June 04, 2026 |
Share on

‘മുസ്ലീമായ എനിക്ക് മാർപാപ്പ പ്രചോദനമായിരുന്നു’ ; ഫ്രാൻസിസ് മാർപാപ്പക്ക് ആദരാഞ്ജലിയർപ്പിച്ച് ലോകം

മതനേതാക്കൾ എങ്ങനെയായിരിക്കണമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മാർപാപ്പ

ഏപ്രിൽ 20, ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഈസ്റ്റർ ദിനത്തിലാണ് അവസാനമായി പോപ്പ് ഫ്രാൻസിസ് പൊതുവേദിയിലെത്തിയത്. ​ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു ഈസ്റ്റർ ദിനത്തിലെ പോപ്പിന്റെ സന്ദേശം. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. കത്തോലിക്ക സഭയുടെ തലവനായിരുന്ന അദ്ദേഹം സഭക്കുള്ളിലും പുറത്തുമുള്ളവരുടെ അവകാശങ്ങൾക്കായി എന്നും സംസാരിച്ചിരുന്നു.

ലോകമെമ്പാടുമുള്ള മനുഷ്യർ മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിക്കുകയും ഒപ്പം മാർപാപ്പ അവർക്ക് എങ്ങനെയാണ് പ്രചോദനമായതെന്ന് പറയുകയും ചെയ്യുന്നതായി ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കത്തോലിക്കാ വിശ്വാസിയായ തനിക്ക് ഫ്രാൻസിസ് മാർപാപ്പ വലിയ പ്രചോദനമായിരുന്നുവെന്നും ലെസ്ബോസിലെ അഭയാർത്ഥികളെ സന്ദർശിച്ചതിലൂടെ അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്ന് മനസിലാക്കാൻ സാധിച്ചുവെന്നും സഫോക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ അമാൻഡ പറഞ്ഞതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സഭയുടെ യാഥാസ്ഥിതിക ചിന്തകളെ വെല്ലുവിളിക്കാൻ പോപ് ഫ്രാൻസിസിന് ധൈര്യമുണ്ടായിരുന്നു. തനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളെ നഷ്ടപ്പെട്ടതുപോലെയാണ് തോന്നുന്നതെന്നും അമാൻഡ പറഞ്ഞു.

2013ൽ ജോർജ് ബെർഗോഗ്ലിയോ പോപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോൾ തടിച്ചു കൂടിയ ജനം മതവിശ്വാസിയല്ലാത്ത തന്നെ പോലും അമ്പരപ്പിക്കുന്നതായിരുന്നുവെന്നാണ് ​ഗ്ലാസ്​ഗോ സർവ്വകലാശാലയിലെ അധ്യാപകനായ മായ ഫീൽ ടോംസ് പറയുന്നത്. അത് തനിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നുവെന്നും മായ ഫീൽ ടോംസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

താനൊരു മുസ്ലീമാണെന്നും ഫ്രാൻസിസ് മാർപാപ്പയാണ് തന്റെ പ്രചോദനമെന്നും അഭിഭാഷകനായ എനേസ പറയുന്നു. മതനേതാക്കൾ എങ്ങനെയായിരിക്കണമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മാർപാപ്പയെന്നും ഇന്ന് അദ്ദേഹത്തെ പോലുള്ള നേതാക്കൾ ഇല്ലെന്നും എനേസ പറഞ്ഞു.

മാർപാപ്പയുടെ പുരോ​ഗമന ചിന്തകളെക്കുറിച്ചും ചിലർ അഭിപ്രായങ്ങൾ പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു. ​ഗാസയിലെ ജനങ്ങളെ പിന്തുണക്കുന്ന നിലപാടായിരുന്നു മാർപാപ്പയുടേത്. എൽജിബിടിക്യു സമൂഹത്തിൽ ഉൾപ്പെടുന്ന ഒരാളാണ് ഞാൻ. സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് പൂർണതയുള്ളതായിരുന്നില്ല. എന്നാൽ, ഞങ്ങളെക്കൂടി ഉൾക്കൊള്ളുന്ന ഒരു സഭയെക്കുറിച്ചുള്ള പ്രതീക്ഷ മാർപാപ്പ നൽകിയിരുന്നുവെന്ന് ലണ്ടൺ സ്വദേശിയായ ലിഡിയ ​ഗാർഡിയനോട് പറഞ്ഞു.

ദയയുള്ള എപ്പോഴും എളിമയോട് കൂടി സംസാരിച്ചിരുന്ന പോപ്പിനെ നിരീശ്വരവാദിയായ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അധ്യാപികയായ മരിയ ലോബാവോ പറഞ്ഞു. ഫുട്ബോളിനെപ്പോലും അദ്ദേഹം സ്നേഹിച്ചിരുന്നുവെന്നും മരിയ ലോബാവോ പറഞ്ഞു.

ആഫ്രിക്കയിലേക്കും ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ദുരവസ്ഥയിലേക്കും ശ്രദ്ധ ആകർഷിച്ചതിന് ഞാൻ മാർപാപ്പയോട് നന്ദി പറയുന്നു. എത്യോപ്യയിൽ നിന്ന് ഒരു കർദ്ദിനാളിനെ നിയമിച്ചതിനും ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു, മനുഷ്യാവകാശ അഭിഭാഷകയായ തരികുവ ഗെറ്റാഷെവ് പോപ്പ് ഫ്രാൻസിസിനെക്കുറിച്ച് പറഞ്ഞു.

ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Content Summary: ‘As a Muslim Pope was an inspiration to me’; The world pays tribute to Pope Francis

Leave a Reply

Your email address will not be published. Required fields are marked *

×