June 26, 2026 |
Share on

വിസയ്ക്കായി ‘കവര്‍ച്ചാ നാടകം’: അമേരിക്കയില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങി

യു വിസയ്ക്ക് അപേക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യാജ കവര്‍ച്ചാ നാടകം സംഘടിപ്പിച്ചത്.

വിസ തട്ടിപ്പിനായി കടകളില്‍ വ്യാജ സായുധ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്ത സംഭവത്തില്‍ അമേരിക്കയില്‍ പത്ത് ഇന്ത്യന്‍ പൗരന്മാരെ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി കുറ്റക്കാരായി കണ്ടെത്തി. ബോസ്റ്റണിലെ ഫെഡറല്‍ കോടതിയിലാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്ന ഇവരെല്ലാം വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് നേരിടുന്നത്.

കടകളില്‍ ജോലി ചെയ്യുന്ന ക്ലര്‍ക്കുമാര്‍ അക്രമാസക്തമായ കുറ്റകൃത്യത്തിന് ഇരയായവരാണെന്ന് കാണിച്ച് യു വിസയ്ക്ക് (U Visa) അപേക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യാജ കവര്‍ച്ചാ നാടകം സംഘടിപ്പിച്ചത്. അമേരിക്കയില്‍ വച്ച് ഏതെങ്കിലും തരത്തിലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ക്ക് (ഉദാഹരണത്തിന് തോക്കുപയോഗിച്ചുള്ള കവര്‍ച്ച, ശാരീരിക ഉപദ്രവം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ) ഇരയാകുന്ന വിദേശികള്‍ക്ക് നല്‍കുന്ന വിസയാണിത്. കുറ്റകൃത്യം അന്വേഷിക്കാന്‍ പോലീസിനെ സഹായിക്കുന്ന ഇരകള്‍ക്ക് മാനുഷിക പരിഗണന നല്‍കി അവിടെ താമസിക്കാന്‍ അനുവാദം നല്‍കുന്നതാണ് ഈ നിയമം. ഈ വിസ കിട്ടിയാല്‍ അമേരിക്കയില്‍ നിയമപരമായി ജോലി ചെയ്യാനും, പിന്നീട് ഗ്രീന്‍ കാര്‍ഡിന് (സ്ഥിരതാമസം) അപേക്ഷിക്കാനും സാധിക്കും.

ജിതേന്ദ്രകുമാര്‍ പട്ടേല്‍ (39), മഹേഷ് കുമാര്‍ പട്ടേല്‍ (36), സഞ്ജയ് കുമാര്‍ പട്ടേല്‍ (45), ദീപികാബെന്‍ പട്ടേല്‍ (40), രമേഷ് ഭായ് പട്ടേല്‍ (52), അമിതാബെന്‍ പട്ടേല്‍ (43), റോണക് കുമാര്‍ പട്ടേല്‍ (28), സംഗീതാബെന്‍ പട്ടേല്‍ (36), മിങ്കേഷ് പട്ടേല്‍ (42), സോണല്‍ പട്ടേല്‍ (42) എന്നിവരാണ് കുറ്റാരോപിതര്‍. ഇതില്‍ ദീപികാബെന്‍ പട്ടേലിനെ നേരത്തെ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.

ഈ തട്ടിപ്പ് സംഘത്തിന്റെ പ്രധാന സൂത്രധാരനായ രാംഭായ് പട്ടേല്‍, വാഹനമോടിച്ചിരുന്ന ബല്‍വീന്ദര്‍ സിംഗ് എന്നിവരെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പത്ത് പേരിലേക്കും എത്തിയത്. 2023 ഡിസംബറില്‍ പിടിയിലായ രാംഭായ് പട്ടേലും ബല്‍വീന്ദര്‍ സിംഗും 2025 മെയ് മാസത്തില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കുറ്റപത്രത്തിലെ വിവരങ്ങള്‍ പ്രകാരം, 2023 മാര്‍ച്ചില്‍ മസാച്യുസെറ്റ്സിലെയും പരിസര പ്രദേശങ്ങളിലെയും മദ്യശാലകളിലും ലഘുഭക്ഷണ ശാലകളിലുമായി കുറഞ്ഞത് ആറ് വ്യാജ കവര്‍ച്ചകളെങ്കിലും ഈ സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കി. കവര്‍ച്ചാ നാടകത്തിന്റെ ഭാഗമായി, തോക്കുമായി എത്തുന്ന ‘കവര്‍ച്ചക്കാരന്‍’ കടയുടമയെയോ ജീവനക്കാരെയോ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്യും. ഈ ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞുവെന്ന് ഇവര്‍ ഉറപ്പുവരുത്തിയിരുന്നു. ‘കവര്‍ച്ചക്കാരന്‍’ രക്ഷപ്പെട്ട് അഞ്ച് മിനിറ്റെങ്കിലും കഴിഞ്ഞ ശേഷമാണ് ഇവര്‍ പോലീസിനെ വിവരമറിയിച്ചിരുന്നത്.

നിലവില്‍ പിടിയിലായ പ്രതികള്‍ക്ക് ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ അമേരിക്കയില്‍ നിന്ന് നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. കേസിലെ പ്രതികളായ രമേഷ് ഭായ് പട്ടേലും റോണക് കുമാര്‍ പട്ടേലും നിലവില്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. മറ്റുള്ളവരെ നിബന്ധനകളോടെ നേരത്തെ വിട്ടയച്ചിരുന്നു.

Content Summary: Ten Indian nationals, living illegally indicted by a federal grand jury in Boston for US visa fraud conspiracy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×