ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ച് ഓസ്‌ട്രേലിയ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സ്ഥാനം ഒന്നു കൂടി ഉറപ്പിക്കുകയും ചെയ്തു. സിഡ്‌നി ടെസ്റ്റില്‍ ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്താണ് ഓസീസ് ഇരട്ടി മധുരം രുചിച്ചത്. 3-1 നാണ് പരമ്പര വിജയം. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍, അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി ടെസ്റ്റുകള്‍ കാംഗാരൂ പട നേടി. ബ്രിസ്‌ബെയ്‌നില്‍ സമനിലയായി.
അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 162 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ അവസാന ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. 34 റണ്‍സുമായി ട്രാവിസ് ഹെഡും, 39 റണ്‍സുമായി ബ്യു വെബ്‌സറ്ററും പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകള്‍ നേടി. സിറാജിന് ഒരു വിക്കറ്റ് കിട്ടി. പുറം വേദന കാരണം, ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിതം ബുംറ ബോള്‍ ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 185 ഉം, രണ്ടാം ഇന്നിംഗ്‌സില്‍ 157 നും പുറത്തായി. ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിംഗ്‌സില്‍ 181 ന് പുറത്താക്കാന്‍ കഴിഞ്ഞതു മാത്രമാണ് ഇന്ത്യക്ക് ആകെ ആശ്വസിക്കാനുള്ളത്. പെര്‍ത്തില്‍ ഒഴിച്ച്, ബാക്കി മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ ബാറ്റിംഗ് മോശമായിരുന്നു. ബൗളര്‍മാരുടെ, പ്രത്യേകിച്ച് ബുംറയുടെ തോളിലാണ് ഇന്ത്യ എന്തെങ്കിലുമൊക്കെ പ്രതിരോധവും പ്രത്യാക്രമണവും ചെയ്തത്. ടോപ്പ് ഓര്‍ഡര്‍ പാടെ നിരാശരാക്കി. റണ്‍സ് കണ്ടെത്താനാകാതെ വലഞ്ഞ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സിഡ്‌നി ടെസ്റ്റില്‍ സ്വയം ഒഴിഞ്ഞു മാറി നില്‍ക്കേണ്ടി വന്നു. പെര്‍ത്തില്‍ സെഞ്ച്വറി നേടിയെന്നതൊഴിച്ചാല്‍ വിരാട് കോഹ്‌ലിയും ഏറ്റവും മോശം ഫോമിലായിരുന്നു.
പത്ത് വര്‍ഷത്തിനുശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വിജയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ച ഓസ്‌ട്രേലിയയ്ക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളാണ്. ശ്രീലങ്കയില്‍ വച്ചാണ് കളി എന്നത് ഒഴിച്ചാല്‍, മറ്റ് ഭയമൊന്നും ഓസീസിന് ഉണ്ടാകില്ല. Australia beat India, sydney test and reclaim Border Gavaskar Trophy
Content Summary; Australia beat India, sydney test and reclaim Border Gavaskar Trophy