നവോദയ അപ്പച്ചന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് ഇന്ന്.
ലോകനിലവാരത്തിലുള്ള നൂതന സാങ്കേതികവിദ്യ ആദ്യമായി ചലച്ചിത്ര രംഗത്ത് അവതരിപ്പിച്ചതിന് ഇന്ത്യന്‍ സിനിമാരംഗം ഈ മനുഷ്യനോട് എന്നും കടപ്പെട്ടിരിക്കുന്നു.Appachan of malayala cinema; today Navodaya Appachan’s 101 st birthday
അമേരിക്കന്‍ ചലചിത്രത്തിന്റെ പിതാവായി അറിയപ്പെട്ട സിസില്‍ ബി. ഡിമില്ലെ ഹോളിവുഡില്‍ നടത്തിയ വിപ്ലവമാണ് മലയാള സിനിമയില്‍ അപ്പച്ചന്‍ തന്റെ ചലച്ചിത്രങ്ങളിലൂടെ നടത്തിയത്.
ആദ്യമായി 3D ചലചിത്രം ഇന്ത്യയില്‍ അവതരിപ്പിച്ചത് ആരാണ് ?
പൂര്‍ണ്ണമായി ഇന്ത്യയില്‍ പൂര്‍ത്തീകരിച്ച ആദ്യത്തെ 70 MM ചിത്രം നിര്‍മ്മിച്ചത്?
മലയാളത്തിലെ ആദ്യത്തെ സിനിമാ സ്‌കോപ്പ് ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ്?
കോടതിയുടെ ആവശ്യപ്രകാരം ഒരു സിനിമ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ നിര്‍മ്മാതാവ് ?
ആദ്യമായി രാഷ്ട്രപതി ഭവനില്‍ മലയാള സിനിമ, ഇന്ത്യന്‍ പ്രസിഡന്റിനെ കാണിച്ചത് ആരാണ് ?
ഇതിനൊക്കെ ഒറ്റ ഉത്തരമേയുള്ളൂ:
നവോദയ അപ്പച്ചന്‍ !.
‘അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേ?. എന്ന പഴയ സിനിമാ പാട്ടിലെ പോലെ’. ‘അപ്പച്ചന്‍ മലയാള ചലച്ചിത്ര രംഗത്ത് അവതരിപ്പിച്ച കാര്യങ്ങള്‍ ഒരിക്കലും തമാശയായിരുന്നില്ല. ഗൗരവമുള്ള കാര്യങ്ങള്‍ തന്നെയായിരുന്നു. ചലച്ചിത്രത്തെ ഗൗരമായി എടുത്ത നിര്‍മാതാവായിരുന്നു നവോദയ അപ്പച്ചന്‍.
നവോദയ അപ്പച്ചന്‍
മലയാള മലയാള സിനിമയ്ക്ക് ഒരു അപ്പച്ചനേയുള്ളൂ, അത് മാളിയം പുരയ്ക്കല്‍ ചാക്കോ പുന്നൂസ്, എന്ന ആലപ്പുഴ, പുളിങ്കുന്നുകാരന്‍ ‘അപ്പച്ചന്‍’ മാത്രം. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ അദ്ദേഹം നവോദയ അപ്പച്ചന്‍ എന്നറിയപ്പെട്ടു.
മലയാള ചലചിത്ര രംഗത്ത് നേടിയ ഓരോ വിജയങ്ങളിലും സിനിമാ തറവാട്ടിലെ കാരണവരായ അദ്ദേഹത്തെ സിനിമാക്കാര്‍ പല പേരുകളില്‍ മാറി മാറി വിളിച്ചു. ഉദയാ അപ്പച്ചന്‍, നവോദയാ അപ്പച്ചന്‍, സിനിമാ സ്‌ക്കോപ്പ് അപ്പച്ചന്‍, പടയോട്ടം അപ്പച്ചന്‍, കുട്ടിച്ചാത്തന്‍ അപ്പച്ചന്‍, ഒടുവില്‍ കിഷ്‌കിന്ധ അപ്പച്ചന്‍! എന്നിങ്ങനെ പോയി. ലോകനിലവാരത്തിലുള്ള നൂതന സാങ്കേതികവിദ്യ ആദ്യമായി ചലച്ചിത്ര രംഗത്ത് അവതരിപ്പിച്ചതിന് ഇന്ത്യന്‍ സിനിമാരംഗം ഈ മനുഷ്യനോട് എന്നും കടപ്പെട്ടിരിക്കുന്നു.
ബ്രമാണ്ഡ ചിത്രങ്ങളെടുത്ത തമിഴിലെ ഷങ്കറിനോ തെലുങ്കിലെ രാജമൗലിക്കോ ലഭിച്ച സൗകര്യങ്ങളൊന്നും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു കാലത്താണ് ഈ കൊച്ചു കേരളത്തില്‍ സിനിമാ സ്‌ക്കോപ്പും, 70 MM മൊക്കെ ആദ്യമായി അവതരിപ്പിച്ച് അപ്പച്ചന്‍ ചരിത്ര വിജയം നേടി മുന്നേറിയത്.
ഏറ്റവും പുതിയ സാങ്കേതിക വൈവിധ്യങ്ങള്‍ ഉപയോഗിക്കുക, പുതിയ ആശയങ്ങള്‍ സിനിമയില്‍ എത്തിക്കുക, പുതിയ പ്രതിഭകളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇതൊക്കെ മലയാള ചലച്ചിത്ര വേദിയില്‍ സമുന്നയിച്ച് വിജയിപ്പിച്ച ഒരേയൊരു നിര്‍മ്മാതാവ് – സംവിധായകനായിരുന്നു അപ്പച്ചന്‍.
നൂറ് വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ ബ്രിട്ടീഷുകാരുടെതല്ലാത്ത ആദ്യത്തെ കയര്‍ ഫാക്ടറി പുളിങ്കുന്നിലെ കണ്ണാടി എന്ന സ്ഥലത്ത് സ്ഥാപിച്ച വ്യക്തിയായിരുന്നു അപ്പച്ചന്റെ പിതാവ് ‘ മാളിയം പുരയ്ക്കല്‍ മാണി ചാക്കോ. ഏര്‍പ്പെട്ട എല്ലാ കാര്യങ്ങളിലും വൈവിധ്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു. സാഹസികന്‍, പ്രയത്‌നശാലി, കഠിനാദ്ധ്വാനി’.
ആലപ്പുഴയില്‍ ആദ്യമായി നെല്‍കൃഷിക്ക് വെള്ളം വറ്റിക്കാന്‍ ചക്രത്തിന് പകരം എന്‍ജിന്‍ കൊണ്ടുവന്നു. പുളിങ്കുന്ന് ചന്തയില്‍ ഒരു നൂറ്റാണ്ട് മുന്‍പ് നെല്ലുകുത്ത് മില്ല് സ്ഥാപിച്ച്, ഉരലും ഉലക്കയും പിന്‍തള്ളി. കല്‍ക്കരികൊണ്ട് ഓടുന്ന അക്കാലത്തെ തീബോട്ടുകളെ നിഷ്പ്രഭമാക്കി. ആദ്യമായ് മണ്ണെണ്ണ ഉപയോഗിച്ച് ഓടുന്ന ബോട്ടുകള്‍ നിര്‍മ്മിച്ച് കായലില്‍ ഇറക്കി. അതിലൊന്ന് ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിക്കുള്ള ആദ്യ സര്‍വീസ് ബോട്ട് ‘സെന്റ് മേരി’ യായിരുന്നു. കാലത്തിന് മുന്‍പേ ചിന്തിച്ച് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയ വ്യാവസായിക പ്രതിഭയായിരുന്നു മാണി ചാക്കോ. അക്കാലത്തെ യഥാര്‍ത്ഥ ‘എന്‍ര്‍പ്രൈസര്‍’.
അക്കാലത്ത് മാണി ചാക്കോയുടെ പോലെ വേറിട്ട് ചിന്തിച്ച ഒരേയൊരു വ്യവസായ പ്രതിഭയേ മധ്യകേരളത്തിലുണ്ടായിരുന്നുള്ളൂ. മലയാള മനോരമ ദിനപത്രത്തിന്റെ എഡിറ്ററും ഉടമയുമായ മാമ്മന്‍ മാപ്പിള. പക്ഷേ, അദ്ദേഹം ചിന്തിച്ചതും ചെയ്തതും ഇന്‍ഷ്വറന്‍സ്, ബാങ്ക്, റബര്‍ ഫാക്ടറി തുടങ്ങിയ വന്‍കിട സംരംഭങ്ങളായിരുന്നു എന്ന് മാത്രം.
ബഹുമുഖപ്രതിഭയായ പിതാവിന്റെ കഴിവുകള്‍ പൈതൃകമായി പതിന്മടങ്ങ് പകര്‍ന്ന് കിട്ടിയ മകനായിരുന്നു അപ്പച്ചന്‍. അത് നന്നായി ഉപയോഗിച്ചത് ചലച്ചിത്ര രംഗത്തായതിനാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാങ്കേതിക മികവുള്ള ചിത്രങ്ങള്‍ ആദ്യമായി മലയാള സിനിമാ രംഗത്തിന് ലഭിച്ചു.
ഉദയ സ്റ്റുഡിയോവിൻ്റെ പ്രശസ്തമായ ചിഹ്നം
1947 ല്‍ ആലപ്പുഴയിലെ, പാതിരാപ്പളിയില്‍ തന്റെ പൂട്ടിക്കിടന്ന കയര്‍ ഫാക്ടറിയുടെ വലിപ്പമുള്ള ഷെഡുകള്‍, ഷൂട്ടിങ്ങ് ഫ്‌ളോറായി ഉപയോഗിച്ച് ആരംഭിച്ച അപ്പച്ചന്റെ സഹോദരന്‍ മാളിയം പുരയ്ക്കല്‍ ചാക്കോ കുഞ്ചാക്കോ ആരംഭിച്ച സ്ഥാപനമാണ് പ്രശസ്തമായ ‘ഉദയ സ്റ്റുഡിയോ’. സിനിമ പോലുള്ള വന്‍ മുതല്‍മുടക്കുള്ള വ്യവസായത്തില്‍ നയവും വിട്ടുവീഴ്ചയും അനിവാര്യമാണ്. അതൊന്നും തനിക്ക് വശമില്ലെന്ന് സ്വയം തിരിച്ചറിഞ്ഞതിനാല്‍ ഉദയാ സ്റ്റുഡിയോ നടത്തിപ്പ് അനുജനായ അപ്പച്ചനെ ഏല്‍പ്പിച്ചതായിരുന്നു കുഞ്ചാക്കോ മുതലാളിയുടെ മൂന്ന് പതിറ്റാണ്ട് മലയാള സിനിമ അടക്കിവാണ ഉദയാ സ്റ്റുഡിയോയുടെ വിജയത്തിനു കാരണം.
സ്‌ക്കൂള്‍ പഠനകാലത്ത്, ഭാവിയില്‍ പുരോഹിതനാകാന്‍ തയ്യാറെടുത്ത ആളാണ് അപ്പച്ചന്‍. അതിനാല്‍ പക്വതയും നയത്തിലും സമാധാനത്തിലും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സ്വഭാവികമായും കഴിവുള്ള വ്യക്തിയായിരുന്നു അപ്പച്ചന്‍. വെള്ള ജുബ്ബയും മുണ്ടും സ്ഥിരം വേഷം ധരിച്ച സാത്വികന്‍. കുലീനമായ പെരുമാറ്റവും സൗമ്യമായ സംസാരവും. 1949 ല്‍ മുതല്‍ ഉദയാ ചിത്രങ്ങളുടെ നിര്‍മാണ നിര്‍വഹണം മുതല്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അപ്പച്ചനായിരുന്നു.
ഓരോ സിനിമയും റിലീസാകുമ്പോഴും ഉദയ നിര്‍മ്മാണക്കമ്പനിക്ക് എന്തെങ്കിലും പുകില് ഉണ്ടാവും അല്ലെങ്കില്‍ കോടതി കേസുകള്‍. അതൊന്നും ചില്ലറ കേസുകളായിരുന്നില്ല. ജീവിത നൗകയില്‍ ‘മഗ്ദലമറിയം’ മഹാകാവൃത്തിലെ വരികള്‍ അധികം ചേര്‍ത്തതിന് വള്ളത്തോളുമായി കേസ്. അപകീര്‍ത്തി പ്രചരിപ്പിച്ചതിന് ‘സരസന്‍’ മാസികയുമായി കേസ്. ഉമ്മ എന്ന ചിത്രത്തിന്റെ അനുവദിച്ചതില്‍ കൂടുതല്‍ ഫിലിം പ്രിന്റ് എടുത്തതിന്റെ പേരില്‍ സെന്‍ട്രല്‍ എക്‌സൈസുമായി മറ്റൊരു കേസ്. കൊടുങ്ങല്ലൂരമ്മ പടം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരിച്ചതിന് വിശ്വാസികളുമായി കേസ് ഇങ്ങനെ കോടതി കേറിയിറങ്ങലില്‍ ഉദയ സ്റ്റുഡിയോയുടെ കേസുകള്‍ നോക്കി നടത്തിയത് അപ്പച്ചനായിരുന്നു. ഇതിലൊന്നും ശിക്ഷിക്കപ്പെടാതെ ഉദയ മുന്നോട്ട് കുതിച്ചു. ഇതിന്റെയൊക്കെ വിജയത്തിന് പിന്നില്‍ അപ്പച്ചനെന്ന വ്യക്തിയുടെ ക്ഷമയും സഹനശക്തിയുമായിരുന്നു കാരണം.
1949 മുതല്‍ ഏതാണ്ട് 30 കൊല്ലം ഉദയാ ചിത്രങ്ങള്‍ക്ക് വേണ്ടി കുഞ്ചാക്കോയുടെ മരണം വരെ ഉദയാ ചിത്രങ്ങളുടെ ബുദ്ധികേന്ദ്രമായി അപ്പച്ചന്‍ പ്രവര്‍ത്തിച്ചു. മലയാള സിനിമയ്ക്ക് ഉദയ നല്‍കിയ സംഭാവനകള്‍ മാറ്റിനിര്‍ത്തി സിനിമാ ചരിത്രമില്ല. സിനിമകള്‍ നിര്‍മ്മിച്ച് മലയാളികള്‍ക്ക് സിനിമാ കാഴ്ചക്ക് അടിത്തറയിട്ടത് ഉദയയായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് ചലച്ചിത്ര മേഖലയിലേക്ക് ഇറങ്ങുവാനുള്ള പ്രചോദനം നല്‍കിയതും ഉദയാ ചിത്രങ്ങള്‍ തന്നെ. മലയാള സിനിമയുടെ ശൈശവത്തില്‍ തന്നെ ഇടവേളകളില്ലാതെ ഉദയാ സിനിമകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് മലയാള ചലച്ചിത്രരംഗം സജീവമാകാന്‍ തുടങ്ങിയത്. മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരന്‍ 1928 ലാണ് വരുന്നത്. അഞ്ച് കൊല്ലം കഴിഞ്ഞാണ് അടുത്ത ചിത്രം ‘മാര്‍ത്താണ്ഡവര്‍മ്മ’ 1933 ല്‍, ഇറങ്ങിയത്.
1938 ലാണ് ‘ബാലന്‍’ വരുന്നത്. 1949 ല്‍ മലയാള ചലച്ചിത്രങ്ങളുടെ എണ്ണം വെറും ആറായിരുന്നു. എന്നാല്‍ ഉദയ വന്നതോടെ വര്‍ഷത്തില്‍ അവരുടെ ഒരു ചിത്രം വരാന്‍ തുടങ്ങി. പിന്നീടത് ഒന്നില്‍ കൂടുതലായി. അങ്ങനെ മലയാള ചലച്ചിത്ര മേഖല പതുക്കെ സജീവമായി പുതിയ ബാനറുകള്‍ വരാന്‍ ആരംഭിച്ചു. മലയാള ചലച്ചിത്രം ഒരു വ്യവസായ മേഖലയായി വളര്‍ന്നു. ഉദയയുടെ ഉറച്ച കാല്‍വെയ്പ്പായിരുന്നു ഇതിന് കാരണം ‘
വല്ലപ്പോഴും പടങ്ങള്‍ ഇറങ്ങിയിരുന്ന കാലത്ത് മലയാള ചലച്ചിത്ര രംഗത്ത്, മലയാളത്തിലെ നടന്മാരും മറ്റ് സിനിമാ പ്രവര്‍ത്തകരുമടക്കം ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരുടെ കുടുംബം പട്ടിണിയില്ലാതെ പുലര്‍ന്നത് ഉദയാ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതിനാലായിരുന്നു. മലയാള സിനിമാ ചരിത്രം രേഖപ്പെടുത്താത്ത ഒരു സാമൂഹിക വശം കൂടി ഉദയ എന്ന ചലച്ചിത്ര കമ്പനിക്കുണ്ട്.
ഒരു മലയാള സിനിമയുടെ പതിപ്പുകള്‍ വിലയ്ക്ക് വാങ്ങി ആദ്യമായി മറ്റ് ഭാഷകളില്‍ നിര്‍മ്മിച്ചത് കുഞ്ചാക്കോവായിരുന്നു. 1950 ല്‍ പുറത്തിറങ്ങിയ ‘ശശിധരന്‍ ബി.എ’ തമിഴ് തെലുങ്ക്, കന്നഡ പതിപ്പുകള്‍ കുഞ്ചാക്കോ നിര്‍മ്മിച്ചു.
1960 ല്‍ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു മാടത്തരുവി കൊലക്കേസ്’. പത്തനംതിട്ടയിലെ റാന്നിക്കടുത്ത് മന്ദമരുതിയിലെ ഒരു റബര്‍ എസ്റ്റേറ്റില്‍ കൊല്ലപ്പെട്ട മറിയക്കുട്ടിയെന്ന യുവതിയെ കൊലചെയ്തത് ഒരു കത്തോലിക്ക പുരോഹിതനാണെന്ന് പോലീസീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ലോകത്തിലാദ്യമായാണ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലാകുന്നത്. അതോടെ രാജ്യാന്തര വ്യാപകമായ മാധ്യമശ്രദ്ധ നേടിയ ഒരു കൊലക്കേസായി ഇത് വാര്‍ത്തകളില്‍ നിറഞ്ഞു.
കുഞ്ചാക്കോ ഇത് സിനിമയാക്കാന്‍ തീരുമാനിച്ചു. അതിന്റെ പിന്നില്‍ വൈകാരികമായി അദ്ദേഹത്തിന് ചില താല്‍പ്പര്യങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട മറിയക്കുട്ടി ആലപ്പുഴക്കാരിയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട വൈദികന്‍ കുഞ്ചാക്കോവിന്റെയും അപ്പച്ചന്റെയും ഇടവകക്കാരനും. അതിനാല്‍ ഈ വിഷയം സിനിമയാക്കണമെന്ന് ഇരുവരും തീരുമാനിച്ചു.
കുഞ്ചാക്കോ
ഉദയ പടം അനൗണ്‍സ് ചെയ്തു. ‘വരുന്നു ഉദയയുടെ മൈനത്തരുവി കൊലക്കേസ്’. പത്രത്തില്‍ പരസ്യം വന്നതോടെ ജനങ്ങള്‍ ആകാംക്ഷാഭരിതരായി. മറ്റൊരു കൊലക്കേസിനെ അടിസ്ഥാനമാക്കി ഉദയയെടുത്ത ‘ഭാര്യ’ വന്‍ വിജയമായിരുന്നു. ഇത് അതിനേക്കാള്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് എല്ലാവരും കരുതി.
അപ്പോഴാണ് കോട്ടയത്തുള്ള നിര്‍മ്മാതാവ് പി.എ. തോമസ് ഇതേ വിഷയം ‘മാടത്തരുവി കൊലക്കേസ്’ എന്ന പേരില്‍ ഒരു പടം പ്രഖ്യാപിച്ചത്. ഉടനെ അപ്പച്ചന്‍ കോട്ടയത്തുള്ള പി.എ. തോമസിനെ ഫോണില്‍ വിളിച്ച് ഇതില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിച്ചു, പക്ഷേ, അയാള്‍ അതിന് തയ്യാറായില്ല. അപ്പച്ചന്‍ മദ്രാസിലുള്ള കുഞ്ചാക്കോയെ വിളിച്ച് സംഭവങ്ങള്‍ പറഞ്ഞു.
കുഞ്ചാക്കോ ആരേയും വെല്ലുവിളിക്കുകയില്ല. പക്ഷേ ആരെങ്കിലും ഇങ്ങോട്ട് വെല്ലുവിളിയുമായി വന്നാല്‍ പിന്നെ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. പിന്നെ ഏത് അറ്റം വരെ പോകും.
കുഞ്ചാക്കോ ഫോണില്‍ അപ്പച്ചനോട് പറഞ്ഞു. ‘ഷീല നായിക – അവരെ ആലപ്പുഴയിലേക്ക് അയച്ചിട്ടുണ്ട്. നാളെ തന്നെ ഔട്ട്‌ഡോര്‍ ചിത്രീകരണം തുടങ്ങിക്കോ.’
അപ്പച്ചന്‍ ചോദിച്ചു.’ കഥ. തിരക്കഥ ?
സംഭവം നിനക്ക് അറിയില്ലേ? കുഞ്ചാക്കോ ചോദിച്ചു
അപ്പച്ചന്‍ പറഞ്ഞു ‘ഉവ്വ്’.
‘എങ്കില്‍ നാളെ തന്നെ ക്യാമറയുമായി പോവുക.” കുഞ്ചാക്കോ പറഞ്ഞു
അങ്ങനെ ഉദയായുടെ ‘മൈനത്തരുവി കൊലക്കേസ്’ സിനിമാ ചിത്രീകരണം ആരംഭിച്ചു. അപ്പച്ചന്‍ ചിത്രീകരണ സംഘവുമായി മന്ദമരുതിയും, കേസ് നടക്കുന്ന അറസ്റ്റ്, റിമാന്‍ഡ് എന്നിവ അരങ്ങേറിയ ചങ്ങനാശേരി, കൊല്ലം എന്നിവിടങ്ങളില്‍ ചെന്ന് ചിത്രീകരണം നടത്തി. പുരോഹിതനെ റിമാന്‍ഡ് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ചിത്രീകരിക്കാന്‍ കൊല്ലത്ത് കോടതി പരിസരത്ത് എത്തിയ അപ്പച്ചനെയും സംഘത്തിനെയും കോടതിയിലെ ജഡ്ജി വിലക്കി. നിയമം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.
പിന്നീട് പുരോഹിതന്റെ പല രംഗങ്ങളും ഉള്‍ക്കൊള്ളിച്ച് സാഹസികമായി ചിത്രം പൂര്‍ത്തിയാക്കി. ‘മൈനത്തരുവി കൊലക്കേസ് ‘കഥ, തിരക്കഥ, സംവിധാനം എം.സി. അപ്പച്ചന്‍ എന്ന പേരില്‍ പടം ഇറങ്ങി. സിനിമ വമ്പന്‍ വിജയമായിരുന്നു. എതിരാളിയുടെ പടം ഉദയായുടെ മുന്‍പില്‍ നിഷ്പ്രഭമായിപ്പോയി. അപ്പച്ചന്‍ കൈ വെച്ച ആദ്യപടം തന്നെ വന്‍ ഹിറ്റായി. പക്ഷേ, പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് അപ്പച്ചന്‍ വീണ്ടും ഒരു പടം സംവിധാനം ചെയ്തത്. അതാകട്ടെ മലയാളത്തിലെ ആദ്യത്തെ സിനിമാ സ്‌കോപ്പ് ചലച്ചിത്രവും.
വടക്കന്‍ പാട്ട് ബിഗ് ബഡ്ജറ്റ് ചിത്രമായ ‘കണ്ണപ്പനുണ്ണി’ ഉദയ അനൗണ്‍സ് ചെയ്ത് പ്രാരംഭ ജോലികള്‍ നടക്കുമ്പോഴാണ് കുഞ്ചാക്കോ മരിക്കുന്നത്. അപ്പച്ചനാണ് രണ്ട് വര്‍ഷത്തിന് ശേഷം ചിത്രം പൂര്‍ത്തിയാക്കി തിയേറ്ററിലെത്തിച്ചത്. 15 ലക്ഷം രൂപയായിരുന്നു ബഡ്ജറ്റ്. ഗള്‍ഫില്‍ ഉദയാ ചിത്രങ്ങള്‍ വിതരണത്തിനായി സമീപിച്ച ഒരു ഗള്‍ഫ് മലയാളിയില്‍ നിന്ന് 7 ലക്ഷം വാങ്ങിയാണ് ചിത്രത്തിന്റെ പ്രാരംഭ ജോലി തുടങ്ങിയത്.
മലയാള ചിത്രങ്ങള്‍ക്കുള്ള ഗള്‍ഫിലെ മാര്‍ക്കറ്റ് ആദ്യമായി ചലച്ചിത്രമേഖല ശ്രദ്ധിക്കുന്നത് ഇവിടം മുതലാണ്. അത് മനസ്സിലാക്കിയ ആദ്യത്തെ നിര്‍മ്മാതാവും അപ്പച്ചനായിരുന്നു. കണ്ണപ്പനുണ്ണിയുടെ നിര്‍മ്മാണത്തില്‍ മുഴുകിയിരുന്ന അപ്പച്ചന്‍ അന്ന് ആ വഴി ചിന്തിച്ചെങ്കില്‍ ഗള്‍ഫില്‍ ആദ്യം ചിത്രീകരിച്ച് അവിടെ തന്നെ പ്രദര്‍ശിപ്പിക്കുന്ന ആദ്യ പടം മിക്കവാറും അപ്പച്ചന്റെതാകുമായിരുന്നു.
കാല്‍നൂറ്റാണ്ട് കാലത്തെ നടത്തിപ്പിനുശേഷം ഉദയ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറി അപ്പച്ചന്‍ സ്വന്തം പ്രസ്ഥാനമാരംഭിച്ചു. പത്രങ്ങള്‍ വഴി പേര് ക്ഷണിച്ച് ഒരു മത്സരം നടത്തിയാണ് പുതിയ സ്റ്റുഡിയോക്ക് പേരിട്ടത് ‘നവോദയ’ ഈ പേര് നിര്‍ദേശിച്ച വിജയിക്ക് സമ്മാനമായി 1,000 രൂപ നല്‍കി. ഉദയയില്‍ നിന്ന് നവോദയിലേക്കുള്ള പരിണാമം ലോകമറിയാനും നവോദയ ജനങ്ങളുടെ മനസ്സില്‍ പതിയാനും ഉപയോഗിച്ച പഴയ ഉദയാ ട്രിക്കായിരുന്നു അത്. ഒരു ചലച്ചിത്രത്തിന്റെ ഇടവേള കഴിഞ്ഞ് അടുത്ത പകുതി തുടങ്ങും പോലെ 52-ാം വയസില്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അപ്പച്ചന്‍ ആരംഭിച്ചു.
കടത്തനാട്ടു മാക്കമായിരുന്നു നവോദയുടെ ആദ്യ ചിത്രം. സംവിധാനം അപ്പച്ചന്‍. പടം പണം വാരിയെങ്കിലും അപ്പച്ചന്‍ തൃപ്തനായില്ല. അപ്പച്ചന്റെ മക്കള്‍ ജിജോ, ജോസ് എന്നിവര്‍ അദ്ദേഹത്തിന്റെ ഇടവും വലവും ഏല്ലാ കാര്യങ്ങള്‍ക്കും ഒപ്പുണ്ടായിരുന്നു. സിനിമയിലെ സാങ്കേതിക വളര്‍ച്ചയില്‍ അതീവ തല്‍പ്പരനായിരുന്ന ജിജോ, സിനിമയിലെ ‘ഒപ്ടിക്‌സ്’ നെ കുറിച്ചും ലോക സിനിമയിലെ സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചും അസാധ്യമായ ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു.
അടുത്ത പടം വൃത്യസ്തമായിരിക്കണമെന്നും സാങ്കേതികമായി ആരും ചെയ്യാത്ത പടമായിരിക്കണമെന്ന അപ്പച്ചന്റെ തീരുമാനം മലയാള ചലച്ചിത്ര രംഗത്തെ സിനിമ മാത്രമല്ല തിയേറ്ററുകളുടെയും തലവര മാറ്റിയെഴുതി. ആദ്യത്തെ മലയാള സിനിമാ സ്‌കോപ്പ് ചിത്രം നിര്‍മ്മിക്കുക എന്നതായിരുന്നു ആ പദ്ധതി. ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള അറിവുള്ള മകന്‍ ജിജോ ഉള്ളപ്പോള്‍ വലിയ റിസ്‌ക് എടുക്കാന്‍ അപ്പച്ചന് ഒട്ടും മടിയില്ലായിരുന്നു. 1959 ല്‍ ഗുരു ദത്ത് സംവിധാനം ചെയ്ത ഹിന്ദിലെ ‘കാകസ്‌ക്കാഫൂല്‍’ ആണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം.
അപ്പച്ചന്റെ മുന്നില്‍ വെല്ലുവിളികള്‍ പലതായിരുന്നു. നാല്‍പ്പത്തിയാറ് കൊല്ലം മുന്‍പ് കേരളത്തിലെ തിയേറ്റുകളുടെ എണ്ണം 800 ആണ്. സിനിമാ സ്‌കോപ്പ് ചലച്ചിത്രം പ്രദര്‍ശിപ്പിക്കാവുന്നവ വിരലിലെണ്ണാവുന്നതും. പക്ഷേ, ജിജോവിന് സംശയമില്ലായിരുന്നു. ‘മുന്നോട്ട് തന്നെ പോകുക, ധൈര്യശാലികളെ ഭാഗ്യം തുണയ്ക്കും’.
മലയാളത്തിലെ ആദ്യത്തെ സിനിമാ സ്‌കോപ്പ് ചിത്രം ‘തച്ചോളി അമ്പു’ 1978 ഒക്ടോബറില്‍ റിലീസായി. 75 ദിവസം പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിറഞ്ഞ് ഓടി. വമ്പിച്ച ലാഭം ലഭിച്ചു. കേരളത്തിലെ തിയേറ്ററുകള്‍ ആധുനിക വല്‍ക്കരണത്തിലേക്ക് കുതിക്കാന്‍ തച്ചോളി അമ്പു സിനിമാ സ്‌കോപ്പ് ചിത്രം കാരണമായി. പല തിയേറ്ററുകളും പൊളിച്ച് പുനഃനിര്‍മിക്കപ്പെട്ടു. കേരളത്തില്‍ 800 ല്‍ നിന്ന് ആയിരം തിയേറ്റുകളായി വര്‍ദ്ധിച്ചു.
കേരളത്തിലെ സിനിമ തിയേറ്ററുകള്‍ സാങ്കേതികമായി മുന്നേറാന്‍ കാരണം നവോദയ അപ്പച്ചനാണ്. ശിവാജി ഗണേശന്‍ അഭിനയിച്ച രണ്ടാമത്തെ മലയാള ചിത്രമാണ് തച്ചോളി അമ്പു. ഒതേനനായി അഭിനയിച്ച ശിവാജിക്ക് അങ്കത്തട്ടില്‍ പരിക്കേറ്റ് കൈയൊടിഞ്ഞു. മദ്രാസില്‍ തന്നെ കാണാനെത്തിയ അപ്പച്ചനോട് ശിവാജി പറഞ്ഞു”എന്‍ രക്തം വീണാള്‍ അന്ത പടം 100 ദിവസം കട്ടായം ഓടും’. അത് യാഥാര്‍ത്ഥ്യമായി.
മാമാങ്കം, തീക്കടല്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് നവോദയയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രം. 1982 ല്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് നാഴികക്കല്ലായി മാറിയ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ, ഇന്ത്യയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച 70 എം.എം ചിത്രമായ ”പടയോട്ടം’ നവോദയ നിര്‍മിക്കുന്നത്.
വിഖ്യാതമായ ക്ലാസിക്ക് അലക്‌സാണ്ടര്‍ ഡ്യൂ മാസിന്റെ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ കഥയെ അടിസ്ഥാനമാക്കി എന്‍. ഗോവിന്ദന്‍ കുട്ടി തിരക്കഥയെഴുതി. പ്രേം നസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അതിലെ അറേക്കാട്ട് അമ്പാടി തമ്പാന്‍. സംസ്ഥാന അവാര്‍ഡ് ലഭിക്കേണ്ട പെര്‍ഫോമന്‍സായിട്ടും എന്തുകൊണ്ടോ അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രമാണ് പടയോട്ടം.
മലയാളത്തിലെ ആദ്യത്തെ സിക്‌സ് ട്രാക്ക് സ്റ്റീരിയോ സൗണ്ട് ആയ പടയോട്ടത്തിലെ സൗണ്ട് ഇഫക്റ്റുകള്‍ സംവിധായകനായ ജിജോയുടെ നേതൃത്വത്തില്‍ ഒരു മാസം കൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ റെക്കോഡ് ചെയ്തത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ക്യാമറകളും പ്രത്യേക തരം കുതിരക്കുളമ്പടിയൊക്കെ പ്രത്യേക ഇഫക്റ്റ് ആയിരുന്നു. ദൂരെ നിന്ന് വരുന്ന കുതിരക്കുളമ്പടി ശബ്ദം തൊട്ടടുത്ത് വന്ന് പ്രേക്ഷകനെ തൊട്ട് പോകുന്നതൊക്കെ ഫീല്‍ ചെയ്തപ്പോള്‍ തിയേറ്ററിലുള്ളവര്‍ തരിച്ചിരുന്നു. ഒരു മലയാള സിനിമയിലുമില്ലാത്ത ശബ്ദവിന്യാസമായിരുന്നു പടയോട്ടത്തിലേത് ‘അതും 6 സൗണ്ട് ട്രാക്കില്‍ പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു. നൂറ് ശതമാനം വിജയമായിരുന്നു ജിജോയുടെ പരീക്ഷണം.
70 mm പ്രിന്റ് ആകെ 4 എണ്ണം മാത്രം എടുത്തു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളില്‍ 70 mm പ്രൊജക്റ്റ് ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. ജിജോയും സിനിമയുടെ സാങ്കേതിക വിദഗ്ധരും നേരിട്ട് ചെന്ന് തിയേറ്റുകള്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് മികച്ച സാങ്കേതിക നിലവാരമുള്ള ആസ്വാദനം ഉറപ്പുവരുത്തി.
മലമ്പുഴയില്‍ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. മാസങ്ങള്‍ അദ്ധ്വാനിച്ചാണ് ചിത്രത്തിലെ ‘ഒഴുകുന്ന കൊട്ടാരം’ കലാസംവിധായകന്‍ എസ് കോന്നാട്ട് പൂര്‍ത്തിയാക്കിയത്. ഹെലികോപ്റ്ററില്‍ പറന്ന് ആകാശത്തില്‍ നിന്നാണ് ഛായഗ്രാഹകന്‍ രാമചന്ദ്രബാബു ചില രംഗങ്ങള്‍ പകര്‍ത്തിയത്. സംവിധായകന്‍ ജിജോവിന്റെ കൃത്യമായ പ്ലാനിങ്ങും ചിട്ടയായ ഷൂട്ടിങ്ങും. ഇത്തരമൊരു വലിയ സങ്കീര്‍ണമായ സംരംഭത്തെ പരിപൂര്‍ണ്ണമായി വിജയത്തിലെത്തിച്ചു..
മലയാളത്തിലെ ആദ്യത്തെ 70 mm ചിത്രത്തിലൂടെ ലെന്‍സിന്റെയും ശബ്ദവീചികളുടേയും അസാധാരണ പടയോട്ടം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ച തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അപ്പച്ചനെ കുറിച്ച് എഴുതി.
‘ഏത് ലൊക്കേഷന്‍ വേണം?
പറഞ്ഞോളൂ
ക്യാമറാമാന് ഏത് ലെന്‍സ് വേണം
പറഞ്ഞോളൂ
ഏത് ലൈറ്റ് വേണം
പറഞ്ഞോളൂ
അതാണ് നവോദയ അപ്പച്ചന്‍.
എല്ലാം നിശബ്ദം കേള്‍ക്കും. ചില ചോദ്യങ്ങള്‍ ചില ഉത്തരങ്ങള്‍. തീരുമാനം എടുത്താല്‍ അത് തീരുമാനം ആണ്. നിവര്‍ത്തിച്ചിരിക്കും. ആ തീരുമാനങ്ങള്‍ ചലച്ചിത്രങ്ങളായി മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായി ഇന്ന് നിലനില്‍ക്കുന്നു.
നസീര്‍ ഉള്‍പ്പെടെയുള്ള സ്ഥിരം താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെ അണിനിരത്തി ഒരു പടമെടുക്കാന്‍ അപ്പച്ചന്‍ തീരുമാനിച്ചു. അങ്ങനെയാണ് 1980 ല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ വരുന്നത്. സംവിധായകനും നടീനടന്മാരും സംഗീത സംവിധായകനുമെല്ലാം പുതുമുഖങ്ങള്‍.
പടം റിലീസായപ്പോള്‍ നിരാശയായിരുന്നു. കാണാനാളില്ല. ഒരാഴ്ച കൊണ്ട് പടം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുമെന്ന നിലയായി. നിത്യഹരിത നായകന്‍ -പ്രേംനസീര്‍ തരംഗം മലയാള സിനിമകളില്‍ അപ്പോഴും തുടരുകയായിരുന്നു. അതിനെ മറികടക്കാന്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ‘ സാധിച്ചില്ല.
പക്ഷേ, അപ്പച്ചന്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറായില്ല. സിനിമയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഗാനങ്ങളാണ്. ജെറി അമല്‍ദേവ് – ബിച്ചു തിരുമല ഒരുക്കിയ അതിലെ ഗാനങ്ങള്‍ മികച്ചവയായിരുന്നു. അക്കാലത്ത് ഓഡിയോ കാസറ്റുകള്‍ പ്രചാരത്തില്‍ വരാന്‍ തുടങ്ങിയിരുന്നു. എല്ലാ മൈക്ക് സെറ്റുകാരും കാസെറ്റ് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.
തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് വരെയുള്ള മൈക്ക് സെറ്റുകാര്‍ക്ക് മഞ്ഞില്‍ വിരിഞ്ഞ പുക്കളിലെ പാട്ടുകളുടെ കാസെറ്റുകള്‍ ഉദയ സൗജന്യമായി നല്‍കി. ഇതിനുവേണ്ടി മാത്രം കാസെറ്റുകള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. ഒരു മാസം കൊണ്ട് ‘മിഴിയോരവും’ മഞ്ചാടി കുന്നില്‍ മണി മുകിലുകള്‍ ‘തുടങ്ങിയ പാട്ടുകള്‍ കേരളത്തിലെങ്ങും അലയടിക്കാന്‍ തുടങ്ങി. ‘മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍’ നല്ല പാട്ടുകള്‍ ഉള്ള നല്ല പടമാണെന്ന് വന്നു. അതോടെ പടത്തിന് ആള് കേറാന്‍ തുടങ്ങി. നൂറു ദിവസം ഓടിയ പടമായി അത് മാറി എന്ന് മാത്രമല്ല, ശങ്കര്‍, മോഹന്‍ലാല്‍, പൂര്‍ണിമാ ജയറാം, തുടങ്ങിയ പുതിയ താരോദയങ്ങളുടെ ആരംഭമായി. ഫാസില്‍ എന്ന സംവിധായകന്‍ പൊടുന്നനെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. തന്റെ ആദ്യ ചിത്രത്തിന് തന്നെ ജെറി അമല്‍ദേവ് മികച്ച സംഗീത സംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് നേടി.
ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ പിറവിയെടുക്കുന്നത് പടയോട്ടത്തിന്റെ ക്യാമറമാന്‍ രാമചന്ദ്രബാബു കൊടുത്ത അമേരിക്കന്‍ സിനിമോട്ടോഗ്രാഫി മാസികയില്‍ നിന്നാണ്. ജിജോയുടെ മാസ്റ്റര്‍ പീസ് ആയ ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ ഇന്ത്യന്‍ സിനിമയുടെ സാങ്കേതിവളര്‍ച്ചയുടെ ഒരു നാഴികക്കല്ലാണ്. ജീവിതത്തില്‍ ഒരു 3D ചിത്രം പോലും അന്നുവരെ കാണാത്ത ജിജോ അതിന്റെ സാങ്കേതിക കാര്യങ്ങളില്‍ നല്ല അറിവുള്ള ആളായിരുന്നു. നേരെ ലോസ് ഏഞ്ചലസില്‍ പോയി ജിജോ ഇതിന്റെ സംവിധാനം പഠിച്ചു. 1983 ല്‍ സ്പില്‍ ബര്‍ഗിന്റെ ‘ജാസ്സ്’ എന്ന ഹിറ്റ് പടത്തിന്റെ മൂന്നാം ഭാഗം 3D യായി പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ പ്രിന്റ് നവോദയയില്‍ ഇട്ട് കണ്ടതോടെ അപ്പച്ചന്‍ അസാധ്യമായ കാര്യം സാധ്യമാക്കാന്‍ തീരുമാനിച്ചു.
1953 ല്‍ ഹോളിവുഡില്‍ പുറത്തിറങ്ങിയ ആദ്യ 3D ചിത്രമായ ‘ഹൗസ് ഓഫ് വാക്‌സ്’ നിര്‍മ്മിച്ച ചിക്കാഗോക്കാരനായ ക്രിസ് കോണ്ടോവിനായിരുന്നു വൈഡ് സ്‌ക്രീന്‍ 3D ലെന്‍സിന്റെ നിര്‍മ്മാണത്തിന്റെ പേട്രന്റ്. അയാളെ അമേരിക്കയില്‍ ചെന്ന് കണ്ടു. താങ്ങാനാവാത്ത വിലയായിരുന്നു 3D ലെന്‍സിന്. ഒടുവില്‍ ചെറിയ മാര്‍ക്കറ്റുള്ള ചെറിയ സ്ഥലമായ കേരളത്തില്‍ ആദ്യമായി ചിത്രീകരിക്കുന്ന 3D ചലച്ചിത്രം എന്ന നിലയ്ക്ക് ക്രിസ് കോണ്‍ ഒരു ലെന്‍സ് വില കുറച്ചു നല്‍കാന്‍ തയ്യാറായി.
ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ രാജ്യമായ ഇന്ത്യയില്‍ 3D സിനിമ വിജയിച്ചാല്‍ പിന്നീട് തന്റെ കമ്പനി ലെന്‍സുകള്‍ക്ക് അവിടെ നല്ല വിപണിയുണ്ടാകുമെന്ന വിശ്വാസമാണ് ക്രിസ് കോണിനെ ഇതിന് പ്രേരിപ്പിച്ചത്. ലെന്‍സ് ഉപയോഗിക്കാന്‍ നന്നായി അറിയുന്ന ഒരു ലൈറ്റ് ബോയിയായ ഡേവിഡ് ഷ്മിയര്‍ എന്നയാളിനെ ജിജോ ഇന്ത്യയില്‍ വരുത്തി.
ഒരു കുട്ടിച്ചാത്തന്റെയും നാല് കുട്ടികളുടെയും ഒരു മന്ത്രവാദിയുടെയും കഥ രഘുനാഥ് പലേരി തിരക്കഥയാക്കി. തമിഴിലെ അന്നത്തെ ഏറ്റവും മികച്ച ക്യാമറമാന്‍ അശോക് കുമാറായിരുന്നു ഛായാഗ്രഹണം. കലാസംവിധായകന്‍ ശേഖര്‍ തിരക്കഥ വായിച്ച് വരച്ച, സ്‌കെച്ച് ആണ് കുട്ടിച്ചാത്തന്റെ രൂപം. 90 നാള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയാക്കി. ബിച്ചു തിരുമല എഴുതി ഇളയരാജ ഈണമിട്ട ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനം ചിത്രീകരിക്കാന്‍ മാത്രം 14 ദിവസം എടുത്തു. 40 ലക്ഷം രൂപ ആകെ നിര്‍മ്മാണ ചിലവ്.
ഹിന്ദിയില്‍ ജി.പി. സിപ്പി ഒരു 3D ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതിന് മുന്‍പ് തന്നെ കുട്ടിച്ചാത്തന്‍ റിലീസ് ചെയ്യണമെന്ന മത്സരബുദ്ധി ജിജോക്കുണ്ടായിരുന്നതിനാല്‍ ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി. തിയേറ്റിലെ പ്രദര്‍ശനത്തിനും കുറെ കാര്യങ്ങള്‍ തയ്യാറാക്കണമായിരുന്നു. സില്‍വര്‍ സ്‌ക്രീന്‍ ഘടിപ്പിച്ച്, പ്രത്യേക തരത്തിലുള്ള കണ്ണടകള്‍ പ്രേക്ഷകര്‍ക്ക് നല്‍കണം. ഇവയൊക്കെ കൈാര്യം ചെയ്യാന്‍ അര ഡസന്‍ പേരെങ്കിലും ഒരു തിയേറ്ററില്‍ വേണം. എല്ലാം അപ്പച്ചന്റെ മേല്‍നോട്ടത്തില്‍ നടന്നു. 1984 ഓഗസ്റ്റ് 24 ന്’ കേരളത്തിലെ തിരഞ്ഞെടുത്ത 12 തിയേറ്ററുകളില്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ റിലീസ് ചെയ്തു.
അതിന് മുന്‍പ് നിയമസഭാംഗങ്ങള്‍ക്ക് വേണ്ടി മാത്രമായി ചിത്രാഞ്ജലിയില്‍ ഒരു പ്രദര്‍ശനം നടന്നു. മുഖ്യമന്ത്രി കെ. കരുണാകരനും സ്പീക്കര്‍ വക്കം പുരുഷോത്തമനും 3D കണ്ണടകള്‍ പരസ്പരം കൈമാറിയാണ് പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത്. ത്രിഡി ചിത്രത്തെ കുറിച്ച് പടത്തിന്റെ തുടക്കത്തില്‍ പ്രേം നസീറിന്റെ ഹ്വസമായ ഒരു വിവരണം ഉള്‍പ്പെടുത്തിയിരുന്നു. തമിഴില്‍ രജനിയും തെലുങ്കില്‍ ചിരഞ്ജീവിയും ഹിന്ദിയില്‍ സാക്ഷാല്‍ അമിതാഭച്ചനും ഈ വിവരണം നല്‍കാന്‍ എത്തി. ഇവരെല്ലാം അപ്പച്ചനോടുള്ള ആദരവ് മൂലം പ്രതിഫലം വാങ്ങാതെയാണ് ഇത് ചെയ്തത്.
1984 ൽ ‘മൈ ഡിയർ കുട്ടിച്ചാത്തൻ ‘കേരള നിയമസഭാംഗങ്ങൾക്ക് വേണ്ടി പ്രദർശിച്ചപ്പോൾ ‘
ഈ ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ചതും വിജയിച്ചതുമായ ചിത്രങ്ങളിലൊന്നാണ്. ഇന്ത്യയ്ക്കും പുറത്തുമായി 5,000 പ്രദര്‍ശനങ്ങളാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ നടത്തിയത്. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങ് ചിത്രം കാണമെന്ന് ആഗ്രഹിച്ചപ്പോള്‍ രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് വേണ്ടി ഒരു പ്രത്യേക പ്രദര്‍ശനം പോലും നടത്തി. അങ്ങനെ മലയാള സിനിമ രാഷ്ട്രപതി ഭവന്‍ വരെയെത്തി ബഹുമതി നേടി. പിന്നീട് കുട്ടിച്ചാത്തന്റെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ നവോദയ പുതിയ സാങ്കേതിക വിദ്യ ഡി. ടി. എസില്‍ 2011 ല്‍ ഓണക്കാലത്ത് ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തി വീണ്ടും പ്രദര്‍ശനത്തിനെത്തിച്ചു.
1989 ല്‍ കമലഹാസന്‍ നായകനായി അഭിനയിച്ച ‘ചാണക്യന്‍’ അപ്പച്ചന്‍ നിര്‍മ്മിച്ച അവസാന സിനിമകളിലൊന്നായിരുന്നു. കേരളത്തില്‍ വ്യാജ വീഡിയോ വ്യാപകമായി പ്രചരിക്കുന്ന ആ സമയത്ത് ഇതിന്റെ വ്യാജപതിപ്പുകള്‍ വ്യാപകമായി ഇറങ്ങി. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് അപ്പച്ചന്‍ നേരിട്ട് രേഖാമൂലം പരാതി നല്‍കിയതിനാല്‍ പല സ്ഥലത്തും റെയ്ഡ് നടത്തി പോലീസ് സിനിമയുടെ വീഡിയോ പിടിച്ചെടുത്തു. കൂട്ടത്തില്‍ പെരുമ്പാവൂരില്‍ ഒരു കടയുടമയും കേസില്‍ പെട്ടു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ അപ്പച്ചനെ കാണാനെത്തി കൂടെ ശുപാര്‍ശ പറയാനെത്തിയ ആളെ കണ്ട് അപ്പച്ചന്‍ ഞെട്ടി. ചാണക്യനില്‍ മറ്റൊരു പ്രധാന വേഷമിട്ട നടന്‍. താന്‍ അഭിനയിച്ച പടത്തിന്റെ വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ച വ്യക്തിയെ രക്ഷിക്കാന്‍ അതേ പടത്തിലഭിനയിച്ച നടന്‍ ശുപാര്‍ശ പറയാന്‍ എത്തിയിരിക്കുന്നു. അപ്പച്ചന്‍ മാന്യനായതിനാല്‍ സാധ്യമല്ല എന്ന് പറഞ്ഞ് അവരെ മടക്കിയയച്ചു. വെറെ വല്ലവരുമായിരുന്നെങ്കില്‍ മിമിക്രി നടനെ രണ്ടെണ്ണം പൊട്ടിച്ചേ വിടുമായിരുന്നുള്ളൂ. ഇത്തരം നന്ദികേടിന്റെ ലോകം ധാരാളം കണ്ട ആളാണ് അപ്പച്ചന്‍. തന്റെ ജീവിതകാലത്ത് 100 പടങ്ങള്‍ നിര്‍മ്മിച്ച അപ്പച്ചന്റെ നിര്‍മ്മാണാവേശം പൂര്‍ണ്ണമായി ഈ സംഭവത്തോടെ ഇല്ലാതായി.
1990 ല്‍ കേരളത്തിലെ ഓറിയന്റല്‍ പണമിടപാട് കമ്പനി സാമ്പത്തിക കുഴപ്പത്തില്‍ പെട്ട് തകര്‍ന്നപ്പോള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ അതിന്റെ ഉടമയായ സാജന്‍ നിര്‍മ്മിച്ച കടത്തനാടന്‍ അമ്പാടിയെന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത് നവോദയ അപ്പച്ചനെയായിരുന്നു. ഇത്തരമൊരു ദൗത്യം പൂര്‍ത്തിയാക്കാന്‍ ഒരേയൊരു അപ്പച്ചനേ മലയാള സിനിമയില്‍ ഉള്ളൂ എന്ന് കോടതി പോലും അംഗീകരിച്ച വസ്തുതയായിരുന്നു.
1992 ല്‍ ദൂരദര്‍ശനില്‍ രാമായണവും മഹാഭാരതവും പോലെ നിര്‍മ്മിച്ച് നവോദയ ബൈബിള്‍ കഥകള്‍ എപ്പിസോഡുകളായി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി. രാവിലെ ഏഴു മുതല്‍ ഏഴര വരെയായിരുന്നു ടി.വി യില്‍ പ്രദര്‍ശിപ്പിച്ചത്. വിശ്വാസികള്‍ക്ക് ഇത് കാണാനായി പള്ളിയിലെ രാവിലെയുള്ള ചടങ്ങുകള്‍ പോലും സമയം മാറ്റിയാണ് ക്രൈസ്തവ സഭകള്‍ ഇതിനെ സ്വീകരിച്ചത്. 15 എപ്പിസോഡ് കഴിഞ്ഞപ്പോള്‍ മതപരമായ പ്രശ്‌നം ഉണ്ടാകുന്നു എന്ന് കാരണം പറഞ്ഞ് സര്‍ക്കാര്‍ ഇടപെട്ടു. പിന്നീട് സംപ്രേക്ഷണം നിറുത്തി. ഒന്നരക്കോടി രൂപയാണ് അപ്പച്ചന് ഇതില്‍ നഷ്ടപ്പെട്ടത്.
ദൂരദർശനിൽ ടെലികാസ്റ്റ് ചെയ്ത ബൈബിൾ കഹാനിയിൽ നിന്ന് ഒരു രംഗം
ക്രിസ്തുവായി അഭിനയിക്കാന്‍ നടന്മാരെ തിരയുന്ന ഘട്ടത്തില്‍ ക്രിസ്തുവിന്റെ മേയ്ക്കപ്പില്‍ വന്ന ഒരാളെ അപ്പച്ചന് ബോധിച്ചു. അദ്ദേഹം വന്നയാളിന്റെ പേര് ചോദിച്ചു. അയാള്‍ പറഞ്ഞു
‘ഞാന്‍ കൊച്ചൗസേപ്പ്, വി. ഗാര്‍ഡ് സ്ഥാപനത്തിന്റെ ഉടമ’ കഥാപാത്രത്തിനോടുള്ള താല്‍പ്പര്യം കാരണമാണ് താന്‍ ഇതിന് വന്നതെന്ന് അദ്ദേഹം അപ്പച്ചനോട് പറഞ്ഞു. പക്ഷേ, ബൈബിള്‍ കി കഹാനി നിലച്ചുപോയതിനാല്‍ ക്രിസ്തുവായി കൊച്ചൗസേപ്പിന് അഭിനയിക്കേണ്ടി വന്നില്ല.
2003ല്‍ മാജിക്ക് മാജിക് എന്ന 3D ചിത്രത്തോടെ നവോദയ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങി. 1995 ല്‍ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാര്‍ക്ക് ‘കിഷ്‌കിന്ധ’ ചെന്നെയില്‍ സ്ഥാപിച്ചതായിരുന്നു അപ്പച്ചന്റെ അവസാന വന്‍ പദ്ധതികളിലൊന്ന്. 2011 ല്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനക്ക് ജെ.സി. ഡാനിയന്‍ അവാര്‍ഡ് നല്‍കി അപ്പച്ചനെ സര്‍ക്കാര്‍ ആദരിച്ചു.
അപ്പച്ചനും ഭാര്യയും
അമേരിക്കന്‍ ചലച്ചിത്രത്തിന്റെ പിതാവായി അറിയപ്പെട്ട സെസില്‍ ബി.ഡിമില്ലെ ഹോളിവുഡില്‍ നടത്തിയ വിപ്ലവമാണ് മലയാള സിനിമയില്‍ അപ്പച്ചന്‍ തന്റെ ചലച്ചിത്രങ്ങളിലൂടെ നടത്തിയത്.
നവോദയുടെ സ്വപ്ന പദ്ധതികളില്‍ അപ്പച്ചനോട് എന്നും കൂടെയുണ്ടായിരുന്ന പ്രേംനസീര്‍ ഒരിക്കല്‍ പറഞ്ഞു. ‘കഴിഞ്ഞ 35 വര്‍ഷമായി ഞാന്‍ ഈ മനുഷ്യനെ കാണുന്നു. പ്രേക്ഷകരുടെ പള്‍സ് മാത്രമല്ല സിനിമയുടെ എല്ലാ വശങ്ങളും അദ്ദേഹത്തിന് നന്നായി അറിയാം”.Appachan of malayala cinema; today Navodaya Appachan’s 101 st birthday
Content Summary: Appachan of malayala cinema; today Navodaya Appachan’s 101 st birthday