കാനഡയുമായി സമഗ്രമായ വ്യാപാര ചർച്ചകൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകുമെന്നും രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുമെന്നും വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
യുഎസുമായി ഒറ്റ തവണയുള്ള നികുതി ചർച്ചയ്ക്കല്ല കാനഡ ആഗ്രഹിക്കുന്നതെന്നും മറിച്ച് സമഗ്രമായ വ്യാപാര ചർച്ചയാണ് ആവശ്യമെന്നും മാർക്ക് കാർണി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസിന്റെ വ്യാപാര നടപടികളിൽ അവസാനം അമേരിക്കക്കാർ കഷ്ടപ്പെടാൻ പോകുന്നുവെന്നും മാന്യമായ ചർച്ചകൾ പ്രതീക്ഷിക്കുന്നുവെന്നും കാർണി പറഞ്ഞു. എപ്പോൾ വേണമെങ്കിലും താൻ ചർച്ചകൾക്ക് തയ്യാറാണെന്നും കാർണി കൂട്ടിച്ചേർത്തു.
പരമാധികാര രാഷ്ട്രമെന്ന നിലയിൽ തങ്ങൾ അർഹിക്കുന്ന ബഹുമാനം യുഎസിൽ നിന്ന് ലഭിക്കുന്നത് വരെ ട്രംപുമായി ചർച്ചകൾ നടത്തില്ലെന്ന് മാർക്ക് കാർണി നേരത്തെ പറഞ്ഞിരുന്നു. യുഎസ് കാനഡയെക്കാളും മുകളിലാണെന്നും അൻപത്തിയൊന്നാമത്തെ സ്റ്റേറ്റ് ആകണമെന്നും കഴിഞ്ഞ ദിവസം ട്രംപ് വിമർശിച്ചിരുന്നു.
കാനഡ ഒരു സ്റ്റേറ്റ് ആകണമെന്ന് ഞാൻ പറയുമ്പോൾ അതിന്റെ അർത്ഥം ഉൾക്കൊണ്ട് കൊണ്ട് പറയുകയാണ്, ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഒട്ടാവയിലെ കനേഡിയൻ യുദ്ധ മ്യൂസിയത്തിൽ പ്രവിശ്യാ നേതാക്കളുമായി കാർണി കൂടിക്കാഴ്ച നടത്തുകയും വ്യാപാര യുദ്ധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്കും ബിസിനസുകൾക്കും ആശ്വാസം പ്രഖ്യാപിക്കുകയും വിഭവ പദ്ധതികൾ വേഗത്തിലാക്കാൻ പദ്ധതിയിടുകയും ചെയ്തു.
മാർച്ച് 14നാണ് കാനഡ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റത്. ശേഷം ഇന്ന് വരെ മാർക്ക് കാർണി ട്രംപുമായി ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. മുൻ കാനഡ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയെ ട്രംപ് ഗവർണർ ട്രൂഡോ എന്ന് പരിഹസിച്ച സംഭവം ഏറെ ചർച്ചയായിരുന്നു.
കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ ചുമത്തിയ ട്രംപ്, ഏപ്രിൽ 2 മുതൽ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും മറ്റ് യുഎസ് വ്യാപാര പങ്കാളികൾക്കും കൂടുതൽ നികുതി ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനെത്തുടർന്ന് ലിബറൽ നേതൃത്വ മത്സരത്തിൽ വിജയിച്ചാണ് കാർണി പ്രധാനമന്ത്രിയായത്. കാനഡയുടെ പരമാധികാരത്തിനെതിരായ ട്രംപിന്റെ തുടർച്ചയായ ആക്രമണങ്ങൾ കനേഡിയൻ പൗരന്മാരെ പ്രകോപിപ്പിച്ചിരുന്നു. ഇത് യുഎസ് സാധനങ്ങളും യാത്രയും ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചു. ദേശീയതയിലെ ഈ കുതിച്ചുചാട്ടം ലിബറൽ പിന്തുണ വർദ്ധിപ്പിക്കുകയായിരുന്നു.
Content Summary: ‘Americans are going to suffer in Trump’s trade war’, Mark Carney says he is ready for discussions
Mark Carney Donald trump