ശക്തമായ മഴയക്കൊപ്പം കാറ്റും ആഞ്ഞുവീശിക്കൊണ്ടിരുന്ന സമയത്താണ് പറവൂർ, ചിറ്റാറ്റുകര പഞ്ചായത്തിലെ താനിപ്പാടം 9ാം വാർഡിൽ എത്തുന്നത്. അവിടെ കുടയുമായി കാത്തുനിന്ന അജിമോൾ, കാടുപിടിച്ച് കിടക്കുന്ന അഞ്ചു സെന്റിൽ ഷീറ്റും ചെറിയ കമ്പികളും ചേർത്തുണ്ടാക്കിയ കൂര ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു, ‘അതാണ് ഞങ്ങളുടെ വീട്’!
തകർന്നുവീഴാറായ വീട്ടിൽ നിന്നും അഞ്ച് ജീവനുകളെ സംരക്ഷിക്കാൻ അജിമോളും കുടുംബവും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇന്നും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ലഭ്യമായിട്ടില്ല. തട്ടകത്ത് പി.ആർ രാജേഷും ഭാര്യ അജിമോളും മക്കളായ ശിവജിത്ത്, ശിവഗംഗ, ശിവപ്രിയ എന്നിവരും കാറ്റിലും മഴയിലും പ്രളയത്തിലുമെല്ലാം കഴിഞ്ഞത് ഈ ഷെഡിലാണ്.
2018 ലെ പ്രളയത്തിൽ വീട് തകർന്നപ്പോഴും വീടിനായി പല വാതിലുകൾ മുട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. മാനദണ്ഡം അനുസരിച്ച് മാത്രമേ വീട് ലഭിക്കുകയുള്ളൂവെന്നും പട്ടികയിൽ ഒരുപാട് പിന്നിലാണെന്നുമാണ് എല്ലായിടത്തുനിന്നും ലഭിച്ച മറുപടി.
കാരണം വ്യക്തിവൈരാഗ്യമോ?
തങ്ങൾക്ക് വീട് ലഭിക്കാതിരിക്കാൻ മുൻ വാർഡ് മെമ്പർ ശ്രമിച്ചിരുന്നുവെന്നും വ്യക്തിവൈരാഗ്യം ഉള്ളത് പോലെയാണ് പെരുമാറിയിരുന്നതെന്നും അജിമോൾ അഴിമുഖത്തോട് പ്രതികരിച്ചു.

അജിമോൾ വീടിന് മുന്നിൽ
‘എൻ്റെ വിവാഹം കഴിഞ്ഞിട്ട് 19 വർഷമായി. ഞാനും ചേട്ടനും താമസം തുടങ്ങുമ്പോൾ ഇത് ഒറ്റമുറി മാത്രമുള്ള ഒരു ഓടിട്ട വീടായിരുന്നു. 2018 ലെ പ്രളയത്തിന് മുൻപ് ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷിക്കുന്നത് ഓൺലൈൻ ആയിട്ടായിരുന്നില്ല. മെമ്പറും ഗ്രാമസേവികയും നേരിട്ടെത്തി വീടുകളുടെ എണ്ണമെടുക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ ഈ ഭാഗത്ത് അടുത്തടുത്തായി മൂന്ന് വീടുകളാണുള്ളത്. അന്ന് ഇവിടത്തെ മെമ്പറായിരുന്ന ബീന സോമൻ ഇവിടേക്ക് വരാനോ ഞങ്ങളുടെ വീട് ലൈഫിൽ ചേർക്കാനോ സമ്മതിച്ചില്ല. ഷെഡ് വീടുകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക എന്നാണ് അന്ന് വിശദീകരണമായി അറിയിച്ചിരുന്നത്.
വീട് മുഴുവൻ അന്ന് തകർന്നുവീഴാറായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ഓട്പുരയാണെങ്കിൽ കൂടി മഴയത്ത് മുഴുവൻ ചോർന്നൊലിക്കുമായിരുന്നു. വീടിന്റെ അവസ്ഥ വളരെ മോശമാണല്ലോ, ഇവരെ കൂടി അപേക്ഷകരുടെ പട്ടികയിലുൾപ്പെടുത്താമെന്ന് ഗ്രാമസേവിക പറഞ്ഞിരുന്നു. എന്നാൽ എത്ര പറഞ്ഞിട്ടും ഞങ്ങളുടെ വീട് മാത്രം പരിഗണിക്കാൻ മെമ്പർ തയ്യാറായില്ല.
അതിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം മഴയുടെ ശക്തി വർദ്ധിച്ചു. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ പിൻഭാഗമെല്ലാം തകർന്നുവീണു. അതോടെ ആകെയുണ്ടായിരുന്ന കിടപ്പാടവും ഇല്ലാതായി. ഈ മെമ്പർ വഴി സഹായമൊന്നും ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം വ്യക്തിവൈരാഗ്യം ഉള്ളത് പോലെയാണ് എന്നോടും എന്റെ കുടുംബത്തോടും അവർ പെരുമാറിക്കൊണ്ടിരുന്നത്. മുൻപുണ്ടായിരുന്ന മെമ്പറിനെ കണ്ട് കാര്യം പറഞ്ഞു. തുടർന്ന് അദ്ദേഹം ഒരു അപേക്ഷ എഴുതി നൽകുകയും ഗ്രാമസേവികയെ നേരിട്ട് കണ്ട് അപേക്ഷ സമർപ്പിക്കാൻ പറയുകയും ചെയ്തു.
അദ്ദേഹം പറഞ്ഞതുപോലെ ഗ്രാമസേവികയെ നേരിട്ട് കണ്ട് അപേക്ഷ നൽകിയപ്പോഴും അവർ പറഞ്ഞത് മെമ്പർ ഇതിന് സമ്മതിക്കുന്നില്ല എന്നായിരുന്നു. തകർന്നുവീണ വീട് മുഴുവനായും പൊളിച്ചുമാറ്റി തൽക്കാലത്തേക്ക് ഒരു ഷെഡ് കെട്ടാൻ ഗ്രാമസേവിക പറഞ്ഞു. പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കാണുമെന്നും അറിയിച്ചിരുന്നു. അങ്ങനെയാണ് വീട് മുഴുവൻ പൊളിച്ചുമാറ്റി ഒരു ഷെഡുണ്ടാക്കിയത്. എന്റെ ഭർത്താവ് ഒരു വെൽഡിങ്ങ് തൊഴിലാളി ആയത് കൊണ്ട് തന്ന കുറച്ച് കമ്പി കഷ്ണങ്ങളും തെർമോക്കോളുമൊക്കെ കൂട്ടിച്ചേർത്ത് വെച്ച് ഒരു ചെറിയ വീടുണ്ടായക്കുകയായിരുന്നു. അതിന് ശേഷമാണ് പ്രളയമുണ്ടാകുന്നത്.
പിന്നീട് എല്ലാവരും അതിന് പിന്നാലെയായി. ഗ്രാമസേവികയ്ക്ക് നൽകിയ അപേക്ഷയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് ഞാൻ പഞ്ചായത്തിൽ പോയി അന്വേഷിച്ചിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കാണ് ഇനി സർക്കാർ വീട് വെച്ച് നൽകുകയെന്നും അതിന്റെ കൂട്ടത്തിൽ ഞങ്ങളുടെ കാര്യവും ശരിയാകുമെന്നും അറിയിച്ചു. എന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിലും എൻ്റെ പേരുണ്ടായിരുന്നില്ല. അതിലും ഞങ്ങളുടെ പേര് ഉൾപ്പെടുത്താതിരിക്കാൻ മെമ്പർ ശ്രമിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
ഞങ്ങളുടെ വീട് തകർന്നുവീണ കൂട്ടത്തിൽ അടുത്തുണ്ടായിരുന്ന മറ്റ് രണ്ട് വീടുകളും പൂർണമായി നശിച്ചിരുന്നു. ഞങ്ങൾക്ക് നൽകാത്തത് കൊണ്ട് തന്നെ അവരുടെ പേരുകളും പരിഗണിക്കപ്പെട്ടില്ല. പ്രളയത്തിൽ തകർന്നതിന് പകരമായി ഒരു വീട് മാത്രമാണ് ഈ പ്രദേശത്ത് പണിത് നൽകിയത്. മെമ്പറുടെ അനുവാദമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ഗ്രാമസേവിക പറഞ്ഞത്.
