ഗാസയില്‍ പട്ടിണി മരണങ്ങള്‍ കൂടുന്നു

2023 ഒക്ടോബര്‍ 7 ന് തുടങ്ങിയ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 62,622

പട്ടിണിയും ആയുധങ്ങളും ഗാസയില്‍ ആളെ കൊല്ലല്‍ തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം എട്ട് പലസ്തീനികളാണ് പട്ടിണി മൂലം മരിച്ചത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരിലാണ് എട്ട് പേര്‍ മരണപ്പെട്ടത്. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു, ഇതോടെ പട്ടിണി മൂലമുള്ള ആകെ മരണങ്ങളുടെ എണ്ണം 281 ആയി, അതില്‍ 114 പേര്‍ കുട്ടികളാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 61 പേരാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിരവധി മനുഷ്യര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തെരുവുകളില്‍ മറ്റിടങ്ങളിലായും കുടുങ്ങി കിടക്കുന്നുണ്ടെന്നും, അവര്‍ക്കരികിലേക്ക് ആംബുലന്‍സുകള്‍ക്കോ സിവില്‍ പ്രതിരോധ സംഘങ്ങള്‍ക്കോ എത്തപ്പെടാന്‍ കഴിയുന്നില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നുണ്ട്.

2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെയുള്ള ഗാസയിലെ മരണനിരക്ക് 62,622 ആയെന്നാണ് ഗാല ആരോഗ്യമന്ത്രാലയം ഏറ്റവും ഒടുവിലത്തെ കണക്കായി പുറത്തു വിട്ടിരിക്കുന്നത്. 157,673 പേര്‍ക്ക് ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

മാര്‍ച്ച് 18 ന് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ശേഷം ഇതുവരെ 10,778 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 45,632 പേര്‍ക്ക് പരിക്കേറ്റു. കാണാതായവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിച്ചതിനുശേഷം 298 മരണങ്ങള്‍ കൂടി കണക്കില്‍ ചേര്‍ത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സഹായകേന്ദ്രങ്ങളെ ആശ്രയിക്കാന്‍ ശ്രമിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെടുകയും 111 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ‘സഹായ ഇരകള്‍’ എന്ന് മന്ത്രാലയം വിശേഷിപ്പിക്കുന്നവരുടെ ആകെ എണ്ണം 2,076 ആയി ഉയര്‍ന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഇത്തരത്തില്‍ 15,308 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  At least eight more Palestinians die of starvation as famine spreads across Gaza

Content Summary; At least eight more Palestinians die of starvation as famine spreads across Gaza

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment