ഇൻഡിഗോ വിമാനക്കമ്പനിയിൽ ജീവനക്കാരുടെ കുറവ് കാരണം വൻതോതിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന്, ഏവിയേഷൻ വാച്ച്‌ഡോഗായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാന ജീവനക്കാരുടെ ഡ്യൂട്ടി മാനദണ്ഡങ്ങളിൽ (FDTL) ഇളവ് വരുത്തി. ആഴ്ചയിലുള്ള നിർബന്ധിത വിശ്രമത്തിന് പകരമായി സാധാരണ അവധികൾ നൽകാനുള്ള വ്യവസ്ഥയ്ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഇൻഡിഗോയുടെ പ്രവർത്തന സ്തംഭനം രൂക്ഷമായ സാഹചര്യത്തിൽ, വെള്ളിയാഴ്ച രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 400-ൽ അധികം വിമാനങ്ങളാണ് റദ്ദാക്കിയത്.
എന്താണ് FDTL-ൽ വരുത്തിയ മാറ്റം?
പരിഷ്കരിച്ച ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) മാനദണ്ഡങ്ങൾ അനുസരിച്ച്, “ആഴ്ചയിലുള്ള വിശ്രമത്തിന് പകരം മറ്റ് അവധി നൽകാൻ പാടില്ല” എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നു. പൈലറ്റുമാർക്കിടയിലെ ക്ഷീണം പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഈ വ്യവസ്ഥയാണ് ഇപ്പോൾ ഡിജിസിഎ പിൻവലിച്ചിരിക്കുന്നത്. അതായത്, ആഴ്ചയിലുള്ള വിശ്രമവും മറ്റ് അവധികളും ഇനിമുതൽ വെവ്വേറെയായി കണക്കാക്കേണ്ടതില്ല. വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളും, “പ്രവർത്തനങ്ങളുടെ തുടർച്ചയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത” സംബന്ധിച്ച് വിവിധ എയർലൈനുകളിൽ നിന്ന് ലഭിച്ച അപേക്ഷകളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഡിസംബർ 5-ലെ കമ്മ്യൂണിക്കേഷനിൽ ഡിജിസിഎ വ്യക്തമാക്കി.
പ്രതിസന്ധിക്ക് കാരണം ക്രൂ അംഗങ്ങളുടെ കുറവ്
നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച FDTL-ന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി വേണ്ടത്ര ആസൂത്രണം നടത്താത്തതാണ് ഇൻഡിഗോയിൽ നിലവിലെ ക്രൂ അംഗങ്ങളുടെ കുറവിനും തുടർന്ന് വിമാനങ്ങൾ റദ്ദാക്കുന്നതിനും പ്രധാന കാരണമായത്.
ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വൈകുന്നേരം 6 മണി വരെ നിർത്തിവെക്കുകയും ചെയ്തു. തുടർച്ചയായ മൂന്നാം ദിവസവും സ്തംഭനം നേരിട്ടതോടെ, വ്യാഴാഴ്ച 550-ൽ അധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇതിൽ 172 എണ്ണം ഡൽഹിയിലും, 118 എണ്ണം മുംബൈയിലും, 100 എണ്ണം ബെംഗളൂരുവിലുമായിരുന്നു.
വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയവും വിശ്രമ സമയവും സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങൾ (FDTL CAR – Phase II) നടപ്പാക്കുന്നതിൽ ഇൻഡിഗോ എയർലൈൻസിന് മാത്രം ഡിജിസിഎ തിരഞ്ഞുപിടിച്ച് ഇളവുകൾ അനുവദിച്ച നടപടിയിൽ പ്രതിഷേധിച്ച്
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻസ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്
അയച്ച കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഈ ഇളവുകൾ എഫ്ഡിടിഎൽ നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യത്തെ ദുർബലപ്പെടുത്തുകയും, വിമാന യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളുയർത്തുന്നുവെന്നും കത്തിൽ പറയുന്നു.
2025 നവംബർ 24-ന് നടന്ന യോഗത്തിൽ, വാണിജ്യപരമായ താൽപര്യങ്ങൾ മുൻനിർത്തി ഒരു ഓപ്പറേറ്റർക്കും ഇളവുകൾ നൽകില്ലെന്ന് വ്യക്തമായി സമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ഡിജിസിഎ ഇപ്പോൾ ഇൻഡിഗോയ്ക്ക് മാത്രം ഇളവ് അനുവദിച്ചിരിക്കുന്നത്. എഫ്ഡിടിഎൽ ഫെയ്സ് 2 നിയമത്തിൽ ഓപ്പറേറ്റർമാരെ സഹായിക്കാനായി നേരത്തെ തന്നെ ഇളവുകൾ ഉൾപ്പെടുത്തിയിരുന്നു. ഇതിനുപുറമെ സുരക്ഷാ ന്യായീകരണങ്ങളില്ലാതെ ഇൻഡിഗോയ്ക്ക് മാത്രം കൂടുതൽ ഇളവുകൾ നൽകുന്നത് ശരിയായ കീഴ്‌വഴക്കമല്ല.
പുതിയ എഫ്ഡിടിഎൽ നിയമം നടപ്പാക്കാൻ ഏകദേശം രണ്ട് വർഷത്തെ സമയം എല്ലാ ഓപ്പറേറ്റർമാർക്കും ലഭിച്ചിരുന്നു. എന്നിട്ടും, ഇൻഡിഗോ റോസ്റ്റർ ക്രമീകരിക്കുന്നതിൽ പരാജയപ്പെടുകയും, വിന്റർ ഓപ്പറേഷൻസ് വർദ്ധിപ്പിക്കുകയും ചെയ്തു. പൊതുജന അസൗകര്യം എന്ന പേരിൽ വാണിജ്യ നേട്ടങ്ങൾക്കായി ഒരു കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ചു എന്ന സംശയം ഇത് ഉയർത്തുന്നു, എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കത്തിൽ പറയുന്നു.
നൽകിയ ഇളവുകളുടെ രീതിയാണ് എതിർപ്പിന് കാരണമായതെന്നും കത്തിൽ പറയുന്നു. രാത്രി സമയത്തെ ലാൻഡിംഗുകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഇരട്ടിയാക്കിയത് ഡിജിസിഎയുടെ യഥാർത്ഥ നിയമത്തിന് വിരുദ്ധമാണ്. ഈ ഇളവുകൾ കാരണം ഇൻഡിഗോ പൈലറ്റുമാർ വിശ്രമമില്ലാതെ പറക്കേണ്ടിവരും. ഇത് മറ്റ് എയർലൈനുകളിലെ യാത്രക്കാരെ അപേക്ഷിച്ച് ഇൻഡിഗോ യാത്രക്കാർക്ക് ഉയർന്ന അപകടസാധ്യത നൽകുന്നു. വാണിജ്യ താൽപര്യങ്ങൾക്കനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ എയർലൈൻ തോറും മാറാൻ പാടില്ല.
നിയമവുമായി ബന്ധപ്പെട്ട് കുറച്ച് ആവശ്യങ്ങളും ALPA ഉന്നയിക്കുന്നുണ്ട്. എഫ്ഡിടിഎൽ ഫെയ്സ് 2 മായി ബന്ധപ്പെട്ട് ഇൻഡിഗോയ്ക്ക് നൽകിയ എല്ലാ ഇളവുകളും ഉടൻ പിൻവലിക്കുക, ഇൻഡിഗോ കൃത്രിമ പൈലറ്റ് ക്ഷാമം സൃഷ്ടിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, പൊതുജന അസൗകര്യം ഉണ്ടാക്കുകയും തെറ്റായ ന്യായീകരണങ്ങൾ നൽകി സുരക്ഷാ ഇളവുകൾ നേടുകയും ചെയ്ത ഇൻഡിഗോയുടെ ഉത്തരവാദപ്പെട്ട മാനേജ്‌മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ഇൻഡിഗോ ഓപ്പറേഷണൽ കഴിവുകൾ തെറ്റായി കണക്കാക്കിയതായി സമ്മതിച്ചിട്ടും ശിക്ഷിക്കുന്നതിന് പകരം ഡിജിയിഎ ഇളവുകൾ നൽകിയത് പ്രവർത്തനപരമായ പിടിപ്പുകേടിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു.
Content Summary: Airline Pilots Association criticizes special treatment for IndiGo
This post was last modified on December 5, 2025 4:54 pm
Leave a Comment