ഒമ്പതാം വയസ്സില്‍ അച്ഛന്‍ മരിച്ച കുട്ടിയുടെ അനാഥത്വത്തില്‍ നിന്നാണ് ഇന്ത്യയുടെ കവാടനഗരത്തിലെ ഉള്‍നാടന്‍ പ്രദേശത്ത് നിന്ന് ലോകത്തെ കീഴടക്കിയ ഇതിഹാസ ഗായികയായി ആശ ഭോസ്ലെ ഉയര്‍ന്നുവന്നത്. ഗായകനായ ദീനാനാഥ് മങ്കേഷ്‌കര്‍ എന്ന പിതാവിന് തന്റെ രണ്ടു പെണ്‍മക്കള്‍ – ലതയും ആശയും – ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനനഭസ്സിലെ തിളക്കമാര്‍ന്ന താരോദയങ്ങളായത് കാണാനുള്ള ഭാഗ്യമുണ്ടായില്ല. മറാത്തി സിനിമയില്‍ പാടിത്തുടങ്ങിയ ലതാ മങ്കേഷ്‌കര്‍ക്ക് ആദ്യപ്രതിഫലമായി തന്റെ കൈയില്‍ നിന്ന് മൂന്നു രൂപ നല്‍കിയപ്പോള്‍ ആ കുട്ടി ആഹ്ലാദം കൊണ്ട് പൊട്ടിക്കരഞ്ഞ അനുഭവം പ്രസിദ്ധ സംഗീതജ്ഞന്‍ നൗഷാദ് അനുസ്മരിക്കുന്നുണ്ട്.
ലതയുടെ ഒപ്പമോ ഒരു വേള ലതയെക്കാള്‍ മുന്നിലോ എത്തിയ ശബ്ദസൗഭഗത്തിനുടമയായിരുന്നു ആശ. ആശാ മങ്കേഷ്‌ക്കര്‍ എന്ന കൊച്ചുഗായികയെ കണ്ടെത്തിയതില്‍ ഷംഷാദ് ബീഗം, ഗീതാ ദത്ത്, സുരയ്യ എന്നിവരുടെ പങ്ക് എടുത്ത് പറയേണ്ടതുണ്ട്. ബോളിവുഡിലെ അക്കാലത്തെ പല നായികമാര്‍ക്കുവേണ്ടിയും ലതയോടൊപ്പം ആശയും പാടി. ലത മങ്കേഷ്‌കര്‍ ഹിന്ദി സിനിമയുടെ ഒഴിവാക്കാനാകാത്ത സ്വരമാധുര്യത്തിനുടമയായി മാറുകയായിരുന്നു. ഇതിനിടയിലായിരുന്നു ലതയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഗണപത്റാവു ഭോസ്ലെ എന്ന മുപ്പത്തൊന്നുകാരനോടൊപ്പം പതിനാറുകാരിയായ ആശ ഒളിച്ചോടുന്നതും പിന്നീട് വിവാഹിതരാകുന്നതും. ലത മങ്കേഷ്‌കറുടെ ജീവിതത്തില്‍ വലിയ ആഘാതമായി മാറി ഈ സംഭവം. അന്ന് തുടങ്ങിയ പിണക്കം മഹാഗായികമാരായ ഈ സഹോദരിമാരുടെ ജീവിതത്തില്‍ അവസാനം ഏറെക്കാലം അപശ്രുതിയുണ്ടാക്കി. ലത മങ്കേഷ്‌ക്കര്‍ നാലു വര്‍ഷം മുമ്പ് മരണത്തിന് കീഴടങ്ങുമ്പോഴും അനിയത്തിയോടുള്ള അമര്‍ഷത്തിന്റെ കനല്‍ പൂര്‍ണമായും അണഞ്ഞിരുന്നില്ല. പ്രതിഭാശാലികളായ ഈ സംഗീത സഹോദരിമാര്‍ക്കിടയിലെ പ്രൊഫഷണല്‍ ജെലസ് ആയും ഈ പിണക്കത്തെ മുംബൈയിലെ ചലച്ചിത്രപണ്ഡിറ്റുകള്‍ വിശേഷിപ്പിച്ചിരുന്നു.

ആശയുടെ ഈ വിവാഹം അക്ഷരാര്‍ഥത്തില്‍ ആ കുടുംബത്തിലെ ദുസ്വപ്നമായി അവശേഷിച്ചു. ഉജ്വലമായ തന്റെ കരിയറിനെക്കൂടി താളപ്പൊരുത്തമില്ലാത്ത ആ ദാമ്പത്യം പ്രതികൂലമായി ബാധിച്ചുവെന്ന് ആശ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. പുറംലോകത്ത് തന്റെ പാട്ട് പ്രതിഭയുമായി അലഞ്ഞ ആശയെ ഈ രംഗത്തേക്ക് വീണ്ടും കൈ പിടിച്ചുയര്‍ത്തുന്നതില്‍ പലരും തുണയായി. അത്രമേല്‍ ശബ്ദസൗകുമാര്യത്തിനുടമയായിരുന്നു അവരെന്ന തിരിച്ചറിവ് ഹിന്ദി സിനിമാലോകത്തെ സംഗീതജ്ഞര്‍ക്കും മറ്റ് പിന്നണി പ്രവര്‍ത്തകര്‍ക്കുമുണ്ടായിരുന്നു. ബിമല്‍ റോയ്, രാജ് കപൂര്‍ (ബൂട്ട് പോളിഷ് എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങളുടെ പിറവി ആരും മറന്നിട്ടുണ്ടാവില്ല- മുഹമ്മദ് റഫിയോടൊപ്പമുള്ള ആശാ ഭോസ്ലെയുടെ നന്‍ഹേ മുന്നെ ബച്ചേ ഏറെക്കാലം സംഗീതാസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനിന്നു), ബി.ആര്‍. ചോപ്ര, ഒ.പി നയ്യാര്‍ എന്നിവരുടെ പിന്തുണ ആശാ ഭോസ്ലെയെ പ്രശസ്തിയിലേക്കുയര്‍ത്തി. അമ്പതുകളുടെ അവസാനമാകുമ്പോഴേക്കും ആശാ ഭോസ്ലെ പ്രതിവര്‍ഷം അമ്പത് ഗാനങ്ങളിലേറെ ആലപിച്ചു. 1960 ല്‍ ദാമ്പത്യം അവസാനിപ്പിച്ച് തന്റെ മൂന്നുമക്കളേയും കൊണ്ട് ആശ കുടുംബത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ ഈ പുന:സമാഗമത്തിലും വിള്ളലുകള്‍ വീണുതുടങ്ങി. ഒ.പി നയ്യാറുമായുള്ള ആശയുടെ ബന്ധമായിരുന്നു പുതിയ പ്രതിസന്ധിയ്ക്ക് ഇടയായത്. നയ്യാറും ലതയും പിണങ്ങി. ആശയാകട്ടെ, നയ്യാറുമൊത്ത് ലിവിംഗ്ടുഗദര്‍ ജീവിതമാരംഭിച്ചു.
പക്ഷേ വ്യക്തിജീവിതത്തില്‍ ഇത്തരം താളപ്പിഴകള്‍ സംഭവിക്കുമ്പോഴും ആശയ്ക്ക് നിരവധി സിനിമകള്‍ ലഭിച്ചു, പല പാട്ടുകളും വന്‍ഹിറ്റുകളായി. ഹൗറാ ബ്രിഡ്ജ് എന്ന ചിത്രത്തിലെ ആയിയേ മെഹര്‍ബാന്‍, ജായേ ആപ് കഹാം ജായേംഗേ (മേരേ സനം), ആവോ ഹുസൂര്‍ തുംകോ ( കിസ്മത്ത്) തുടങ്ങിയ ഗാനങ്ങള്‍ ആശാ ഭോസ്ലെയേയും ഈ വേഷങ്ങളില്‍ അഭിനയം തകര്‍ത്ത മധുബാല, മുംതാസ് തുടങ്ങിയ നടിമാരേയും ആഗോളപ്രസിദ്ധിയിലേക്കുയര്‍ത്തി.

എഴുപതുകളായപ്പോഴേക്കും ആശയുടേയും നയ്യാറിന്റേയും ദാമ്പത്യവും തകര്‍ന്നു. മുന്നൂറിലധികം പാട്ടുകള്‍ ഈ കാലഘട്ടത്തിനിടയ്ക്ക് ഇരുവരുടേയും ക്രെഡിറ്റിലുണ്ടായിരുന്നുവെങ്കിലും ഇരുവരുടേയും ജീവിതത്തില്‍ ശ്രുതിഭംഗം നേരിട്ടു. ഒറ്റപ്പെടലിന്റെ വിഷാദത്തിലേക്ക് ആശ മാറുകയായിരുന്നു. 1971 ല്‍ ആശയുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവന്നത് പിയാ തൂ എന്ന പോപ്പുലര്‍ ഗാനത്തിന്റെ രൂപത്തിലാണ്. തുടര്‍ന്ന് ഏറെ പ്രസിദ്ധമായ പുതുതലമുറഗാനം – ദംമറോ ദം – ആശ പാടി. തലമുറ അതേറ്റുപാടി. ആടിത്തിമര്‍ത്തു. ഹരേ രാമ ഹരേ കൃഷ്ണ എന്ന സിനിമയെ ജനകീയമാക്കുന്നതില്‍ ഈ പാട്ടിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ബോളിവുഡില്‍ പുതുയുഗം തുറന്ന ഈ സിനിമയിലെ പാട്ട് ചിട്ടപ്പെടുത്തിയ ആര്‍.ഡി ബര്‍മന്‍ ആശ ഭോസ്ലെയുടെ ജീവിതപങ്കാളിയായി മാറി. തീസ്രി മന്‍സില്‍ എന്ന സിനിമയിലെ ഓ ഹസീനാ സുല്‍ഫോല്‍വാലി എന്ന ഹിറ്റ്പാട്ട് ഈ പുതിയ കൂട്ടുകെട്ടില്‍ പിറവിയെടുത്തതായിരുന്നു.
ആശ ഭോസ്ലെയുടെ ജീവിതത്തില്‍ വീണ്ടും അപസ്വരങ്ങളുയര്‍ന്നു. മദ്യപാനത്തിനടിമയായിരുന്ന ആര്‍.ഡി ബര്‍മനുമായി വേര്‍പിരിഞ്ഞ ആശ പക്ഷേ 1994 ല്‍ ബര്‍മന്‍ വിടവാങ്ങും വരെ അദ്ദേഹത്തിന്റെ സംഗീതോപകരണത്തിലെ റിഥം തെറ്റിക്കാതെ തന്റെ സത്യസന്ധമായ കലാപ്രതിബദ്ധത തെളിയിച്ചു.1981 ല്‍ ഉംറാഓ ജാനിലെ ‘ഇന്‍ ആംഖോംകി മസ്തി ‘ എന്ന ആശ പാടിയ ഗാനം സംവിധായകന്‍ മുസഫര്‍ അലിയേയും നായിക രേഖയേയും പ്രശസ്തിയുടെ ഉയരങ്ങളിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ആവോ ഹുസൂര്‍ തുംകോ, മേരോ കുഛ് സമാന്‍ ( ഇജാസത്ത്), ചുരാ ലിയാ, ദംമറോദം തുടങ്ങിയ അനശ്വരഗാനങ്ങള്‍ ആശ ഭോസ്ലെ എന്ന ഗായികയെ ഇന്ത്യന്‍ സംഗീതചരിത്രത്തില്‍ അടയാളപ്പെടുത്തി.

രണ്ടു ഡസന്‍ ഭാഷകളിലായി പന്ത്രണ്ടായിരം പാട്ടുകള്‍, അവയില്‍ ചലച്ചിത്രഗാനങ്ങള്‍, പോപ്- ഗസല്‍, ഭജന്‍-ഇവയെല്ലാം കലയുടെ പൊന്‍തൂവലുകളായി ആശ ഭോസ്ലെയുടെ ജീവിതത്തില്‍ കാലാതിശായിയായി പ്രശോഭിച്ചു നില്‍ക്കും – അവര്‍ വിടവാങ്ങിയെങ്കിലും. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മവിഭൂഷണ്‍ പുരസ്‌കാരം, ഏറ്റവുമധികം പാട്ടുകള്‍ റെക്കാര്‍ഡ് ചെയ്തതിനുള്ള ഗിന്നസ് ലോകറെക്കാര്‍ഡ് എന്നീ അസംഖ്യം അംഗീകാരങ്ങള്‍… 92 വര്‍ഷത്തെ ജീവിതത്തിന് ഹംസഗാനം. മലയാളത്തില്‍ ആശ ഭോസ്ലെ പാടി: സ്വയംവരശുഭദിനമംഗളങ്ങള്‍. വിട, മഹാഗായികയ്ക്ക്.
Content Summary: Asha Bhosle , A legend of the Indian film music world passes away at 92.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.