പി എം ശ്രീയെ എതിർത്ത് കൊണ്ടുള്ള സിപിഐയുടെ പ്രസ്താവനകൾക്കിടെയാണ് കാർഷിക സർവകലാശാലയിൽ സിപിഐ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി) നടപ്പിലാക്കി എന്നുള്ള റിപ്പോർട്ടുകൾ വരുന്നത്. കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയോട് ചേർന്ന് പ്രവർത്തിക്കാനുള്ള സിപിഐഎമ്മിൻ്റെ നിലപാടിനോട് കടുത്ത എതിർപ്പാണ് സിപിഐ തുടക്കം മുതൽ തന്നെ സ്വീകരിച്ചിരുന്നത്. നിലവിൽ കാർഷിക വകുപ്പിൽ എൻഇപി നടപ്പാക്കിയെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ്.
2023ൽ യുജിസി പുറത്തിറക്കിയ വിജ്ഞാപനം കൃഷിവകുപ്പ് നടപ്പാക്കിയെന്ന ആരോപണം തികച്ചും തെറ്റാണെന്നും അത്തരത്തിലുള്ള ഒരു കരാറിലും കാർഷിക വകുപ്പ് ഒപ്പുവെച്ചിട്ടില്ലെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് ബിബിൻ എബ്രഹാം അഴിമുഖത്തോട് പറഞ്ഞു. അനർഹനായ ഒരു വ്യക്തിക്കല്ല പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന നിയമനം നൽകിയിരിക്കുന്നതെന്നും ദേശീയ വിദ്യാഭ്യാസ നയവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ബിബിൻ എബ്രാഹം കൂട്ടിച്ചേർത്തു.
‘ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഒരു കരാറിലും കാർഷിക വകുപ്പ് ഒപ്പുവെച്ചിട്ടില്ല. മാധ്യമങ്ങളിൽ നിലവിൽ പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന നിയമനത്തിൻ്റെ അടിസ്ഥാനത്തിലാണ് സിപിഐ കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി) നടപ്പാക്കിയെന്ന് ഇപ്പോൾ ആരോപിക്കുന്നത്. ഹാർഡ്വാർഡ്, സ്റ്റാൻഫോർഡ് തുടങ്ങി ലോകത്തിലെ തന്നെ പ്രമുഖ സർവകലാശാലകളിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു സംവിധാനമാണ് പ്രൊഫസർ ഓഫ് പ്രാക്ടീസ്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി പുതുതായി കണ്ടുപിടിക്കപ്പെട്ട ഒന്നല്ല പ്രൊഫസർ ഓഫ് പ്രാക്ടീസ്.
അക്കാദമിക് മേഖലയിലെ ഡോക്ടറേറ്റോ, പ്രത്യേക മേഖലയിൽ വൈദഗ്ധ്യമുള്ളയൊരാളെയോ പ്രൊഫസർ ഓഫ് പ്രാക്ടീസായി നിയമിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ്റെ ശുപാർശ പ്രകാരം പ്രൊഫസർ ഓഫ് പ്രാക്ടീസിൻ്റെ നിയമനത്തിനായി 2023 ജൂൺ 23 ന് കാർഷിക സർവകലാശാലയിൽ ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ പ്രോ ചാൻസലറായ കേരളത്തിൻ്റെ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൻ്റെ നിർദേശപ്രകാരം അത് മരവിപ്പിക്കുകയും ചെയ്തു. അന്നത്തെ നോട്ടിഫിക്കേഷൻ്റെ അടിസ്ഥാനത്തിൽ ഒരാളെയും ഇന്നുവരെ നിയമിച്ചിട്ടില്ല.
പിന്നെയെങ്ങനെയാണ് കാർഷിക സർവകലാശാലയിൽ ഈ നിയമനം നടന്നുവെന്ന് ചോദിച്ചാൽ, അതിൽ വ്യക്തമായൊരു കാരണമുണ്ട്. ഇടത് സർക്കാർ അധികാരത്തിലേറിയതിന് ശേഷം കർഷകർക്ക് സമൂഹത്തിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള നിരവധി നടപടികൾ കൃഷി വകുപ്പ് സ്വീകരിച്ചിരുന്നു. കൃഷി വകുപ്പിൻ്റെ ഔദ്യോഗിക വേദികളിൽ പോലും നിർബന്ധിതമായി ഒരു കർഷകനുണ്ടാകണം എന്ന് തീരുമാനിച്ച ഒരു മന്ത്രിസഭയാണിത്. മുൻകാലങ്ങളിൽ അങ്ങനെയൊരു പ്രവണതയുണ്ടായിരുന്നില്ല. 2025 ഫെബ്രുവരി ഒന്നിന് സർവകലാശാലയുടെ സ്ഥാപനദിനവുമായി നടന്ന ഒരു ചടങ്ങിൽ കാർഷിക സർവകലാശാലയിലെ കുട്ടികൾക്ക് പരമ്പരാഗത അറിവുകൾ കൈമാറുന്നതിനും ആദരവ് നൽകുന്നതിനുമായി പത്മശ്രീ ജേതാവായ ചെറുവയൽ രാമനെ ക്ഷണിക്കുകയും അവിടെ വെച്ച് ചെറുവയൽ രാമനെ പ്രൊഫസർ ഓഫ് പ്രാക്ടീസായി കൃഷി വകുപ്പ് മന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. അതേ തുടർന്ന് ഫെബ്രുവരി മൂന്നിന് ആദരസൂചകമായി ഈ പദവി നൽകുകയും ചെയ്തു. ഇതിൽ വൈസ് ചാൻസലർ ഉത്തരവിറക്കുകയും ചെയ്തു.
ചെറുവയൽ രാമൻ്റെ നിയമനവും 2023ലെ വിജ്ഞാപനവുമായി യാതൊരു ബന്ധവുമില്ല. പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനത്തിനായി ചെറുവയൽ രാമൻ ഒരു അപേക്ഷയും നൽകിയിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിൻ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നതെങ്കിൽ അപേക്ഷ ക്ഷണിക്കാതെ കഴിയില്ലല്ലോ? ദശാബ്ദങ്ങളായി കാർഷിക മേഖലയിൽ ചെറുവയൽ രാമനുള്ള മികവിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് ആ പദവി നൽകിയത്. അങ്ങനെയുള്ള ഒരാളുടെ അനുഭവസമ്പത്ത് കാർഷിക മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവശ്യമാണെന്ന വിലയിരുത്തലിൻ്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയത്. അനർഹനായ ഒരാൾക്കല്ല പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ എൻഇപി നടപ്പാക്കലല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇതൊരു നിയമനമാണ്’, ബിബിൻ എബ്രഹാം അഴിമുഖത്തോട് പറഞ്ഞു.
സംഘപരിവാർ അജണ്ട പഠനത്തിൽ ഇടപെടും എന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കാത്ത പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കിയത് എന്ന തരത്തിലായിരുന്നു ആരോപണങ്ങൾ ഉയർന്നിരുന്നത്.
Content Summary: AISF State President responded to the allegation that the CPI implemented the NEP policy at the Agricultural University
This post was last modified on October 29, 2025 3:19 pm
Leave a Comment