UPDATES

വിദേശം

ബംഗ്ലാദേശ് വീണ്ടും കത്തുന്നു, 100 ന് അടുത്ത് മരണം

പ്രധാനമന്ത്രിയുടെ രാജി ആവശ്യം

                       

പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ നൂറിനടുത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

ബംഗ്ലാദേശിലെ മുന്‍നിര പത്രമായ പ്രോതോം ആലോ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഞായറാഴ്ച്ച 95 പേര്‍ ആകെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 14 പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും പത്രം പറയുന്നു. ചാനല്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നത് 85 മരണമാണ്.

തലസ്ഥാനമായ ധാക്കയില്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം സൈന്യം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് നിരോധനാജ്ഞ നിലവില്‍ വന്നത്. അനിശ്ചിത കാലത്തേക്കുള്ള പ്രഖ്യാപനമാണ്.

സര്‍ക്കാര്‍ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉണ്ടായ കലാപത്തിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് വീണ്ടും ബംഗ്ലാദേശ് പ്രക്ഷുബ്ദമായിരിക്കുന്നത്. സംവരണ വിരുദ്ധ പ്രക്ഷോഭത്തില്‍ ഏകദേശം 200 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വിധ്വംസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വിദ്യാര്‍ത്ഥികളല്ലെന്നും ക്രിമിനലുകളാണെന്നുമാണ് പ്രധാനമന്ത്രി ഹസീന ആരോപിച്ചത്. ഇത്തരം അക്രമങ്ങള്‍ ജനം കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും അവര്‍ തങ്ങളുടെ ഇരുമ്പ് മുഷ്ടി കൊണ്ട് അക്രമികളെ നേരിടുമെന്നും പ്രധാനമന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധത്തിനു പിന്നില്‍ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ് ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി ആരോപിക്കുന്നത്.

നിലവിലെ സാഹര്യത്തില്‍ ഞായറാഴ്ച്ച മുതല്‍ ബുധനാഴ്ച്ചവരെ രാജ്യത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോടതികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, മറ്റ് മെസേജിങ് ആപ്പുകള്‍ എന്നിവയ്‌ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമീപ ആഴ്ച്ചകളിലായി രാജ്യത്ത് 11,000 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്കായി പൂട്ടിയിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുന്നവര്‍ക്കെതിരേ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ് ഇട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

പ്രതിഷേധക്കാര്‍ ഞായറാഴ്ച്ച ധാക്കയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു ജയില്‍ വാന്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെയും കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെയും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളും അവാമി ലീഗിന്റെ ഓഫീസികളും കത്തിച്ചിട്ടുണ്ട്. കലാപത്തിനിറങ്ങിയവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടെന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

ഛത്തോഗ്രാം, ബോഗുര, മഗുര, റംഗ്പുര്‍, കിഷോരിഗഞ്ച്, സിറാജ്ഗഞ്ച് തുടങ്ങി നിരവധി നഗരങ്ങളില്‍ കലാപം ബാധിച്ചിട്ടുണ്ടെന്നാണ് ജമുന ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധക്കാരുടെ പിന്നില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. അതേസമയം പ്രതിഷേധക്കാരെ നേരിടുന്ന പൊലീസിന് ഒപ്പം ഭരണകക്ഷിയായ അവാമി ലീഗും അവരുടെ അനുബന്ധ ഘടകങ്ങളും തെരുവിലിറങ്ങിയിട്ടുണ്ട്.

ബംഗ്ലാദേശ് സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സവരണം ഏര്‍പ്പെടുത്തിയ തീരുമാനം പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ഇത്തരമൊരു നിയമം നേരത്തെ നിലവില്‍ ഉണ്ടായിരുന്നുവെങ്കിലും നാല് മാസത്തോളം നീണ്ട് നിന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി 2018 ല്‍ സംവരണം റദ്ദാക്കിയിരുന്നു. ഇതേ നിയമം വീണ്ടും പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടതാണ് രാജ്യം വീണ്ടുമൊരു കലാപത്തിലേക്ക്് പോകാന്‍ കാരണമായത്. ഈ തീയാണ് ഇപ്പോഴും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നത്.  around hundred of people killed in bangladesh as protesters renew call for pm to quit

Content Summary; around hundred of people killed in bangladesh as protesters renew call for pm to quit

 

Share on

മറ്റുവാര്‍ത്തകള്‍