വികസനത്തിന്റെ വാഗ്ദാനങ്ങളുമായി ആരംഭിച്ച അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിലെ ഉയരപാത നിർമ്മാണം പ്രദേശവാസികൾക്ക് സമ്മാനിച്ചിരിക്കുന്നത് ദുരിതങ്ങളുടെ ഒരു നീണ്ട പരമ്പരയാണ്. നിർമ്മാണത്തിന്റെ ഭാഗമായുള്ള സുരക്ഷാ വീഴ്ചകളും അശാസ്ത്രീയമായ നിർമ്മാണ രീതികളും കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ഭയത്തോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാരെ നിരന്തരം അപകടങ്ങളിലേക്ക് തള്ളിവിടുകയാണ്. “ഈ വഴി നടന്നുപോകുന്നത് തന്നെ വളരെ ഭയത്തോടെയാണ്,” എന്ന് പ്രദേശവാസി ലളിത പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ചെളി നിറഞ്ഞ റോഡിലൂടെ നടക്കാൻ പോലും കഴിയുന്നില്ല. “ചെരുപ്പ് തെന്നി രണ്ട് തവണ ഞാൻ വീണു. ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഈ പദ്ധതി ഒരു പ്രയോജനവും നൽകുന്നില്ല. ഇത് വെറുതെ മനുഷ്യനെ മെനക്കെടുത്തുന്ന പരിപാടിയാണ്,” അവർ കൂട്ടിച്ചേർത്തു.
മഴ പെയ്യുമ്പോൾ ചെളിക്കെട്ടായും, അല്ലാത്തപ്പോൾ പൊടിയായും റോഡ് മാറുന്നു. അടുത്തിടെ സ്കൂട്ടറിൽ നിന്ന് വീണ ഒരു പെൺകുട്ടിയുടെ കാര്യം പരാതിപ്പെട്ടപ്പോൾ, “ഒരു ജെസിബി ചെളി കൊണ്ടുവന്ന് ഇവിടെ കമിഴ്ത്തുക മാത്രമാണ് ചെയ്തത്,” എന്ന് ലോട്ടറി വിൽപനക്കാരനായ ഉണ്ണി സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, കെഎസ്ആർടിസി ഇടിച്ച് ആറ് സ്ത്രീകൾക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്ന സംഭവവും ഉണ്ടായി. അപകടം സംഭവിച്ചിട്ടും അവരെ ആശുപത്രിയിലെത്തിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു. രാത്രികാലങ്ങളിൽ ആവശ്യമായ വെളിച്ചമോ സുരക്ഷാ നിർദ്ദേശങ്ങൾ നൽകാൻ ആളുകളോ ഇല്ലാത്തത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഒരു ദിവസം ഉടുക്കുന്ന ഉടുപ്പ് പിറ്റേന്ന് ഇടാൻ പറ്റില്ല. വൈകിട്ട് ആവുമ്പോഴേക്കും മുഴുവൻ പൊടിയായിട്ടുണ്ടാവും. റോഡിൽ കുഴി വന്ന ഭാഗം നികത്താതെ മണ്ണു കൊണ്ടുവന്ന് ഇടുകയാണ് ഇവരുടെ പ്രധാന പണി. ഈ സമയത്ത് മഴക്കൂടി പെയ്താൽ പിന്നെ തീർന്നു. പോകുന്ന വണ്ടികളെല്ലാം ദേഹത്തേക്ക് വെള്ളം തെറിപ്പിക്കും. ആളുകളെ ദുരിതത്തിലാക്കി വികസനം കൊണ്ടുവരുന്നത് കേരളത്തിന്റെ സ്വഭാവമായി തീർന്നിരിക്കയാണ്. ഈ പ്രദേശത്ത് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാൻ പോലും ആളുകൾക്ക് കഴിയുന്നില്ലെന്നും ഉണ്ണി വ്യക്തമാക്കി.
തുടർച്ചയായ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം പ്രദേശമാകെ പൊടിമൂടിയിരിക്കുകയാണ്. സ്ഥിരമായി മാസ്‌ക് ധരിക്കാതെ ഈ വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. എറണാകുളത്തെ ഒരു സ്കൂളിൽ അധ്യാപികയായ രേഷ്മയുടെ വാക്കുകൾ ഈ ദുരിതത്തിന്റെ ആഴം വ്യക്തമാക്കുന്നു. “ആശുപത്രിയിൽ പോയിട്ട് വരുന്ന വഴിയാണ്. ഈ പൊടി മുഴുവൻ ശ്വസിച്ച് ശ്വാസംമുട്ടലാണ്. അരൂർ മുതൽ തുടങ്ങുന്ന ബ്ലോക്ക് തുറവൂർ വരെ നിൽക്കും.”
‘ആശുപത്രിയിൽ പോയിട്ട് വരുന്ന വഴിയാണ്. ഈ പൊടി മുഴുവൻ ശ്വസിച്ച് ശ്വാസംമുട്ടലാണ്. വീട്ടിൽ നിന്ന് കടയിൽ പോകണമെങ്കിൽ പോലും മാസ്ക് വയ്ക്കേണ്ടുന്ന അവസ്ഥയാണ്. മാസ്ക് ജീവിതത്തിന്റെ ഭാഗമായത് പോലെയാണ്. ഈ വഴി യാത്ര ചെയ്യുമ്പോൾ കെമിക്കലുകൾ താഴെ ദേഹത്ത് വീണുണ്ടാവുന്ന പ്രശ്നങ്ങൾ വേറെയും’. രേഷ്മ വ്യക്തമാക്കുന്നു.
റോഡരികിലെ വീടുകളുടെ അകത്ത് പോലും പൊടി ശല്യം രൂക്ഷമാണ്. “ഈ റോഡുസൈഡിലുള്ള ഒരു പെരേടേം അകത്ത് പോലും ഇരിക്കാൻ പറ്റൂലാത്ത അത്രയും പൊടിയാണ്,” ലളിത പറയുന്നു. സ്കൂളിൽ സമയത്തിന് എത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് രേഷ്മയടക്കമുള്ള യാത്രക്കാർ. മാസ്‌ക് ജീവിതത്തിന്റെ ഭാഗമായി ഇപ്പോൾ. കൂടാതെ, വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളിയും, നിർമ്മാണത്തിന്റെ ഭാഗമായി ദേഹത്ത് വീഴുന്ന രാസവസ്തുക്കളും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഉയരപാത നിർമ്മാണ സ്ഥലത്തുണ്ടായ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞ സംഭവങ്ങൾ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നു. “ഒരു ജീവനല്ലേ പോയത്. അത് അവരല്ലേ ശ്രദ്ധിക്കേണ്ടത്. ഉപജീവനത്തിന് വേണ്ടി ഓടുന്ന ഒരു സാധാരണക്കാരന്റെ ജീവനാണ് ഇക്കഴിഞ്ഞ ദിവസം പൊലിഞ്ഞത്, ഞാൻ ഇവിടെ അടുത്തൊരു വീട്ടിൽ പണി പോണതാണ്. ഞങ്ങൾക്കൊക്കെ എന്തേലും പറ്റിയാൽ നോക്കാൻ പോലും ആളില്ല. ” ലളിതയുടെ ചോദ്യം അധികാരികളുടെ ശ്രദ്ധയില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കാൽനടയാത്രക്കാർക്ക് നടക്കാൻ ഒരു നടപ്പാത പോലുമില്ലാത്ത അവസ്ഥയാണ്. നിലവിലുള്ള കുഴികൾ നികത്താതെ മണ്ണും ചെളിയും കൊണ്ടുവന്നിട്ട് നിർമ്മാണം തുടരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. “ഇതിനെ വികസനമായി കാണണ്ട. ഓരോരുത്തരുടെ പോക്കറ്റ് വീർക്കാനുള്ള പദ്ധതി മാത്രമാണിത്,” എന്ന് രോഷത്തോടെ പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
ജനങ്ങളെ ദുരിതത്തിലാക്കിക്കൊണ്ടുള്ള വികസനമല്ല വേണ്ടതെന്നും, ജീവൻ ബലികൊടുത്ത് നടപ്പാക്കുന്ന ഈ ‘ആകാശപാത’ ആർക്കുവേണ്ടിയാണെന്നും സാധാരണക്കാർ ചോദിക്കുന്നു. ഈ നിർമ്മാണത്തിന്റെ പേരിൽ ഇനിയും ചോര വീഴ്ത്താനാണോ അധികൃതരുടെ ലക്ഷ്യമെന്ന ചോദ്യം ഉയരുമ്പോൾ, അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കി ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണേണ്ടത് അനിവാര്യമായിരിക്കുന്നു.
content summary: The construction of the Aroor–Thuravoor elevated highway on NH-66 has created a dust nuisance for residents and is causing health problems