ട്രംപ് ഉത്തരവിട്ടു; നൈജീരിയയില്‍ ഐസിഎസ് ഭീകരരെ ആക്രമിച്ച് അമേരിക്ക

ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ താന്‍ നേരിട്ട് ഉത്തരവിട്ട ആക്രമണമാണിതെന്ന് ട്രംപ്

Donald Trump

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് നേരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ക്രിസ്ത്യന്‍ വിശ്വാസികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ താന്‍ നേരിട്ടാണ് ഈ സൈനിക നടപടിക്ക് ഉത്തരവിട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ എന്റെ നിര്‍ദ്ദേശപ്രകാരം വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഐസിസ് ഭീകരര്‍ക്ക് നേരെ അമേരിക്ക മാരകമായ ആക്രമണം നടത്തി. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഞാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ അത് കൃത്യതയോടെ നടപ്പിലാക്കി,’ ട്രംപ് കുറിച്ചു.

നൈജീരിയന്‍ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാന്‍ഡ് അറിയിച്ചു. നൈജീരിയന്‍ വിദേശകാര്യ മന്ത്രാലയവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസുമായുള്ള സുരക്ഷാ സഹകരണത്തിന്റെയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് നൈജീരിയ വ്യക്തമാക്കി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നൈജീരിയന്‍ സര്‍ക്കാരിന്റെ സഹകരണത്തിന് നന്ദി അറിയിച്ചു.

നൈജീരിയയിലെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ട്രംപ് നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. നൈജീരിയന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശിച്ച ട്രംപ്, നേരിട്ടുള്ള സൈനിക ഇടപെടല്‍ നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എങ്കിലും, നൈജീരിയയിലെ സുരക്ഷാ സാഹചര്യം കേവലം മതപരമായ പീഡനമല്ലെന്നാണ് അവിടുത്തെ സര്‍ക്കാര്‍ വാദിക്കുന്നത്. പലപ്പോഴും ഭൂമിക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും ക്രിമിനല്‍ സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകളും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരുപോലെ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ സൈന്യത്തെ ലോകത്തെമ്പാടുമുള്ള യുദ്ധങ്ങളില്‍ നിന്ന് പിന്‍വലിക്കുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. എന്നാല്‍ ട്രംപ്, അധികാരമേറ്റ ആദ്യ വര്‍ഷം തന്നെ യെമന്‍, ഇറാന്‍, സിറിയ എന്നിവിടങ്ങളിലും ഇപ്പോള്‍ നൈജീരിയയിലും അമേരിക്ക സൈനിക ഇടപെടലുകള്‍ നടത്തുന്നതാണ് കാണുന്നത്. ഇക്കാര്യം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

Content Summary; US carried out airstrikes against Islamic State militants in Nigeria. Trump says he directly ordered attack amid rising attacks on Christians

This post was last modified on December 26, 2025 2:14 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment