UPDATES

ശരിക്കും പിശാചാണോ ആ കൊല ചെയ്തത്?

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ‘ ദ ഡെവിള്‍ ഓണ്‍ ട്രയല്‍’ ഉയര്‍ത്തുന്ന ചോദ്യം

                       

‘ഡിഡ് ദ ഡെവിള്‍ ഡു ഇറ്റ്?’

ശരിക്കും പിശാചാണോ അത് ചെയ്തത്? ഒരു ഹൊറര്‍ ഡോക്യുമെന്റിയാണ് ഇങ്ങനെയൊരു ചോദ്യമുണ്ടാക്കിയിരുക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞാഴ്ച്ച റിലീസ് ചെയ്ത ‘ദ ഡെവിള്‍ ഓണ്‍ ട്രയല്‍’ യാഥാര്‍ത്ഥ്യവും അനുമാനവും മുഖമുഖം എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ സംഭാഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. അമേരിക്കയില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലപാതകവും, അതിന്റെ വിചാരണവേളയില്‍ നടന്ന സംഭവവികസങ്ങളുമാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. 1981-ല്‍, കണക്റ്റിക്കട്ടിലെ ബ്രൂക്ക് ഫീല്‍ഡിലാണ് ഡോക്യൂമെന്ററിക്ക് ആധാരമായ സംഭവം നടക്കുന്നത്. ആര്‍നെ ഷെയേനെ ജോണ്‍സണ്‍ എന്ന 19-കാരന്‍ തന്റെ ഭൂവുടമയായ അലന്‍ ബോണോയെ കൊലപ്പെടുത്തുന്നു. കൊലപാതകം നടക്കുമ്പോള്‍ തനിക്ക് പിശാച് ബാധയുണ്ടായിരുന്നുവെന്നും പൈശാചിക ബാധയാണ് തന്റെ പ്രവര്‍ത്തിക്കു കാരണമെന്നും ജോണ്‍സണ്‍ വിചാരണവേളയില്‍ അവകാശപ്പെടുന്നു.

നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്ററിയില്‍, കേസിനാസ്പദമായ ഓഡിയോ റെക്കോര്‍ഡിംഗുകളുടെയും ഫോട്ടോഗ്രാഫുകളുടെയും സാങ്കല്‍പ്പിക പുനരാവിഷ്‌കാരങ്ങളും ജോണ്‍സണും അദ്ദേഹത്തിന്റെ സഹോദങ്ങളായ ഡേവിഡ്, അലന്‍, കാള്‍ ഗ്ലാറ്റ്സെല്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഡോക്യൂമെന്ററി സംവിധായകന്‍ ക്രിസ് ഹോള്‍ട്ട് ഡേവിഡ് നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്, താന്‍ ആര്‍നെ, അലന്‍, കാള്‍ എന്നിവരുമായി ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ടെന്നാണ്. ”കള്ളം പറയുന്നവരുണ്ടാകാം. എന്നാല്‍ ഞാന്‍ നടത്തിയ സംഭാഷണങ്ങള്‍ക്കിടയില്‍, കൊലപാതകവുമായി ബന്ധപ്പെട്ട അവരുടെ കഥകളില്‍ വ്യത്യാസമുണ്ടായിട്ടില്ല. അവര്‍ പറയുന്നത് സത്യമായാണ് എനിക്കനുഭവപെട്ടത്. കഠിനമായ ഒരു വസ്തുത എന്നതിലുപരി സത്യത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനങ്ങളായിരുന്നു അത്. അവര്‍ പറയുന്നത് സത്യമാണെന്ന് അവരെ പോലെ ഞാനും വിശ്വസിച്ചു’; സംവിധയാകന്‍ പറയുന്നതായി ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പിശാച് എന്നെക്കൊണ്ടത് ചെയ്യിച്ചൂ’

കൊലപാതകത്തിന്റെ വിചാരണ വേളയിലാണ് അലന്‍ ബോണോയെ കൊലപ്പെടുത്തുമ്പോള്‍ തനിക്ക് പിശാചുബാധയുണ്ടായിരുന്നുവെന്നും പിശാചാണ് തന്നെക്കൊണ്ട് ബോണോയെ കൊല്ലിച്ചതെന്നും ജോണ്‍സണ്‍ അവകാശപ്പെട്ടത്. തന്റെ പ്രവര്‍ത്തനങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ കൊലപാതകത്തില്‍ ജോണ്‍സനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കരുതെന്നാണ് പ്രതി ഭാഗം വാദിച്ചത്. എന്നാല്‍ പ്രതി ഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കുറ്റകൃത്യം നടക്കുമ്പോള്‍ ജോണ്‍സന്റെ സഹോദരിമാര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ജോണ്‍സണ്‍ ബോണോയെ കുത്തുന്നത് തങ്ങള്‍ കണ്ടതായി പോലീസ് മൊഴികളില്‍ അവര്‍ ഒപ്പിട്ടിരുന്നു(ബോണോയ്ക്ക് നാല് തവണയാണ് കുത്തേറ്റത്)’ഭൂതബാധ’ പ്രതിരോധമായി ഉപയോഗിച്ച അമേരിക്കയിലെ ഏക കേസെന്ന ഖ്യാതി നേടിയ ബോണോ കൊലക്കേസ് ‘ഡെവിള്‍ മെയ്ഡ് മി ഡു ഇറ്റ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇപ്പോഴും തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നില്‍ക്കുയാണ് ജോണ്‍സണ്‍. ”ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല” അദ്ദേഹം ഡോക്യുമെന്ററിയില്‍ പറയുന്നു. ‘ഞാന്‍ ഒരിക്കലും ഇത് ചെയ്യാന്‍ വഴിയില്ല” എന്നാണ് ജോണ്‍സണ്‍ തറപ്പിച്ചു പറയുന്നത്. കൊലപാതകം നടത്തിയശേഷമുള്ള ജോണ്‍സനെ നിരീക്ഷിച്ച ഡിറ്റക്ടീവ് കൊലപാതകത്തെക്കുറിച്ച് ഒന്നും ഓര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നായിരുന്നു പറഞ്ഞത്.

എന്നാല്‍ സ്ഥിരമായി പിശാചിനെ ചാരി നില്‍ക്കാന്‍ ആര്‍നെ ജോണ്‍സണ്‍ ശ്രമിച്ചില്ലെന്നതും കാണാം. ഒരു ഘട്ടത്തില്‍ അയാള്‍ തന്റെ തന്ത്രം മാറ്റിയിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്ന് കുറ്റ സമ്മതം നടത്തി. ജൂറി ഒടുവില്‍ ഈ വാദത്തോട് യോജിക്കുകയും ഫസ്റ്റ്-ഡിഗ്രി നരഹത്യയ്ക്ക് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. അതീവ സുരക്ഷ ജയിലില്‍ പരമാവധി 10 മുതല്‍ 20 വര്‍ഷം വരെയുള്ള തടവിന് കോടതി ജോണ്‍സനെ ശിക്ഷിക്കുകയും ചെയ്തു.

ജോണ്‍സണ്‍ നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അയാളുടെ അഭിഭാഷകന്‍ മാര്‍ട്ടിന്‍ മിന്നെല്ല ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ‘ഞാനാ കഥയില്‍ വിശ്വസിക്കുന്നു, പ്രതിരോധത്തിലും” എന്നാണ് അഭിഭാഷകന്‍ പറയുന്നത്. മാര്‍ട്ടിന്‍ ഒരു വസ്തുത കൂടി ഇതിനൊപ്പം പറയുന്നുണ്ട്; ‘ ഇത്തരമൊരു പ്രതിരോധവാദവുമായി അദ്ദേഹത്തെ പ്രതിനിധീകരിക്കാന്‍ മറ്റൊരു അഭിഭാഷകന്‍ തയ്യാറാകണമെന്നില്ല’.

ദ ഡെവിള്‍ ഓണ്‍ ട്രയലിന്റെ ഭൂരിഭാഗവും ജോണ്‍സന്റെ ഏറ്റവുംഇളയ ഭാര്യ സഹോദരന്‍ ഡേവിഡ് ഗ്ലാറ്റ്സെല്ലിനെയാണ് കേന്ദ്രീകരിക്കുന്നത്(കൊലപാതകം നടക്കുന്ന സമയത്ത്, ഡേവിഡിന്റെ സഹോദരിയായ ഡെബിയെ ജോണ്‍സണ്‍ വിവാഹം കഴിച്ചിരുന്നില്ലെങ്കിലും കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നു).

