ബോളിവുഡിലെ നിലവാര തകർച്ച
വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ അതിഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത സിനിമയിലേക്ക് പോകാനുളള അവസരമുണ്ട്, പക്ഷെ പണം മുടക്കി തീയറ്ററിൽ സിനിമ കാണാൻ എത്തുന്നവർക്ക് മുമ്പിൽ ഈ അവസരം ഇല്ല. പണം നൽകിയതിന്റെ പേരിൽ മാത്രം പലരും കഷ്ടപ്പെട്ട് കണ്ട് തീർക്കുകയാണ് പതിവ്. ഒ ടി ടി പ്ലാറ്റുഫോമുകളിലേക്ക് പ്രേക്ഷകർ ചുരുങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഉള്ളടക്കത്തിന്റെ നിലവാര തകർച്ചയാണെന്നത് പകൽ പോലെ യാഥാർഥ്യമാണ്. പക്ഷെ കഴിഞ്ഞ ആറ് മാസമായി ഹിന്ദി സിനിമ കാണാനെത്തുന്നവരുടെ അവസ്ഥ ഇങ്ങനെയാണ്. ഇതിന്റെ തെളിവാണ് കഴിഞ്ഞ ആറ് മാസത്തെ ബോളിവുഡ് സിനിമകളുടെ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. 2024 -ലെ ആദ്യ ആറ് മാസങ്ങളിൽ എത്തിയ ചിത്രങ്ങളിലെ മികച്ച ചിത്രമായ അമർ സിംഗ് ചംകില വലിയ സ്വീകാര്യത നേടിയതും ഇത് മൂലമാണ്. amar singh chamkila
കണക്കുകൾ അനുസരിച്ച് ഹിന്ദി സിനിമ വ്യവസായം വലിയ പ്രതിസന്ധിയിലാണുള്ളത്. ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മിക്ക വമ്പൻ ചിത്രങ്ങളും അടുത്തിടെ ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. 2023 -ൽ തകർച്ചയുടെ വക്കിൽ നിന്ന ബോളിവുഡിന് പത്താൻ, ജവാൻ, അനിമൽ, ഗദർ 2 തുടങ്ങിയ ചിത്രങ്ങൾ ആശ്വാസകരമായെങ്കിലും, ആറ് മാസം പിന്നിടുമ്പോൾ, ബിഗ് ബോളിവുഡ് വൻ വിജയങ്ങളില്ലാതെ വലയുകയാണ് എന്നതാണ് സത്യം. നല്ല സിനിമകൾ ഒ ടി ടിയിലും നിലവാരമില്ലാത്തവ തീയറ്ററിലും എത്തുമ്പോൾ സ്വാഭാവികമായും പ്രേക്ഷർ തിയേറ്ററുകളിൽ നിന്നും പിൻവലിയും, ഇത് സ്വാഭാവികമായും സിനിമ വ്യവസായത്തെ നഷ്ടത്തിലാക്കുകയും ചെയ്യും.
ദിൽജിത് ദോസഞ്ചിനെ നായകനാക്കി, കൊല്ലപ്പെട്ട പഞ്ചാബി ഗായകനായ അമർ സിംഗ് ചംകിലയുടെ കഥ പറയുന്ന ചിത്രമാണ് അമർ സിംഗ് ചംകില. ജബ് ഹാരി മെറ്റ് സേജൽ, ലവ് ആജ് കൽ 2 എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ഇംതിയാസ് അലിയുടെ തിരിച്ചു വരവ് എന്നടയാളപ്പെടുത്തിയ സിനിമയാണ് അമർ സിംഗ് ചംകില. ചിത്രത്തിലെ അഭിനയത്തിലൂടെ എല്ലാവരേയും ഒന്നാകെ അത്ഭുതപ്പെടുത്തിയത് ദിൽജിത് ദോസാഞ്ച് ആയിരുന്നു. ഇതിന് മുൻപ് പലവേഷങ്ങളിലൂടെ ദിൽജിത് ദോസഞ്ച് പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിട്ടുണ്ടെങ്കിലും അമർ സിംഗ് ചംകിലയിലെ വേഷം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ദിൽജിത് ദോസഞ്ച് എന്ന ഗായകനെ സംബന്ധിച്ചിടത്തോളം ആരാധകർക്കൊപ്പം തന്നെ വിമർശകരുമുണ്ട്. ചംകില അഭിമുഖീകരിച്ച ആരോപണങ്ങൾ ദിൽജിതും നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ് സത്യം. ഗാനശൈലി അശ്ലീലതയാണെന്ന് പലപ്പോഴും ദിൽജിത്തിനെതിരെ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. തന്റെ സംഗീതത്തിന്റെ പേരിൽ വധ ഭീഷണി പോലും ദിൽജിത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും കലയോടുള്ള അഭിനിവേശം ഇന്നും അദ്ദേഹത്തെ ജനപ്രിയനാക്കി നിലനിർത്തുന്നു. കൂടാതെ ജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഗാനങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നതുകൊണ്ട് ജനങ്ങൾക്കിടയിൽ തരക്കേടിക്കില്ലാത്ത ആരാധക വൃന്ദം അദ്ദേഹത്തിനുണ്ട്. പാതിവഴിയിൽ സംഗീതം ഉപേക്ഷിച്ചു പോയ തങ്ങളുടെ പ്രിയ ഗായകനെ, അത്രത്തോളം പ്രിയങ്കരനായ മറ്റൊരു ഗായകൻ അവതരിപ്പിച്ചത് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അമർ സിംഗ് ചംകില ഒരു വിജയ ചിത്രമാണെന്ന് തെളിയിക്കാൻ ബോക്‌സ് ഓഫീസ് നമ്പറുകളില്ല. പക്ഷെ ഇതിന് മുൻപ് സംഭവിച്ചതിന് സമാനമായി, കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇത് ഒരു തീയറ്ററിൽ എത്തേണ്ട ചിത്രമായിരുന്നുവെന്ന് അംഗീകരിക്കപ്പെട്ടേക്കാം. 2024 ലിന്റെ ആദ്യ പകുതിയിൽ ബോളിവുഡ് സിനിമ ലോകത്തിനു സംഭവിച്ച തകർച്ചയിൽ വിദഗ്‌ദ്ധർ ഒ ടി ടി പ്ലാറ്റ്‌ഫോമുകളെ കുറ്റപ്പെടുത്താം, പക്ഷെ യാഥാർഥ്യം അവിടെ നിലനിൽക്കുക തന്നെ ചെയ്യും. ബോളിവുഡ് സിനിമാ വ്യവസായം തകരുന്നതിന്റെ കാരണം ഒ ടി ടി അല്ല ഉള്ളടക്കത്തിന്റെ നിലവാര തകർച്ചയാണെന്ന യാഥാർഥ്യം അവിടെ തന്നെ അവശേഷിക്കും. അതിന്റെ തെളിവാണ് കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ. അമർ സിംഗ് ചംകില പോലെ ഒരു നല്ല സിനിമ മാത്രം കൊണ്ട് ബോളിവുഡ് വ്യവസായത്തെ രക്ഷിക്കാൻ സാധിക്കില്ല. പക്ഷെ ബഡേ മിയാൻ ഛോട്ടേ മിയാൻ പോലുളള സാധാരണ സിനിമകൾക്കിടയിൽ അമർ സിംഗ് ചംകില പോലെ നല്ല സിനിമ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മാത്രം.
ആരാണ് അമർ സിംഗ് ചംകില ?
1980-കളുടെ തുടക്കത്തിലാണ് വരികളിൽ ചടുലതയും, രാഷ്ട്രീയവും, സാമൂഹിക അസമത്വം ഒരു പോലെ പ്രതിഫലിപ്പിച്ച ചംകില മുഖ്യധാരാ സംഗീതത്തിനും, പഞ്ചാബിനും ഒരു പോലെ ജനപ്രിയനായി മാറുന്നത്. 1960 ജൂലൈ 21 നാണ്, പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപമുള്ള ദുഗ്രി ഗ്രാമത്തിലെ ദരിദ്ര ദളിത് കുടുംബത്തിൽ കർതാർ കൗറിൻ്റെയും ഹരി സിംഗ് സണ്ടിലയുടെയും മകനായി ചാംകില ജനിക്കുന്നത്. ബാല്യ കാലത്തു തന്നെ സംഗീതത്തിൽ അഭിരുചി പുലർത്തിയിരുന്ന കുട്ടി ദാരിദ്രത്തിനെയും തോൽപ്പിച്ചു കൊണ്ട് സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി, പഞ്ചാബിന്റെ റോക്‌സ്റ്റാറായി വളർന്നു. അക്കാലത്തെ ഏറ്റവും പ്രശസ്‌തനായ, ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റുപോയ ഗായകനായിരുന്നു അദ്ദേഹം. പലപ്പോഴും പ്രണയം, സമൂഹം, രാഷ്ട്രീയം എന്നിവയെ ശക്തമായ ഭാഷയിൽ അടയാളപ്പെടുത്തുന്നതായിരുന്നു ചംകിലയുടെ വരികൾ. ചാംകില തൻ്റെ പങ്കാളിയും പാട്ടുകാരിയുമായ അമർജോത്തിനൊപ്പം സമകാലിക സംഗീതവുമായി പരമ്പരാഗത പഞ്ചാബി നാടോടി ഗാനങ്ങളെ സംയോജിപ്പിച്ച് ഒരു തനതായ സംഗീത ശൈലി രൂപപ്പെടുത്തിയിരുന്നു. പഞ്ചാബിന് പുറത്തേക്ക് ചംകിലയുടെ പ്രശസ്തി വർധിപ്പിച്ചതും ഈ പരീക്ഷണമായിരുന്നു.
ഇരുവരും അവതരിപ്പിക്കുന്ന ഗാനങ്ങൾ സംഭാഷണങ്ങൾ പോലെ ആളുകളിൽ പ്രവർത്തിച്ചു. പഞ്ചാബിലുടനീളമുള്ള ചാംകിലയുടെ അഖാഡകളിലേക്ക് (സൗജന്യ, ഓപ്പൺ എയർ പ്രോഗ്രാമുകൾ) ആളുകൾ ഒഴുകിയെത്തി. പാട്ടുകൾ കേൾക്കാൻ ദൂരെ ദിക്കുകളിൽ നിന്നും ആളുകൾ എത്തിയിരുന്നു, ഒരു കാലത്ത് ചാംകില ഒരു വർഷത്തിനുള്ളിൽ 365 ഷോകൾ നടത്തിയിരുന്നു. കൂടാതെ നിരവധി സിനിമകൾക്ക് റെക്കോർഡ് ചെയ്യുകയും ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
content summary ; Amar Singh Chamkila Bollywood’s best film of 2024 didn’t even release in theatres