June 04, 2026 |
Share on

1967 ന് ശേഷം ആദ്യമായിഅല്‍-അഖ്‌സ അടച്ചുപൂട്ടി ഇസ്രയേല്‍; പലസ്തീനില്‍ സംഘര്‍ഷത്തിന്റെ ഈദ്

നൂറുകണക്കിന് വിശ്വാസികള്‍ക്ക് തെരുവുകളില്‍ പ്രാര്‍ത്ഥിക്കേണ്ടി വന്നു

1967-ന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ റമദാന്‍ വിടവാങ്ങലിനും ഈദ് ആഘോഷത്തിനുമാണ് പലസ്തീന്‍ സാക്ഷ്യം വഹിക്കുന്നത്. ഇസ്ലാം വിശ്വാസികളുടെ പുണ്യസ്ഥലമായ അല്‍-അഖ്സ പള്ളി സമുച്ചയത്തിലേക്കുള്ള കവാടങ്ങള്‍ ഇസ്രയേല്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചതോടെ പലസ്തീനികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും, ഇത് തങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പലസ്തീനികള്‍ ആരോപിക്കുന്നു.

പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നൂറുകണക്കിന് വിശ്വാസികള്‍ക്ക് പഴയ നഗരത്തിന് പുറത്ത് തെരുവുകളില്‍ പ്രാര്‍ത്ഥിക്കേണ്ടി വന്നു. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് പള്ളി സമുച്ചയം പൂര്‍ണ്ണമായും സീല്‍ ചെയ്ത അധികൃതരുടെ നടപടി വിശ്വാസികളെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പുണ്യസ്ഥലത്തിന് തൊട്ടടുത്ത് വെച്ച് തന്നെ പ്രാര്‍ത്ഥിക്കണമെന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് ആളുകളാണ് ബാരിക്കേഡുകള്‍ക്ക് സമീപം ഒത്തുകൂടിയത്.

‘നാളെ ജെറൂസലേമിലെ മുസ്ലീങ്ങളെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ ദിവസമായിരിക്കും’ എന്ന് 48 കാരനായ ഹാസെന്‍ ബുള്‍ബുള്‍ പറയുന്നു. ഒക്ടോബര്‍ 7-ന് ശേഷം പുണ്യനഗരത്തിന്മേല്‍ ഇസ്രയേല്‍ നടത്തുന്ന നിയന്ത്രണങ്ങള്‍ ഒരു അപകടകരമായ മാതൃക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ജൂതന്മാര്‍ ‘ടെമ്പിള്‍ മൗണ്ട്’ എന്ന് വിളിക്കുന്ന ഈ സ്ഥലം ഇരുവിഭാഗങ്ങള്‍ക്കും ഒരുപോലെ തന്ത്രപ്രധാനവും വൈകാരികവുമാണ്.

അടിച്ചമര്‍ത്തലില്‍ പഴയ നഗരം

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ജറുസലേമിലെ പഴയ നഗരത്തില്‍ പലസ്തീന്‍ വിശ്വാസികള്‍ക്കും മതപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അറസ്റ്റുകളും പോലീസ് നടപടികളും ഭയാനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനിടയിലും ഇസ്രയേലി കുടിയേറ്റക്കാര്‍ പള്ളി സമുച്ചയത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നത് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കുന്നു. പ്രാര്‍ത്ഥനാ സമയങ്ങളില്‍ പോലും പള്ളി പരിസരത്തുനിന്ന് വിശ്വാസികളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതും, അല്‍-അഖ്സയിലേക്ക് പ്രവേശിക്കണമെന്നാഗ്രഹിക്കുന്ന പലസ്തീനികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പതിവായിട്ടുണ്ട്.

ആഘോഷത്തിമിര്‍പ്പില്‍ ഇരിക്കേണ്ട പഴയ നഗരം ഇന്ന് അസാധാരണമാംവിധം നിശബ്ദമാണ്. ആഘോഷപ്പൊലിമയില്ലാതെ നിശബ്ദമായ തെരുവുകള്‍ നിലവിലെ ഭീതിദമായ സാഹചര്യത്തെയാണ് വരച്ചുകാട്ടുന്നത്. സൈനിക നിയന്ത്രണങ്ങള്‍ മൂലം ഫാര്‍മസികളും ഭക്ഷണശാലകളും ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇത് വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. പള്ളിക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്ത് തന്നെ ഈദ് പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന മുന്‍ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് എക്രിമ സബ്രിയുടെ മതവിധി വിശ്വാസികള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയിലെ അതിജീവനം

ജെറൂസലേമില്‍ നിയന്ത്രണങ്ങളാണെങ്കില്‍ ഗാസയില്‍ അത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ക്കിടയിലും തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് അവര്‍ പെരുന്നാളിനെ വരവേല്‍ക്കുന്നു. വടക്കന്‍ ഗാസയില്‍ നിന്ന് ദേര്‍ അല്‍-ബലയിലേക്ക് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക് ഈദ് നഷ്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.

ഇത്രയേറെ തകര്‍ച്ചകള്‍ക്കിടയിലും താല്‍ക്കാലിക അടുപ്പുകളില്‍ പേസ്ട്രികളും കേക്കുകളും ഉണ്ടാക്കി കുട്ടികള്‍ക്ക് ഒരു ചെറിയ ആഘോഷമെങ്കിലും നല്‍കാന്‍ ഗാസയിലെ മാതാപിതാക്കള്‍ ശ്രമിക്കുന്നുണ്ട്.

അന്താരാഷ്ട്ര പ്രതിഷേധം

അല്‍-അഖ്സ അടച്ചുപൂട്ടിയ നടപടിയെ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ മേഖലയില്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

യുദ്ധത്തിന്റെ നിഴലില്‍, ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, പലസ്തീനികള്‍ക്ക് ഈ ഈദ് നഷ്ടപ്പെട്ട വീടുകളുടെയും പ്രിയപ്പെട്ടവരുടെയും വേദനനിറഞ്ഞ ഓര്‍മ്മ പുതുക്കലാണ്. സുരക്ഷയുടെ പേരില്‍ പുണ്യസ്ഥലങ്ങള്‍ അടച്ചിടുമ്പോള്‍, അത് ഒരു ജനതയുടെ വിശ്വാസത്തിന്മേലുള്ള മുറിവായി അവശേഷിക്കുന്നു.

Content Summary: Al-Aqsa mosque closed for Eid: first time since 1967 amid Israel-Iran tensions

Leave a Reply

Your email address will not be published. Required fields are marked *

×