June 26, 2026 |
Share on

ബാഴ്സലോണയിൽ തിരിച്ചെത്തി മെസി; രഹസ്യ സന്ദർശനം മടങ്ങി വരവിനുള്ള കളമൊരുക്കമോ?

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗ സ്റ്റേഡിയത്തിലാണ് ഞായറാഴ്ച രാത്രി മെസി എത്തിയത്

ഫുട്ബോളിലെ പകരക്കാനില്ലാത്ത പ്ലെയർ എന്നാണ് കായികലോകം മെസിയെ വാഴ്ത്തുന്നത്. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തൽ നടത്തിയ മെസി അടുത്ത ലോകകപ്പ് കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാഴ്സലോണയിൽ നിന്നുള്ള മെസിയുടെ പടിയിറക്കം ആരാധകർക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

ലയണൽ മെസ്സി ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മുൻ ക്ലബ്ബിലെ സംഘാടകർ ഈ വിവരം അറിഞ്ഞിരുന്നില്ല എന്നതാണ് രസകരം. ഇൻ്റർ മിയാമിക്ക് വേണ്ടി എം.എൽ.എസ് പ്ലേ-ഓഫ് ആദ്യ റൗണ്ടിൽ നാഷ്‌വില്ലെക്കെതിരെ നടന്ന നിർണ്ണായക മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതിന് ശേഷമാണ് താരം സ്പെയിനിലേക്ക് പറന്നത്.

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിന്റെ പുനർനിർമ്മാണം വിലയിരുത്താൻ വേണ്ടി മാത്രമായിരുന്നില്ല മെസ്സിയുടെ യാത്ര. ഈ വെള്ളിയാഴ്ച അംഗോളയിൽ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായി അലികാൻ്റെയിൽ പരിശീലനത്തിനായി എത്തുന്ന തൻ്റെ അർജൻ്റീന ടീം അംഗങ്ങളോടൊപ്പം ചേരാനും കൂടിയായിരുന്നു അദ്ദേഹം വന്നത്. നേരിട്ട് അവിടേക്ക് പോകുന്നതിന് പകരം, 2000ൽ 13ആം വയസ്സിൽ താൻ ആദ്യമായി കണ്ടുമുട്ടിയ ബാഴ്‌സലോണ നഗരത്തിൽ ഒരു ചെറിയ ഇടവേള എടുക്കാൻ അദ്ദേഹം തീരുമാനിച്ചു.

നാല് വർഷം മുൻപ് കണ്ണീരോടെ നടത്തിയ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ച അദ്ദേഹത്തിൻ്റെ പുറത്തുപോകൽ, ബാഴ്‌സയുടെ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ കാരണമായിരുന്നു. എന്നാൽ ക്ലബ്ബ് പ്രസിഡൻ്റ് ജോവാൻ ലപോർട്ട തന്നെ വഞ്ചിച്ചു എന്ന തോന്നലിലാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്. അതിനുശേഷം പലതവണ മെസ്സി നഗരത്തിൽ തിരിച്ചെത്തിയിട്ടുണ്ട്, ഇവിടെ ഇപ്പോഴുമുള്ള സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുകയായിരുന്നു യാത്രകളുടെ ലക്ഷ്യം. ലയണൽ മെസ്സി ബാഴ്‌സലോണ വിടുന്നത് 2021 ഓഗസ്റ്റിലായിരുന്നു.

മെസ്സിയുടെ കാമ്പ് നൗവിലെ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തപ്പോൾ, ബാഴ്‌സയിലെ അം​ഗങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. മെസി അവിടെ തിരിച്ചെത്തിയതിനെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. ഞായറാഴ്ച രാത്രി മെസ്സിയെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ല. എന്നാൽ ക്ലബ്ബിലെ ആർക്കും ഇതിൽ പങ്കില്ലെന്നാണ് ലഭ്യമായ വിവരം. മെസ്സിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ക്ലബ്ബിനോടുള്ള സ്നേഹം നിമിത്തം കാമ്പ് നൗവിലെ നിർമ്മാണ പുരോഗതി കാണാനാണ് അദ്ദേഹം ബാഴ്‌സലോണയിലെത്തിയത്.

അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സന്ദേശവും ആരാധകരെ അത്ഭുതപ്പെടുത്തി. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയായിഎന്നെ മാറ്റിയ ഒരിടം. ഒരു കളിക്കാരനെന്ന നിലയിൽ എനിക്കിതുവരെ ഈ ​ഗ്രൗണ്ടിനോട് വിട പറയാൻ കഴിഞ്ഞിട്ടില്ല, ഒരിക്കൽ എനിക്ക് തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മെസി കുറിച്ചു.

