December 13, 2024 |
Share on

ട്രംപ് ഭരണകൂടത്തെ ഭയം; അമേരിക്കയില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന നേതാവാണ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പായി അമേരിക്കയിലെ സ്ത്രീകള്‍ സാധാരണയിലും കൂടുതലായി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ ഭരണം നിലവില്‍ വന്നാല്‍ ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ വെട്ടിക്കുറയ്ക്കുമെന്ന ഭയത്തിലാണിതെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. ഗര്‍ഭഛിദ്ര മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒരാളായ എയ്ഡ് ആക്‌സസ് പറയുന്ന കണക്കാണ് ഈ റിപ്പോര്‍ട്ടിന് ആധാരം. അവര്‍ പറയുന്നത്, കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വന്നതിന് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ക്കായി പതിനായിരം പേര്‍ തങ്ങളെ സമീപിച്ചെന്നാണ്. സാധാരണ ഒരു ദിവസം 600 പേരാണ് പരമാവധി മരുന്നിനായി സമീപിക്കുന്നത്. അതിന്റെ 17 മടങ്ങാണ് ഉണ്ടായത്.

കൗതുകകരമായ മറ്റൊരു കാര്യം, ജസ്റ്റ് ദ പില്‍ പറയുന്നുണ്ട്. ബുധനാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെ വന്ന 125 ഓര്‍ഡറുകളില്‍ 22 എണ്ണവും ഗര്‍ഭിണികള്‍ അല്ലാത്തവരില്‍ നിന്നായിരുന്നു. ടെലി മെഡിസിന്‍ വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് ജസ്റ്റ് ദ പില്‍. മുന്‍കൂറായി ഇത്തരം മരുന്നുകള്‍ ആവശ്യപ്പെടുന്നവര്‍ അപൂര്‍വമാണെന്നാണ് ജസ്റ്റ് ദ പില്‍ ഇടക്കാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജൂലി അമോന്‍ പോസ്റ്റിനോട് പറയുന്നത്. ഗര്‍ഭഛിദ്ര മരുന്നുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റാണ് പ്ലാന്‍ സി. അവരുടെ സൈറ്റില്‍ ബുധനാഴ്ച്ച മാത്രം കയറിയത് 82,200 പേരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഏകദേശം 4000-4,500 പേര്‍ മാത്രം കയറിക്കൊണ്ടിരുന്ന വെബ്‌സൈറ്റാണത്. പ്രത്യുത്പാദന- ആരോഗ്യ സംഘടനകളും മരുന്ന് കമ്പനികളുമെല്ലാം പറയുന്നത് അടിയന്തര ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, മോണിംഗ് ആഫ്റ്റര്‍ പോലുള്ള ഗര്‍ഭനിരോധന ഗുളികള്‍, ഗര്‍ഭാശയ ഉപകരണങ്ങള്‍, വാസക്ടമികള്‍ എന്നിവ പോലുള്ള ദീര്‍ഘകാല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ്. വലിയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും, ട്രംപ് ഭരണകൂടത്തിന്‍ കീഴില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നുമാണ് ഈ പ്രതിഭാസത്തെ കുറിച്ച് ബ്രിട്ടാനി ഫോണ്ടേനോ പറയുന്നത്. ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്നവരുടെ സംഘടനയായ നാഷണല്‍ അബോര്‍ഷന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് ബ്രിട്ടാനി.

abortion rights

ഗര്‍ഭഛിദ്രത്തിന് നിയന്ത്രണം വന്നേക്കുമെന്ന സൂചനയില്‍ ഗര്‍ഭ നിരോധന ഗുളികകളുടെ ലഭ്യത സംശയാസ്പദമായപ്പോള്‍ തന്നെ സ്ത്രീകള്‍ മുന്‍കൂറായി മരുന്നുകള്‍ വാങ്ങിവച്ചിരിക്കുകയാണ്. ഡോബ്‌സ് കേസിലെ കരട് തീരുമാനത്തിന്റെ വിവരങ്ങള്‍ 2022 ല്‍ ചോര്‍ന്നതു മുതല്‍ ഇത്തരം ആശങ്ക നിലനില്‍ക്കുകയാണ്. അതുകൊണ്ട് ഗര്‍ഭിണികള്‍ അല്ലാത്തവര്‍ പോലും മുന്‍കൂറായി ഗുളികകള്‍ വാങ്ങിക്കുകയാണ്. 2016ല്‍ ട്രംപ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള സ്ത്രീകള്‍ ഐയുഡികള്‍ പോലെയുള്ള ദീര്‍ഘകാല ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തേടുന്നത് വര്‍ദ്ധിപ്പിച്ചിരുന്നു. പ്ലാന്‍ഡ് പാരന്റ്ഹുഡ് പറഞ്ഞത്, ബുധനാഴ്ച, ഷെഡ്യൂള്‍ ചെയ്ത വാസക്ടമി അപ്പോയിന്റ്‌മെന്റുകള്‍ 1,200 ശതമാനം വര്‍ദ്ധിച്ചുവെന്നാണ്. ഷെഡ്യൂള്‍ ചെയ്ത ഐയുഡി അപ്പോയിന്റ്‌മെന്റുകളാകട്ടെ മുന്‍ ദിവസത്തെ അപേക്ഷിച്ച് 760 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇത്തരം ആശങ്കകള്‍ ട്രംപിന്റെ കാര്യത്തില്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ സംഘത്തിലുള്ളവര്‍ പറയുന്നത്. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ സംസ്ഥനങ്ങള്‍ക്കുള്ള അവകാശങ്ങളെ കാലങ്ങളായി പിന്തുണയ്ക്കുന്നയാളാണ് ട്രംപ് എന്നാണ് നിയുക്ത പ്രസിഡന്റിന്റെ സംഘത്തിലുള്ള വക്താക്കളില്‍ ഒരാളായ കരോലിന്‍ ലീവിറ്റ് പറയുന്നത്.

പക്ഷേ ഇക്കാര്യത്തില്‍ ട്രംപിനെ പൂര്‍ണമായി വിശ്വസിക്കാന്‍ സാധിക്കില്ല. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ ഉറച്ചൊരു നിലപാട് അദ്ദേഹത്തിനില്ല. ഒരുവശത്ത് പറയും, ഞാന്‍ ഗര്‍ഭഛിദ്രത്തിന് തീര്‍ത്തും എതിരാണെന്ന്. അതേസമയം തന്നെയാണ്,ഗര്‍ഭഛിദ്രത്തിനുള്ള ഫെഡറല്‍ നിരോധനം വീറ്റോ ചെയ്യുമെന്ന് വാഗ്ദാനം നല്‍കുന്നതും. ഡോബ്‌സ് വേഴ്‌സസ് ജാക്‌സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കേസില്‍, ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നതില്‍ കോടതി ഇടപെടല്‍ നടത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായി മൂന്നംഘ സുപ്രിം കോടതി ജഡ്ജിമാരെ തന്റെ ആദ്യ ടേമില്‍ ട്രംപ് നിയോഗിച്ചിരുന്നു.  american women stockpile abortion pills before donald trump’s second term 

Content Summary; American women stockpile abortion pills before Donald Trump’s second term

×