കേരളം വളര്‍ത്തിയ ‘ആശ’, നിരാശയ്ക്ക് കാരണം കേന്ദ്രം

അടിസ്ഥാന ശമ്പളം നല്‍കേണ്ടത് കേന്ദ്രം

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്റ് (ആശ) എന്നത്. ഒരു കാലത്ത് ഇന്ത്യയില്‍ ജനനസമയത്ത് മരിക്കുന്ന അമ്മാരുടെയും കുട്ടികളുടെയും എണ്ണം വളരെ കൂടുതലായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ആശ പദ്ധതി രാജ്യവ്യാപകമായി ആരംഭിച്ചത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പിന്നീട് നാഷണല്‍ ഹെല്‍ത്ത് മിഷനായി. അതായത് ഇതിലേക്ക് നഗരപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി. 2005 ല്‍ ആയിരുന്നു ഇത്. എന്നാല്‍ അന്ന് കേരളത്തില്‍ ഈ പദ്ധതി നിലവില്‍ ഉണ്ടായിരുന്നില്ല. 2007 ലാണ് കേരളത്തില്‍ ആശ പ്രോജക്ട് നടപ്പിലാകുന്നത്.asha workers raised by kerala; central government is the cause of their disappointment 

2006 ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അന്ന് ആരോഗ്യമന്ത്രിയായിരുന്ന പി.കെ ശ്രീമതി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് കേരളത്തിലും ആശ പദ്ധതി നടപ്പിലാക്കിയത്. ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലെ അവസ്ഥയേക്കാളും കേരളത്തിലെ ആരോഗ്യമേഖല അക്കാലത്ത് മോശമല്ലാത്ത രീതിയിലായിരുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഏറ്റവും താഴ്ന്ന തലത്തില്‍ ജോലി ചെയ്യുന്നവരാണ് ആശ വര്‍ക്കര്‍മാര്‍. ഇവര്‍ക്ക് പ്രത്യേകം വേതനമൊന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. വൊളഡിയേഴ്സ് ആയിട്ടായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നിശ്ചിത സമയത്തേക്കുള്ള പദ്ധതിയായിരുന്നത് കൊണ്ട് തന്നെ ആഴ്ചയില്‍ നാല് ദിവസം മാത്രം ഇവര്‍ക്ക് ജോലി ചെയ്താല്‍ മതിയായിരുന്നു.

കുത്തിവയ്പ്പിനെ കുട്ടികളെ കൊണ്ടുപോകുക, ഗര്‍ഭിണികളായ സ്ത്രീകളെ ഡോക്ടര്‍മാരുടെ അടുത്ത് എത്തിക്കുക, വീട്ടിലെ പ്രസവം മൂലം മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ ആശുപത്രിയില്‍ പ്രസവിപ്പിച്ച് അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധ കുത്തിവയ്പ്പ് ഒക്കെ എടുപ്പിച്ച് കഴിഞ്ഞാല്‍ ആശമാര്‍ക്ക് ഒരു തുക നല്‍കുമായിരുന്നു. കൂടുതല്‍ കുട്ടികള്‍ ജനിക്കുന്ന സ്ഥലത്തെ ആശമാര്‍ക്കേ ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇതിന്റെ പ്രയോജനം വളരെ കുറവുമായിരുന്നു.

2007 ല്‍ കേരളത്തില്‍ ആശ പ്രൊജക്ട് തുടങ്ങിയ സമയത്ത് പ്രത്യേക വിദ്യാഭ്യാസ യോഗ്യത പോലും നിഷ്‌കര്‍ഷിച്ചിരുന്നില്ല. എട്ടാം ക്ലാസ് കഴിഞ്ഞവരും വിവാഹിതരാകണമെന്നും പ്രസവം കഴിഞ്ഞവരെയുമാണ് പദ്ധതിയിലേക്കായി എടുത്തിരുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് പരിശീലനം നല്‍കി ഇവരെ ഫീല്‍ഡിലേക്ക് അയയ്ക്കുകയായിരുന്നു. അന്ന് ഇവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന വരുമാനം വളരെ കുറവായിരുന്നു. ഇമ്യൂനൈസേഷന് കുട്ടികളെ കൊണ്ടുപോകുന്നതിന് ഒരു കുട്ടിക്ക് 20 രൂപ വച്ചായിരുന്നു നല്‍കിയിരുന്നത്. പക്ഷേ അഞ്ച് കുട്ടികളെ കൊണ്ടുപോകുന്നവര്‍ക്ക് 100 രൂപ കിട്ടുമായിരുന്നു. അഞ്ചില്‍ താഴെ കുട്ടികളെ കൊണ്ടുപോകുന്നവര്‍ക്ക് പൈസയൊന്നും കൊടുത്തിരുന്നില്ല. ഇതിനെതിരെ ഞങ്ങള്‍ പ്രതിഷേധം നടത്തിയശേഷമാണ് 20 രൂപ പോലും കൊടുക്കാന്‍ തീരുമാനമായത്.

2007 ല്‍ 500 രൂപ ഉത്സവ ബത്തയായി കേരള സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയായിട്ടും ഇവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നത് കൊണ്ട് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തിനായി 11 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അന്ന് 35,000 ത്തിലധികം ആശ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. പിന്നീട് 500 രൂപ ഓണറേറിയമായി അത് മാറി. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്കായി ഒന്നും തന്നെ ചെയ്തിരുന്നില്ല. പിന്നീട് ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രി ആയ കാലത്തും ഇവരുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ സമരം നടത്തിയിരുന്നു. അക്കാലത്ത് ടീച്ചറായിരുന്നു ഓരോ വാര്‍ഡിലും ഓരോ ആശ എന്ന സമ്പ്രദായം കൊണ്ടുവന്നത്.

അക്കാലത്താണ് കോവിഡ് വന്നത്. അതോടെ ആശ പ്രവര്‍ത്തകരുടെ പ്രാധാന്യം വളരെ വര്‍ധിച്ചു. എല്ലാവരും വീടുകളില്‍ അടച്ചിരുന്ന സമയത്തും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ആളുകളായി ആശ പ്രവര്‍ത്തകര്‍ മാറി. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും നല്‍കാനായി ആശ പ്രവര്‍ത്തകര്‍ മുന്നില്‍ തന്നെ നിന്നു. ലോകാരോഗ്യ സംഘടനയ്ക്കിടയില്‍ പോലും ഇത് വലിയ അംഗീകാരങ്ങള്‍ക്ക് ഇടയാക്കി. ഈ ഘട്ടത്തില്‍ WHO ഇന്ത്യയിലെ ആശമാരെ വിശേഷിപ്പിച്ചത് ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്‌സ് എന്നായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്ന ആശമാരുടെ പദവി അതോടെ കൂടുതല്‍ മെച്ചപ്പെട്ടു. സര്‍ക്കാര്‍ പല ഘട്ടത്തില്‍ 1,000 രൂപ വീതം കൂട്ടി നല്‍കിയതുകൊണ്ടാണ് ഇപ്പോഴത് 7,000 രൂപ ഹോണറേറിയത്തില്‍ എത്തിയത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 1,000 രൂപയായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. ആശമാര്‍ ഹരിയാന ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ സംഘടിതരായി സമരങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് തുക ഇരട്ടിയാക്കി. നിലവില്‍ 3,000 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ആശ പ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ അലവന്‍സായി 200 രൂപയും നല്‍കുന്നുണ്ട്.

7,000 രൂപയ്ക്ക് 10 മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പലര്‍ക്കും ഈ പൈസ മുഴുവനായി കിട്ടാറില്ല. ആശ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരങ്ങള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്ളവര്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യണം. ഹെല്‍ത്തിലെ ഉദ്യോഗസ്ഥരിലെ അനാസ്ഥ കാരണം പല ആശ പ്രവര്‍ത്തകര്‍ക്കും 7,000 രൂപയില്‍ 1,400, 2,000 രൂപ വരെ കുറഞ്ഞിരുന്നു. 7,000 രൂപ എന്നത് സ്ഥായിയല്ല. ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട സര്‍വേയുടെ ഭാഗമായി 50 ന് മുകളില്‍ ചോദ്യങ്ങളുമായി ഓരോ വീടുകളിലും കയറി എല്ലാ കാര്യങ്ങളും റെക്കോര്‍ഡ് ചെയ്ത് സമര്‍പ്പിക്കണമായിരുന്നു. ഒരു വീട്ടില്‍ തന്നെ ഒരു മണിക്കൂറിലധികം തങ്ങിയാലും സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാറുമില്ല. ഇതിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇവര്‍ക്ക് 2,000 രൂപ കൊടുക്കാനും ധാരണയായിട്ടുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ വേറെ ചില ഇന്‍സെന്റീവുകളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. എല്ലാം കൂടി 13,000 ത്തിന് മുകളില്‍ കിട്ടും.

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ 42-ാം സമ്മേളനത്തില്‍ എല്ലാ സ്‌കീം വര്‍ക്കേഴ്‌സിനെയും തൊഴിലാളികള്‍ എന്ന നിലയില്‍ പരിഗണിച്ച് അവര്‍ക്ക് മിനിമം വേതനവും മറ്റ് തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങളും നല്‍കേണ്ടതാണെന്ന് മുഴുവന്‍ ട്രേഡ് യൂണിയനും ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിരുന്നതാണ്. കൂടാതെ പിഎഫ്, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയവയ്ക്കും ഇന്നത്തെ നിലയില്‍ മിനിമം വേതനം പ്രതിമാസം 26,000 രൂപയുമാണ് ദേശീയ തലത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ആധാര്‍ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഒടിപി വരും. പ്രായമുള്ളവരും സാധാരണ ചെറിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുമൊക്കെ ചിലപ്പോള്‍ ഒടിപി നമ്പര്‍ നോക്കി പറയാന്‍ കഴിയണമെന്നില്ല; വീട്ടില്‍ മറ്റാരെങ്കിലും എപ്പോഴും ഉണ്ടാകണമെന്നുമില്ല. മാത്രമല്ല ആധാര്‍ അപ്ഡേറ്റ് ചെയ്യാത്തവരും അന്നത്തെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഇല്ലാത്തവരുമൊക്കെ ഉണ്ടായിരിക്കും. അത് ആശ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകും, തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനും പറ്റില്ല. ഇതിനെല്ലാം പുറമെയാണ് പുതിയ സര്‍വേയായ കുഷ്ഠരോഗികളുണ്ടോ എന്ന് കണ്ടെത്താനുള്ള അശ്വമേധം ദേശീയ ദൗത്യം വന്നത്.

ഇവരുടെ ഈ പ്രശ്നങ്ങളെല്ലാം മുന്‍നിര്‍ത്തി ഞങ്ങള്‍ നടത്തിയ സമരത്തില്‍ 10 മാനദണ്ഡങ്ങളില്‍ അഞ്ച് എണ്ണമെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ മുഴുവന്‍ ഓണറേറിയം കൊടുക്കാന്‍ ധാരണയായി. ഒടിപി വരാത്ത രീതിയും, ശൈലി സര്‍വേ മാത്രം നടത്തി റിപ്പോര്‍ട്ട് കൊടുത്താല്‍ മതിയെന്നും അശ്വമേധം സര്‍വേ ഹോണറേറിയത്തിന് മാനദണ്ഡമാക്കില്ല എന്നും ചര്‍ച്ചയില്‍ ഉറപ്പു കിട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റു കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം എന്ന ധാരണയിലാണ് ഫെബ്രുവരി ആറിന് തുടങ്ങിയ സമരം ഫെബ്രുവരി ഏഴിലെ ചര്‍ച്ചയില്‍ ധാരണയിലായത്.

പിന്നീടുള്ള ഇവരുടെ ആവശ്യം ഓണറേറിയം വര്‍ധിപ്പിക്കുക എന്നതാണ്. ഇതൊരു കേന്ദ്ര പദ്ധതിയായതുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഫണ്ട് അനുവദിക്കാത്തതും പ്രശ്നമായി നിലനില്‍ക്കുന്നു. ഇതിന് പരിഹാരമായി ദേശീയ തലത്തില്‍ ഈ സമരത്തെ ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി പാര്‍ലമെന്റിലെ എല്ലാ എംപിമാര്‍ക്കും നിവേദനം കൊടുക്കാനും സമരത്തിനും ആലോചനയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ വൊളണ്ടിയര്‍മാരെ വര്‍ക്കേഴ്സായി പരിഗണിച്ചുകൊണ്ട് അവര്‍ക്ക് ബേസിക് ശമ്പളമായി നല്‍കണം. ആരോഗ്യമേഖലയിലെ ഭാഗമാണെന്നതിനാല്‍ ദേശീയതലത്തില്‍ സമരം നടത്തുകയാണ് വേണ്ടത്. അല്ലാതെ പ്രാദേശിക തലത്തില്‍ സമരം നടത്തിയാലും ഇവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാകുകയില്ല. ഇതൊരു നിശ്ചിത സമയത്തേക്കുള്ള പദ്ധതി ആയതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും ഈ പദ്ധതി അവസാനിപ്പിക്കാനും കഴിയും.

ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 65 വയസ്സായി ഏകീകരിക്കുകയും വിരമിക്കുമ്പോള്‍ ഇവരുടെ മികച്ച സേവനത്തിനായി ഒരു തുക വകയിരുത്തുന്ന കാര്യവും ഞങ്ങളുടെ ശുപാര്‍ശയിലുണ്ട്. ഇല്ലെങ്കില്‍ ഇവര്‍ കാലങ്ങളോളം പണിയെടുക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

(ആശ വര്‍ക്കേഴ്‌സ് അഖിലേന്ത്യ കമ്മിറ്റി അംഗവും മുൻ സംസ്ഥാന പ്രസിഡൻ്റുമായ പ്രസന്നകുമാരി വിവി യുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്) asha workers raised by kerala; central government is the cause of their disappointment 

Content Summary: asha workers raised by kerala; central government is the cause of their disappointment

This post was last modified on February 24, 2025 10:56 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment