തെക്കന്‍ ഗസ്സയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ അറിയിച്ചു. നസ്സര്‍ ആശുപത്രിയുടെ നാലാം നിലയില്‍ ഇരട്ട ആക്രമണങ്ങളാണ് ഉണ്ടായത്.
തെക്കന്‍ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ഖാന്‍ യൂനിസിലെ നസ്സര്‍ ആശുപത്രി, 22 മാസത്തെ യുദ്ധത്തിലുടനീളം ആക്രമണങ്ങളെയും ബോംബാക്രമണങ്ങളെയും അതിജീവിച്ച് വരികയാണ്. ആശുപത്രിയില്‍ അവശ്യസാധനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത ക്ഷാമമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇസ്രയേല്‍ സൈന്യവും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 33 കാരിയായ മറിയം ദഗ്ഗ എന്ന ഫ്രീലാന്‍സറും അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലാം, റോയിട്ടേഴ്സ് കരാര്‍ ജീവനക്കാരനായ ഹാതം ഖാലിദ് എന്ന ഫോട്ടോഗ്രാഫറുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റോയിട്ടേഴ്‌സിന്റെ കരാര്‍ ഫോട്ടോഗ്രാഫറായ ഹാതം ഖാലിദിന് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാസ യുദ്ധം ആരംഭിച്ചത് മുതല്‍ അസോസിയേറ്റഡ് പ്രസ്സിനും മറ്റ് വാര്‍ത്താ ഏജന്‍സികള്‍ക്കും വേണ്ടി ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുകയാണ് ദഗ്ഗ. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത കുട്ടികളെ വിശപ്പില്‍ നിന്ന് രക്ഷിക്കാന്‍ പാടുപെടുന്ന നസ്സര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെക്കുറിച്ച് ദഗ്ഗ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും രക്തരൂക്ഷിതമായ സംഘര്‍ഷങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. 22 മാസത്തെ ഈ സംഘര്‍ഷത്തില്‍ ഗാസയില്‍ ആകെ 192 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സ് (CPJ) പറയുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇതുവരെ 18 മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും CPJ പറയുന്നു.
ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തില്‍ ആശുപത്രികള്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങള്‍ പതിവാണ്. തെളിവുകളൊന്നും നല്‍കാതെ, മെഡിക്കല്‍ സൗകര്യങ്ങളുടെ ഉള്ളില്‍ നിന്ന് സായുധ പോരാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേല്‍ ഇതിനോടകം നിരവധി ആശുപത്രികളില്‍ ആക്രമണം നടത്തിയിട്ടുണ്ട്.
ജൂണില്‍ നസ്സര്‍ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ആശുപത്രിയിലെ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പ്രവര്‍ത്തിച്ച ഹമാസ് പോരാളികളെയാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച ഗസ്സ സിറ്റിയില്‍ സൈനിക നീക്കത്തിന് ഇസ്രയേല്‍ തുടക്കമിട്ടു. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. 2023 ഒക്ടോബറില്‍ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ പരിഗണിക്കാതെ ഇസ്രയേല്‍ സര്‍ക്കാര്‍ സൈനിക ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇതേത്തുടര്‍ന്ന് സഖ്യകക്ഷികളുടെയും എതിരാളികളുടെയും കടുത്ത വിമര്‍ശനമാണ് നെതന്യാഹു ഭരണകൂടത്തിന് നേരെ ഉയരുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണെന്ന് ഹമാസ് ആരോപിക്കുന്നു. ഗാസ സിറ്റിയിലെ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരായ ക്രൂരമായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഹമാസ് ടെലിഗ്രാമിലൂടെ കുറ്റപ്പെടുത്തി. An Israeli attack in Gaza; 15 people including journalists killed
Content Summary: An Israeli attack in Gaza; 15 people including journalists killed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.