ഗ്ലാറ്റ്സെല്‍ പറയുന്നത്, 1980-ല്‍, തനിക്ക് 11 വയസ്സുള്ളപ്പോള്‍ ജോണ്‍സന്റെയും ഡെബിയുടെയും വീട്ടില്‍ വച്ച് താന്‍ പിശാചിനെ കണ്ടിട്ടുണ്ടെന്നാണ്. ‘ഒരു ഹാലോവീന്‍ വേഷത്തിലുള്ളതുപോലത്തെ പിശാച്. കല്‍ക്കരി കഷണം പോലെയുള്ള അവന്റെ കറുത്ത കണ്ണുകള്‍ എന്നെ ഭയപ്പെടുത്തി’; ഡേവിഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

ഡേവിഡ് പറയുന്ന അനുഭവം, അയാളെയും ജോണ്‍സനെയും സഹോദരങ്ങളായ കാള്‍, അലന്‍ എന്നിവരെയും പൂര്‍ണമായ പൈശാചിക ബാധയിലേക്ക് എത്തിച്ചു എന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. തുടര്‍ന്ന് ജോണ്‍സന്റെയും സഹോദരങ്ങളുടെ അമ്മ ജൂഡി അമിറ്റിവില്ലെ ഹൊറര്‍ സംഭവത്തിലൂടെ പ്രശസ്തരായ പാരാ നോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എഡ്, ലോറൈന്‍ വാറന്‍ എന്നിവരെ ബന്ധപ്പെട്ടു. കത്തോലിക്ക സഭയുടെ അനുമതിയോടെ ജൂഡിയും വാറന്‍സും ചേര്‍ന്ന് ജൂഡിന്റെ അപേക്ഷയെത്തുടര്‍ന്ന് ഭൂതോച്ഛാടനം(എക്‌സ്സോയിസം) നടത്തിയതായും ഡോക്യൂമെന്ററിയില്‍ പറയുന്നു.

ദി ഡെവിള്‍ ഓണ്‍ ട്രയലും കണ്‍ജെറിംഗ് പരമ്പരയും

വിചാരണയ്ക്കുശേഷം, ഡേവിഡിന്റെയും ജോണ്‍സന്റെയും കഥ എഴുതാന്‍ എഡും ലോറൈന്‍ വാറനും ജെറാള്‍ഡ് ബ്രിട്ടില്‍ എന്ന എഴുത്തുകാരനെ ചുമതലപ്പെടുത്തിയിരുന്നു. 1983-ലെ ദി ഡെവിള്‍ ഇന്‍ കണക്റ്റിക്കട്ട് എന്ന പുസ്തകമായി ഈ കഥ പുനര്‍ജനിച്ചു. 2021-ല്‍ പുറത്തിറങ്ങിയ ദി കണ്‍ജറിംഗ്: ദ ഡെവിള്‍ മെയ്ഡ് മി ഡു ഇറ്റ് എന്ന ചിത്രത്തിന് പ്രചോദനമായത് ഈ പുസ്തകമാണ്. അക്കാലത്ത്, അവരുടെ കഥ പുസ്തകമാക്കി വിറ്റതിന് ഗ്ലാറ്റ്‌സില്‍ മാതാപിതാക്കള്‍ക്ക് 4,500 ഡോളറാണ് ലഭിച്ചത്. വാറന്‍സിന് 81,000 ഡോളറിലധികമാണ് ലാഭമുണ്ടായത്.

1985-ല്‍ ആര്‍നെ ജോണ്‍സണ്‍ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഡെബി ഗ്ലാറ്റ്‌സിലിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് അഞ്ച് വര്‍ഷത്തിനു ശേഷം, നല്ല പെരുമാറ്റത്തിന് ജോണ്‍സനെ മോചിപ്പിച്ചു. 2021-ല്‍ ഡെബിയുടെ മരണം വരെ ഈ വിവാഹ ബന്ധം തുടര്‍ന്നു.

ജയിലില്‍ വിവാഹിതരായശേഷം ജോണ്‍സനും ഡെബിയും

ജോണ്‍സന്റെ ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഈ കഥ സിനിമയിലും ടെലിവിഷനിലും എണ്ണിയാലൊടുങ്ങാത്ത സാങ്കല്‍പ്പിക കഥകള്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്. ഇത് ആദ്യമായാണ് സംഭവങ്ങളില്‍ നേരിട്ട് ഉള്‍പ്പെട്ടിരിക്കുന്ന പലരും അവരുടെ കഥകള്‍ പറയുന്നത്. കഥയുടെ ട്വിസ്റ്റുകളും ടേണുകളും ഉണ്ടായിരുന്നിട്ടും, ഡോക്യൂമെറ്റയില്‍ ആളുകളുടെ അനുഭവ വിവരണം ആധികാരികമാണെന്ന് സംവിധയകാന്‍ ഹോള്‍ട്ട് പറയുന്നു

Share on

മറ്റുവാര്‍ത്തകള്‍