June 04, 2026 |
Share on

മുതുലാടംപട്ടിയിൽ തകർന്ന ‘ജാതി മതിൽ’

ഭിന്നിപ്പകറ്റാൻ പൊളിച്ചത് നൂറ്റാണ്ടുകളുടെ വേർതിരിവ്

തമിഴ്‌നാട്ടിലെ കരുർ ജില്ലയിലെ മുതുലാടംപട്ടി ഗ്രാമത്തിൽ ജാതിയുടെ പേരിൽ ഉയർന്ന ഒരു കോൺക്രീറ്റ് മതിൽ ഒടുവിൽ തകർന്നു. 200 അടി നീളവും 10 അടി ഉയരവുമുള്ള ഈ മതിൽ തോട്ടിയ നായ്ക്കർ സമുദായക്കാർ നിർമ്മിച്ചത് പട്ടികജാതി വിഭാഗമായ അരുന്ധതിയരെ അകറ്റിനിർത്താനാണെന്ന് ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ ഉടലെടുത്തു.

തങ്ങളുടെ പ്രദേശത്ത് കറങ്ങിനടക്കുകയും മദ്യപിക്കുകയും ചെയ്യുന്ന “പുറത്തുനിന്നുള്ളവരെ” തടയാനുള്ള ഒരു മാർഗ്ഗമായിരുന്നു ഇതെന്നാണ് ഈ മതിൽ നിർമ്മിച്ച തോട്ടിയ നായ്ക്കർ സമുദായക്കാർ അവകാശപ്പെട്ടത്, എന്നാൽ, മതിലിന്റെ മറുവശത്ത് താമസിച്ചിരുന്ന പട്ടികജാതി വിഭാഗമായ അരുന്ധതിയർക്ക് ഇതൊരു “തീണ്ടൽ മതിൽ” ആയിരുന്നു. ഇത് അപരിചിതരെ തടയാനല്ല, തങ്ങളെ അകറ്റിനിർത്താനാണ് നിർമ്മിച്ചതെന്ന് അവർ പറഞ്ഞു.

തുടർച്ചയായ പരാതികളെത്തുടർന്ന് റവന്യൂ അധികൃതർ ഇടപെടുകയും, സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ നിർമ്മിച്ച മതിൽ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകുകയും ചെയ്തു. ഒടുവിൽ, പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സമുദായം തന്നെ മതിൽ പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഞായറാഴ്ച പുലർച്ചയോടെ മതിൽ പൂർണ്ണമായും നീക്കം ചെയ്തു.

കരുർ കളക്ടറുടെ ഓഫീസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് മുതുലാടംപട്ടി ഗ്രാമം. ഏകദേശം 200 തോട്ടിയ നായ്ക്കർ കുടുംബങ്ങളും 45 അരുന്ധതിയർ കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. തമിഴ്നാടിന്റെ സങ്കീർണ്ണമായ ജാതിവ്യവസ്ഥയുമായി കെട്ടുപിണഞ്ഞുകിടക്കുന്നവയാണ് അവരുടെ ചരിത്രം.

യോദ്ധാക്കളായും നേതാക്കന്മാരായും ചരിത്രപരമായ ബന്ധമുള്ള തോട്ടിയ നായ്ക്കർ സമുദായം, തമിഴ്നാട്ടിലെ പടിഞ്ഞാറൻ, മധ്യ ജില്ലകളിലായാണ് കൂടുതലായി കാണപ്പെടുന്നത്. പ്രാദേശിക രാഷ്ട്രീയത്തിലും അവർ സജീവമാണ്. ഇതിന് വിപരീതമായി, ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെടുകയും സാമൂഹികമായി പിന്നോട്ട് പോവുകയും ചെയ്തവരാണ് അരുന്ധതിയർ സമുദായം.

അവർക്ക് കടുത്ത ജാതി വിവേചനവും അയിത്തവും നേരിടേണ്ടി വന്നിട്ടുണ്ട്. പൊതു സൗകര്യങ്ങൾക്കായി ഈ ഭൂമിയിൽ ഒരു പങ്ക് വേണമെന്ന അവരുടെ ആവശ്യം ആവർത്തിച്ച് നിഷേധിക്കപ്പെട്ടു, ഇത് സംഘർഷങ്ങൾക്ക് കാരണമായി. മതിൽ പ്രത്യക്ഷപ്പെട്ട 1.25 ഏക്കർ ഭൂമി സർക്കാർ ഭൂമിയാണ്. എന്നാൽ അത് ദീർഘകാലമായി തോട്ടിയ നായ്ക്കർമാരുടെ അനൗദ്യോഗിക കൈവശത്തിലായിരുന്നു.

content summary: Caste Wall Demolished in Tamil Nadu Village Amid Tensions

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×