ഇന്ത്യയിൽ ആശ പദ്ധതി ആരംഭിച്ചിട്ട് ഈ വർഷത്തേക്ക് രണ്ട് പതിറ്റാണ്ട് പൂർത്തിയാവുകയാണ്. ദേശീയ ആരേഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും കേന്ദ്ര സർക്കാരിനാൽ നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശ അല്ലെങ്കിൽ ആശ വർക്കർമാർ. 2005ൽ തുടക്കം കുറിച്ച ഈ പദ്ധതി കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരുടെ ഒരു ശൃംഖല തുടങ്ങുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ചതാണ്.
ഇന്ന് ഇന്ത്യയിലുടനീളം ഏകദേശം 10 ലക്ഷത്തോളം ആശ പ്രവർത്തകർ ജോലി ചെയ്യുന്നു. മാതൃ-ശിശു ആരോഗ്യ സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, സാമൂഹിക അവബോധം നൽകൽ തുടങ്ങി വിവിധ മേഖലകളിലായി ധാരാളം ജോലികളാണ് ആശമാർ ചെയ്യുന്നത്. ഇത്രയും ജോലികൾ ചെയ്തിട്ടും സ്ഥിരമായ ശമ്പളമോ, കൃത്യമായ അംഗീകാരമോ ലഭിക്കാതെ പൊതുജന ആരോഗ്യം സംരക്ഷിക്കേണ്ട അവസ്ഥയിലാണ് ഓരോ ആശ പ്രവർത്തകരും.
നിരവധി ഗ്രാമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഗ്രാമത്തിലെയും ആരോഗ്യ പരിപാലനത്തിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളുകളാണ് ആശ വർക്കർമാർ. ബോധവത്കരണം പോലുള്ള വിവിധ ആവിശ്യങ്ങൾക്കായി വീടുകൾ തോറും കയറി ഇറങ്ങി അവർ തങ്ങളുടെ ജോലി ചെയ്യുന്നു. കോവിഡ് പോലൊരു മഹാമാരിയുടെ സമയത്ത് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് പല ആശ പ്രവർത്തകരും രംഗത്തിറങ്ങിയിരുന്നു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട്, സംശയ നിവാരണത്തിന്, സാമൂഹിക അവബോധം നൽകുന്നതിന് തുടങ്ങി എല്ലായിടത്തും ഓടിയെത്താൻ അവർ ശ്രമിച്ചിരുന്നു.
ഇത്രയൊക്കെ കാര്യങ്ങൾ ചെയ്യുന്ന ആശ വർക്കർമാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുന്നില്ല. ഇവർ വോളന്റിയർമാർ എന്നാണ് അറിയപ്പെടുന്നത്. അവർക്ക് മിനിമം വേതനം, ഗ്രാറ്റുവിറ്റി, മറ്റ് തൊഴിൽ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാതിരിക്കാൻ ഇത് കാരണമാകുന്നു.
ആശ വർക്കർമാർക്ക് പ്രത്യേക പെൻഷനോ ആനുകൂല്യങ്ങളോ ഒന്നും ലഭിക്കുന്നില്ല. എങ്കിലും 2018ൽ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പ്രകാരം ജീവൻ ജ്യോതി ബീമ യോജന (ലൈഫ് ഇൻഷൂറൻസ്), ശ്രം യോഗി മാൻ ധൻ (ഗുണഭോക്താവ് നിക്ഷേപിക്കുന്ന അതേ തുക സർക്കാരും ഗുണഭോക്താവിന് വേണ്ടി നിക്ഷേപിക്കുന്ന പെൻഷൻ), ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളിൽ അംഗമാകാൻ കഴിയുന്നു.
റിട്ടയർമെന്റില്ലാതെ വർഷങ്ങളോളം ജോലി ചെയ്താലും 1972 ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റിവിറ്റി ആക്ട് പ്രകാരം ആശ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി നൽകേണ്ടതില്ല. അങ്കണവാടി ജീവനക്കാരുടെ കാര്യത്തിലുള്ളത് പോലെ കോടതി വിധികളുണ്ടെങ്കിലും, ഗ്രാറ്റിവിറ്റിക്കുള്ള അവകാശത്തെ സർക്കാർ അംഗീകരിക്കുന്നില്ല.
കഴിഞ്ഞ വർഷങ്ങളിലായി ആശാ പ്രവർത്തകർ കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും നടത്തിയിട്ടുള്ളത് നിരവധി പ്രതിഷേധങ്ങളാണ്. അത്തരം സാഹചര്യങ്ങളിലെല്ലാം അധികൃതർ തത്കാല ആശ്വാസം എന്ന പോലെ പരിഹാരം നിർദേശിച്ച് മടക്കി അയക്കാറാണ് പതിവ്.
കഴിഞ്ഞ 20 ദിവസങ്ങളിലായി കേരളത്തിലെ ആശ പ്രവർത്തകരുടെ സമരത്തിനാണ് കേരളം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ആശമാരുടെ തൊഴിൽ പ്രശ്നങ്ങൾ മാധ്യമങ്ങളിലും നിയമസഭയിലുമെല്ലാം ചർച്ചാ വിഷയമായി മാറിയിരിക്കയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആശ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയം കൂടുതലാണെങ്കിലും സമരത്തിൽ ഇവർ ഉന്നയിക്കുന്ന ഉയർന്ന ശമ്പളവും വിരമിക്കൽ ആനുകൂല്യങ്ങളുമന്ന ആവശ്യം ന്യായമാണ്. പ്രവർത്തകർക്ക് ശമ്പളം നൽകാനായി കേന്ദ്രവും സംസ്ഥാനവും നൽകുന്ന വിഹിതത്തിന്റെ കണക്ക് വിലയിരുത്തേണ്ടത് പ്രധാനമാണ്. ഏഴ് വർഷത്തോളമായി ആശ പ്രവർത്തകരുടെ ഓണറേറിയത്തിലേക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഇന്ത്യയിൽ ആശ പദ്ധതി നിലവിൽ വന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കയാണ് ഇപ്പോൾ. ഇന്ത്യയിലെ ആരോഗ്യമേഖലയുടെ നെടുംതൂണാണ് ആശ പ്രവർത്തകരെന്ന് നിസംശയം പറയാൻ സാധിക്കും. എന്നാൽ വർഷങ്ങളായി ഈ വിഭാഗത്തിന് നേരിടേണ്ടി വരുന്ന ചൂഷണം ഇവരുടെ പ്രവർത്തനങ്ങളോട് കാണിക്കുന്ന അവഗണനകളെ എടുത്തുകാണിക്കുന്നു. ആശ പദ്ധതിയുടെ 20 വർഷങ്ങലിലേക്ക് ഇന്ത്യ കടക്കുമ്പോൾ ഇവരുടെ വേതനം മുതൽ മറ്റു സേവനങ്ങൾ വരെ പുനപരിശോധന നടത്തുകയും പൊളിച്ചെഴുതുകയും ചെയ്യേണ്ടുന്ന സമയമാണിത്. ആശാ വർക്കർമാരുടെ പോരാട്ടം വെറും വേതനത്തിനു വേണ്ടിയുള്ളത് മാത്രമല്ല അർഹിക്കുന്ന നീതിയ്ക്കും അന്തസ്സിനും കൂടിയാണ്.
content summary; ASHA Workers: Two Decades of Service, Yet Still Struggling for Dignity