July 12, 2025 |

കൃത്രിമ ഹൃദയവുമായി 100 ദിവസം ജീവിച്ച ലോകത്തിലെ ആദ്യ മനുഷ്യൻ

ക്ലിനിക്കൽ വിജയമെന്ന് ആരോ​ഗ്യമേഖല

ലോകത്തിൽ ആദ്യമായി കൃത്രിമ ഹൃദയവുമായി ഒരു വ്യക്തി 100 ദിവസത്തിലധികം ജീവിച്ചു. ദാതാവിന്റെ ഹൃദയം ലഭിക്കുന്നത് വരെ കൃത്രിമ ഹൃദയമാണ് ശരീരത്തിൽ പ്രവർത്തിച്ചിരുന്നത്. 40 വയസുള്ള ഓസ്‌ട്രേലിയക്കാരനായ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൃദയസ്തംഭനം ഉണ്ടായിരുന്നു.

100 ദിവസത്തിലധികം കൃത്രിമ ഹൃദയവുമായി ജീവിച്ച അദ്ദേഹത്തിന്റേത് ചരിത്രപരമായ അതിജീവനമാണെന്നും, ഇതൊരു വലിയ ക്ലിനിക്കൽ വിജയമാണെന്നും ഓസ്‌ട്രേലിയൻ ഡോക്ടർമാരും, ഗവേഷകരും വ്യക്തമാക്കുന്നു.

കഴിഞ്ഞ നവംബറിലാണ് സിഡ്‌നിയിലെ സെന്റ് വിൻസന്റ്‌സ് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടന്നത്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പൂർണമായും കൃത്രിമമായ ഹൃദയം ഇംപ്ലാന്റ് ചെയ്യുകയായിരുന്നു.

ക്വീൻസ് ലാന്റുകാരനായ ഡോ. ഡാനിയേൽ ടിംസ് നിർമിച്ച BiVACOR എന്ന കൃത്രിമ ഹൃദയം ലോകത്തിലെ തന്നെ ആദ്യത്തെ പൂർണ കൃത്രിമ ഹൃദയമാണ്. സ്വാഭാവിക രക്തപ്രവാഹം നടക്കുന്നതിനായി മാഗ്നറ്റിക് ലെവിറ്റേഷൻ എന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ബൈവെൻട്രിക്കുലാർ ഹാർട്ട് ഫെയിലിയറിന്റെ അവസാനഘട്ടത്തിലുള്ള രോഗികൾക്കായാണ് കൃത്രിമ ഹൃദയം രൂപകൽപന ചെയ്തിരിക്കുന്നത്. ഹൃദ്‌രോഗികൾക്ക് ദാതാവിനെ ലഭിക്കുന്നത് വരെ ജീവൻ നിലനിർത്താൻ ഈ ഉപകരണം സഹായിക്കുന്നു.

ഇതിന് മുൻപ് അമേരിക്കയിൽ അമേരിക്കയിൽ അഞ്ച് BiVACOR ഇംപ്ലാന്റുകളാണ് നടന്നിട്ടുള്ളത്. എന്നാൽ ഈ സന്ദർഭങ്ങളിലെല്ലാം രോഗികൾക്ക് ആശുപത്രി വിടുന്നതിന് മുൻപ് ദാതാക്കളെ ലഭിക്കുകയും ശസ്ത്രക്രിയ നടക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുന്നേ ഇതേ കൃത്രിമ ഹൃദയം ഉപയോഗിച്ച് ഒരു മനുഷ്യൻ ജീവിച്ച കൂടിയ കാലയളവ് 27 ദിവസമാണ്.

BiVACOR-ന് അന്താരാഷ്ട്ര തലത്തിലുള്ള ഹൃദയം മാറ്റിവക്കലിനെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്നും, ഹൃദയം മാറ്റിവക്കൽ മേഖലയിൽ ഇതൊരു നാഴികക്കല്ലാണെന്നും മേഖലയിലെ വിദഗ്ധർ പറയുന്നു.

എന്നാൽ BiVACOR ന്റെ ചില പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് പ്രൊഫസർ ഡേവിഡ് കോൾക്ഹൗൺ. കൃത്രിമ ഹൃദയത്തിന് എത്ര കാലത്തോളം ജീവൻ സംരക്ഷിക്കാൻ കഴിയുമെന്നത് ഉറപ്പില്ലാത്ത കാര്യമാണ്. പൂർണമായും ഇത് മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നതിന് ഇനിയും വികസനങ്ങൾ ആവിശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

content summary; An Australian man survives 100 days with an artificial heart in a world-first achievement

Leave a Reply

Your email address will not be published. Required fields are marked *

×