വെടിനിർത്തലിന് പിന്നാലെ ഗാസയിൽ അധികാരം പുനസ്ഥാപിക്കാനൊരുങ്ങി ഹമാസ്

വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ട നടപടികൾ തിങ്കളാഴ്ച പൂർത്തിയായി

Hamas

വെടിനിർത്തൽ കരാറിന് പിന്നാലെ പലസ്തീൻ പ്രദേശത്ത് വീണ്ടും അധികാരം റപ്പിക്കാനുള്ള ശ്രമത്തിൽ, ഗാസയുടെ വിവിധ ഭാഗങ്ങളിൽ സായുധ പോരാളികളെയും പൊലീസിനെയും വിന്യസിച്ച് ഹമാസ്.

തിങ്കളാഴ്ച രാവിലെ ഇസ്രയേൽ തടവുകാരെ മോചിപ്പിക്കുന്ന സമയത്ത് തെക്കൻ ഗാസയിലെ ഒരു ആശുപത്രിയിൽ ഹമാസ് സേനാംഗങ്ങൾ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗാസയിലെ മറ്റു ഭാഗങ്ങളിൽ വെടിവയ്പ്പുകളും വധശിക്ഷകളും നടന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഗാസയിലെ ഒരു പ്രാദേശിക കുടുംബവുമായി ഹമാസ് സായുധർ ഏറ്റുമുട്ടിയതായുള്ള വിവരങ്ങളും പുറത്തുവന്നു.

ഈ അക്രമങ്ങൾ നിലവിലുള്ള യുദ്ധവിരാമ കരാറിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കരാറിലെ പ്രധാന ഘടകമായ ഹമാസിന്റെ നിരായുധീകരണവുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഗാസയിൽ വിന്യസിക്കാനിരിക്കുന്ന പുതിയ പ്രാദേശിക സൈനിക സേനയ്ക്കും ഇത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗാസയുടെ ചില ഭാഗങ്ങളിൽ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഹമാസ് എതിരാളികൾക്കെതിരെ നീങ്ങുന്നു എന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഹമാസ് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആ​ഗ്രഹിക്കുകയാണെന്നും ഒരു നിശ്ചിത കാലയളവിലേക്ക് അവർക്ക് അധികാരം നൽകിയിട്ടുണ്ടെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറുപടി പറഞ്ഞതെന്ന് ദി ​ഗാർഡിയൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ട നടപടികൾ തിങ്കളാഴ്ച പൂർത്തിയായി. ഹമാസ് 20 ബന്ദികളെ മോചിപ്പിച്ചു. ഇസ്രയേൽ 2,000 തടവുകാരെയാണ് മോചിപ്പിച്ചത്. അതിൽ 250 പേർ ദീർഘകാല ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

ഞായറാഴ്ച മുതൽ നൂറുകണക്കിന് സഹായട്രക്കുകളും വ്യാപാരവസ്തുക്കളും ഗാസയിൽ പ്രവേശിച്ചതോടെ, അവിടെയുള്ള മാർക്കറ്റുകളിലെ വിലകൾ കുത്തനെ താഴ്ന്നതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ ഗാസയിലെ ചില പ്രദേശങ്ങളിൽ കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇസ്രയേൽ പ്രതിരോധ സേന (IDF) ഇതിനകം പുതിയ സ്ഥാനങ്ങളിലേക്ക് പിൻവാങ്ങിയിട്ടുണ്ട്.

Content Summary: Armed Hamas fighters and police units spread across Gaza as the group moves to reestablish control

This post was last modified on October 14, 2025 8:28 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment