July 15, 2025 |

‘പൊടിക്കുഞ്ഞുങ്ങളാണ്… വീടിനകത്ത് മുട്ടോളം വെള്ളം’; കടല്‍ക്കയറ്റത്തില്‍ വലഞ്ഞ് ചെല്ലാനം

താല്കാലിക പ്രതിരോധ നടപടികളല്ല വേണ്ടത്

കടല്‍ അടിച്ച് കയറുകയാണ്… എല്ലാ വര്‍ഷവും ഇതുതന്നെയാണ് അവസ്ഥ. വെള്ളം മാത്രമല്ല ചെളിയും കൂടിയാണ് വീടിന് ഉള്ളിലേക്ക് കയറുന്നത്. പെരയ്ക്കകത്ത് മുട്ടോളം പൊക്കത്തിലാണ് വെള്ളം. കടല്‍ വെള്ളം തടയാനായി മണല്‍ചാക്ക് വയ്ക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല” ചെല്ലാനം സ്വദേശിനിയായ റോസ് അഴിമുഖത്തോട് പ്രതികരിച്ചു.

”നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളാണ്. പ്രായമായ മാതാപിതാക്കളും. ഈ വെള്ളത്തില്‍ കൂടിയാണ് ഞങ്ങളെല്ലാം നടക്കുന്നത്. വീടിനകത്ത് വെള്ളം കയറിയാല്‍ എവിടെ  ഇരിക്കാനാ. അടുത്ത വീട്ടിലൊക്കെ പോയി കുറച്ച് നേരമല്ലേ ഇരിക്കാന്‍ പറ്റ്യോളൂ. എത്രനേരന്നുവച്ച് ഇരിക്കും. വീട്ടുസാധനങ്ങളില്‍ പലതും നശിച്ചു. കുറെയൊക്കെ ഒഴുകിയും പോയി. പോയതൊക്കെ പോയി. അല്ലാതെ അതിലിനി ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.

ഞങ്ങളൊക്കെ ജോലിക്ക് പോകുന്നവരാ. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താ കടല്‍ കയറി വരുന്നത്. എല്ലാ ദിവസവും സാധനങ്ങളൊക്കെ എടുത്ത് വച്ചിട്ട് പോകാന്‍ പറ്റുമോ? സമീപത്തെ ഗോഡൗണിലെ മതില്‍, കടല്‍വെള്ളം കയറി പൊട്ടിപ്പോയി. അതോടെയാണ് വീട്ടിലേക്ക് നേരിട്ട് വെള്ളം ഒഴുകിയെത്തുന്നത്. രണ്ടുമൂന്ന് നിര കല്ല് വച്ചതുകൊണ്ടൊന്നും ഞങ്ങളുടെ പ്രശ്നങ്ങള്‍ തീരില്ല. ഈ കല്ല് കൊണ്ടൊന്നും കടലിനെ പിടിച്ച് നിര്‍ത്താനോ വെള്ളത്തെ തടയാനും പറ്റത്തില്ല” റോസ് പറയുന്നു.

sea incursion

ഇക്കഴിഞ്ഞ മെയ് മാസത്തിലും ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമായിരുന്നു. അന്ന് കയറിയ വെള്ളവും ചെളിയുമെല്ലാം നീക്കി ദിവസങ്ങള്‍ മാത്രം കഴിയവേയാണ് വീണ്ടും പ്രദേശത്തെ വീടുകളിലൊക്കെ കടല്‍വെള്ളം കയറിയിരിക്കുന്നത്. മഴക്കാലപൂര്‍വ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കടലില്‍ ഇറങ്ങിവരെ പ്രതിഷേധിച്ചിരുന്നു. എന്നിട്ടും അധികൃതര്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും ചെല്ലാനം നിവാസികള്‍ കുറ്റപ്പെടുത്തുന്നു.

”നിലവില്‍ ജിയോ ബാഗുകള്‍ കൊണ്ടുള്ള താല്കാലിക തടയണകള്‍ നിര്‍മിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ താല്കാലിക പ്രതിരോധ നടപടികളല്ല വേണ്ടത്. പകരം ദീര്‍ഘകാല പരിഹാര നടപടിയായി ചെല്ലാനം പുത്തന്‍തോടിന് വടക്കോട്ട് ടെട്രാപോഡുകള്‍ സ്ഥാപിക്കണമെന്ന്” ചെല്ലാനം ജനകീയ സമരസമിതി കണ്‍വീനര്‍ വിടി സെബാസ്റ്റിയന്‍ അഴിമുഖത്തോട് പറഞ്ഞു.

”961 മീറ്റര്‍ ഭാഗത്ത് ജിയോ ബാഗുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ ചെല്ലാനം പഞ്ചായത്തില്‍ തന്നെ 10 കിലോമീറ്ററിലധികം സംരക്ഷണം കിട്ടേണ്ടതാണെന്നിരിക്കെയാണ് 961 മീറ്ററില്‍ മാത്രം ജിയോ ബാഗുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. കടലാക്രമണം രൂക്ഷമാകുന്ന സമയത്തുണ്ടാകുന്ന വലിയ തിരമാലകളെയൊന്നും ജിയോ ബാഗുകള്‍ തടുക്കുകയില്ല.

നിലവില്‍ കടല്‍കയറുന്നിടത്ത് ജെസിബി ഉപയോഗിച്ച് കടലില്‍ നിന്ന് മണ്ണെടുത്ത് കൂനകൂട്ടി വയ്ക്കുകയാണ്. കടല്‍ ആഞ്ഞടിക്കുമ്പോള്‍ കയറ്റിവച്ച മണ്ണ് വീണ്ടും കടലിലേക്ക് തന്നെ പോകും. പകരം ചാക്കില്‍ മണ്ണ് നിറച്ച് വച്ചാല്‍ കുറച്ച് നാളത്തേക്കെങ്കിലും നിലനില്‍ക്കും. ഇത്തരത്തില്‍ യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടന്നുകൊണ്ടിരിക്കുന്നത്” സെബാസ്റ്റിയന്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ കടലാക്രമണം വരുമ്പോഴും സര്‍ക്കാര്‍ ക്യാമ്പുകള്‍ നടത്താന്‍ തയ്യാറാകും. എന്നാല്‍ പ്രദേശവാസികളില്‍ ആരും തന്നെ വീടുവിട്ട് പോകാന്‍ തയ്യാറല്ല. ക്യാമ്പാക്കുന്നത് പ്രധാനമായും സ്‌കൂളിന്റെ ഹാളുകളാണ്. ഇവര്‍ക്ക് അവിടെ യാതൊരു പ്രൈവസിയും ഉണ്ടാകില്ലെന്ന് മാത്രമല്ല സമയത്തിന് ഭക്ഷണം പോലും കിട്ടുകയില്ല. പലവിധ രോഗങ്ങളുള്ളവര്‍ക്ക് സമയത്തിന് ഭക്ഷണം കഴിക്കണം. എന്നാല്‍ അതൊന്നും അവിടെ നടക്കില്ല. കൂടാതെ ടോയ്ലറ്റുകള്‍ ഉണ്ടെങ്കില്‍ തന്നെയും ആവശ്യത്തിന് വെള്ളം പോലും ഉണ്ടാകില്ല. ഇതെല്ലാം തങ്ങള്‍ പലതവണ അനുഭവിച്ചവരാണെന്നും പ്രദേശവാസികള്‍ പറയുന്നു.

2023 2024 വര്‍ഷം 65.2 ലക്ഷം രൂപ ചിലവാക്കി 485 മീറ്ററാണ് ജിയോ ബാഗ് തടയണ ചെല്ലാനത്ത് നിര്‍മ്മിച്ചത്. 2024- 2025 വര്‍ഷം അത് 591 മീറ്ററും 69.59 ലക്ഷം രൂപയുമായി. 2025- 2026 വര്‍ഷത്തില്‍ 961 മീറ്ററും 125.9 ലക്ഷം രൂപയുമായി ജിയോബാഗ് തടയണ നിര്‍മ്മാണം ഉയര്‍ന്നു. വര്‍ഷം തോറും താല്‍ക്കാലിക പ്രതിരോധം ആവശ്യമായ സ്ഥലത്തിന്റെ വ്യാപ്തിയും ചെലവും കൂടി വരികയാണ്. ഈ പ്രദേശം നേരിടുന്ന കടല്‍ കയറ്റ പ്രശ്നത്തിന്റെ രൂക്ഷതയാണ് ഇതിലൂടെ വെളിവാകുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് ദീര്‍ഘകാല പരിഹാര നടപടികളായ ടെട്രാപ്പോഡ് കടല്‍ഭിത്തി- പുലി മുട്ടുകളുടെ നിര്‍മ്മാണം ഉടനെ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

sea incursion

ചെല്ലാനത്തെ ഏഴ് കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് നിലവില്‍ ടെട്രാപോഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ടെട്രാപോഡുകള്‍ സ്ഥാപിച്ചതിന് എതിര്‍വശത്തുള്ള സ്ഥലങ്ങളില്‍ വ്യാപക കടലാക്രമണമാണ് ഉണ്ടാകുന്നത്. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷം. Sea turbulence plunges Chellanam residents into great uncertainty

Content Summary: Sea turbulence plunges Chellanam residents into great uncertainty

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×