വിവാദങ്ങൾക്ക് വഴിവച്ച പാലക്കാട് നഗരസഭയിലെ മാട്ടുമന്ത പൊതുശ്മശാനത്തിന്റെ ജാതിമതിൽ പൊളിച്ചുമാറ്റി വലിയപാടം എൻഎസ്എസ് കരയോഗം. മഴ കൊള്ളാതെ ശവസംസ്കാര ചടങ്ങുകൾ നടത്താനായി പണികഴിപ്പിക്കുന്ന ഷെഡിന്റെ നിർമാണവും ജാതിമതിലിന്റെ നിർമാണവും നഗരസഭ ഏറ്റെടുത്തിരുന്നു. എന്നാൽ മതിൽകെട്ടാനുള്ള അനുമതി നഗരസഭ നൽകിയിട്ടില്ലെന്ന് വാദിച്ച് കൊണ്ടാണ് അധികൃതർ രംഗത്തുവന്നിരിക്കുന്നത്. നഗരസഭയുടെ ഈ നീക്കം വിവാദങ്ങൾക്ക് വഴിവച്ചതോടെയാണ് എൻഎസ്എസിനെ പഴിചാരി നഗരസഭ കൈയൊഴിഞ്ഞത്. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എൻഎസ്എസ് കരയോഗഭാരവാഹികൾ മതിൽ കെട്ടി തിരിച്ചത്. മതിൽകെട്ടാനുള്ള തീരുമാനത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങളുയർന്നിരുന്നു. വിവിധ ജാതി വിഭാഗങ്ങൾക്ക് അതിര് തിരിച്ച് നൽകുന്നത് ജാതി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നും വിമർശനങ്ങളുയർന്നിരുന്നു.
ശ്മാനത്തിലെ ജാതി മതിൽ പൊളിച്ചത് കൊണ്ട് മാത്രമായില്ല. എൻഎസ്എസിന് ഭൂമി അനുവദിച്ച് നൽകിയ ഉത്തരവ് കൂടി റദ്ദു ചെയ്യണമെന്ന് പൊതു പ്രവർത്തകൻ ബോബൻ മാട്ടുമന്ത അഴിമുഖത്തോട് പ്രതികരിച്ചു.നഗരസഭയെന്ന ബോഡിയ്ക്ക് നിയമാനുസൃതമായി മാത്രമേ പ്രമേയങ്ങൾ പാസാക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കൂ. സർക്കാർ ഭൂമി കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ആർക്കും കൊടുക്കാൻ സാധിക്കില്ല. ഇവിടെ ഒരു കൗൺസിൽ തീരുമാനത്തിന്റെ പേരിലാണ് പത്ത് സെന്റ് ഭൂമി ചോദിച്ചപ്പോൾ 20 സെന്റ് ഭൂമി നൽകിയത്. എൻഎസ്എസിനെ പോലെ മറ്റു ജാതി സംഘടനകൾക്കും അവകാശമുണ്ട്. മറ്റു പല സംഘടനകളും ഭൂമി ചോദിച്ചിട്ടുണ്ട് എന്നാൽ ആ അപേക്ഷകൾക്ക് ഇപ്പോഴും അനുമതി നൽകിയിട്ടില്ലെന്ന് ബോബൻ കൂട്ടിച്ചേർത്തു.
20 സെന്റ് സ്ഥലം എൻഎസ്എസ്എസിന് കൊടുത്തൂവെന്ന് നഗരസഭ തന്നെ സമ്മതിക്കുന്നുണ്ട്. ഈ 20 സെന്റിനുള്ള അനുമതി റദ്ദ് ചെയ്യാത്ത കാലത്തോളം മറ്റു സംഘടനകൾ ആവശ്യപ്പെടുന്ന സമയത്ത് ഭൂമി നൽകാതിരിക്കാൻ നഗരസഭയ്ക്ക് കഴിയില്ല. സ്വാഭാവികമായും മറ്റു സംഘടനകൾക്ക് അനുമതി കൊടുത്താൽ ഒരു ശ്മശാനത്തിന് അകത്ത് വിവിധ സംഘടനകൾക്ക് രേഖാമൂലം സ്ഥലം പതിച്ചു നൽകുന്നത് പോലെയാവും. മതിൽ പ്രത്യക്ഷമായിട്ടുള്ള ഒരു അടയാളം മാത്രമാണ്. ഇതോടെ മതിലുകൾ ഇല്ലെങ്കിലും ജാതി അതിരുകൾ ഉണ്ടാവും. ജാതി അതിരുകളില്ലാതിരിക്കുമ്പോൾ ആണല്ലോ അവയെ പൊതുശ്മശാനമെന്ന് പറയുന്നത്. അട്ടപ്പാടിയിൽ കൊറോണക്കാലത്ത് പൊതുശ്മശാനത്തിൽ ഒരാളെ ദഹിപ്പിക്കാൻ അനുമതി നൽകാതിരുന്നപ്പോൾ ഹൈക്കോടതി തന്നെ പറഞ്ഞിരുന്നു പൊതുശ്മശാനത്തിൽ തുല്യ അവകാശമാണ് എല്ലാവർക്കുമെന്ന്. അതൊക്കെ നിലനിൽക്കുന്ന കാലത്ത് ഒരു സമുദായത്തിന് ഭൂമി പതിച്ച് നൽകാനുള്ള അവകാശം നഗരസഭകൾക്കില്ല. പൊതു ശ്മശാനത്തിനുള്ളിൽ സമാധി കെട്ടാൻ അനുമതി നൽകാത്തത് ഇത്തരത്തിലുള്ള ജാതി വേർത്തിരിവ് ഉണ്ടാവാതിരിക്കാനാണെന്നും ബോബൻ വ്യക്തമാക്കി. മാട്ടുമന്ത ശ്മശാനം 1850 മുതൽ നിലനിൽക്കുന്നതാണ്. ജാതിവ്യവസ്ഥ ശക്തമായിരുന്ന കാലത്ത് പോലും ഇവിടെ അതിരുകൾ ഉണ്ടായിരുന്നില്ല. നവോത്ഥാനത്തിന്റെ കാലഘട്ടമാണെന്ന് വാദിക്കുന്ന ഈ കാലത്ത് ജാതി തിരിച്ചുവരികയാണ്. ജാതി സെൻസസിനെ എതിർക്കുന്ന എൻഎസ്എസ് പോലൊരു സംഘടനയ്ക്ക് സ്ഥലം അനുവദിച്ച് നൽകിയതിനോടും എതിർപ്പുണ്ടെന്ന് ബോബൻ കൂട്ടിച്ചേർത്തു.
മതിലു കെട്ടാൻ അനുമതി നൽകിയിട്ടില്ല എന്നു പറഞ്ഞുകൊണ്ട് നഗരസഭ ഈ വിഷയത്തിൽ എൻഎസ്എസിനെ കൈയൊഴിഞ്ഞതോടെയാണ് മതിൽ പൊളിക്കാൻ എൻഎസ്എസ് തയ്യാറായത്. അതോടെ എൻഎസ്എസ് നിയമവിരുദ്ധമായി നിർമ്മാണപദ്ധതികൾ നടത്തിയെന്ന തരത്തിലായി കാര്യങ്ങൾ. മുനിസിപാലിറ്റി കൈവിട്ടതോടെ ഒറ്റപ്പെട്ടു. അതോടെയാണ് മതിൽ പൊളിക്കാനുള്ള തീരുമാനത്തിലേക്ക് എൻഎസ്എസ് എത്തുന്നത്.
പാലക്കാട് നഗരസഭ എൻഎസിഎസിന് മതിൽക്കെട്ടാനുള്ള അനുമതി നൽകിയിട്ടില്ലെന്നാണ് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള അഴിമുഖത്തോട് പ്രതികരിച്ചത്. എൻഎസിഎസിന്റെ വാദം തെറ്റാണെന്നാണ് നഗരസഭ ചെയർപേഴ്സന്റെ ആരോപണം. ജാതിമതഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഷെഡ് കെട്ടാനാണ് അനുമതി നൽകിയിരിക്കുന്നത്. മതിൽ കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്ന് ആവർത്തിച്ച് പറയുന്നു. മറ്റു സംഘടനകൾ ഒന്നും തന്നെ ഇങ്ങനെയൊരു ആവശ്യവുമായി വന്നിട്ടില്ലെന്നാണ് ചെയർപേഴ്സന്റെ വാദം. അങ്ങനെ അപേക്ഷ വന്നാൽ കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
52 കൗൺസിലർമാരും ചേർന്നാണ് ഷെഡ് കെട്ടാനുള്ള അനുമതിയ്ക്കായുള്ള പ്രമേയം പാസാക്കിയത്. അന്ന് പ്രതിപക്ഷം പ്രതികരിച്ചിരുന്നില്ല. മതിൽകെട്ടാൻ അവർക്ക് അനുമതി കൊടുത്തിട്ടില്ല. അനുമതിയില്ലാതെ മതിൽക്കെട്ടിയത് തെറ്റാണ്. നഗരസഭയുടം നിർദേശ പ്രകാരമാണ് മതിൽ പൊളിച്ചതെന്നും പ്രമീള വ്യക്തമാക്കി.
content summary: The Chairperson of Palakkad Municipality claims that they did not grant permission to build a wall based on caste in the public cemetery