ഞാൻ താമസിക്കുന്നയിടം ഉൾപ്പെടെയുള്ള സ്ഥലം ഒൻപതാം വാർഡിന്റെ പരിധിയിലാണെന്ന് പോലും അറിയാതെ പ്രവർത്തിച്ചിരുന്നയാളാണ് ബീന സോമൻ. ഗ്രാമസഭ കൂടുമ്പോൾ അതിന്റെ എതിർപ്പ് ഞാൻ അറിയിച്ചിരുന്നു. ഒരുപക്ഷേ അത് കൊണ്ടാകാം അവർക്ക് എന്നോട് ദേഷ്യമുണ്ടായത്. ബീന സോമൻ മെമ്പറായിരുന്ന അഞ്ച് വർഷവും ഞങ്ങൾക്ക് വീട് ലഭിച്ചില്ല. രണ്ടാമത് കെട്ടിയ ഷെഡിൽ താമസിക്കാൻ കഴിയാതെ വന്നതോടെ ഒരു ചെറിയ വാടകവീട്ടിലേക്ക് മാറിയിരുന്നു, അജിമോൾ അഴിമുഖത്തോട് പറഞ്ഞു.
എംഎൽഎ ഓഫീസിലെത്തി നൽകിയ അപേക്ഷ എവിടെ?
താനിപ്പാടം എംഎൽഎ ഓഫീസിൽ വീടിനായി താൻ നേരിട്ടെത്തി അപേക്ഷ നൽകിയിരുന്നെന്നും പിന്നീട് അന്വേഷിച്ചപ്പോൾ അപേക്ഷ കാണാനില്ലെന്നുമാണ് അറിയിച്ചതെന്നും അജിമോൾ പറയുന്നു.

ഒറ്റമുറി വീടിൻ്റെ ഉൾഭാഗം
‘ഷംസുദ്ദീൻ സാറാണ് ഇപ്പോഴത്തെ മെമ്പർ. അദ്ദേഹത്തിനോടും വീടിന്റെ കാര്യം അറിയിച്ചിരുന്നു. ഷംസുദ്ദീൻ സാർ എഴുതി തന്ന അപേക്ഷയും പത്രത്തിൽ വന്ന വാർത്തയും കൊണ്ട് ഞാൻ താനിപ്പാടം എംഎൽഎ ഓഫീസിലെത്തി അപേക്ഷ നൽകി. വി.ഡി സതീശൻ ആണ് പറവൂർ എംഎൽഎ. എംഎൽഎ ഓഫീസിലെ അംഗം പരിഗണിക്കാമെന്ന് ഉറപ്പ് നൽകി അപേക്ഷ വാങ്ങി വെക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം എംഎൽഎ ഓഫീസിൽ പോയി അന്വേഷിച്ചപ്പോഴാണ് അപേക്ഷ അവിടെ കാണാനില്ലെന്ന് അറിയുന്നത്.
തകർന്ന് വീണ വീട് പൊളിച്ചു മാറ്റി ടാർപോളിനും മറ്റും വലിച്ചുകെട്ടി താമസിക്കുന്ന സമയത്താണ് കൊറോണ ആയത് കൊണ്ട് കുട്ടികൾക്ക് പഠിക്കാൻ പുതിയ എൽഇഡി ടിവി സൗജന്യമായി വെച്ചുതരാൻ സ്കൂളിലെ പിടിഎ ഭാരവാഹികൾ എത്തിയത്. തുടർന്ന് ഞങ്ങളുടെ
വീടിൻ്റെ അവസ്ഥ കണ്ട് അത് പത്രത്തിൽ കൊടുക്കുകയായിരുന്നു. ഈ ചോർന്നൊലിക്കുന്ന വീട്ടിൽ ടിവി വെച്ചാൽ അത് വെള്ളം വീണ് നശിച്ച് പോകുമെന്ന് ഞാൻ പറഞ്ഞിരുന്നു. അന്ന് വാർത്ത വന്ന സമയത്ത് ഗ്രാമസേവികരും വില്ലേജ് ഓഫീസറും കൂടി ഷംസുദ്ദീൻ സാറിനോട് വിവരങ്ങൾ തിരക്കിയെങ്കിലും അവിടെയും പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. അപേക്ഷ നൽകാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം കൃത്യമായി അപേക്ഷ നൽകുന്നുണ്ടായിരുന്നു. ഓൺലൈൻ ആയും അല്ലാതെയും വീടിന് വേണ്ടി നിരവധി അപേക്ഷകളാണ് പലർക്കും നൽകിയത്, ഇപ്പോഴും നൽകി കൊണ്ടിരിക്കുകയാണ്.
