July 12, 2025 |
Share on

ആഭ്യന്തര പ്രശ്‌നങ്ങളിൽ വലഞ്ഞ് പാകിസ്ഥാൻ, മധ്യസ്ഥതയ്ക്ക് ഒരുങ്ങാതെ യുഎസ്; യുദ്ധത്തെ നേരിടാൻ ഇന്ത്യയും പാകിസ്ഥാനും സജ്ജമോ?

പാകിസ്ഥാനിൽ നിലവിൽ ദുർബലമായൊരു സർക്കാരാണുള്ളതെന്നാണ് വി​ദ​ഗ്ധരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാകുന്നത്

അതിർത്തിയിൽ നിലവിൽ അന്തരീക്ഷം രൂക്ഷമായിക്കൊണ്ടിരിക്കുകാണ്. 26 ഇന്ത്യൻ പൗരന്മാരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണമാണ് ഇപ്പോഴുള്ള അവസ്ഥയിലേക്ക് അതിർത്തിയെ എത്തിച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കുമെന്ന് അന്ന് തന്നെ ഇന്ത്യ അറിയിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ 1.44 ഓടെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

എന്നാൽ ഒരു യുദ്ധത്തെ അഭിമുഖീകരിക്കാൻ ഇരുരാജ്യങ്ങളും സജ്ജരാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. വളരെ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയിലെ സൈനിക സേനകൾ സംയുക്തമായാണ് പാകിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തത്. 1971 ലെ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇന്ത്യ, പാക് പഞ്ചാബ് പ്രവിശ്യയിൽ ആക്രമണം നടത്തുന്നത്.

വർഷങ്ങളായി ഇന്ത്യയിൽ നടന്ന പ്രധാന ആക്രമണങ്ങൾക്ക് ഉത്തരവാദികളായ തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് എന്നിവയുമായി ബന്ധപ്പെട്ട തീവ്രവാദ ക്യാമ്പുകളാണ് ലക്ഷ്യമെന്ന് ഇന്ത്യ അറിയിച്ചു. പാകിസ്ഥാൻ സൈനിക താവളങ്ങളൊന്നും തന്നെ ആക്രമിച്ചിട്ടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു പറഞ്ഞു.

2019 ൽ പാകിസ്ഥാന് മുകളിലൂടെ പോയ ഇന്ത്യൻ ജെറ്റ് വെടിവച്ച് വീഴ്ത്തി പൈലറ്റ് പിടിക്കപ്പെട്ട സംഭവം ആവർത്തിക്കാതിരിക്കാനാണ് എല്ലാ ആക്രമണങ്ങളും ഇന്ത്യൻ വ്യോമാതിർത്തിയിൽ നിന്ന് നടത്തിയതെന്നാണ് ഉദ്യോ​ഗസ്ഥ വൃത്തങ്ങൾ അറിയിക്കുന്നത്.

ഒരു യുദ്ധത്തിനായി ഇന്ത്യ ആ​ഗ്രഹിച്ചിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സം​ഘർഷത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാന് അവസരം നൽകിയെന്നും ഭീകരവാദത്തിനെതിരെ ശക്തമായ ഒരു സന്ദേശം നൽകുക എന്നതായിരുന്നു ഇന്ത്യയുടെ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 1999 ലാണ് ഒരു സമ്പൂർണ്ണ ഇന്ത്യ – പാക് യുദ്ധം നടന്നത്. യുദ്ധം വിനാശകരമാകുമെന്ന് ഇരു രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും വ്യക്തമായി അറിയാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാകിസ്ഥാൻ നിലവിൽ വലിയ ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അഫ്ഗാൻ അതിർത്തിയിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചത്, ബലൂചിസ്ഥാനിലെ വിഘടനവാദികൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ കാരണം പാകിസ്ഥാൻ സർക്കാർ വലയുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ദുർബലവും ജനപ്രീതിയില്ലാത്തതുമായി തുടരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ഇന്ത്യയുടെ ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ സൈന്യം സജ്ജമാണെന്നാണ് പാകിസ്ഥാന്റെ ഉന്നത സുരക്ഷാ ഏജൻസി അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ മുന്നറിയിപ്പും നൽകിയിരുന്നു. അഞ്ച് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായും പാകിസ്ഥാൻ അവകാശപ്പെട്ടു.

പാകിസ്ഥാനിൽ നിലവിൽ ദുർബലമായൊരു സർക്കാരാണുള്ളതെന്നാണ് വി​ദ​ഗ്ധരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതിനാൽ ഇനിയൊരു യുദ്ധത്തെ നേരിടാനൊരുങ്ങുകയാണെങ്കിൽ അത് തീർച്ചയായും സൈനിക മേധാവി ജനറൽ അസിം മുനീറിനെ ആശ്രയിച്ചിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ 50 വർഷത്തിനിടെ ഒരു ഇന്ത്യൻ മിസൈലും പഞ്ചാബിൽ പതിച്ചിട്ടില്ല. ഇന്ത്യ ചെയ്തതുപോലെ തീവ്രവാദ ക്യാമ്പുകൾ ആക്രമിക്കാൻ പാകിസ്ഥാന് എളുപ്പത്തിൽ കഴിയില്ല. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ അത് അപകടകരമായ രീതിയിലാകും കലാശിക്കുകയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യക്കെതിരെ പാകിസ്ഥാൻ വീണ്ടുമൊരു ആക്രമണം നടത്താനുള്ള സാധ്യത കൂടുതലാണെന്ന് വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ഉടനടിയൊരു ചർച്ച നടന്നാൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നും അഭിപ്രായങ്ങളുണ്ട്.

ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ അമേരിക്ക എത്തുമെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല എന്നതും ആശങ്ക സൃഷ്ടിക്കുന്നതാണ്. മുൻകാലങ്ങളിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ ശമിപ്പിക്കാൻ അമേരിക്ക ഇടപെട്ടിട്ടുണ്ട്. മധ്യസ്ഥത നിൽക്കാനില്ലാത്തതിനാൽ നിലവിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Content Summary: Are India and Pakistan ready to face war?

Leave a Reply

Your email address will not be published. Required fields are marked *

×