July 03, 2026 |

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസില്‍ ചേരാനല്ല; വിവാദങ്ങളില്‍ പ്രതികരിച്ച് ഐഷ പോറ്റി

സിപിഎമ്മിന്റെ എല്ലാ പരിപാടികളിലും ഓടിയെത്താന്‍ പറ്റുന്നില്ല

കോണ്‍ഗ്രസ് വേദി പങ്കിടുന്നതില്‍ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം മുന്‍ എംഎല്‍എ ഐഷ പോറ്റി. ”മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തിനാണ് ഞാന്‍ പോകുന്നത്. അല്ലാതെ ആ പാര്‍ട്ടിയുടെ കമ്മറ്റി ചടങ്ങൊന്നുമല്ല. ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളുടെ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്” ഐഷ പോറ്റി അഴിമുഖത്തോട് പ്രതികരിച്ചു.

”ഞാന്‍ നാളെ പോകുന്നത് കോണ്‍ഗ്രസില്‍ ചേരാനൊന്നുമല്ല. കോണ്‍ഗ്രിലേക്ക് പോകുന്നതിന്റെ ഭാഗമാണ് ഇതൊക്കെ എന്നത് ആളുകളുടെ വ്യാഖ്യാനം മാത്രമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളെ വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല. ഈ കാലഘട്ടം മീഡിയയുടെതാണ്. ഇത്തരത്തിലുള്ള വാര്‍ത്തകളെ എരികേറ്റി വിടാനും നമ്മളെ ചീത്തവിളിപ്പിക്കാനുമൊക്കെ ആളുകള്‍ കാണും. ഇതൊന്നും എനിക്ക് ഒരു വിഷയമല്ല.

ഒരു വേദിയില്‍ പോയാല്‍ ഉടനെ ആ പാര്‍ട്ടിയില്‍ ചേരുന്നു എന്ന് പറയുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഞാന്‍ പ്രതിപക്ഷത്തിന്റെ എംഎല്‍എ ആയിരുന്നു. നമ്മള്‍ ഒരു ആവശ്യത്തിന് ചെന്നാല്‍ വലിയ കാര്യത്തോടെയാണ് അദ്ദേഹം പെരുമാറുന്നത്. ആ അടുപ്പമൊക്കെ എല്ലാവര്‍ക്കും അറിയുന്നത് കൊണ്ടാണ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുത്തുവെന്ന് കരുതി ആ രാഷ്ട്രീയത്തിലേക്ക് പോകാനൊന്നുമല്ല”. ഐഷ പോറ്റി കൂട്ടിച്ചേര്‍ത്തു.

”സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്നത് പോലെയാണ് ഞാന്‍ മറ്റ് കാര്യങ്ങളൊക്കെ മാറ്റിവച്ച് പ്രൊഫണിലേക്ക് മാത്രം ശ്രദ്ധിച്ചത്. സിപിഎമ്മിന്റെ എല്ലാ പരിപാടികളിലും ഓടിയെത്താന്‍ പറ്റുന്നില്ല. മറ്റ് പാര്‍ട്ടികള്‍ പോലെയല്ല സിപിഎം. ഒരുപാട് കമ്മിറ്റികളും അതിന്റെ തുടര്‍ച്ചയായുണ്ട്. അങ്ങനെ ഇരുട്ടിവെളുക്കുവോളം ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊക്കെ ഓടിനടന്ന് എത്തുക എന്നത് എന്നെപ്പോലെ ഒരാള്‍ക്ക് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

പൊതുമണ്ഡലത്തില്‍ സജീവമായ ഞാന്‍ പൊതുജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും. അതിന് പ്രത്യേക രാഷ്ട്രീയമൊന്നും വേണ്ടെന്നാണ്, രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അവര്‍ പ്രതികരിച്ചത്. റെസിഡന്റ്‌സ് അസോസിയേഷന്‍, റോട്ടറി ക്ലബ് തുടങ്ങിയവരുടെയൊക്കെ പരിപാടികളില്‍ വിളിക്കാറുമുണ്ട് പോകാറുമുണ്ട്. അത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുക വളരെ ഇഷ്ടമുള്ള കാര്യം കൂടിയാണ്. കൂടാതെ ക്ലാസുകള്‍ എടുക്കാനും പോകാറുണ്ട്. അതൊക്കെ വലി സന്തോഷകരവുമാണെന്നും ഐഷ പോറ്റി അഴിമുഖത്തോട് വ്യക്തമാക്കി.

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഐഷ പോറ്റി പങ്കെടുക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് കാരുണ്യ സ്പര്‍ശം എന്ന പേരിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിവി പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചിട്ടുണ്ട്.

സിപിഎം വേദികളില്‍ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനില്‍ക്കുകയാണ്. ആരോഗ്യകാരണത്താലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് ഐഷ പോറ്റിയുടെ വിശദീകരണം. അടുത്തിടെ കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്നും ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. എംഎല്‍എയായിരിക്കെ മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടന പരിപാടികളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതായിരുന്നു ഭിന്നതയ്ക്ക് കാരണമെന്നായിരുന്നു സൂചന.

സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ഐഷാ പോറ്റിയെ കോൺ​ഗ്രസിലെത്തിക്കാൻ നീക്കം ശക്തമാണ്. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ ഐഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി. ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്. aisha potty responses to participating congress oommen chandy memoir

Content Summary: aisha potty’s reactions over participating in the congress event

Leave a Reply

Your email address will not be published. Required fields are marked *

×