ആദ്യമൊക്കെ അപേക്ഷ വെക്കുമ്പോൾ ലിസ്റ്റിൽ മുന്നിൽ ഞങ്ങളുടെ പേര് വന്നിരുന്നു. എന്നാൽ പിന്നീട് ലിസ്റ്റ് മാറുകയും ഞങ്ങളുടെ പേര് താഴേക്ക് പോവുകയും ചെയ്തു. എന്തുകൊണ്ടാണ് ഞങ്ങളെ പിന്തള്ളുന്നതെന്ന് തിരക്കിയപ്പോൾ മാനദണ്ഡം അനുസരിച്ച് മാത്രമേ നൽകാനാകൂവെന്നാണ് പറയുന്നത്. ഒരു ഉറപ്പുള്ള വീട് ലഭിക്കാൻ എന്തൊക്കെ മാനദണ്ഡമാണ് വേണ്ടതെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല.
ഒന്നര മാസത്തിന് മുൻപ് പ്രധാൻ മന്ത്രി ആവാസ് യോജനയിൽ അപേക്ഷിച്ചിരുന്നു. ലൈഫിൽ കുറച്ച് താമസം വന്നാലും പിഎംഎവൈയിൽ അതുണ്ടാവില്ലായെന്ന് എല്ലാവരും പറഞ്ഞതനുസരിച്ചാണ് നൽകിയത്. ആ ലിസ്റ്റിലെങ്കിലും പേര് വരുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ അതിലും മാനദണ്ഡം നോക്കുമ്പോൾ പിന്നിലാണെന്നാണ് അറിയാൻ കഴിഞ്ഞത്.
ഞങ്ങൾ അഞ്ച് പേരും കൂടിയാണ് ഈ ഷെഡ് പോലത്തെ വീട്ടിൽ കഴിഞ്ഞിരുന്നത്. തറയിൽ ഒരു കിടക്കയിടാൻ മാത്രമാണ് സ്ഥലമുള്ളത്. രണ്ട് പെൺകുട്ടികളെയും അതിൽ കിടത്തും. അവരുടെ ബാഗും പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം കിടക്കയുടെ ഒരു വശത്താണ് വെക്കുന്നത്. മൂത്ത മകൻ കിടക്കയുടെ ഒരു ഭാഗത്ത് കിടന്നിട്ട് കാൽ കേടായ ഫ്രിഡ്ജിന് മുകളിലേക്ക് കയറ്റി വെച്ച് കിടന്നാണ് ഉറങ്ങിയിരുന്നത്. ഞാനും ചേട്ടനും തറയുടെ ഒരറ്റത്ത് പായ വിരിച്ച് കിടക്കും. ഒന്ന് ശ്വാസമെടുക്കാൻ കൂടി ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഒരു തരത്തിലും അവിടെ താമസിക്കാൻ കഴിയാതെ വന്നതോടെയാണ് പണമില്ലെങ്കിലും വാടക വീട് നോക്കാമെന്ന് കരുതിയത്. അവിടെ നിന്നും ഒരു മുറിയും അടുക്കളയും ശുചിമുറിയുമുള്ള ഒരു വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ മഴ പെയ്താൽ അവിടെയും ചോർന്നൊലിക്കും. ശക്തമായ കാറ്റ് വീശിയാൽ മേൽക്കൂര തകർന്ന് വീഴാനും സാധ്യതയുണ്ടായിരുന്നു. അവസാനം ആ വീടിന്റെ ഉടമ തന്നെ ഞങ്ങളോട് പറഞ്ഞിട്ടാണ് അവിടെ നിന്നും മാറുന്നത്. ഇപ്പോൾ മറ്റൊരു വീട്ടിൽ 5000 രൂപ വാടകയ്ക്കാണ് താമസിക്കുന്നത്, അജിമോൾ അഴിമുഖത്തോട് പറഞ്ഞു.