2021ലെ അദ്ദേഹത്തിൻ്റെ പടിയിറക്കത്തിന്റെ രീതി കാരണം ലപോർട്ടയുടെ നേതൃത്വത്തിലുള്ള ബാഴ്‌സ ബോർഡുമായി മെസ്സിക്ക് അടുത്ത ബന്ധമാണുള്ളത്. 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി ക്ലബ്ബിൻ്റെ ഇതിഹാസ താരമായി മാറിയ മെസ്സിക്ക് ബാഴ്‌സയോടുള്ള സ്നേഹം കുറഞ്ഞിട്ടില്ല.

2023ൽ പി.എസ്.ജി. കരാർ അവസാനിച്ചപ്പോൾ ബാഴ്‌സ അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇൻ്റർ മിയാമിയിൽ ചേർന്ന മെസ്സി, 2021ലെ അതേ സാമ്പത്തിക പ്രശ്നങ്ങൾ ബാഴ്‌സയ്ക്ക് വീണ്ടും നേരിടേണ്ടിവരുമോ എന്ന ആശങ്ക കാരണമാണ് താൻ തിരികെ പോകാതിരുന്നതെന്ന് അന്ന് സ്പാനിഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മറ്റൊരു യൂറോപ്യൻ ടീമിൽ നിന്ന് ഓഫറുകൾ ഉണ്ടായിട്ടും താൻ അത് പരിഗണിക്കാതിരുന്നത് യൂറോപ്പിൽ ബാഴ്‌സലോണയിലേക്ക് മാത്രം മടങ്ങുക എന്ന ലക്ഷ്യം ഉള്ളതുകൊണ്ടാണെന്ന് മെസ്സി കൂട്ടിച്ചേർത്തു. ലോകകപ്പ് നേടിയ ശേഷം ബാഴ്‌സയിൽ ചേരാൻ കഴിയാതെ പോയതോടെ, എം.എൽ.എസിലേക്കാണ് മെസി പോയത്.

ഈ മാസം മെസ്സിയുടെ ഭാര്യ അൻ്റൊനെല റൊക്കൂസോ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സ്പാനിഷ് മാധ്യമങ്ങളുടെ ശ്രദ്ധ നേടി. അവരുടെ മകൻ തിയാഗോയുടെ 13-ാം ജന്മദിനം ബാഴ്‌സലോണയുടെ ക്രെസ്റ്റ് പതിച്ച തീമിലായിരുന്നു ആഘോഷിച്ചത്. ഇത് മെസ്സിയുടെ സന്ദർശനത്തിലെ ‘എന്തുകൊണ്ട്?’ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. എന്നാൽ ‘എന്തുകൊണ്ട് ഇപ്പോൾ?’ എന്ന ചോദ്യം അവശേഷിക്കുന്നു.

മെസ്സി കാമ്പ് നൗവിൽ എത്തിയത് യാദൃച്ഛികമായി സംഭവിച്ചതാകാം. എന്നാൽ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരി, “ഒരു കളിക്കാരനെന്ന നിലയിൽ വിട പറയാൻ മാത്രമല്ല, ഒരു ദിവസം എനിക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നത്, ബാഴ്‌സലോണയുമായുള്ള ബന്ധത്തിൽ പുതിയൊരു ഘട്ടം തുടങ്ങാനുള്ള ആഗ്രഹം സൂചിപ്പിക്കുന്നു.

അടുത്ത വർഷം ആദ്യ പകുതിയിൽ ബാഴ്‌സലോണയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മെസ്സി, ഡൊണാൾഡ് ട്രംപിനൊപ്പം മിയാമിയിൽ നടന്ന ഒരു ബിസിനസ്-രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുകയും, ഫുട്‌ബോളിന് ശേഷമുള്ള തൻ്റെ ബിസിനസ് താൽപ്പര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

മെസ്സി കോച്ചിംഗിൽ താൽപ്പര്യമില്ലെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. അതിനാൽ, ക്ലബിലെ ഒരു ടെക്നിക്കൽ ഡയറക്‌ടർ പോലുള്ള പദവി ഏറ്റെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാമ്പ് നൗവിൻ്റെ പുനർനിർമ്മാണം 2027 അവസാനത്തോടെ പൂർത്തിയാകാനാണ് നിലവിലെ പദ്ധതി. സ്റ്റേഡിയം പൂർത്തിയാകുമ്പോൾ മെസ്സിക്ക് ഒരു ആദരവ് മത്സരം നടത്താമെന്ന് ബാഴ്‌സ പ്രസിഡൻ്റ് ലപോർട്ട പ്രതികരിച്ചിരുന്നു. സ്റ്റേഡിയം പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ, അടുത്ത നീക്കം എന്തായിരിക്കണം എന്ന് ചിന്തിക്കാൻ മെസ്സിക്ക് ധാരാളം സമയമുണ്ട്.

content summary: Lionel Messi makes a secret visit to Camp Nou, could it signal a Barcelona comeback?

Leave a Reply

Your email address will not be published. Required fields are marked *

×