June 04, 2026 |

ആരോരുമില്ലാതെ 438 കടല്‍ദിനങ്ങള്‍

ഇത്രയും കാലം കടലില്‍ ഒറ്റയ്ക്കാദ്യമായി കഴിഞ്ഞയാളായിരുന്നു ആല്‍വരംഗ

കടലൊരു വിസ്മയ പ്രതിഭാസമാണ്. മനുഷ്യനുമായുള്ള അതിന്റെ ബന്ധം അതിവിചിത്രവും. തന്നെയാശ്രയിച്ചു കഴിയുന്ന മനുഷ്യരെ തൊട്ടിലാട്ടി വളര്‍ത്തുന്നതിനോടൊപ്പം, അവരുടെ ശവയാഴിയായിത്തീരാനും അതിനാവും. ഹോസെ സാല്‍വദോര്‍ ആല്‍വരംഗ എന്നയാളുടെ കഥ ഇതിനൊരു ഉദാഹരണമാണ്. മത്സ്യബന്ധനമായിരുന്നു എല്‍ സാല്‍വദോര്‍ എന്ന ആ മധ്യ അമേരിക്കന്‍ രാജ്യക്കാരന്റെ തൊഴില്‍. അതിനായി തിരഞ്ഞെടുത്ത ഉപജീവനരംഗം ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളും. ലോകത്തിലെ ഏറ്റവും വലിയ ഈ മഹാസമുദ്രം ഹോസെ സാല്‍വദോര്‍ ആല്‍വരംഗയെ സംബന്ധിച്ചിടത്തോളം അനന്തവും, ദയാരഹിതവുമായ ദര്‍പ്പണമായാണ് മാറിയത്. അതിരുകളില്ലാത്ത ആ വെള്ളപ്പരപ്പില്‍ പ്രതിഫലിച്ചതാകട്ടെ, ആകാശം മാത്രവും. ഒരൊറ്റ ജീവന്റെ തുരുത്തോ, അതിനെ നിലനിര്‍ത്താനുള്ള മറ്റെന്തെങ്കിലുമോ അവിടെ സാല്‍വദോറിനു കാണാന്‍ കഴിഞ്ഞില്ല. കൊടിയ നിരാശയേയും ഏകാന്തതയേതും അതിജീവിച്ച മനുഷ്യനായി ഒടുവില്‍ തിരിച്ചെത്തുമ്പോള്‍ സാല്‍വദോര്‍ ആല്‍വരംഗയുടെ ചിന്തകളില്‍ വ്യത്യാസവുമുണ്ടായിരുന്നില്ല.

എബൺ ദ്വീപിൽ

2012-ാം ആണ്ട് നവംബര്‍ മാസമായിരുന്നു അത്. ആല്‍വരംഗയ്ക്കന്നു 36 വയസ്സ്. സാമാന്യം തടിയും തുടര്‍ച്ചയായ സൂര്യവെളിച്ചത്തില്‍ വാട്ടിയെടുത്ത ഇരുള്‍ത്തൊലിയുമുള്ള ഒരാള്‍. ചിയാപ്പാസിലെ ചെറിയൊരു മത്സ്യബന്ധനഗ്രാമമായിരുന്ന കോസ്റ്റ അസൂലിലെ അറിയപ്പെടുന്ന സ്രാവുവേട്ടക്കാരനും. കടലെന്നാല്‍ അദ്ദേഹത്തിനൊരു തുറന്ന പുസ്തകമാണെന്നാണു പറയുക. തികച്ചും സാധാരണമായൊരു ജീവിതമായിരുന്നു ആല്‍വരംഗയുടേത്. കിട്ടുന്ന പണം നല്ല ദിവസങ്ങളിലേക്കു പകരാന്‍ ആഗ്രഹിക്കുകയും, കഴിയാവുന്നതും അതുപോലെ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരിടത്തരക്കാരന്‍. കൂട്ടുകാര്‍, ആഘോഷങ്ങള്‍, പിന്നെ ഇടയ്ക്ക് എല്‍ സാല്‍വദോറില്‍ കഴിഞ്ഞ ഏറ്റവും ഇളയ മകള്‍ക്കുള്ള ചില ഫോണ്‍വിളികള്‍, അത്രയൊക്കെയേ ആനന്ദത്തിന് വേണ്ടിയിരുന്നുള്ളൂ.

