നെതലൻഡ്സിലെ സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പഠനാന്തരീക്ഷം മെച്ചപ്പെട്ടതായി റിപ്പോർട്ട്. നെതർലൻഡ്സ് സർക്കാർ നിയോഗിച്ച ഒരു കമ്മീഷന്റെ പഠനത്തിലാണ് ഡച്ച് സ്കൂളുകളിലെ (നെതർലൻഡ്സിലെ സ്കൂളുകളാണ് ഡച്ച് സ്കൂളുകൾ) ഈ മാറ്റം കണ്ടെത്താനായതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
2024 ജനുവരിയിൽ അവതരിപ്പിച്ച ദേശീയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ക്ലാസ് മുറികളിൽ നിന്ന് ഫോണുകൾ നീക്കം ചെയ്യാൻ ശുപാർശ ചെയ്തത്. മിക്ക സ്കൂളുകളും അത് പാലിക്കുകയും ചെയ്തു. ഏകദേശം മൂന്നിൽ രണ്ട് സെക്കൻഡറി സ്‌കൂളുകളും വിദ്യാർത്ഥികളോട് ഫോണുകൾ വീട്ടിൽ വയ്ക്കാനോ ലോക്കറുകളിൽ വയ്ക്കാനോ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കൽ, സാമൂഹിക ഇടപെടൽ, ക്ലാസ് മുറിയിലെ അച്ചടക്കം എന്നിവ മെച്ചപ്പെടുത്തിയതായും പഠനത്തിൽ തെളിഞ്ഞു.
317 സെക്കൻഡറി സ്കൂൾ ലീഡർമാരെയും 313 പ്രൈമറി സ്കൂളുകളെയും ഗവേഷകർ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് 75 ശതമാനം സെക്കൻഡറി സ്കൂളുകളും മെച്ചപ്പെട്ട ഏകാഗ്രത റിപ്പോർട്ട് ചെയ്തതായും 59 ശതമാനം പേർ സാമൂഹിക അന്തരീക്ഷം മെച്ചപ്പെട്ടതായും 28 ശതമാനം പേർക്ക് മികച്ച അക്കാദമിക് ഫലങ്ങൾ ലഭിച്ചതായും കണ്ടെത്തി. സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾ ഫോൺ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറവായതിനാൽ പഠനത്തിൽ നിന്നും കുട്ടികളുടെ ശ്രദ്ധ വ്യതിചലനങ്ങൾ കുറവാണെന്നും സാമൂഹിക സുരക്ഷ വർദ്ധിച്ചതായും ഗവേഷകർ അഭിപ്രായപ്പെട്ടു.
സ്കൂളുകളിൽ ഫോൺ നിരോധിക്കണമെന്ന നിർദേശത്തെ ആദ്യകാലങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും എതിർത്തിരുന്നു. അതേസമയം, ഫോൺ നിരോധിച്ചതിൽ ഭൂരിപക്ഷം പേരും നിലവിൽ തൃപ്തരാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള ഇടപെടലുകൾ കൂടുതൽ മെച്ചപ്പെട്ടുവെന്നും സാമൂഹിക സുരക്ഷയിൽ മാറ്റം വന്നിട്ടുണ്ടെന്നും കോൺസ്റ്റാം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. അലക്സാണ്ടർ ക്രെപെൽ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ കാലങ്ങളിൽ ഇടവേളകളിൽ വിദ്യാർത്ഥികൾ അവരുടെ ഫോണുകളെയായിരിക്കും കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോൾ അവർ സംസാരിക്കാൻ നിർബന്ധിതരാകുന്നു. ഒരുപക്ഷേ അവർ വഴക്കുണ്ടാക്കാം. എന്നാൽ സ്കൂളുകളും അധ്യാപകരും വിദ്യാർത്ഥികളും അന്തരീക്ഷം മികച്ചതായതിൽ സന്തുഷ്ടരാണ്, ഡോ. അലക്സാണ്ടർ ക്രെപെൽ പറഞ്ഞു.
സ്പെഷ്യൽ സ്കൂളുകളും നല്ല അഭിപ്രായങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രൈമറി സ്കൂളുകളിൽ തുടക്കത്തിൽ പ്രകടമായ മാറ്റം കണ്ടിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ മികച്ച രീതിയിൽ കുട്ടികൾ പഠനത്തിൽ മുന്നേറുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യവ്യാപകമായുള്ള നിയമം എല്ലാ അധ്യാപകർക്കും അവരുടെ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കിയിട്ടുണ്ടെന്ന് നെതർലാൻഡ്സ് വിദ്യാഭ്യാസ മന്ത്രിയും അഭിപ്രായപ്പെട്ടു.
Content Summary: Study finds smartphone bans in Dutch schools boost learning