June 26, 2026 |
Share on

അമേരിക്കയില്‍ ആകാശദുരിതം

യു എസ് ഭരണകൂടം പ്രഖ്യാപിച്ച ഷട്ട്ഡൗണ്‍ മൂലം വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നു, വിമാനക്കമ്പനികളും യാത്രക്കാരും പ്രതിസന്ധിയില്‍

യു.എസ്. ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന ഷട്ട്ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍, വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗതാഗത വകുപ്പ്. വിമാനക്കമ്പനികളും യാത്രക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മറുവശത്ത്, ഷട്ട്ഡൗണ്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാതാക്കളിലും പ്രസിഡന്റിലും വലിയ സമ്മര്‍ദ്ദം നടക്കുന്നുമുണ്ട്.

ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 40 പ്രധാന വിമാനത്താവളങ്ങളിലെ വാണിജ്യ സര്‍വീസുകളില്‍ 10% വരെ കുറവ് വരുത്തേണ്ടി വരുമെന്നാണ് ഗതാഗത സെക്രട്ടറി സീന്‍ ഡഫി അറിയിച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടി. യു.എസ്. വ്യോമയാന സംവിധാനം സുരക്ഷിതമാണെങ്കിലും, അത് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സര്‍വീസുകള്‍ കുറയ്ക്കുന്നതെന്നാണ് ഡഫിന്റെ വിശദീകരണം.

ജീവനക്കാരുടെ അഭാവമാണ് വിമാന സര്‍വീസുകളിലെ പ്രധാന സുരക്ഷ ആശങ്ക.
ഷട്ട്ഡൗണ്‍ കാരണം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും വിമാനത്താവള സുരക്ഷാ ഏജന്റുമാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ജീവനക്കാരുടെ അഭാവം വിമാനങ്ങള്‍ വൈകുന്നതിനും, സുരക്ഷാ പരിശോധനാ കൗണ്ടറുകളില്‍ നീണ്ട നിരകള്‍ക്കും കാരണമായതായി ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഅഅ) ഈ വാരാന്ത്യം മുതല്‍ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ വിമാനങ്ങളുടെ എണ്ണത്തില്‍ ഏകദേശം 4% കുറവ് വരുത്തും. അറ്റ്‌ലാന്റ, ചിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങിയ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളെയാണ് ഇത് ബാധിക്കുക. ഒരു പ്രമുഖ എയര്‍ലൈനിന്റെ ആഭ്യന്തര മെമ്മോ പ്രകാരം, പ്രധാനപ്പെട്ട വിപണികളിലെ 4% കുറവ് ഏകദേശം 100 ഫ്‌ലൈറ്റുകളെയാണ് ബാധിക്കുക. ഇത് വലിയൊരു ശൈത്യകാല കൊടുങ്കാറ്റ് ഒരേ സമയം ഡസന്‍ കണക്കിന് വിമാനത്താവളങ്ങളെ ബാധിക്കുന്നതിന് തുല്യമാണെന്നാണ് വ്യവസായ അധികൃതര്‍ അഭിപ്രായപ്പെടുന്നത്.

വിമാനങ്ങള്‍ റദ്ദാക്കുന്നത് യാത്രക്കാരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അതേസമയം റദ്ദാക്കിയ ഫ്‌ലൈറ്റുകളിലെ യാത്രക്കാര്‍ക്ക് റീബുക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 480-ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയതായാണ് വിവരം. ഇതില്‍ ഏകദേശം 170 ഫ്‌ലൈറ്റുകള്‍ ഡെല്‍റ്റയുടേതാണ്.

വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കി, റോഡ് മാര്‍ഗ്ഗം ഉപയോഗിക്കുകയാണ്. വാരാന്ത്യത്തിലെ വണ്‍-വേ കാര്‍ റെന്റല്‍ ബുക്കിംഗുകളില്‍ 20% അധിക വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ആഭ്യന്തര സര്‍വീസുകള്‍ കുറയ്ക്കുമെങ്കിലും അന്താരാഷ്ട്ര വിമാനങ്ങളുടെയും പ്രധാന ഹബ്ബുകള്‍ക്കിടയിലുള്ള സര്‍വീസുകളെയും ബാധിക്കുന്ന തരത്തില്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തില്ലെന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തില്ലെന്നാണ് കമ്പനി പറയുന്നത്.

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ചില ചെലവ് ബില്ലുകളില്‍ വോട്ടെടുപ്പ് നടത്താനും, ഡിസംബര്‍ വരെയെങ്കിലും ഗവണ്‍മെന്റിന് അത്യാവശ്യ ചെലവുകള്‍ നടത്തിക്കൊണ്ടു പോകാനും താല്‍ക്കാലിക നടപടികള്‍ക്കുള്ള ബില്ലുകള്‍ പാസ്സാക്കാനുമുള്ള നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ട്.

കഴിഞ്ഞ ഷട്ട്ഡൗണ്‍ അവസാനിക്കുന്നതിന് കാരണമായതും ജനം നേരിട്ട യാത്രാ തടസ്സങ്ങളും ജീവനക്കാരുടെ അഭാവം മൂലം ഉണ്ടായ സുരക്ഷാ ആശങ്കകളുമായിരുന്നു. അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. നിലവില്‍, എയര്‍ലൈന്‍ എക്‌സിക്യൂട്ടീവുകളും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ യൂണിയന്‍ അധികൃതരും ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വിമാന സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ പ്രധാനമായും യു.എസിലെ ആഭ്യന്തര വിമാന സര്‍വീസുകളെയും അവിടുത്തെ പ്രധാന വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെയും ആണ് ബാധിക്കുന്നതെങ്കിലും ഇന്ത്യക്കാര്‍ അടക്കമുള്ളപുറത്തു നിന്നുള്ള യാത്രക്കാരെയും പരോക്ഷമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് യാത്ര ചെയ്യുന്നവര്‍, അല്ലെങ്കില്‍ യു.എസിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍, യു.എസിലെ ആഭ്യന്തര കണക്ഷന്‍ ഫ്‌ലൈറ്റുകളെ ആശ്രയിക്കുന്നവര്‍ എന്നിവര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കലുകളും കാലതാമസവും ബാധിക്കുന്നുണ്ട്.

Content Summary; US shutdown flight cancellations, Airlines and passengers in crisis

Leave a Reply

Your email address will not be published. Required fields are marked *

×