കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് മണിപ്പൂർ സന്ദർശിച്ചത്. സന്ദർശനത്തിലൂടെ സംസ്ഥാനത്ത് സമാധാനം വീണ്ടുമുണ്ടാകുമെന്ന പ്രഖ്യാപനം വെറും പാഴ്‌വാക്കായി മാറിയിരിക്കുകയാണ്. മോദി നടത്തിയ ഈ സന്ദർശനം വെറും നാടകീയത നിറഞ്ഞതായിരുന്നുവെന്നും വംശീയ ഉന്മൂലനത്തിന് ഇരകളായ ആളുകൾക്ക് ഈ സന്ദർശനം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്നും ദി വയർ പുറത്തിവിട്ട റിപ്പോർട്ടിൽ പറയുന്നു.
നൂറുകണക്കിന് ജനങ്ങളുടെ മരണം, അക്രമികൾ നഗ്നരാക്കി നടത്തിയ സ്ത്രീകൾ, സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങൾ, 60,000 ത്തിലധികം ജനങ്ങളുടെ പലായനം, തകർന്ന ആരാധനാലയങ്ങളും വീടുകളും ഇത്തരം നീച പ്രവൃത്തികൾ നടക്കുമ്പോൾ ഒരിക്കൽ പോലും മോദി മണിപ്പൂരിലേക്ക് പോയിരുന്നില്ല. എന്നാൽ മോദിയുടെ പ്രസംഗത്തിൽ രാഷ്ട്രീയപരമായ വലിയ പ്രഖ്യാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. “ഞാൻ നിങ്ങളുടെ കൂടെയുണ്ട്, കേന്ദ്രസർക്കാർ നിങ്ങളുടെ കൂടെയുണ്ട്..” എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ, രണ്ടുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന കലാപത്തിന് ശേഷം കേൾക്കുമ്പോൾ അർത്ഥശൂന്യമായി തോന്നുന്നു. മണിപ്പൂർ സന്ദർശനം ഒരു പ്രൊപ്പഗാൻഡയുടെ ഭാഗമായിരുന്നുവെന്നത് വ്യക്തമാണ്. കാരണം ഈ സന്ദർശനത്തിൽ മോദി സംസാരിച്ചത് വികസനത്തിനെ കുറിച്ചായിരുന്നു. അല്ലാതെ മണിപ്പൂരിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ചായിരുന്നില്ല.
കുക്കി, സോമി ഗോത്രക്കാർ കൂടുതലും താമസിക്കുന്ന ചുരാചന്ദ്പൂരിൽ സന്ദർശനം നടത്തുമ്പോൾ മെയ്‌തേയ് വിഭാഗക്കാരെ ഒപ്പം കൂട്ടുകയും മെയ്‌തേയ് വിഭാഗക്കാർക്ക് ആധിപത്യമുള്ള ഇംഫാൽ താഴ്‌വര സന്ദർശിക്കുമ്പോൾ കുക്കികൾ ഒപ്പമുണ്ടാവുകയും വേണമായിരുന്നു. ഇത്തരം ഒരു സമഗ്ര സമീപനം വ്യത്യസ്ത ഗോത്രങ്ങൾക്കിടയിൽ ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും വിലപ്പെട്ട സന്ദേശം നൽകുമായിരുന്നു.
മണിപ്പൂർ സന്ദർശിച്ചപ്പോൾ അനുരഞ്ജനത്തിന്റെയും ധാരണയുടെയും മനോഭാവം പ്രകടിപ്പിക്കാൻ മോദിക്ക് സാധിച്ചില്ലെങ്കിൽ, രക്തച്ചൊരിച്ചിലിനും കൊടുംക്രൂരതയ്ക്കും ഇരയായ ആളുകളിൽ നിന്ന് എങ്ങനെ ഐക്യവും സംയോജനവും പ്രതീക്ഷിക്കും?
മോദി മണിപ്പൂരിലെ ജനങ്ങൾ അർഹിക്കുന്ന നീതിയെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയില്ല എന്നത് വേദനാജനകമാണ്. അസം, മിസോറാം തുടങ്ങിയ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനങ്ങളുമായി കൂട്ടിക്കലർത്താതെ മണിപ്പൂലെ ജനങ്ങളുമായി സമയം ചെലവഴിച്ചിരുന്നെങ്കിൽ കൂടുതൽ ഉചിതമാകുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
മണിപ്പൂരിലെ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങളെ അന്നത്തെ പ്രതിപക്ഷമായ കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളുമായി താരതമ്യം ചെയ്തതിന് മോദി വിമർശനം നേരിട്ടിരുന്നു. പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 3,600 കോടി രൂപയുടെ മണിപ്പൂർ അർബൻ റോഡ് പദ്ധതിയും 500 കോടി രൂപയുടെ ഇൻഫോടക്ക് വികസന പദ്ധതിയും, ജി.എസ്.ടി. നിരക്ക് കുറച്ചതിനെക്കുറിച്ചുള്ള പരാമർശങ്ങളും, ‘വികസിത് ഭാരതിനെ’ക്കുറിച്ചുള്ള സംസാരവുമൊന്നും അക്രമങ്ങളും വിഭജന രാഷ്ട്രീയവും കാരണം ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് ഒരു പ്രയോജനവും ചെയ്തില്ല.
അന്നത്തെ മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് കലാപം ആളിക്കത്തിക്കാൻ നിർദ്ദേശം നൽകിയതിൻ്റെ തെളിവുകളടങ്ങിയ റിപ്പോർട്ടുകൾ ‘ദ വയർ’ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോ ടേപ്പുകളെക്കുറിച്ചുള്ള കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനാൽ, ബിരേൻ സിംഗിന്റെ കുറ്റസമ്മതവും സംസ്ഥാനത്തിന്റെ ഒത്തുകളിയും കാണിക്കുന്ന പ്രാഥമിക തെളിവുകൾ നിലവിലുണ്ട്. പദ്ധതികൾ പ്രഖ്യാപിക്കുന്നതും ഉദ്ഘാടനം ചെയ്യുന്നതും ഒരിക്കലും നീതിക്ക് പകരമാവില്ല.
രണ്ടുവർഷത്തിലേറെ നീണ്ട അക്രമങ്ങൾക്കും രക്തച്ചൊരിച്ചിലിനും ശേഷം മണിപ്പൂർ സന്ദർശിച്ച മോദി, ഇരകളോടും അവരുടെ ജീവിതരീതികളോടും ബഹുമാനം കാണിച്ചുകൊണ്ട് അവരുടെ ആത്മവിശ്വാസം പുനസ്ഥാപിച്ചുവോ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
മണിപ്പൂരിന് സമാധാനവും, അനുരഞ്ജനവും, നീതിയും ലഭിക്കാൻ ഇനിയും ഏറെ ദൂരമുണ്ടെന്നാണ് ഇതിനർത്ഥം.
Content Summary: Modi’s Manipur visit sparks political drama; the state needs peace, not promises
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.