ആഗോള തൊഴിലാളി ദിനമായ മെയ് ഒന്നിന് കേരളത്തിലേറ്റവും ലാഭകരമായ മാധ്യമ സ്ഥാപനത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരില്‍ പകുതിയിലേറെ പേരെയും ചെലവ് ചുരുക്കലിന്റെ പേരില്‍ പിരിച്ച് വിടാനുള്ള നടപടികള്‍ ആരംഭിച്ചു. ഏഷ്യാനെറ്റിന്റെ ഉടമസ്ഥനും ബി.ജെ.പി സംസംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. രാജീവ് ചന്ദ്രശേഖന്റെ വലം കൈ കൂടിയായ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ) തപന്‍ ശര്‍മ്മയുടെ തീരുമാനമാണ് പിരിച്ച് വിടല്‍ എന്നാണ് ജീവനക്കാരെ മാനേജ്മെന്റ് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അധികം വൈകാതെ തന്നെ ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിലും കൂട്ട പിരിച്ചുവിടല്‍ നടത്താന്‍ നീക്കങ്ങള്‍ നടക്കുന്നതായും വിവരമുണ്ട്.
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ സി ഒ ഒ ആയിരുന്നു തപന്‍ ശര്‍മ്മ. രാജീവ് ചന്ദ്രശേഖര്‍ റിപബ്ലിക്കിന്റെ ഉടമസ്ഥനായിരുന്ന കാലത്ത് മുതല്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ തപന്‍ ശര്‍മ്മ കടുത്ത തൊഴിലാളി വിരുദ്ധനായി അറിയപ്പെടുന്ന ആളാണ്. ഇയാള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് വന്നത് മുതലാണ് സംഘപരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി ഏഷ്യാനെറ്റ് മാറിയത് എന്നും ജീവനക്കാരില്‍ ചിലര്‍ സൂചിപ്പിച്ചു. കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വാര്‍ത്ത നല്കാന് ഇയാള്‍ നിരന്തരമായി ഇടപെടാറുണ്ടെന്നും സൂചനയുണ്ട്.
തപന്‍ ശര്‍മ്മയുടെ വലം കൈയായ എച്ച് ആര് മേധാവിയുടെ മുന്‍ കൈയിലാണ് പിരിച്ചുവിടല്‍ നീക്കം നടക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം.സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാര്‍ മുതല്‍ പുതുതായി ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വരെ പുറത്താകുന്നവരില്‍ പെടുമെന്നും സൂചന ലഭിച്ചതായി ജേണലിസ്റ്റുകള്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍ എന്നിവരുടെ അറിവോടെയാണ് പിരിച്ചുവിടല്‍ നീക്കം.
രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആയി ചുമതലയേറ്റതോടെ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഏഷ്യാനെറ്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയ അദ്ദേഹം വെട്ടിനിരത്തല്‍ നടപടികള്‍ക്ക് തുടക്കമിടുകയായിരുന്നു. കവടിയാറില്‍ ആഡംബര വസതി വാങ്ങിയ രാജീവ് ചന്ദ്രശേഖര്‍ ചാനലിന്റെ സ്വാധീനം ഉപയോഗിച്ച് നഗരത്തിലെ പരിപാടികളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖറിനെ സഹായിക്കാന്‍ ദേശീയതലത്തില്‍ സംഘപരിവാറിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള പി ആര് സംഘം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ സ്ഥാനങ്ങളില്‍ ഇരുത്തി ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പൂര്‍ണ്ണമായും ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍ എന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസമാണ് പകുതിയോളം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി അറിയിച്ചത്. സി.ഒ.ഒയുടെ തീരുമാനമാണെന്നായിരുന്നു ജീവനക്കാരോട് പറഞ്ഞത്. വരുമാനത്തിലായാലും റേറ്റിങ്ങിലായാലും ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് തന്നെയാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് മാനേജ്മെന്റ് ഒരുങ്ങുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കേരളത്തില്‍ ഏഷ്യാനെറ്റ് ജീവനക്കാരില്‍ ഭൂരിഭാഗവും മറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ ജോലികള്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. പിരിച്ചുവിടും മുമ്പേ പലരും രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.
പതിനാല് മണിക്കൂര്‍ വരെ പണി എടുക്കാന്‍ തയ്യാറാവാത്തവര്‍ രാജിവച്ച് പോയ്ക്കോളാമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്ക ജീവനക്കാര്‍ക്കും എടുക്കാനാവുന്നതിലധികം ജോലിഭാരം ഇപ്പോള്‍ തന്നെ ഉണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ഓണ്‍ലൈന്‍ ജീവനക്കാര്‍ക്ക് മാസം ലക്ഷക്കണക്കിനു യൂസര്‍മാരെ ഉണ്ടാക്കണമെന്നാണ് ടാര്‍ഗെറ്റ്. ഈ ടാര്‍ഗെറ്റ് പൂര്‍ത്തീകരിച്ചാലും കൂടുതല്‍ വലിയ ടാര്‍ഗെറ്റുകള്‍ നല്കി പീഡിപ്പിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസം ടാര്‍ഗറ്റ് ഇരട്ടിയാക്കി സി ഒ ഒ യുടെ ഉത്തരവ് പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് കൂട്ട പിരിച്ചു വിടലും നടക്കുന്നത്.
ജീവനക്കാരെ പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട വിവരത്തില്‍ വിശദീകരണത്തിനായി ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അഴിമുഖം ബന്ധപ്പെട്ടുവെങ്കിലും മറുപടി ലഭ്യമായിട്ടില്ല. മറുപടി കിട്ടുന്ന മുറയ്ക്ക് ഈ വാര്‍ത്തയില്‍ അത് ഉള്‍പ്പെടുത്തുന്നതായിരിക്കും. Asianet News is laying off journalists. The channel’s owner, Rajeev Chandrasekhar, who is also the BJP Kerala president, is alleged to have given instructions to do so
Content Summary; Asianet News is laying off journalists. The channel’s owner, Rajeev Chandrasekhar, who is also the BJP Kerala president, is alleged to have given instructions to do so
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.