July 13, 2025 |
Share on

‘എന്റെ ഷൂ നക്കാൻ പോലും നീ യോ​ഗ്യനല്ല’; ഇൻഡി​ഗോയിൽ ജാതി അധിക്ഷേപം നേരിട്ടതായി ജീവനക്കാരൻ

ആരോപണം നിഷേധിച്ച് ഇൻഡി​ഗോ എയർലൈൻസ്

ഇൻഡി​ഗോ എയർലൈൻസിലെ ഉദ്യോ​ഗസ്ഥരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടതായി ജീവനക്കാരൻ്റെ പരാതി. മൂന്ന് മുതിർന്ന ഉദ്യോ​ഗസ്ഥരാണ് തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതെന്നും ജോലി സ്ഥലത്ത് വിവേചനം കാണിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മെയ് 21ന് കർണാടകയിൽ സീറോ എഫ്ഐആർ ആയി രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ ദിവസം ​ഗുർ​​ഗാണിലെ ഡിഎൽഎഫ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗത്തിൽപ്പെട്ട ഒരാളായതിന്റെ പേരിൽ ഒരു വ്യക്തിയെ അപമാനിക്കൽ, മനപൂർവ്വം അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക, ജാതി അടിസ്ഥാനത്തിലുള്ള ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്.

ഏപ്രിലിൽ ഇൻഡി​ഗോയുടെ ​ഗുർ​ഗാണിലെ സെക്ടർ 24, എമാർ ക്യാപിറ്റൽ ടവറിലെ ഓഫീസിലേക്ക് പരാതിക്കാരനെ ഉദ്യാ​ഗസ്ഥർ വിളിച്ചുവരുത്തിയിരുന്നു. ഇൻഡി​ഗോയിലെ മൂന്ന് മുതിർന്ന ഉദ്യോ​ഗസ്ഥരാണ് മീറ്റിങ് നടത്തിയത്. തുടർന്ന് പരാതിക്കാരന്റെ ജാതി പറഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കുകയായിരുന്നുവെന്നും ജാതി അടിസ്ഥാനമാക്കിയുള്ള മോശമായ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

‘നിങ്ങൾ വിമാനം പറത്താൻ യോഗ്യരല്ല, തിരിച്ചു പോയി ചെരിപ്പുകൾ തുന്നി നൽകൂവെന്നും തന്റെ ഷൂ നക്കാൻ പോലും യോ​ഗ്യനല്ലായെന്നും’ ഉദ്യോഗസ്ഥർ പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു.

ജാതിയുടെ പേരിൽ തന്നെ മനപ്പൂർവ്വം അപമാനിക്കാനാണ് ഉദ്യോ​ഗസ്ഥർ ലക്ഷ്യമിട്ടതെന്നും തന്റെ അന്തസിന് കോട്ടം തട്ടുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തിയതെന്നും പരാതിക്കാരൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇൻഡിഗോയിൽ തുടർച്ചയായി നടക്കുന്ന പീഡനത്തിന്റെയും വിവേചനത്തിന്റെയും ഒരു ഉദാഹരണം മാത്രമാണിതെന്നും പരാതിക്കാരൻ അറിയിച്ചു. ജാതിയുടെ പേരിൽ താൻ തുടർച്ചയായി ഉപദ്രവിക്കപ്പെടുന്നുവെന്നും തന്റെ മാനസികാരോഗ്യത്തെയും ജോലി സുരക്ഷയെയും കുറിച്ച് ആശങ്കയുണ്ടെന്നും എഫ്‌ഐആറിൽ കൂട്ടിച്ചേർത്തു. വിവരം ഇൻഡിഗോയുടെ സിഇഒയെയും എത്തിക്സ് കമ്മിറ്റിയെയും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അതേസമയം, ആരോപണങ്ങളെ ഇൻഡി​ഗോ എയർലൈൻസ് നിഷേധിക്കുകയാണ് ചെയ്തത്. ‘വിവേചനം, പീഡനം, പക്ഷപാതം എന്നിവയോട് ഇൻഡി​ഗോയ്ക്ക് എന്നും എതിർപ്പാണ്. നിലവിലെ ആരോപണം അടിസ്ഥാനരഹിതമായ ഒന്നാണ്. ജീവനക്കാരന്റെ അവകാശവാദങ്ങളെ ഞങ്ങൾ ശക്തമായി നിരാകരിക്കുന്നു. ഇനിയും നീതി, സമഗ്രത, ഉത്തരവാദിത്തം എന്നിവയ്ക്ക് വേണ്ടി പ്രതിജ്ഞാബദ്ധരായി തുടരുക തന്നെ ചെയ്യുമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും’ ഇൻഡിഗോ അറിയിച്ചു.

പരാതിയെ തുടർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എല്ലാവരുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണെന്നും എന്നാൽ പ്രതികളെ ഇതുവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും ഡിഎൽഎഫ് -1 സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Content Summary: IndiGo Airlines employee alleges casteist abuse from officials

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×