ദുരിതം ഇരട്ടിയാക്കി അസുഖങ്ങളും
കുടംബത്തിലെ അംഗങ്ങളുടെ ചികിത്സാ ചിലവും കുടുംബത്തിന്റെ അവസ്ഥ കൂടുതൽ മോശമാക്കിയെന്ന് അജിമോൾ പറയുന്നു. ‘ചേട്ടൻ വെൽഡിങ്ങ് പണിയായിരുന്നു തുടക്കകാലത്ത് ചെയ്തുകൊണ്ടിരുന്നത്. കൊവിഡ് വാക്സിൻ എടുത്ത് കുറച്ച് നാൾ കഴിഞ്ഞപ്പോൾ തീരെ വയ്യാതാകാൻ തുടങ്ങി. പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ ഒരുപാട് തവണ തലകറങ്ങി വീണിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് കൊവിഡ് വാക്സിന്റെ അനന്തരഫലമാണെന്നും രക്തം കട്ടപിടിക്കുന്നതാണെന്നും മനസിലാക്കാൻ കഴിഞ്ഞത്. കുറേ നാൾ പിന്നീട് ജോലിക്കൊന്നും പോകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഡ്രൈവറായിട്ട് പോവുകയാണ്.
എന്റെ മകന് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് വയറിന് സുഖമില്ലാതായത്. ആദ്യം എന്താണ് പ്രശ്നമെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അവന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാധിച്ചിരുന്നില്ല. എന്ത് കഴിച്ചാലും വേദനയായിരുന്നു. അമൃത ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് മകന് കുടലിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ല എന്ന് അറിഞ്ഞത്. വിസർജ്യം കെട്ടിക്കിടന്ന് കുടൽ കട്ടിയായെന്നും എന്ത് ഭക്ഷണം കഴിച്ചാലും അത് ദഹിക്കാതെ കട്ടിയായി കിടന്നാണ് വേദനയുണ്ടാകുന്നതെന്നും അവനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. പിന്നീട് അവന്റെ ചികിത്സിക്കുള്ള പണം കണ്ടെത്താനുള്ള ഓട്ടമായിരുന്നു.
വീട് പണിയാനായി മന്നത്ത് സൊസൈറ്റിയിൽ നിന്നും ലോൺ പാസായിരുന്നു. എന്നാൽ അതെടുത്താൽ കുട്ടിയുടെ ഈ അവസ്ഥയിൽ നമുക്കത് തിരിച്ചടക്കാൻ കഴിയാതെ വരുമെന്ന് അറിയാമായിരുന്നു. ഒരു മരുന്നിന് തന്നെ 589 രൂപ വില വരുമായിരുന്നു. രണ്ട് ദിവസത്തേക്ക് പോലും അത് തികയുന്നുണ്ടായിരുന്നില്ല.
കരമ്പാടം ഡി.ഡി സഭാ സ്കൂളിലാണ് അവൻ പഠിച്ചിരുന്നത്. പത്താം ക്ലാസിലെ പരീക്ഷ എഴുതുന്നില്ലായെന്ന് വരെ തീരുമാനിച്ചതാണ്. മറ്റ് കുട്ടികൾ പരീക്ഷ എഴുതി പാസാകുമ്പോൾ തനിക്ക് കഴിയില്ലല്ലോ എന്നോർത്ത് അവന് വിഷമമായിരുന്നു. സ്കൂളിലെ അധ്യാപകരെല്ലാം അവനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. രണ്ട് മാസം വീട്ടിൽ ഇരുന്ന് യൂട്യൂബ് നോക്കി പഠിച്ചിട്ടാണ് അവൻ പരീക്ഷ എഴുതി പാസായത്. ഇരട്ട കുട്ടികളിലൊരാൾക്കും അതിനിടയ്ക്ക് പ്രശ്നം വന്നു. മകൾ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തലയിൽ എന്തോ ഇൻഫെക്ഷൻ ആയി കുറച്ച് നാൾ ഐസിയുവിൽ കിടക്കേണ്ടി വന്നു. കുട്ടികൾക്ക് അസുഖം വന്നതോടെ വീടിന് ലോൺ എടുക്കാമെന്നുള്ള വഴിയും നിലച്ചു. നാട്ടിലെ സിപിഎം നേതാക്കളോടും ഞാൻ പറഞ്ഞിരുന്നു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വോട്ട് ചോദിച്ച് ആരും വരരുതെന്ന്. അത്രയ്ക്ക് സങ്കടമുണ്ടെനിക്ക്. ബിജെപി നേതാക്കളെയടക്കം കണ്ട് സംസാരിച്ചിരുന്നു, എന്റെ ഗതികേടുകൊണ്ടാണ് ഞാൻ എല്ലാവരോടും സഹായമഭ്യർത്ഥിച്ച് നടക്കുന്നത്’, അജിമോൾ അഴിമുഖത്തോട് പ്രതികരിച്ചു.
മാനദണ്ഡങ്ങൾ നോക്കുമ്പോഴാണ് അജിമോളുടെ കുടുംബം പിന്നിലാകുന്നതെന്നും കുടുംബത്തിന് വേണ്ട സഹായം നൽകാൻ ശ്രമിക്കുന്നുണ്ടെന്നും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ അഴിമുഖത്തോട് പറഞ്ഞു.

പ്രളയസമയത്ത് വന്ന വാർത്താക്കുറിപ്പ്
‘അജിമോളെയും കുടുംബത്തിനെയും സഹായിക്കണമെന്ന് തന്നെയാണ് ആഗ്രഹം. മാനദണ്ഡം നോക്കുമ്പോൾ അവർ പിന്തള്ളപ്പെടുന്നു എന്നതാണ് നിലവിലെ പ്രശ്നം. പഞ്ചായത്ത് കമ്മിറ്റിക്ക് അത് നിശ്ചയിച്ച് നൽകാൻ കഴിയുന്ന സാഹചര്യവും നിലവിലില്ല. സ്പോൺസർഷിപ്പ് പോലുള്ള കാര്യങ്ങൾ നൽകി സഹായിക്കാൻ മാത്രമേ നിലവിൽ നിവൃത്തിയുള്ളൂ. അതിന്റെ അന്വേഷണത്തിലാണ് ഞങ്ങളും. ഒരു മെമ്പർ മാത്രം വിചാരിച്ചാൽ വീട് ലഭിക്കുന്നതിന് തടസമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കളകടറേറ്റിലെ ഉദ്യോഗസ്ഥരെല്ലാം എത്തി പരിശോധിച്ച് കഴിഞ്ഞിട്ടാണ് അന്തിമ പട്ടികയാകുന്നത്. മൂന്ന് തലത്തിലുള്ള പരിശോധന കഴിഞ്ഞിട്ടാണ് ലൈഫ് ഭവന പദ്ധതിയിലേക്കുള്ളവരെ തിരഞ്ഞെടുക്കുന്നത്,’ ശാന്തിനി ഗോപകുമാർ അഴിമുഖത്തോട് പറഞ്ഞു.
എംഎൽഎ ഓഫീസിൽ നിന്നും അപേക്ഷ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പറവൂർ എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന്റെ ഓഫീസിൽ അഴിമുഖം ബന്ധപ്പെട്ടിരുന്നു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് മറുപടി പറഞ്ഞത്. മുൻ മെമ്പറായിരുന്ന ബീന സോമനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. നിലവിലെ മെമ്പർ ഷംസുദ്ദീൻ സർജറി കഴിഞ്ഞ് കിടക്കുന്നതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അഴിമുഖത്തോട് പറഞ്ഞത്.
വരാനിരിക്കുന്ന ലൈഫിന്റെ പട്ടികയ്ക്കായി കാത്തിരിക്കുകയാണ് അജിമോളും കുടുംബവും. വീടില്ലെന്ന കുഞ്ഞുമക്കളുടെ സങ്കടം കേട്ട് തങ്ങൾക്ക് ഇനിയും ജീവിതം തള്ളിനീക്കാനാകില്ലെന്നും ഉടൻ നടപടി വേണമെന്നുമാണ് അവർ അഭ്യർത്ഥിക്കുന്നത്.
Content Summary: Ajimol’s dream of a house: Why was she rejected from the Life Mission scheme?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.