June 26, 2026 |
Share on

കേരളത്തിൽ മറ്റാർക്കും കിട്ടാത്ത അനുമതി യൂസഫലിയ്ക്ക് മാത്രം ലഭിക്കുന്നത് എങ്ങനെ ?

എതിർത്ത് നിന്നത് ഒരു മുകുന്ദൻ മാത്രം
-അഡ്വ ഹരീഷ് വാസുദേവൻ-

നെൽവയൽ നികത്തി അതിന് മുകളിൽ മാൾ ആരംഭിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ് കോടതി ഉത്തരവ്. തൃശൂരിലെ ലുലു മാൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ നെൽവയൽ നികത്തിയതിനെതിരെ സിപിഐ നേതാവ് ടി.എൻ. മുകുന്ദൻ ഹൈക്കോടതിയിൽ കേസ് നൽകിയത്. നിയമ സംവിധാനത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് ലുലു ഗ്രൂപ്പ് ഭൂമി തരം മാറ്റി വാങ്ങിയത്.

എല്ലാവർക്കും ബാധമാകുന്ന നിയമം ലുലു ഗ്രൂപ്പിനും യൂസഫലിയ്ക്കും ലുലുവിനും ബാധകമാണെന്ന് മാത്രമാണ് ഇവിടെ മുകുന്ദൻ പറയുന്നത്. വയൽ നികത്തണോ വേണ്ടയോ എന്ന ലളിതമായ ഒരു ചർച്ചയിലേക്ക് ഈ വിഷയത്തെ കൊണ്ടുപോകാൻ യൂസഫ് അലിയ്ക്ക് സാധിച്ചുവെന്ന് അഡ്വ ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പറഞ്ഞു. സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രവും കൃത്രിമമായി അവർ കെട്ടിചമച്ചു. അതാണ് ഈ വിഷയത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്നം. സർക്കാർ സംവിധാനത്തിലുണ്ടാവുന്ന ഏറ്റവും വലിയ തട്ടിപ്പ് കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്.

ലുലു വഴി യൂസഫ് അലി കേരളത്തിൽ വികസനം കൊണ്ടുവരുന്ന എന്ന വാദത്തോട് തനിക്ക് എതിർപ്പുണ്ടെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്. എടുത്ത് പറയാനാണെങ്കിൽ ലുലു സൃഷ്ടിച്ചത് തൊഴിലവസരങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങളാണ്. പ്രാദേശിക വിപണിയ്ക്ക് വലിയ തിരിച്ചടിയാണ് ലുലു. എന്നാൽ, പൊതുസ്ഥലങ്ങൾ ഇല്ലാതാവുന്ന നഗരങ്ങളിൽ ജനങ്ങൾക്ക് പോയിരിക്കാനും സമയം ചിലവഴിക്കാനും താത്കാലിക ആശ്വാസമെന്ന നിലയിലാണ് പലപ്പോഴും ആളുകൾ ലുലുവിനെ ആശ്രയിക്കുന്നത്. നല്ല പാർക്കുകളും മാർക്കറ്റുകളും കേരളത്തിൽ ഉണ്ടാക്കിയെടുക്കാൻ സർക്കാരിന് സാധിക്കാത്തത് കൊണ്ട് തന്നെ ആ ദൌത്യങ്ങൾ ഇത്തരം കുത്തക മുതലാളികൾ ഏറ്റെടുക്കുന്നു.

കേരളത്തിൽ മറ്റാർക്കും നിർമ്മാണ അനുമതി ലഭിക്കാത്ത സ്ഥലങ്ങൾ എങ്ങനെയാണ് യൂസഫലിയ്ക്ക് മാത്രം ലഭിക്കുന്നത്. രേഖകളും കെട്ടിചമയ്ക്കുന്നു. അങ്ങനെ ഒരാൾക്ക് മാത്രമായി ഇവിടെ നിയമങ്ങൾ കെട്ടിചമയ്ക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. ഉദ്യോഗസ്ഥർ മിന്നൽ വേഗതയിലാണ് യൂസഫലിയ്ക്ക് കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നത്. തെറ്റായ രീതിയിലാണ് തൃശൂരിലെ ഭൂമി യൂസഫലി തരം മാറ്റിയെടുത്തതെന്ന് കോടതി കണ്ടെത്തിയ സ്ഥിതിയ്ക്ക് അഴിമതി നടന്നിരിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്താൻ സർക്കാർ ഒരു അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവും അഡ്വ. ഹരീഷ് ഉയർത്തുന്നു.

ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടിനെയും ഇരട്ടത്താപ്പെന്നാണ് വിളിക്കേണ്ടത്. പാർട്ടിയുടെ പിന്തുണ മുകുന്ദനുണ്ടായിരുന്നുവെങ്കിൽ കേസിന് പോലും പോകേണ്ടി വരില്ലായിരുന്നു. ബിനോയ് വിശ്വം ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നതെന്ന് മനസിലാവുന്നില്ല. പ്രത്യക്ഷത്തിൽ ആ പ്രശ്നം ഏറ്റെടുക്കാൻ തയ്യാറാവാത്ത പാർട്ടിയ്ക്ക് എന്നാൽ മുകുന്ദന് കിട്ടുന്ന കൈയ്യടിയുടെ ലാഭം വേണം. തണ്ണീർത്തടങ്ങൾ ഏറ്റെടുക്കാനും സംരക്ഷിക്കാനും വേണ്ടുന്ന നടപടികൾ സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്ന ഒരു സർക്കാരാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല.

കേരളത്തിൽ എവിടെ പോയാലും നിർമ്മാണത്തിനായി അയാൾ എന്തിനാണ് വയൽ തപ്പിയെടുക്കുന്നത്. കേരളത്തിൽ മറ്റാർക്കും കിട്ടാത്ത അനുമതി അയാൾക്ക് കിട്ടും. കേരളത്തിലെ പല സ്ഥലങ്ങളിലും യൂസഫലി ഈ വിദ്യ പയറ്റി തെളിഞ്ഞെങ്കിലും തൃശൂര് ഇത് നടക്കില്ലെന്ന് ഒരു മുകുന്ദൻ പറഞ്ഞു അതാണ് വ്യത്യാസം.

പാടശേഖരങ്ങൾക്ക് പൊതുവേ രണ്ട് ധർമ്മമാണുള്ളത്. ഒന്ന് കൃഷി ചെയ്യുന്നതും, അല്ലാത്ത പക്ഷം മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് ഒരു വലിയ പ്രദേശത്തെ ജലചക്രത്തെ നിയന്ത്രിക്കുന്നതും. പാടശേഖരങ്ങൾ ഒരു കാരണവശാലും തരിശുഭൂമിയായിടാൻ പാടില്ലെന്ന് നിയമമുണ്ട്. എന്നാൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ ഇത് കൃത്യമായി വിലയിരുത്തുകയോ ഭൂമികളെ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല.

നമ്മുടെ നാട്ടിലെ കാർഷിക രംഗം മൂന്നിലൊന്നായി ചുരുങ്ങാൻ തുടങ്ങിയതോടെയാണ് സർക്കാർ ഡാറ്റ ബാങ്ക് എന്ന ആശയത്തിലേക്ക് എത്തുന്നത്. 2008ലാണ് ഇത് പ്രതിപാദിക്കുന്ന തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്. ഈ നിയമം നിലവിൽ വരുന്നതിനും 10 വർഷം മുമ്പ് വരെയും നെൽകൃഷി കൃഷി ചെയ്തിരുന്നതോ നെൽകൃഷിക്ക് യോഗ്യമായിരുന്നതോ, വെള്ളം കെട്ടിനിൽക്കുന്നതോ (നീർത്തടം) ആയ ഭൂമികളെ പ്രത്യേകമായി പട്ടികപ്പെടുത്തി രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. ഈ രജിസ്റ്ററാണ് ഡാറ്റാബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർ അടങ്ങുന്ന ഒരു സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും. ആ സംവിധാനത്തിലെ കൃത്രിമത്വമാണ് ഇവിടെ മുകുന്ദൻ തുറന്നുകാട്ടിയത്

content summary: Why is Yusuf Ali the only one granted permission to build a mall on paddy fields in Kerala, when others are denied?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×