ഒടുവിൽ ‘മൊസൈക്ക്’ റോമിലെത്തി; ഏഡി 79ൽ ചാമ്പലായ പോംപെ ന​ഗരത്തിന്റെ അവശേഷിപ്പ്

ജർമനിയിലേക്ക് കടത്തിയത് നാസി യുദ്ധകാലത്ത്

രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു ജർമ്മൻ നാസി ക്യാപ്റ്റൻ പോംപെയിൽ ന​ഗരത്തിൽ നിന്ന് കടത്തിക്കൊണ്ട് പോയ ഒരു മൊസൈക് പാനൽ റോമൻ പുരാവസ്തു കേന്ദ്രത്തിലേക്ക് തിരികെയെത്തിച്ചു. വർഷങ്ങളോളം ജ‌‍‍‌ർമനിയിൽ സൂക്ഷിച്ചിരുന്ന മൊസൈക്ക് കലാസൃഷ്ടി എഡി 79ൽ നശിച്ചുപോയ റോമിലെ പോംപെ ന​ഗരത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാവാം ഈ കലാസൃഷ്ടിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഈ ആഴ്ച, ഇറ്റലിയിൽ പുരാതന റോമൻ നഗരത്തിന് സമീപം നടത്തിയ ചിത്ര പ്രദർശനത്തിൽ ഈ സൃഷ്ടി പ്രദർശിപ്പിച്ചിരുന്നു. നൂറ്റാണ്ടുകളായി പോംപൈയിൽ നിന്ന് കൊള്ളയടിക്കപ്പെട്ടതും സമീപ വർഷങ്ങളിലായി സ്ഥലത്തേക്ക് തിരികെ കൊണ്ടുവന്നതുമായ ആയിരക്കണക്കിന് വസ്തുക്കളിൽ ഒന്നാണ് ഈ പുരാവസ്തു.

ഇറ്റലിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു നാസി വെർമാച്ച് ക്യാപ്റ്റൻ എങ്ങനെയോ രണ്ടാം ലോകമഹായുദ്ധസമയത്ത് മൊസൈക്ക് സ്വന്തമാക്കി. കൊള്ളയടിച്ചോ മോഷണം നടത്തിയാണോ ഇത് കൈവശമാക്കിയതെന്ന് വ്യക്തമല്ല. 1944ൽ അയാളിത് തനിക്കൊപ്പം ജർമ്മനിയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ഒരാൾക്ക് ഇത് സമ്മാനമായി നൽകിയതായും ഇറ്റാലിയൻ പോലീസ് പറഞ്ഞു. ആർക്കാണ് നൽകിയതെന്ന് ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല. ക്യാപ്റ്റൻ മൊസൈക്ക് കൈവശപ്പെടുത്തുന്നതിന് മുമ്പ് ആരുടെ കൈവശമായിരുന്നു എന്നോ അത് എവിടെയായിരുന്നു എന്നോ വ്യക്തമല്ല.

വർഷങ്ങൾക്ക് ശേഷം മൊസൈക്ക് പാരമ്പര്യമായി ലഭിച്ച ജർമ്മൻ ഉടമയാണ് ഇത് അധികാരികളെ ഏൽപ്പിക്കുന്നത്. ആയിരക്കണക്കിന് കലാസൃഷ്ടികളും കൊള്ളയടിച്ച പുരാവസ്തുക്കളും കണ്ടെത്തി തിരികെ നൽകുന്ന പോലീസ് സ്ക്വാഡായ കാരാബിനിയേരി കമാൻഡ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഇറ്റലിയെ ബന്ധപ്പെട്ടാണ് അയാളിത് തിരികെ ഏൽപ്പിക്കുന്നത്. അവകാശിയെ പോലീസും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഇക്കഥയിലെ രസകരമായ കാര്യം. ഇതിന്റെ കണ്ടത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോംപെ ആർക്കിയോളജിക്കൽ സൊസൈറ്റിയിൽ സൂക്ഷിച്ചിരുന്ന ഈ പുരാവസ്തുക്കളിൽ പലതും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. 2023 സെപ്റ്റംബർ 16നാണ് മൊസൈക്ക് ഔദ്യോഗികമായി ഇറ്റലിയിലേക്ക് തിരികെ കൊണ്ടുവന്നത്, ഇപ്പോൾ അത് പാർക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ചതുരാകൃതിയിലുള്ള ചെറിയ പാനലിൽ ഭാഗികമായി നഗ്നരായ രണ്ട് പ്രണയികളെയും, അവരുടെ കിടക്കയിലെ ലിനന്റെ വിശദമായ മടക്കുകൾ സൃഷ്ടിക്കുന്ന ചെറിയ മൊസൈക് ടൈലുകളും കാണാം. പോംപൈയിലെ സമ്പന്ന കുടുംബങ്ങളിൽ ഒന്നിന്റെ വില്ലയുടെയോ മറ്റൊരു സ്വകാര്യ വസതിയുടെയോ കിടപ്പുമുറിയുടെ തറയുടെ ഭാ​ഗമാവാം ഈ പാനലെന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്. ബിസി ഒന്നാം നൂറ്റാണ്ടിലോ എഡി ഒന്നാം നൂറ്റാണ്ടിലോ പഴക്കമുള്ള ഈ മൊസൈക്ക്, ഗാർഹിക പ്രണയം റോമൻ കലാസൃഷ്ടികളുടെ ഒരു പൊതു പ്രമേയമായി മാറിയ ഒരു കാലത്തെ എടുത്തുകാണിക്കുന്നു. തിരികെ ലഭിച്ച ഈ വസ്തുവിനെക്കുറിച്ചുള്ള പഠനത്തിനായി തയ്യാറെടുക്കുകയാണ് ​ഗവേഷകർ. എന്നാൽ ഇതിന്റെ ഉറവിടത്തെക്കുറിച്ച് മനസിലാക്കാൻ സാധിച്ചേക്കില്ലെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

എ.ഡി. 79ൽ വെസൂവിയസ് പർവ്വതം പൊട്ടിത്തെറിച്ചാണ് റോമൻ വ്യാപാര കേന്ദ്രമായ പോംപൈ ചാമ്പലായത്. നഗരത്തിലെ വില്ലകളിൽ നിന്ന് പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അലങ്കാര ഫ്രെസ്കോകളും ചുവർച്ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെ കൊള്ളക്കാർ സ്ഥലത്ത് തമ്പടിക്കുകയും വീടുകളിൽ നിന്നും മാർബിൾ, ഈയം, കല്ല് എന്നിവ ഖനനം ചെയ്തതായി പോംപൈ ആർക്കിയോളജിക്കൽ പാർക്ക് പറയുന്നു. മധ്യ കാലഘട്ടത്തിൽ ന​ഗരത്തെക്കുറിച്ച് ഏറെക്കുറെ മറന്നുപോയെങ്കിലും പതിനാറാം നൂറ്റാണ്ടിൽ പോംപൈ വീണ്ടും കണ്ടെത്തപ്പെട്ടു, ചുവർച്ചിത്രങ്ങളും മൊസൈക്കുകളും കരിഞ്ചന്തയിൽ വിറ്റഴിച്ചുകൊണ്ട് കൊള്ള വീണ്ടും ആരംഭിച്ചു.

content summary: Ancient Pompeii Mosaic Seized by Nazi Captain Finally Returned to Italy

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment