”എനിക്ക് പ്രമേഹമുണ്ട്. സമയത്തിന് ആഹാരം കഴിക്കണ്ടതാണ്. എന്നാല്‍ ഭക്ഷണം പൊതിഞ്ഞു കൊണ്ടു പോകാന്‍ നിര്‍വാഹമില്ല. ഒരുപാട് നടക്കാനുണ്ടല്ലോ! നടു വേദനയും മറ്റു ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് വീടെത്തി മൂന്നു മൂന്നരയാവും ദിവസവും ഭക്ഷണം കഴിക്കാന്‍.”
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ അന്‍പത്തിരണ്ടോളം ആശാ പ്രവര്‍ത്തകരുമായി അഭിമുഖം നടത്തിയപ്പോള്‍ ഒരു ആശാ പ്രവര്‍ത്തക അവരുടെ ഒരു ദിവസത്തെ ജോലി ക്രമം വിവരിക്കുന്നതിനിടയില്‍ പറഞ്ഞതാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് ഗവേഷക പുരസ്‌കാരത്തിന്റെ ഭാഗമായി നടത്തിയ ഈ പഠനത്തിലെ എന്റെ പ്രധാന അന്വേഷണം ആശാ പ്രവര്‍ത്തകരുടെ ജോലിയുടെ രീതിയും സ്വഭാവവും വേതനത്തിന്റെ കാര്യത്തിലുള്ള ഉപേക്ഷയുമൊക്കെ എത്രത്തോളം കുടുംബത്തിലെ വേതനമില്ലാത്ത പരിചരണ ജോലിയുമായി ബന്ധപെട്ടിരിക്കുന്നുവെന്നും സന്നദ്ധ പ്രവര്‍ത്തകരായി തുടരുന്നത് അവരെ വ്യക്തിപരമായും സാമൂഹികമായും ശാക്തീകരിക്കുകയാണോ അതോ തളര്‍ത്തുകയാണോ ചെയ്യുന്നത് എന്നതുമായിരുന്നു.
സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതിലുപരി തൊഴിലാളികളായി അംഗീകരിക്കപ്പെടുന്നതിനും നിലവിലുള്ള വേതനവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുമായി കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം എട്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍, ഗവണ്‍മെന്റ് ചില ചെറിയ മാറ്റങ്ങള്‍ക്ക് തയാറായി എങ്കിലും, സമരവുമായി മുന്നോട്ടു തന്നെയെന്ന് ആശാ വര്‍ക്കര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തീരുമാനിക്കുകയും ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തപ്പോള്‍ അവരെ തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ മുകളില്‍ പറഞ്ഞ പഠനത്തിലെ ചില ഭാഗങ്ങള്‍ പങ്കു വക്കുകയാണിവിടെ.
എന്താണ് ആശാ പ്രവര്‍ത്തനം?
പൊതു ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും, ആരോഗ്യ സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അടിസ്ഥാനതലത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് ദേശീയ ആരോഗ്യ മിഷന്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ അഥവാ ആശ എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഈ പദ്ധതി നടപ്പിലാക്കുന്നത്. ആശാ പ്രവര്‍ത്തകരാകുന്നതിലൂടെ അരികുവല്‍ക്കരിക്കപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശവും ഇതിലുള്‍പ്പെടുന്നു. രാജ്യത്ത് പത്തു ലക്ഷത്തോളവും കേരളത്തില്‍ മാത്രം ഇരുപത്തിയാറായിരത്തോളം സ്ത്രീകള്‍ ആശാ പ്രവര്‍ത്തകരായി ജോലി ചെയ്തു വരുന്നുണ്ട്.
കേരളത്തില്‍ ആദ്യമായി നിപ്പാ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോഴും കോവിഡ് മഹാമാരിയുടെ സമയത്തും ആശാ പ്രവര്‍ത്തകരുടെ സ്തുത്യര്‍ഹമായ സേവനം രാജ്യാന്തര ശ്രദ്ധ നേടി. വികസിത രാജ്യങ്ങള്‍ കോവിഡിന് മുന്‍പില്‍ പതറിയപ്പോള്‍, ഒരു വികസ്വര രാജ്യത്തിലെ കേരളം പോലൊരു കൊച്ചു സംസ്ഥാനം അതിനുള്‍ക്കൊള്ളാവുന്നതിലുമധികം ആരോഗ്യ പ്രതിസന്ധിയെ നേരിട്ടപ്പോഴും വിജയകരമായി പിടിച്ചു നിന്നത് ആശ ഉള്‍പ്പെടുന്ന അതിന്റെ അടിസ്ഥാന ആരോഗ്യ സംവിധാനത്തിന്റെ ഉള്‍ക്കരുത്തിലാണ്. ഈ സമയത്തൊക്കെ ആശാ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയം ജോലിയെടുക്കുകയും കടുത്ത ജോലി സമ്മര്‍ദവും സാമ്പത്തിക പ്രതിസന്ധിയും സ്വന്തം ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെ നേരിടുകയായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് പലരും കുടുംബത്തിലെ ഏക സാമ്പത്തിക സ്രോതസ്സായി. വീട്ടിലിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വേണ്ടി വീട്ടുപണികള്‍ ചെയ്തു. ആളുകള്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ജാഗരൂകരായി. കോവിഡ് രോഗികളെ കൃത്യമായി നിരീക്ഷിച്ചു. വാഹനങ്ങള്‍ നിരത്തിലോടാത്തപ്പോള്‍ പോലും ഒരുപാട് ദൂരം നടന്ന് ആവശ്യക്കാര്‍ക്ക് മരുന്നും ഓക്‌സിമീറ്ററും ഭക്ഷണവും മറ്റു സാധനങ്ങളുമെത്തിച്ചു. വാക്‌സിനേഷനെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വാക്‌സിനേഷന്‍ ഡ്യൂട്ടി ചെയ്യുകയും അതിന്റെ റെക്കോര്‍ഡുകള്‍ തയാറാക്കുകയും പ്രതിരോധമരുന്നുകളെത്തിക്കുകയും ഇതിനെല്ലാം പുറമേ നിലവിലുള്ള ജോലികള്‍ തുടരുകയും ചെയ്തു. ഗര്‍ഭധാരണം രജിസ്റ്റര്‍ ചെയ്യുക, ഗര്‍ഭിണികള്‍ക്ക് സഹായങ്ങള്‍ എത്തിക്കുക, കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന മരുന്ന്, വാക്‌സിനേഷന്‍ എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക, പാലിയേറ്റിവ് പരിചരണം, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള അവബോധം സൃഷ്ടിക്കല്‍, കൊതുകുകള്‍ വ്യാപിക്കുന്നത് തടയാനും കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളും ശുദ്ധീകരിക്കാനുമുള്ള ജോലികള്‍, ആര്‍ദ്രം പദ്ധതിയുടെ ജോലികള്‍, ആരോഗ്യ സര്‍വേകള്‍, ഇതിന്റെയെല്ലാം റെക്കോഡുകള്‍ തയാറാക്കി കൈകാര്യം ചെയ്യുക തുടങ്ങി നിരവധി ജോലികളാണ് ആശാ പ്രവര്‍ത്തകര്‍ സാധാരണ ഗതിയില്‍ ചെയ്യുന്നത്.
കൂട്ടത്തില്‍ അവരുടെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. ഒരുപാട് ആവശ്യങ്ങളുമായി ആളുകള്‍ വിളിച്ചു തുടങ്ങി. പൊതു വാഹനങ്ങള്‍ ഇല്ലാത്തത് കൊണ്ട് പലരും സ്വന്തം ചിലവില്‍ ഓട്ടോ റിക്ഷ വിളിച്ചു രോഗികള്‍ക്കടുത്തെത്തി. ഒരുപാട് കുടുംബങ്ങള്‍ സ്‌നേഹത്തോടെ സ്വീകരിച്ചെങ്കിലും ചിലര്‍ ക്വാറന്റൈന്‍ പാലിക്കാത്തതിന് താക്കീത് നല്കിയതിന്റേയും വാക്‌സിന്‍ സ്ലോട്ടുകള്‍ കിട്ടാത്തതിന്റെയുമൊക്കെ പേരില്‍ ശത്രുത കാണിച്ചു. ജോലിത്തിരക്കില്‍ സ്വന്തം വീട്ടുകാര്‍ പോലും അസ്വസ്ഥത കാണിച്ചു തുടങ്ങി. ”ഞങ്ങള്‍ക്ക് കൂടി കൊറോണയും കൊണ്ടു വരുമോ?” എന്ന് ആശങ്കപ്പെട്ടു. ചിലര്‍ ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഇടയില്‍ ലഭിക്കുന്ന ഹോണറേറിയം (ശമ്പളമല്ല) പലര്‍ക്കും വൈകി. അപ്പോഴും മാധ്യമങ്ങള്‍ തങ്ങളുടെ സേവനത്തെ വാനോളം പുകഴ്തിയപ്പോള്‍, തങ്ങളുടെ ഹോണറേറിയം വര്‍ധിപ്പിക്കുമെന്നും ആശാ പ്രവര്‍ത്തനം ഒരു തൊഴിലായി അംഗീകരിക്കപ്പെട്ടു തങ്ങള്‍ക്ക് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്നും പലരും പ്രത്യാശിച്ചു.
ആരോഗ്യ പരിചരണം എന്ന ജോലിയും അദ്ധ്വാനവും
കുടുംബാംഗങ്ങളുടെ ആരോഗ്യ പരിചരണം ബഹുഭൂരിപക്ഷവും കുടുംബത്തിലെ സ്ത്രീകളുടെ ജോലിയാണ്. കുഞ്ഞിനെ മുതല്‍ കിടപ്പിലായ, അസുഖമായ, പ്രായമായ മറ്റംഗങ്ങളെയെല്ലാം പരിചരിക്കുന്നത് ഏറിയ പങ്കും സ്ത്രീകളാണ്. പൊതു ആരോഗ്യ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. സ്ത്രീകള്‍ ഭൂരിപക്ഷം വരുന്ന അടിസ്ഥാന ആരോഗ്യ പ്രവര്‍ത്തകരാകുമ്പോള്‍ അതില്‍ തന്നെ വേതനവും പദവിയും ആദരവും കൂടുതല്‍ ലഭിക്കുന്ന ജോലികളില്‍ കൂടുതല്‍ പുരുഷന്മാരാണെന്നു കാണാം. സ്ത്രീകളുടെ വീട്ടു ജോലികളും അവയില്‍ ഉള്‍പ്പെടുന്ന പരിചരണ ജോലികളും വേതനമില്ലാത്തതും നിസ്സാരവും ഉത്തരവാദിത്തത്തിന്റെ സ്വാഭാവിക ഭാഗവുമായി കണക്കാക്കപ്പെടുമ്പോള്‍ ഇതേ ജോലികള്‍ പുറത്തു നിന്നൊരാള്‍ ചെയ്യുമ്പോള്‍ അവ ജോലിയായി കണക്കാക്കപ്പെടുകയും അതിനു വേതനം ലഭിക്കുകയും ചെയ്യുന്നു.
എന്നാല്‍ അധികം വിദ്യാഭ്യാസമോ വരുമാനമോ സാമൂഹിക മൂലധനമോ ഇല്ലാത്ത ഒരുപറ്റം സ്ത്രീകള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന പേരില്‍ ഇതേ ജോലികള്‍ പുറത്തു ചെയ്യുമ്പോള്‍ അതിനെ വീട്ടുപണിയുടെ തന്നെ ‘പൊതുവിടത്തിലേക്ക് വിപുലീകരിക്കപ്പെട്ട’ ഒരു സേവനമായി കണ്ട് നിസ്സാരവല്‍ക്കരിക്കപ്പെടുന്നുണ്ട്.
അതായത്, ഒരു തൊഴില്‍ അല്ല, പകരം അവര്‍ ചെയ്യുന്നത് സേവനമോ സന്നദ്ധ പ്രവര്‍ത്തനമോ ആണെന്ന് കാണുമ്പോള്‍ തന്നെ, അവര്‍ പരിചരിക്കുക എന്നതും അവരുടെ സേവനം ലഭിക്കുക എന്നതും തങ്ങളുടെ അര്‍ഹതയും അവകാശവുമാണ് എന്നൊരു പൊതു ബോധം ഉണ്ടായി വരുന്നു. വീട്ടു ജോലിയും പരിചരണവും സ്ത്രീയുടെ കടമയാണ് എന്ന അവകാശ ബോധം പോലെ തന്നെ. അത് പരസ്പര പൂരകമല്ല, മറിച്ച് അധികാര ധ്വനി കലര്‍ന്നതും അപരവല്‍ക്കരണത്തിലധിഷ്ഠിതവുമാണ്.
ആശാ ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, തൊഴില്‍ പദവിയില്ലാത്ത, ‘നിനക്കെന്താണ് അതിനും മാത്രം ജോലി?’ എന്ന് നിരന്തരം കേള്‍ക്കേണ്ടി വരുന്ന, സ്വന്തം ആവശ്യങ്ങള്‍ വരുമ്പോള്‍ ‘ഇപ്പൊ അതിനുള്ള പൈസയില്ല’ എന്ന് അവ തഴയപ്പെടുന്നത് കണ്ടു നില്‍ക്കേണ്ടി വരുന്ന വീട്ടകങ്ങളിലെ ഒരുപാട് സ്ത്രീകളെ അത് ഓര്‍മിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, വീട്ടിനകത്ത് എന്നത് പോലെ വീട്ടിനു പുറത്തും സ്ത്രീകളുടെ അദ്ധ്വാന ചൂഷണവും അദൃശ്യവല്‍ക്കരണവും വ്യവസ്ഥിതിവല്‍ക്കരിക്കപ്പെടുന്നുണ്ട്. ഇത് ശാക്തീകരണത്തിന് വിപരീതമാണ്.
അഭിമുഖം നടത്തിയ ചില ആശാ പ്രവര്‍ത്തകര്‍ പറഞ്ഞത് അവര്‍ ജോലിയിലേര്‍പ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവരെ ഉള്‍പ്പെടുത്താറില്ല എന്നാണ്. കാരണം, അവര്‍ അവിടുത്തെ ജീവനക്കാര്‍ അല്ല. അങ്ങനെ ആരും കരുതുന്നുമില്ല. ചിലരാകട്ടെ ഒരുപടി കൂടി കടന്ന് അവരോട് വളരെ മോശമായി പെരുമാറുന്നുമുണ്ട്.
എന്നാല്‍, പാര്‍ട്ട്-ടൈം വോളണ്ടിയര്‍മാര്‍ എന്ന് വിളിക്കപ്പെടുമ്പോഴും മറ്റു നിയമിത ജീവനക്കാര്‍ ചെയ്യുന്നതിനു തത്തുല്യമായ ജോലികളാണ് ആശാ പ്രവര്‍ത്തകരും ചെയ്യുന്നത്. എന്നിട്ടും അവര്‍ ജോലി ചെയ്യുന്ന എല്ലായിടങ്ങളിലും നിന്ന് ഒരു ഒഴിവാക്കല്‍ അനുഭവിക്കുന്നു. ഒത്തു ചേരാന്‍ സ്വന്തമായി ഒരിടമില്ല! അത്രയും പ്രാധ്യാന്യമുള്ള റെക്കോഡുകള്‍ തയാറാക്കുമ്പോഴും അത് സൂക്ഷിക്കാന്‍ അവര്‍ക്കൊരു പൊതുവായ സ്ഥലമില്ല! അവരുടെ പ്രവര്‍ത്തന മണ്ഡലത്തില്‍, അവര്‍ എല്ലാമായിട്ടും, ആരുമല്ല!
മിക്കവരും സേവനത്തിലുള്ള താത്പര്യം കൊണ്ടും പൊതുവിടത്തിന്റ ഭാഗമാകാനുള്ള ഇഷ്ടം കൊണ്ടും നേഴ്‌സോ ലാബ് ജീവനക്കാരോ ഒക്കെയാകാന്‍ ആഗ്രഹിച്ചിട്ടു നടക്കാതെ പോയ ആഗ്രഹങ്ങളെ തിരിച്ചു പിടിക്കാനുമൊക്കെയാണ് ഈ ജോലിയില്‍ തുടരുന്നത്. ആശാ പ്രവര്‍ത്തനം പൊതുവിടത്തില്‍ ഒരു പേര് തന്നുവെന്നും ആത്മവിശ്വാസം നല്‍കിയെന്നും ആളുകള്‍ തിരിച്ചറിയുന്നുണ്ടെന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്നുവെന്ന് പറയുമ്പോഴും അത് അവരെ വ്യക്തിപരമായി ശാക്തീകരിക്കുന്നുണ്ടെന്നു സമ്മതിക്കുമ്പോഴും ജോലിയുടെ രീതിയും അദ്ധ്വാനഭാരവും അതിന്റെ അദൃശ്യതയും ആശാ പ്രവര്‍ത്തകരെ വല്ലാതെ തളര്‍ത്തുന്നുണ്ടെന്നത് വീണ്ടും വീണ്ടും ചൂണ്ടിക്കാട്ടാതെ വയ്യ!
മറ്റ് ആശാ പ്രവര്‍ത്തകരുമായുള്ള സൗഹൃദവും പരസ്പര സഹായങ്ങളുമാണ് ഈ തളര്‍ച്ചയിലെ ഏക ഊര്‍ജം. എന്നാല്‍ അത് ജോലിഭാരത്തിനോടും അസമത്വങ്ങളോടുമുള്ള ഒരു സുസ്ഥിരമായ പ്രതിരോധമാകുന്നില്ല. അവരുടെ തൊഴിലിനെ, അതിന്റെ സംഭാവനകളെ അംഗീകരിക്കാന്‍ ഭരണസംവിധാനം ആദ്യം ചെയ്യേണ്ടത് അവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുകയും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും തൊഴില്‍ സംബന്ധമായ അവകാശങ്ങള്‍ നല്‍കുകയുമാണ്. അതിന് ഏറ്റവും കുറഞ്ഞത് അവരുടെ അധ്വാനത്തെ ഒരു തൊഴിലായി നിര്‍വചിക്കേണ്ടതുണ്ട്!
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.