June 03, 2026 |
Share on

യുപിയിലെ വ്യാജ അംബാസഡര്‍ വന്‍ തട്ടിപ്പുകാരന്‍, ചന്ദ്രസ്വാമിയടക്കം അടുപ്പക്കാര്‍

വെസ്റ്റ് ആര്‍ക്ടിക്ക എന്ന സാങ്കല്‍പ്പിക രാജ്യത്തിന്റെ പ്രതിനിധിയായി വിദേശങ്ങളിലടക്കം വന്‍ സാമ്പത്തിക തട്ടിപ്പാണ് ഹര്‍ഷവര്‍ദ്ധ ജെയ്ന്‍ നടത്തിയത്

‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന സാങ്കല്‍പ്പിക രാജ്യത്തിന്റെ വ്യാജ അംബാസഡറായിരുന്ന ഹര്‍ഷ വര്‍ദ്ധന്‍ ജയ്ന്‍ തട്ടിപ്പിലൂടെ വന്‍ സമ്പത്ത് സ്വന്തമാക്കിയിരുന്നതായി കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ കവി നഗറിലെ ഒരു വാടക വീട്ടിലായിരുന്നു വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്. യുപി പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് ചൊവ്വാഴ്ച്ച ജയ്‌നെ അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് രാജസ്ഥാനിലെ മാര്‍ബിള്‍ ഖനികള്‍ മുതല്‍ ദുബായ്, മൗറീഷ്യസ്, യുകെ എന്നിവിടങ്ങളിലെ ബാങ്കുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന സങ്കീര്‍ണ്ണമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക ശൃംഖലയെക്കുറിച്ചും അന്വേഷണ സംഘത്തിന് പിടികിട്ടുന്നത്.

47 കാരനായ ജെയ്ന്‍ വിദേശ രാജ്യങ്ങളില്‍ ഒന്നിലധികം ഷെല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് പുറം രാജ്യങ്ങളിലായി 11 ബാങ്ക് അകൗണ്ടുകളും ഇയാളുടെ പേരിലുണ്ട്. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ജെയിന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി വരുന്നുണ്ട്. അന്താരാഷ്ട്ര നയതന്ത്രത്തിന്റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പുകള്‍.

ലണ്ടനില്‍ താമസിച്ചിരുന്ന സമയത്ത് ആള്‍ദൈവം ചന്ദ്രസ്വാമി, ആയുധ ഇടപാടുകാരന്‍ അദ്നാന്‍ ഖഷോഗി തുടങ്ങിയ വിവാദ വ്യക്തികളുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നതായി ഹര്‍ഷവര്‍ദ്ധന്‍ ജെയ്ന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുര്‍ക്കി പൗരത്വമുള്ള, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരന്‍ എഹ്‌സാന്‍ അലി സയ്യിദും ജെയ്‌ന്റെ കൂട്ടിളായായിരുന്നു. വലിയ തുകകള്‍ വായ്പകളായി വാഗ്ദാനം ചെയ്ത് ബ്രോക്കര്‍ ഫീസ് മുന്‍കൂര്‍ വാങ്ങി തട്ടിപ്പ് നടത്തിയ സയ്യിദ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആറര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

2000 ന്റെ തുടക്കത്തില്‍ ജെയ്ന്‍ ലണ്ടനില്‍ താമസിച്ചിരുന്ന സമയത്ത് ചന്ദ്രസ്വാമിയാണ് ജെയ്‌നിനെയും സയ്യിദിനെയും തമ്മില്‍ പരിചയപ്പെടുത്തുന്നതെന്നാണ് എസ്ടിഎഫ് പറയുന്നത്. സയ്യിദിന്റെ സ്ഥാപനങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡിലും ബഹ്റൈനിലും ആസ്ഥാനമുള്ള വെസ്റ്റേണ്‍ അഡൈ്വസറി ഗ്രൂപ്പ് 2008 നും 2011 നും ഇടയില്‍ വിവിധ സ്വിസ് കമ്പനികളില്‍ നിന്നായി ബ്രോക്കര്‍ ഫീസായി 25 മില്യണ്‍ പൗണ്ടിലധികം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി.

എഹ്‌സാന്‍ സയ്യിദുമായി സഹകരിച്ച് ഹര്‍ഷ് വര്‍ധന്‍ നിരവധി ഷെല്‍ കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഈസ്റ്റ് ഇന്ത്യാ കമ്പനി യുകെ ലിമിറ്റഡ്, ഐലന്‍ഡ് ജനറല്‍ ട്രേഡിംഗ് കമ്പനി എല്‍എല്‍സി (യുകെ), ഇന്ദിര ഓവര്‍സീസ് ലിമിറ്റഡ് (മൗറീഷ്യസ്), കാമറൂണ്‍ ഇസ്പത് എസ്എആര്‍എല്‍ (കാമറൂണ്‍) എന്നിവ അവയില്‍ ഉള്‍പ്പെടുന്നതാണ്.