എല്ലാ പ്രാവശ്യവും പോകുന്നതുപോലെ ഒരു സാധാരണ സ്രാവുവേട്ടയ്ക്കു ആല്‍വരംഗ പുറപ്പെട്ടത് നവംബര്‍ പതിനേഴിനായിരുന്നു. രണ്ടോ മൂന്നോ ദിവസം മാത്രം വേണ്ടിവരുന്ന ഒരു പതിവു സംഗതി. ഏറ്റവും അവസാനത്തെ നിമിഷത്തിലായിരുന്നു സ്ഥിരമായി കൂടെപ്പോകാറുള്ള ചങ്ങാതി ഒരത്യാവശ്യകാര്യത്താല്‍ വരാനാവില്ലെന്നു പറഞ്ഞത്. അതും അപൂര്‍വമൊന്നുമല്ല. എന്തായാലും ആഴക്കടലില്‍ പോകുമ്പോള്‍ ഒരു കൂട്ടുണ്ടാവുന്നതാണ് എന്തുകൊണ്ടും നല്ലത്. പക്ഷേ, അന്നു കടലില്‍പോകാന്‍ പറ്റിയ മറ്റൊരാള്‍ കടപ്പുറത്തുണ്ടായിരുന്നില്ല. അങ്ങനെയാണ്, ആല്‍വരംഗ എസക്കീല്‍ കൊര്‍ദോബയെ സമീപിക്കുന്നത്. ശാന്തസ്വഭാവക്കാരനായ കൊര്‍ദോബയ്ക്ക് അന്നു ഇരുപത്തിരണ്ടോ, ഇരുപത്തിമൂന്നോ വയസ്സു കാണണം. മിടുക്കനാണ്, കരയിലെ എന്തു പണിയും ചെയ്യും. പക്ഷെ, ഇതുവരെ കടലില്‍ പോയിട്ടില്ല. അല്ലറചില്ലറ ജോലിയ്ക്കു കിട്ടുന്ന ദിവസക്കൂലിയാണ് വരുമാനം. കൂടുതല്‍ പണം കിട്ടാനായി കടലില്‍ പോകണമെന്നു ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരും വിളിക്കാറുമില്ല. അതുകൊണ്ടുതന്നെ പോയി പരിചയവുമില്ല. എന്തായാലും കൊര്‍ദോബ ഉടനടി തയ്യാറായി.

പിറ്റേന്നുതന്നെ ഇരുവരും പുറപ്പെട്ടു. സ്‌കിഫ് എന്നുവിളിക്കുന്ന ഫൈബര്‍ഗ്ലാസ് തോണിയാണ് വാഹനം. ഏതാണ്ട്, ഏഴു മീറ്റര്‍ നീളം. മേല്‍ക്കൂരയൊന്നുമില്ല. പിന്നില്‍ പുറത്തു ഘടിപ്പിക്കുന്ന ഒരൊറ്റയന്ത്രം മാത്രം. മീന്‍പിടുത്തത്തിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ മാത്രം കരുതിയിട്ടുണ്ട്. അത്യാവശ്യത്തിനു വെള്ളം. അതല്പം ഗാലനുകള്‍ കാണും. രണ്ടു ദിവസത്തേക്കു രണ്ടാള്‍ക്കുള്ള ഭക്ഷണം. പിന്നെ വലിയൊരു ഐസ് പെട്ടിയും, രണ്ടു പ്ലാസ്റ്റിക് തൊട്ടികളും കുറച്ചു കുപ്പികളും. കരയില്‍നിന്ന് നൂറു കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിക്കാനായിരുന്നു പരിപാടി. ആ പരിസരത്താണ് സ്രാവുകള്‍ കൂട്ടത്തോടെ വസിക്കുന്നത്.

തോണിയിലെ ഐസ് പെട്ടി

ആദ്യദിവസം എല്ലാം സുഗമമായിപ്പോയി. കുറെ സ്രാവുകളേയും മറ്റു മത്സ്യങ്ങളെയും പിടിക്കാനും അവര്‍ക്കു കഴിഞ്ഞു. ചെറുതും ഇടത്തരവും വലിപ്പത്തിലുള്ളവ. കിട്ടിയ മീനുകളെല്ലാം ഐസ് പെട്ടിയിലേക്കാണു പോയത്. പെട്ടി നിറഞ്ഞതോടെ തിരിച്ചുപോകാനായി തീരുമാനം. അങ്ങനെ മികച്ചൊരു വേട്ടമുതലുമായി ഇരുവരും ആഹ്ലാദത്തോടെ മടക്കയാത്ര ആരംഭിച്ചു രണ്ടാം ദിവസം. അന്നേരമാണ് കാലാവസ്ഥ തീര്‍ത്തും അവിചാരിതമെന്നോണം മാറിമറിഞ്ഞത്. അതിഭീകരമായൊരു കൊടുങ്കാറ്റ് അവിടെ വീശിയടിക്കാന്‍ തുടങ്ങി. ശാന്തസമുദ്രത്തില്‍ നവംബര്‍ മാസമാവുമ്പോഴേക്കും കൊടുങ്കാറ്റുകള്‍ ശമിക്കാറാണ് പതിവ്. എങ്കിലും ഒറ്റയ്ക്കും തെറ്റയ്ക്കും ചിലതുണ്ടായിക്കൂടെന്നില്ല. ആല്‍വരംഗയുടെ തോണിയെ ആ പ്രചണ്ഡമാരുതന്‍ കശക്കിയെറിഞ്ഞത് അമ്പതു നോട്ട് വേഗതയിലായിരുന്നു. കെട്ടിടപ്പൊക്കത്തില്‍ തിരമാലകള്‍ ചുറ്റുമുയര്‍ന്നു. ആ ഒരൊറ്റ നിമിഷത്തില്‍ തോണിയുടെ യന്ത്രം നിശ്ചലവുമായി. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാനായി ആല്‍വരംഗ തന്നെ സ്വന്തമായി തയ്യാറാക്കിയെടുത്ത നങ്കൂരവും ചങ്ങലയും പറിച്ചെടുത്തുകൊണ്ടായിരുന്നു കാറ്റിന്റെ താണ്ഡവം. റേഡിയോയും, ജിപിഎസ്സും പ്രവര്‍ത്തിക്കാതായി. എല്ലാം അവസാനിച്ചപ്പോഴേക്കും എങ്ങും ഇരുട്ടുവീണിരുന്നു. കാറ്റിന്റെ ശക്തിയില്‍ ഉടലെടുത്ത ജലപ്രവാഹങ്ങളും പുതുവായുഗതികളും അദൃശ്യകരങ്ങളെന്നോണം ആ പാവം നൗകയെ പടിഞ്ഞാട്ടേക്കെവിടേയ്‌ക്കോ വലിച്ചുകൊണ്ടുപോയി. ശാന്തസമുദ്രത്തിന്റെ അഗാധവും അതിവിശാലവുമായ ശൂന്യതയിലേക്കാണവര്‍ എടുത്തെറിയപ്പെട്ടത്.

ആല്‍വരംഗയ്ക്കും സുഹൃത്തിനും ആദ്യം ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. എവിടെയാണെന്ന ബോധം പാടെ ഇല്ലാതായത് ഒരൊറ്റ രാത്രികൊണ്ടാണ്. പത്തൊമ്പതിനായിരം കിലോമീറ്റര്‍ വീതിയും ആറായിരത്തോളം മീറ്റര്‍ ആഴവുമുള്ള ഉത്തരശാന്തസമുദ്രത്തിലെവിടെയോ ആ കൊച്ചുതോണിയും രണ്ടു മീന്‍പിടുത്തക്കാരും പൊന്തിക്കിടന്നു.

ദിവസങ്ങള്‍ ആഴ്ചകളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. കടല്‍യാത്ര പരിചയമില്ലാതിരുന്ന കൊര്‍ദോബ ആകെ ഭയന്നു. സത്യത്തില്‍, ഭ്രാന്തനെപ്പോലെയായി എന്നു പറയുന്നതാവും ശരി. ആല്‍വരംഗ ആ പാവം ചെറുപ്പക്കാരന്റെ മനസ്സ് കെട്ടുപോകാതിരിക്കാന്‍ ആവതു ശ്രമിക്കുന്നുണ്ടായിരുന്നു. പാട്ടുകള്‍ പാടിയും, അതിജീവനകഥകള്‍ പറഞ്ഞുമെല്ലാം. കൈയ്യിലുള്ള ഭക്ഷണസാമഗ്രികള്‍ വീതംവെച്ചും സൂക്ഷിച്ചും മാത്രമാണവര്‍ ഉപയോഗിച്ചത്. പക്ഷെ, അതൊന്നും അധികനാള്‍ നീണ്ടുനില്ക്കുകയില്ലല്ലോ. പറ്റുമ്പോഴൊക്കെ അവര്‍ മീനുകളെ പിടിച്ചു. തോണിയില്‍ വല്ലപ്പോഴും വന്നിരുന്ന കടല്‍പ്പക്ഷികളെ പിടികൂടി ഇടയ്ക്ക് ഭക്ഷിച്ചു. അതിജീവനമായിരുന്നല്ലോ പരമപ്രധാനം. മഴവെള്ളം ടാര്‍പ്പലിന്‍ വിരിച്ചാണു ശേഖരിച്ചത്. എങ്കിലും വിശപ്പിനും ദാഹത്തിനും പൂര്‍ണശമനം ഒരിക്കലുമുണ്ടായില്ല. ഓരോ ദിവസം ചെല്ലുന്തോറും വെള്ളവില്ലായ്മ അവരെ കൂടുതല്‍ വലച്ചുകൊണ്ടിരുന്നു. ഒപ്പം പട്ടിണിയും. എന്നു തിരിച്ചെത്താനാവുമെന്ന ആശയും ഇല്ലാതായിത്തുടങ്ങി. എല്ലാം കൂടിച്ചേര്‍ന്നതോടെ, കൊര്‍ദോബ കൊടുംനിരാശയുടെ ആഴച്ചുഴിയിലേക്കു വീണു.

ആഴ്ചകള്‍ പിന്നേയും കഴിഞ്ഞു. പിറ്റേവര്‍ഷം മാര്‍ച്ചോ ഏപ്രിലോ മറ്റോ ആയപ്പോഴേക്കും കൊര്‍ദോബയുടെ ആരോഗ്യസ്ഥിതി പാടെ വഷളായി. ഭക്ഷണംപോലും കഴിക്കാന്‍ കൂട്ടാക്കാതായതാണ് ഏറ്റവും ഗുരുതരമായത്. ഇടയ്ക്കിടെ വിഭ്രാന്തിയുടേയും ഉന്മാദത്തിന്റേയും ലക്ഷണങ്ങള്‍ അയാള്‍ കാണിച്ചുതുടങ്ങി. താമസിയാതെ കൊര്‍ദോബ സംസാരിക്കാതേയുമായി. ഒരു ദിവസം രാവിലെയുണര്‍ന്നപ്പോള്‍ കൊര്‍ദോബയുടെ അനക്കമറ്റ ശരീരമാണ് ആല്‍വരംഗ കണ്ടത്. രാത്രിയിലെപ്പോഴോ മരണം സംഭവിച്ചിരിക്കുന്നു. അതോടെ വിഷാദവും അയാളെ പിടികൂടി. കനത്ത ഏകാന്തത ഒരന്ധകാരമേലാപ്പുപോലെ ചുറ്റും പൊതിഞ്ഞുനിന്നു. ആല്‍വരംഗ നേരിട്ട പരീക്ഷണങ്ങളിലെ ഏറ്റവും കറുത്ത അദ്ധ്യായം ആരംഭിക്കുകയായിരുന്നു.

ജൊനാഥന്‍ ഫ്രാങ്ക്‌ലിന്‍ എന്നയാളാണ് പിന്നീട് ആല്‍വരംഗയുടെ കഥ പുസ്തമാക്കിയത്. 438 ദിവസങ്ങള്‍ എന്ന പേരില്‍. ആല്‍വരംഗയുമായി നടത്തിയ അനവധി അഭിമുഖങ്ങളായിരുന്നു അതിനാധാരം. കൊര്‍ദോബ ജീവിച്ചിരിക്കുന്നു എന്നുതന്നെ സങ്കല്പിച്ച്, തുടര്‍ച്ചയായി അയാളോടു സംസാരിച്ചുകൊണ്ടായിരുന്നു ആ ശരീരം പുതപ്പിച്ചത് എന്നതില്‍ പറയുന്നു. പിന്നീട്, പട്ടിണിയുടെ മൂര്‍ദ്ധന്യത്തില്‍ ആ ശരീരത്തില്‍ നിന്നല്പം ഭക്ഷിക്കുകയും ചെയ്തു. ഉറപ്പായിട്ടും കൊര്‍ദോബയെ കൊന്നതു താനല്ല എന്നു പലതവണ ആല്‍വരംഗയ്ക്കു ആണയിടേണ്ടിവന്നിട്ടുണ്ട്. മരണം വന്നത് തീര്‍ച്ചയായും മറ്റൊരു വഴിക്കായിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന നിര്‍ജ്ജലീകരണം, ഹൃദയാഘാതം, പട്ടിണി ഇവയൊക്കെ അതിലേക്കു നയിച്ചിരിക്കാം.

