ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബിൽ കോൺഗ്രസിൽ പാസായി. തൊഴിൽ, കുടിയേറ്റം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വലിയ രീതിയിൽ സ്വാധീനമുണ്ടാക്കുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഒപ്പുവെക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടിനാണ് ബിൽ പാസായത്. എന്തൊക്കെയാണ് ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
പ്രധാന നികുതി ഇളവുകൾ നീട്ടുന്നു
2017 ൽ അധികാരമേറ്റതിനുശേഷം ടാക്സ് കട്ട് ആന്റ് ജോബ് ആക്സ് എന്ന ബില്ലിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. നികുതിയിൽ ഇളവുകൾ വരുത്തുകയും എല്ലാ നികുതിദായകർക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ( ഒരു നിശ്ചിത തുക ) ആക്കുകയും ചെയ്യുന്നതാണ് ഈ ബിൽ. അന്ന് കൊണ്ടുവന്ന താൽക്കാലിക നികുതിനിർദേശങ്ങൾ സ്ഥിരമാക്കാനാണ് ഇതിലൂടെ ട്രംപ് ശ്രമിക്കുന്നത്. ഉയർന്ന വരുമാനക്കാർക്കാണ് ട്രംപിന്റെ നികുതിയിളവിൽ കൂടുതൽ നേട്ടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടിപ്പ്, ഓവർടൈം എന്നിവയ്ക്ക് നികുതിയില്ല
നിരവധി പുതിയ ഇളവുകൾ ബില്ലിൽ അവതരിപ്പിക്കുന്നുണ്ട്. ടിപ്പുകൾ, ഓവർടൈം എന്നിവയ്ക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. കാർ ലോൺ പലിശയ്ക്കുള്ള നികുതി ഇളവാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു കാര്യം. കാർ യുഎസിൽ നിർമ്മിച്ചതാണെങ്കിൽ മാത്രമാണ് ഈ നികുതിയിളവ് ബാധകമാകുന്നത്. മുതിർന്ന പൗരന്മാർക്ക് അവരുടെ മൊത്ത വരുമാനം വ്യക്തികൾ എന്ന നിലയിൽ 75,000ൽ താഴെയാണെങ്കിലോ ദമ്പതികൾ എന്ന നിലയിൽ 150,000 ഡോളറിൽ താഴെയാണെങ്കിലോ 6000 ഡോളർ നികുതിയിളവ് അനുവദിക്കും. 2028 വരെ മാത്രമാണ് നികുതിയിളവ് ലഭ്യമാവുകയെന്നും ബില്ലിൽ പറയുന്നു.
കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചെലവിടാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യാനുള്ള ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങൾക്ക് 45 ബില്യൺ ഡോളർ വരെ അനുവദിക്കാൻ ബില്ലിൽ പറയുന്നു. നാടുകടത്തൽ പ്രവർത്തനങ്ങൾക്ക് 14 ബില്യൺ ഡോളറാണ് അനുവദിക്കുക. 2029 ആകുമ്പോഴേക്കും 10,000 പുതിയ ഇമിഗ്രേഷൻ ഏജന്റുമാരെ നിയമിക്കുന്നതിനുള്ള ധനസഹായത്തിനും ബില്ലിൽ ധാരണയായിട്ടുണ്ട്.
സാമൂഹ്യസേവന പരിപാടികളിലെ ഇളവുകൾ
താഴ്ന്ന വരുമാനക്കാർക്കും വികലാംഗർക്കും വേണ്ടിയുള്ള ആരോഗ്യ സംരക്ഷണമാണ് മെഡികെയ്ഡ്. മെഡികെയ്ഡിനുള്ള ധനസഹായത്തിൽ വെട്ടിക്കുറയ്ക്കലുകളുണ്ടാകുമെന്ന് ബില്ലിൽ പറയുന്നു. ഭക്ഷ്യ സ്റ്റാമ്പുകൾ വെട്ടിക്കുറയ്ക്കാനും പുതിയ ബിൽ അനുവദിക്കും. 10.6 ദശലക്ഷം മെഡിക്കെയ്ഡ് ഉപയോക്താക്കളെ ഇത് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗ്രീൻ എനർജി കട്ട്സ്
വൈദ്യുത വാഹനങ്ങൾക്കും ഊർജ്ജക്ഷമതയുള്ള ഭവന നവീകരണത്തിനുമുള്ള നികുതി ഇളവുകൾ ഈ വർഷം അവസാനിക്കും. കാറ്റാടി, സൗരോർജ്ജ പദ്ധതികൾക്കുള്ള ആസൂത്രിത നികുതി അന്തിമ ബില്ലിൽ നിന്ന് നീക്കം ചെയ്തു.
കടബാധ്യത പരിധി ഉയർത്തി
ഇനി മുതൽ യുഎസിന് 5 ട്രില്യൺ ഡോളർ കൂടി കടമെടുക്കാനുള്ള തരത്തിൽ കടബാധ്യത പരിധി ഉയർത്തിയിട്ടുണ്ട്.
ട്രംപിന്റെ പുതിയ നികുതി ബില്ലിനെതിരം രൂക്ഷമായ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. യേൽ യൂണിവേഴ്സിറ്റിയിലെ ബജറ്റ് ലാബിന്റെ അവലോകനപ്രകാരം ദരിദ്രരെ അപേക്ഷിച്ച് സമ്പന്നരായ നികുതിദായകർക്കാണ് ഈ ബില്ലിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുക. ഏറ്റവും താഴ്ന്ന വരുമാനമുള്ള വിഭാഗത്തിലെ നികുതിദായകർക്ക് കൂടുതൽ നഷ്ടങ്ങൾ മാത്രമാണ് ബിൽ പാസായതോടെ ഉണ്ടായിരിക്കുന്നത്.
Content Summary: Trump’s controversial tax bill; What are the special features of ‘One Big Beautiful Bill’?