വർഷങ്ങളായി ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ചിട്ടും വീട് നിഷേധിക്കപ്പെടുന്ന അജിമോളുടെയും കുടുംബത്തിന്റെയും സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു. അജിമോൾക്കും കുടുംബത്തിനും വീട് നിർമിച്ച് നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് എറണാകുളം, തുരുത്തിപ്പുറത്ത് പ്രവർത്തിക്കുന്ന ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്. ഈ മാസം ഒന്നിനാണ് തകർന്നുവീഴാറായ വീട്ടിൽ ഭീതിയോടെ കഴിയുന്ന പറവൂർ, ചിറ്റാറ്റുകര പഞ്ചായത്തിലെ താനിപ്പാടം സ്വദേശി അജിമോളുടെയും കുടുംബത്തിന്റെ നിസഹായതാവസ്ഥയെക്കുറിച്ച് അഴിമുഖം വാർത്ത പ്രസിദ്ധീകരിച്ചത്.
വാർത്ത ഫാദർ വർഗീസ് താണിയത്ത് ട്രസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വാഗ്ദാനം തന്റെ അവസാനത്തെ പ്രതീക്ഷയാണെന്നും അജിമോൾ അഴിമുഖത്തോട് പറഞ്ഞു.
ഫ്രാൻസിസ് താണിയത്ത് അച്ഛൻ വിളിച്ച് വീടിന്റെ കാര്യം ശരിയാക്കാമെന്ന് അറിയിച്ചപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. കാര്യങ്ങളെല്ലാം എന്നോട് വിശദമായി അച്ഛൻ ചോദിച്ചറിഞ്ഞു. അച്ഛന്റെ ട്രസ്റ്റിലേക്ക് ഒരു അപേക്ഷ നൽകണമെന്നും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അപേക്ഷ എഴുതി നൽകണമെന്ന് മാത്രമാണ് ഇപ്പോൾ മനസിലുള്ളത്. അച്ഛൻ ഇങ്ങനെ വിളിച്ച് പറഞ്ഞുവെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്കും ചേട്ടനും സന്തോഷമായി.
ഒരുപാട് ആഗ്രഹിക്കാനും എനിക്ക് പേടിയാണ്. പലയിടങ്ങളിൽ പല തവണ പ്രതീക്ഷ വെച്ചിട്ടും നടക്കാതെ പോയതാണ് നമ്മുടെ വീടെന്ന സ്വപ്നം. ഇനിയും ഒരുപാട് സന്തോഷിച്ചാൽ ഇതും നഷ്ടപ്പെടുമോയെന്ന് എനിക്ക് പേടിയാണ്. ഇത് ഞങ്ങളുടെ അവസാന പ്രതീക്ഷയാണ്, അജിമോൾ അഴിമുഖത്തോട് പറഞ്ഞു.
അജിമോളും കുടുംബവും വീടിന് അർഹരാണെന്ന് ബോധ്യപ്പെട്ടാൽ ഉറപ്പായും വീട് നിർമിച്ച് നൽകുമെന്നാണ് ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാദർ ഫ്രാൻസിസ് താണിയത്ത് അഴിമുഖത്തോട് പറഞ്ഞത്.
ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിലെ അംഗമാണ് ഞാൻ. ഇതൊരു ഫാമിലി ട്രസ്റ്റാണ്. 35 വർഷമായി ഈ ട്രസ്റ്റ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. 1950 പേർക്ക് ട്രസ്റ്റ് വഴി വീട് പണിത് നൽകിയിട്ടുണ്ട്. ഞാൻ നിലവിൽ കൊടുങ്ങല്ലൂർ പള്ളിയിലാണ്. ഞങ്ങളുടെ ഇടവകയിലെ ഒരു വീട്ടിലുള്ളയാളാണ് പത്രത്തിൽ വന്ന വാർത്ത അയച്ച് എനിക്ക് അയച്ച് തന്നത്. അപ്പോൾ തന്നെ മലയാള മനോരമയിൽ വിളിക്കുകയും ചെറിയാൻ ജോസിനെ ബന്ധപ്പെടുകയും ചെയ്തു. അജിമോൾക്കും കുടുംബത്തിനും ഞങ്ങൾ വീട് വെച്ച് നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
അജിമോളെ ഞാൻ നേരിട്ട് വിളിച്ച് കാര്യം തിരക്കുകയും ട്രസ്റ്റിലേക്ക് ഒരു അപേക്ഷ നൽകണമെന്ന് അറിയിക്കുകയും ചെയ്തു. അപേക്ഷ ലഭിച്ചതിന് ശേഷം അവരെ പോയി കാണുകയും അവർക്ക് അർഹതയുണെന്ന് മനസിലായാൽ ഉറപ്പായും ഞങ്ങൾ നൽകിയ വീടെന്ന വാഗ്ദാനം അവർക്ക് നൽകും. ഞങ്ങൾക്ക് ഫണ്ടിങ്ങ് നടത്തുന്ന ഒരു ഏജൻസിയുണ്ട്. അവരുമായി കൂടിയാലോചിച്ചിട്ട് വീട് നിർമിച്ച് നൽകാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം, ഫാദർ ഫ്രാൻസിസ് താണിയത്ത് അഴിമുഖത്തോട് പ്രതികരിച്ചു.
2018 ലെ പ്രളയത്തിൽ വീട് തകർന്നപ്പോഴും വീടിനായി അജിമോൾ പല വാതിലുകൾ മുട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. മാനദണ്ഡം അനുസരിച്ച് മാത്രമേ വീട് ലഭിക്കുകയുള്ളൂവെന്നും പട്ടികയിൽ ഒരുപാട് പിന്നിലാണെന്നുമാണ് എല്ലായിടത്തുനിന്നും ലഭിച്ച മറുപടി.
Content Summary: Ajimol was rejected from the Life Mission scheme; her family’s dream of owning a home has come true
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.