കാശ്മീരിനെ വെട്ടിപിടിച്ചത് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ താല്പര്യത്തിനനുസരിച്ചാണെന്നും അതിന് പിന്നില്‍ സാമ്പത്തികതാല്‍പര്യം മാത്രമാണെന്നും സാമൂഹ്യപ്രവര്‍ത്തക കെ അജിത. കനകക്കുന്നില്‍ ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും ചേര്‍ന്ന് നടത്തുന്ന സ്പേസസ് ഫെസ്റ്റില്‍ ‘നഷ്ട്ടപ്പെട്ട ഇടങ്ങള്‍ നഷ്ട്ടപ്പെട്ട ജീവിതങ്ങള്‍’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ചെറുപ്പകാലത്തൊന്നും മിശ്രവിവാഹം ഇത്രവലിയ പ്രശ്നങ്ങളായിരുന്നില്ല. നിരന്തരപോരാട്ടങ്ങളിലൂടെ മാത്രമെ സാമൂഹ്യമാറ്റം സാധ്യമാകുകയുള്ളു. അതിനാല്‍ പോരാട്ടമാകണം മുദ്രാവാക്യം. അജിത കൂട്ടിച്ചേര്‍ത്തു.
താഴെ തട്ടിലുള്ള മനുഷ്യന്‍ ഒരിക്കലും അറിവുകൊണ്ട് ശക്തിപ്പെടരുത് എന്ന കരുതുന്നവരാണ് ഓരോ അധികാര വര്‍ഗ്ഗവുമെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ചങ്കുറപ്പുള്ള സ്ത്രീകള്‍ നടത്തിയ സമരങ്ങളാണ് പല മാറ്റങ്ങള്‍ക്കും വഴിവെച്ചത്. കഴിഞ്ഞ എഴുപത്തിമൂന്നു വര്ഷങ്ങളിലായി ഇന്ത്യ ജീവിച്ചുതീര്‍ത്ത സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ലെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
ബുധിനി എന്ന നോവലെഴുതാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് സാറാ ജോസഫ് വിവരിച്ചപ്പോള്‍ ഈ നോവല്‍ ഇന്ത്യയുടെ ചരിത്രത്തെ വീണ്ടെടുക്കുന്നതും, ഇന്ത്യ എന്തെന്ന് കാണിച്ച തരുന്നതുമാണെന്ന് സി എസ് ചന്ദ്രിക പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ മാത്രമേ അവശേഷിക്കുന്ന ജനാധിപത്യ ഇടങ്ങളെ എങ്കിലും നഷ്ടപ്പെടാതെ സംരക്ഷിക്കാനാവു എന്നും സി എസ് ചന്ദ്രിക സെഷന്‍ കൂട്ടിച്ചേര്‍ത്തു .
ചടങ്ങില്‍ കെ അജിതയുടെ ‘ഓര്‍മയിലെ ഈ നാളങ്ങള്‍’ എന്ന പുസ്തകം സാറാ ജോസഫിന് നല്‍കി പ്രകാശനം ചെയ്തു.