യുഎഇയില്‍ ജെയ്‌നുമായി ബന്ധമുള്ള ആറ് ബാങ്ക് അക്കൗണ്ടുകളും, യുകെയില്‍ മൂന്ന് അക്കൗണ്ടുകളും, മൗറീഷ്യസിലും ഇന്ത്യയിലും ഒരോ അക്കൗണ്ടുകള്‍ വീതവും ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി എസ്ടിഎഫ് പറയുന്നു.

പേരും പ്രശസ്തിയുമുള്ള ഒരു വ്യവസായിയുടെ മകനാണ് ഹര്‍ഷവര്‍ദ്ധന്‍ ജെയ്ന്‍. ഇയാളുടെ പിതാവ് ജെ ഡി ജെയ്ന്‍ ഗാസിയാബാദിലെ ജെയിന്‍ റോളിംഗ് മില്‍ ഉടമയുമായിരുന്നു. കൂടാതെ രാജസ്ഥാനിലെ ബന്‍സ്വാരയിലും കക്രോളിയിലും ഇന്ദിര മാര്‍ബിള്‍സ്, ‘ജെ ഡി മാര്‍ബിള്‍സ്’ എന്നീ പേരുകളില്‍ അദ്ദേഹത്തിന് ഖനികള്‍ ഉണ്ടായിരുന്നു. ഈ ഖനികളില്‍ നിന്ന്് ലണ്ടനിലേക്കും മാര്‍ബിള്‍ കയറ്റുമതി ചെയ്തിരുന്നു.ഹര്‍ഷവര്‍ദ്ധന്‍ അവിടെ ജോലി ചെയ്തിട്ടുണ്ടെന്നും എസ്ടിഎഫ് പറയുന്നു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 2006 ല്‍ ജെയ്ന്‍ ദുബായിലേക്ക് പോയി. അവിടെ നിന്നാണ് തട്ടിപ്പുകള്‍ തുടങ്ങുന്നത്. വിദേശ ഇടപാടുകളില്‍ പ്രലോഭിപ്പിച്ച് ബിസിനസുകാരില്‍ നിന്നും പണം തട്ടാന്‍ തുടങ്ങി. ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളാണ് തന്റെ തട്ടിപ്പിനായി ജെയ്ന്‍ ആസ്ഥാനമാക്കിയത്. ഇവിടങ്ങളില്‍ അയാള്‍ ബിസിനസ് ബ്രോക്കറായി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പുകള്‍ തുടര്‍ന്നു. 2011 ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ജെയ്ന്‍, ആദ്യമൊക്കെ സ്വന്തം വീട്ടില്‍ തങ്ങിയായിരുന്നു തട്ടിപ്പുകള്‍ തുടര്‍ന്നത്. പിന്നീട് ഒരു വാടക ബംഗ്ലാവിലേക്ക് മാറി.

ഹര്‍ഷവര്‍ദ്ധന്‍ ജെയ്ന്‍ ലണ്ടനില്‍ നിന്നും എംബിഎ ബിരുദം കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് എസ്ടിഎഫ് പറയുന്നത്. തനിക്ക് നയതന്ത്ര വഴികളില്‍ വലിയ സ്വാധീനം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ അന്താരാഷ്ട്ര ഇടപാടുകളും വിദേശ ജോലികളും ഉറപ്പാക്കാന്‍ കഴിയുമെന്ന വിശ്വാസം ബിസിനസുകാരില്‍ ഉണ്ടാക്കിയെടുത്തതെന്നും അന്വേഷണ സംഘം പറയുന്നു. അതിന്റെ ഭാഗമായാണ് ഇല്ലാത്തൊരു രാജ്യത്തിന്റെ (വെസ്റ്റ് ആര്‍ക്ടിക്ക) അംബാസഡര്‍ ചമഞ്ഞത്. വ്യാജ പതാകകള്‍, വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍, വ്യാജ പാസ്പോര്‍ട്ടുകള്‍, സീലുകള്‍ എന്നിവയെല്ലാം ഇയാള്‍ തന്റെ അന്താരാഷ്ട്ര ദല്ലാള്‍ പദവിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചു. എസ്ടിഎഫിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗുലെ സുശീല്‍ ചന്ദ്രഭാന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.

സെബോര്‍ഗ, പോള്‍വിയ, ലോഡോണിയ തുടങ്ങിയ നിരവധി സ്വയം പ്രഖ്യാപിത മൈക്രോനേഷനുകളില്‍ നിന്നായി ജെയ്ന്‍ ഓണററി ‘അംബാസഡര്‍’, ‘കണ്‍സിഗ്ലിയര്‍’ പദവികള്‍ നേടിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ആളുകളെ സ്വാധീനിക്കാനും പണം തട്ടാനുമായി ഈ പദവികള്‍ ഹര്‍ഷവര്‍ദ്ധനെ സഹായിച്ചിരുന്നു. Harsh Vardhan Jain, self-proclaimed Ambassador of Westarctica, allegedly ran a 20-year scam

 

 

Content Summary; Harsh Vardhan Jain, self-proclaimed Ambassador of Westarctica, allegedly ran a 20-year scam

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×