ഓപ്പൺ എയർ സൂർ ലേക്ക്” എന്ന ഒരു പരിപാടിയും ഇദ്ദേഹം സംഘടിപ്പിച്ചു. പരിപാടിക്ക് വൻ പ്രചാരണം നടത്തി. ഓടയ്ക്കടുത്ത് നേതാക്കളുടെ പോസ്റ്ററുകൾ സ്ഥാപിച്ചു. സ്ഥലം എംപിയും ബിജെപി പ്രവർത്തകയുമായ മീനാക്ഷി ലേഖി ഉൾപ്പടെയുള്ളവരെ പരിപാടിയിലേക്ക് ക്ഷണിച്ച് വരുത്തി. തന്റെ 11 വയസ്സുള്ള മകളെ കൊണ്ട് ഓടയ്ക്ക് കുറുകെയുള്ള നാട മുറിപ്പിച്ച് പരിപാടി ഉൽഘാടനം ചെയ്യിപ്പിച്ച് പങ്കെടുത്തവർക്കെല്ലാവർക്കും മധുരപലഹാരങ്ങളും നൽകി.

ഇത്രയും സംഭവങ്ങളെ അന്ന് അവിടെ നടന്നുള്ളൂ. പക്ഷെ ദിവസങ്ങൾക്കുള്ളിൽ അധികൃതർ പാഞ്ഞെത്തി നേതാക്കളുടെ പോസ്റ്റർ ഉൾപ്പടെ ഓടയാകെ വൃത്തിയാക്കി. ‘ഇപ്പോൾ ഞങ്ങൾക്ക് സമാധാനത്തോടെ ശ്വസിക്കാം’ എന്ന് ഒരു പുഞ്ചിരിയോടെയാണ് ഇയാൾ ന്യൂസ് ലോൺഡ്രിയോട് പറയുന്നത്. ഓടയ്ക്കു കുറുകെയുള്ള നാട മുറിക്കാൻ വിസമ്മതിച്ച മകളോടുള്ള ഉപദേശമാണ് അദ്ദേഹം വീണ്ടും ആവർത്തിച്ചത്. ‘ഒരു അഴുക്ക് വൃത്തിയാക്കുമ്പോൾ നമ്മൾ ആദ്യം വൃത്തികേടാകുന്നു’. പക്ഷെ ഒരു നാടിനാകെ നന്മ ചെയ്യാനായാൽ അത് നല്ലതല്ലേ എന്നാണ് ഇദ്ദേഹം തെളിയിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: https://www.newslaundry.com/2019/03/15/the-power-of-one-the-common-man-strikes-back-and-wins

 

Share on

മറ്റുവാര്‍ത്തകള്‍