ആർത്തവ കാലത്ത് പെൺകുട്ടികളെ പിന്തുണയ്ക്കുക എന്നത് ആനുകൂല്യമല്ല, അനിവാര്യതയാണ്; അജു വർ​ഗീസ്

ആർത്തവം സ്വാഭാവികമായ ഒന്നാണെന്നും ഈ ഘട്ടത്തിൽ പെൺകുട്ടികളെ പിന്തുണയ്‌ക്കേണ്ടത് ആനുകൂല്യമല്ല അനിവാര്യതയാണ് എന്നും അജു വർ​ഗീസ് പറയുന്നു.

വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദാ ഇപ്പോൾ നടൻ അജൂ വർ​ഗീസും സർക്കാർ തീരുമാനത്തിലെ തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പങ്കവെച്ചിട്ടുണ്ട്. ആർത്തവം സ്വാഭാവികമായ ഒന്നാണെന്നും ഈ ഘട്ടത്തിൽ പെൺകുട്ടികളെ പിന്തുണയ്‌ക്കേണ്ടത് ആനുകൂല്യമല്ല അനിവാര്യതയാണ് എന്നും അജു വർ​ഗീസ് പറയുന്നു.

‘ആർത്തവം സ്വാഭാവികമായ ഒന്നാണ്, എന്നാൽ അതിനർത്ഥം എല്ലാ കുട്ടികളും അത് തനിയെ നേരിടാൻ പെട്ടെന്ന് തയ്യാറാണ് എന്നല്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും അന്തസ്സിനുമായിരിക്കണം നാം മുൻഗണന നൽകേണ്ടത്. ജീവിതത്തിലെ ഈ ഘട്ടത്തിൽ പെൺകുട്ടികളെ പിന്തുണയ്ക്കുക എന്നത് ഒരു ആനുകൂല്യമല്ല… മറിച്ച് അതൊരു അനിവാര്യതയാണ്. ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?’ അജു വർ​ഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആര്‍ ശ്രീലേഖ, ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ് ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ് നൂർബിന പറഞ്ഞത്. സ്‌കൂളുകളിലും കോളേജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ എന്നാണ് നൂർബിന റഷീദ് പറഞ്ഞത്.

ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നുമാണ് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആര്‍ ശ്രീലേഖ പ്രതികരിച്ചത്. മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും എപ്പോഴാണ് ആര്‍ത്തവം എന്ന് അറിയുമെന്നും ഇതാണോ മെന്‍സ്ട്രല്‍ ഡിഗ്നിറ്റിയെന്നും നാണക്കേടല്ലേയെന്നും അവര്‍ ചോദിച്ചു.

ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ് എന്നാണ് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് പ്രതികരിച്ചത്. സർക്കാരിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും മുഴച്ച് നില്‍ക്കുന്നുണ്ടെന്നും അശ്വതി പ്രതികരിച്ചു.

This post was last modified on June 1, 2026 12:55 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment