സാമ്പത്തിക തകർച്ചയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. വ്യാഴാഴ്ച രാത്രിയോടെ രാജ്യം പൂർണ്ണമായും ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടിലേക്ക് നീങ്ങിയതായി ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തിന്റെ ഭരണനേതൃത്വത്തിന് മേൽ സമ്മർദ്ദം വർധിച്ചിച്ചിരിക്കുകയാണ്.
ഇന്റർനെറ്റ് വിച്ഛേദത്തിന് പിന്നിലെ കാരണം ഇതുവരെയും അധികാരികൾ വ്യക്തമാക്കിയിട്ടില്ല. മുൻകാലങ്ങളിലും പ്രതിഷേധങ്ങളെ തുടർന്ന് ഇറാൻ ഭരണകൂടം ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.
ഇറാനിൽ കഴിഞ്ഞ 12 ദിവസമായി തുടരുന്ന പ്രതിഷേധങ്ങളിൽ എട്ട് കുട്ടികളടക്കം കുറഞ്ഞത് 45 പേർ കൊല്ലപ്പെട്ടതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു. രണ്ടായിരത്തിലധികം പേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ 31 പ്രവിശ്യകളിലേക്കും സമരം വ്യാപിച്ചു. കുർദിഷ് മേഖലകളിൽ വ്യാപാരികൾ കടകളടച്ച് പണിമുടക്കി. തെക്കൻ പ്രവിശ്യയായ ഫാർസിൽ വിപ്ലവ ഗാർഡ് കമാൻഡർ ഖാസിം സുലൈമാനിയുടെ പ്രതിമ പ്രതിഷേധക്കാർ തകർത്തു.
ഇറാനിയൻ കറൻസിയുടെ (റിയാൽ) മൂല്യത്തകർച്ചയും സബ്‌സിഡികൾ നിർത്തലാക്കിയതുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷണസാധനങ്ങൾക്ക് 70 ശതമാനവും മരുന്നുകൾക്ക് 50 ശതമാനവുംവും വില വർദ്ധിച്ചു. 2022-ലെ ‘മഹ്സ അമിനി’ പ്രതിഷേധങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോഴത്തെ സമരം ഒരു കേന്ദ്രീകൃത നേതാവില്ലാതെയാണ് നടക്കുന്നത്. എന്നാൽ, നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധക്കാരെ കൊല്ലുന്നത് തുടർന്നാൽ ഇറാനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. ജർമ്മനിയും ഇറാൻ അധികൃതരുടെ അമിത ബലപ്രയോഗത്തെ അപലപിച്ചു.
വിമർശനങ്ങളെ തുടർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സുരക്ഷാ സേനയോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമം ഒഴിവാക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ ചർച്ചകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപരോധങ്ങൾ കാരണമാണ് രാജ്യം സാമ്പത്തികമായി തകർന്നതെന്നാണ് സർക്കാർ വാദം.
Content Summary: Authorities cut off internet in Iran amid popular protests