ആല്‍വരംഗ തീര്‍ത്തും ഒറ്റയ്ക്കായി. മനസ്സിന്റെ താളം തെറ്റാതിരിക്കാന്‍ ചില പതിവുകള്‍ അയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഉറക്കെ തന്നോടുതന്നെ സംസാരിച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ ദൈവത്തോട്, അതുമല്ലെങ്കില്‍ സങ്കല്പത്തിലൊരു സുഹൃത്തിനോട്. കൊര്‍ദോബയുടെ ശരീരം അഴുകുന്നതുവരെ തോണിയില്‍തന്നെ ആല്‍വരംഗ സൂക്ഷിച്ചു, പറ്റാതായപ്പോഴാണ് കടലിലേക്കു തള്ളിയത്. ആമകള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയെ കൈകൊണ്ടുതന്നെ പിടിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. വെള്ളത്തിനുപകരം അവയുടെ രക്തം ഊറ്റിക്കുടിക്കുമായിരുന്നുവത്രെ. മൂത്രമൊഴിച്ചും ശേഖരിച്ചിരുന്നു. നിവൃത്തിയില്ലാത്ത ഘട്ടത്തിലതു കുടിക്കുകയും ചെയ്തു. തോണിയിലെങ്ങും ചെറുകടല്‍ജീവികള്‍ താമസമാക്കി. ചിലതിനെയൊക്കെ പിടിച്ചുതിന്നാനാവുന്നതിനാല്‍ ആല്‍വരംഗ അതിനെ പ്രോത്സാഹിപ്പിച്ചിരിക്കണം. താടിയും മുടിയുമെല്ലാം അതിനിടയില്‍ നീണ്ടുവലുതായി. തൊലി വിണ്ടുകീറുകയും പൊള്ളിപ്പോളയ്ക്കുകയും ചെയ്തു. പലസ്ഥലത്തും അതടര്‍ന്നും വീണു. എങ്കിലും കീഴടങ്ങാന്‍ തയ്യാറുണ്ടായിരുന്നില്ല അയാള്‍. ജീവിതം ഒരു മഹാദുരിതമെന്നോണം നീണ്ടുപോയി.

ശാന്തസമുദ്ര ജലപ്രവാഹങ്ങള്‍ അതിനിടയില്‍ ആല്‍വരംഗയേയും തോണിയേയുംകൊണ്ട് പതുക്കെപ്പതുക്കെ നീങ്ങുന്നുണ്ടായിരുന്നു. തീര്‍ച്ചയായും പതിനായിരത്തോളം കിലോമീറ്ററുകള്‍ അതു സഞ്ചരിച്ചിരിക്കണം. ഉത്തരഭൂമധ്യരേഖാ പ്രവാഹമായിരുന്നു ചാലകശക്തി. അന്താരാഷ്ട്രദിനരേഖ മുറിച്ചുകടന്നത് അയാളറിഞ്ഞതേയില്ല. ഋതുക്കള്‍ മാറിയതോ, സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും സ്ഥാനം മാറിവന്നുകൊണ്ടിരുന്നതോ ശ്രദ്ധിക്കാനാവുന്നുണ്ടായിരുന്നില്ല. ഓരോ ദിവസവും ജീവന്‍ എങ്ങനെയെങ്കിലും നിലനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍.

ഒടുവില്‍, 2014 ജനുവരി മുപ്പതാം തീയതി യാത്ര തുടങ്ങി 438 ദിവസങ്ങള്‍ക്കുശേഷം ആല്‍വരംഗയുടെ സ്‌കിഫ് തോണി പാതിതകര്‍ന്ന നിലയില്‍ മാര്‍ഷല്‍ ദ്വീപ്‌സമൂഹത്തിലെ ഒരു കൂട്ടം പവിഴപ്പുറ്റുകള്‍ക്കിടയിലുടക്കിനിന്നു. എബണ്‍ എന്ന ഏകാന്തദ്വീപിനു തൊട്ടടുത്ത് ആ സമയത്തയാള്‍ പൂര്‍ണനഗ്‌നനും അസ്ഥിപഞ്ജരമെന്നോണമൊരു പട്ടിണിക്കോലവുമായിരുന്നു. യാത്ര തുടങ്ങുമ്പോള്‍ നൂറിലധികം കിലോ തൂക്കമുണ്ടായിരുന്ന ആല്‍വരംഗയ്ക്കന്നേരം കഷ്ടി മുപ്പതു കിലോ തൂക്കം. അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ തൊട്ടടുത്ത തീരത്തേക്കയാള്‍ വേച്ചുവേച്ചു നീങ്ങി. അവിടെയെത്തിയതും ബോധരഹിതനായി വീഴുകയും ചെയ്തു. തദ്ദേശവാസികള്‍ കണ്ടുമുട്ടിയപ്പോള്‍ തിരിച്ചറിയാന്‍ പറ്റാത്ത മുറിസ്പാനിഷ് വാക്കുകളാണ് ആ വായില്‍നിന്നു ഒരു മന്ത്രമെന്നോണം ഉയര്‍ന്നിരുന്നത്. ഇളനീരുവെള്ളവും ഭക്ഷണവുമായിരുന്നു ആദ്യമായി നാട്ടുകാര്‍ ആല്‍വരംഗയ്ക്കു കൊടുത്തത്. പക്ഷേ, അങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുന്ന അവസ്ഥയിലായിരുന്നില്ല അയാള്‍. തുടര്‍ച്ചയായി ഛര്‍ദ്ദിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

ആധുനിക നാവികചരിത്രത്തില്‍ ഇത്രയും കാലം കടലില്‍ ഒറ്റയ്ക്കാദ്യമായി കഴിഞ്ഞയാളായിരുന്നു ആല്‍വരംഗ. അതുമൊരു ചെറുതോണിയില്‍. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ആ ശരീരത്തില്‍ തെളിഞ്ഞതാകട്ടെ, കടുത്ത പോഷകാഹാരമില്ലായ്മയും, വിളര്‍ച്ചയും, രക്തക്കുറവും. ചര്‍മരോഗങ്ങളും, നീരുവന്നുവീര്‍ത്ത കൈകാലുകളും, കൊടിയ മാനസികപ്രശ്‌നങ്ങളും.

തിരിച്ചെത്തിയ ശേഷം

പിന്നെയാണ് വിവാദങ്ങളുടെ തുടക്കം. കൊര്‍ദോബയുടെ കുടുംബം കേസുകൊടുത്തു. ആല്‍വരംഗ കൊലപാതകിയും നരഭോജിയുമാണെന്നായിരുന്നു ആരോപണം. നൂറുകണക്കിന് മണിക്കൂറൂകള്‍ നീണ്ട ശാസ്ത്രീയപരിശോധനകള്‍ക്കും, അഭിമുഖങ്ങള്‍ക്കും നുണപരിശോധനകള്‍ക്കും, ഫൊറന്‍സിക് പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ആല്‍വരംഗ കുറ്റക്കാരനല്ലെന്നു തീരുമാനിക്കപ്പെട്ടു.

വര്‍ഷങ്ങള്‍ക്കുശേഷം ആല്‍വരംഗ വീണ്ടും സ്വന്തം ഗ്രാമത്തിലെത്തി. നാലു മാസക്കാലം അയാള്‍ വെള്ളത്തെപ്പോലും ഭയന്നു എന്നാണ് പറയുന്നത്. ഒടുവില്‍ മീന്‍പിടുത്തം വീണ്ടുമാരംഭിച്ചു. കടലില്‍നിന്നു പൂര്‍ണമായും രക്ഷപ്പെടാന്‍ അയാള്‍ക്കാവുകയില്ലായിരുന്നു. കടലായിരുന്നല്ലോ അയാളുടെ എല്ലാം. പക്ഷെ, അയാള്‍ക്കുള്ളില്‍ നിറഞ്ഞുനിന്ന കൊടുംനിശ്ശബ്ദത മാറ്റിയെടുക്കാന്‍ ചുറ്റുമുള്ളവര്‍ക്കോ, വീട്ടുകാര്‍ക്കോ സാധിച്ചില്ല. എങ്കിലും, ആ അതിജീവനഗാഥ മനുഷ്യചരിത്രത്തിലെ അപൂര്‍വത്തില്‍ അപൂര്‍വമായ ഒന്നായിരുന്നു. അതില്‍ വീരനായകത്വമോ, ഉപകരണമികവോ ഒന്നുമില്ല. കടലിനാവരുത് അവസാനവാക്കെന്ന വെറും നിശ്ചയദാര്‍ഢ്യം മാത്രം. ശാന്തസമുദ്രം ആല്‍വരംഗയെ വിഴുങ്ങിയില്ല, അതയാളെ വീട്ടിലേക്കു തന്നെയാണ് എത്തിച്ചത്, പാടെ തകര്‍ത്തെങ്കിലും, ജീവനോടെത്തന്നെ.

Content Summary: Jose Salvador Alvarenga: an incredible struggle in a hopeless sea

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×