അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് രാഷ്ട്രീയ സ്വയം സേവത് സംഘത്തെ(ആര്‍എസ്എസ്). ബിജെപിയും മറ്റ് ഹിന്ദുത്വ ഗ്രൂപ്പുകളുമൊക്കെ അയോധ്യയില്‍ നടന്ന കൊള്ളയെ രാഷ്ട്രീയാരോപണങ്ങളാക്കി സ്വയം പ്രതിരോധത്തിന് ശ്രമിക്കുമ്പോഴും, തങ്ങളുടെ സാമൂഹിക പ്രതിച്ഛായയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായി തന്നെയാണ് ആര്‍എസ്എസ് ഈ വിഷയത്തെ കാണുന്നത്. ഇത് കേവലം രാഷ്ട്രീയ വിഷയമായിട്ടല്ല സംഘം വിലയിരുത്തുന്നത്. അതുകൊണ്ട് പ്രത്യാരോപണങ്ങള്‍ കൊണ്ട് ഫലമുണ്ടാകില്ലെന്നും അവര്‍ തിരിച്ചറിയുന്നു.
രാമക്ഷേത്രത്തിലെ കാണിക്ക മോഷണം പോയെന്ന ഗുരുതരമായ ആരോപണം ആര്‍എസ്എസ് വാര്‍ഷിക യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കുന്നതും ഈ പ്രതിച്ഛായ ഭീതിയെ വ്യക്തമാക്കുന്നു. ജൂലൈ 10 മുതല്‍ കര്‍ണാടകയിലെ ബെലഗാവിയില്‍ ആരംഭിക്കുന്ന ത്രിദിന ‘അഖില്‍ ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക്കി’ല്‍ സംഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഈ വിവാദം മാറുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് സൂചിപ്പിച്ചത്.
സെന്‍സസ് ഉള്‍പ്പെടെയുള്ള പ്രധാന ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം പ്രധാനമായും നിശ്ചയിച്ചിരുന്നതെങ്കിലും, രാമക്ഷേത്ര വിവാദം ആര്‍.എസ്.എസിന്റെ പൊതുപ്രതിച്ഛായയെ ബാധിച്ച പശ്ചാത്തലത്തില്‍ മറ്റ് അജണ്ടകളെല്ലാം ഇതിന് മുന്നില്‍ നിഷ്പ്രഭമാകുമെന്നാണ് സംഘടനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ആര്‍.എസ്.എസ് ഭാരവാഹികളുടെ ഭാവി കാര്യങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
പൊതുസമൂഹത്തില്‍ സംഘപരിവാറിനെക്കുറിച്ച് ഈ സംഭവം വളരെ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുണ്ടെന്നും ഈ തകര്‍ച്ച എത്രയും വേഗം തടയേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് ഭാരവാഹി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. മുന്‍പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരണകാലത്ത് ആര്‍.എസ്.എസിനെതിരെ ഉയര്‍ന്ന ‘ഹിന്ദുത്വ ഭീകരത’ ആരോപണങ്ങളേക്കാള്‍ മാരകമായ ആഘാതമാണ് ഇപ്പോഴത്തെ അഴിമതി ആരോപണം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ഭാരവാഹി ചൂണ്ടിക്കാണിക്കുന്നത്. അന്ന് ഭീകരവാദ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയായി കണ്ട് പൊതുജനം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, ജനങ്ങള്‍ രാമക്ഷേത്രത്തെയും ആര്‍.എസ്.എസിനെയും ഒന്നായിട്ടാണ് കാണുന്നത്. അതിനാല്‍ തന്നെ, അഴിമതിയില്‍ സംഘത്തില്‍ നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഈ വിവാദം ഉണ്ടാക്കുന്ന ചീത്തപ്പേര് കഴുകിക്കളയുക സംഘടനയ്ക്ക് എളുപ്പമാകില്ല.
ജൂലൈ 10 മുതല്‍ 12 വരെ ബെലഗാവിയില്‍ നടക്കുന്ന അഖില്‍ ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക് ആര്‍.എസ്.എസിന്റെ ഏറ്റവും നിര്‍ണായകമായ സംഘടനാ യോഗങ്ങളില്‍ ഒന്നാണ്. ആര്‍.എസ്.എസിന്റെ 11 സംഘടനാ മേഖലകളില്‍ നിന്നും 46 പ്രവിശ്യകളില്‍ നിന്നുമുള്ള പ്രാന്ത് പ്രചാരകര്‍ (സംസ്ഥാന ചുമതലയുള്ളവര്‍), സഹ പ്രാന്ത് പ്രചാരകര്‍, ക്ഷേത്ര പ്രചാരകര്‍, സഹ ക്ഷേത്ര പ്രചാരകര്‍ എന്നിവരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 32 അനുബന്ധ സംഘടനകളുടെ അഖിലേന്ത്യാ സംഘടനാ സെക്രട്ടറിമാരും ഇതില്‍ പങ്കെടുക്കും. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ദത്തത്രേയ ഹൊസബാളെ, മറ്റ് സഹ സര്‍കാര്യവാഹന്മാര്‍ എന്നിവരും സംഘടനയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ പൂര്‍ണ്ണസമയം പങ്കാളികളാകും. സംഘടനയുടെ ശതാബ്ദി വര്‍ഷത്തിലെ പ്രവര്‍ത്തന വിപുലീകരണം, പരിശീലന പരിപാടികള്‍ എന്നിവയ്ക്കൊപ്പം സെന്‍സസ് ഉള്‍പ്പെടെയുള്ള സമകാലിക ദേശീയ സാഹചര്യങ്ങളും യോഗത്തില്‍ അവലോകനം ചെയ്യും.
വിവാദം ആരംഭിച്ച് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ആര്‍.എസ്.എസ് ഈ വിഷയത്തില്‍ തങ്ങളുടെ ആദ്യ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിരുന്നു. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് പണം മോഷണം പോയ സംഭവം രാമഭക്തരുടെയും സമൂഹത്തിന്റെയും വികാരങ്ങളെയും വിശ്വാസത്തെയും ആഴത്തില്‍ മുറിപ്പെടുത്തിയെന്നും സംഘടനയ്ക്ക് ഇതില്‍ കടുത്ത ദുഃഖവും രോഷവുമുണ്ടെന്നും സര്‍കാര്യവാഹ് ദത്തത്രേയ ഹൊസബാളെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ ആരായാലും അവര്‍ക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് ആര്‍.എസ്.എസ് ആവശ്യം.
നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അറുതിവരുത്താന്‍ സുതാര്യമായ സാമ്പത്തിക മാനേജ്മെന്റും കാര്യക്ഷമമായ ഭരണസംവിധാനവും വഴി പൊതുജനവിശ്വാസം വീണ്ടെടുക്കാന്‍ ട്രസ്റ്റും അന്വേഷണ സംഘവും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതോടൊപ്പം, ഹിന്ദു സമൂഹം ക്ഷമയും സംയമനവും പാലിക്കണമെന്നും, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ ചൂഷണം ചെയ്ത് ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ഹിന്ദുവിരുദ്ധ-ദേശവിരുദ്ധ ശക്തികളെ’ അനുവദിക്കരുതെന്നും ആര്‍.എസ്.എസ് അഭ്യര്‍ത്ഥിച്ചു.
കാണിക്കപ്പണം മോഷ്ടിക്കപ്പെട്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രസ്റ്റ് തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ടതും തുടര്‍ന്ന് യു.പി സര്‍ക്കാര്‍ ഐ.ജി തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും. എന്നാല്‍ വിശ്വഹിന്ദു പരിഷത്ത് മുതിര്‍ന്ന നേതാവും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിഷയം സംഘപരിവാറിനുള്ളില്‍ വലിയ ആഭ്യന്തര തര്‍ക്കത്തിന് കാരണമായി. ദശാബ്ദങ്ങളായുള്ള തങ്ങളുടെ പ്രത്യയശാസ്ത്രപരമായ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ പ്രതീകമായ രാമക്ഷേത്രത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഈ വിവാദം വെറുമൊരു ക്രിമിനല്‍ അന്വേഷണത്തിനപ്പുറം സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായിട്ടാണ് ആര്‍.എസ്.എസ് നേതൃത്വം കാണുന്നത്. അതുകൊണ്ട് തന്നെ ബെലഗാവിയില്‍ നടക്കുന്ന യോഗത്തില്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ക്കൊപ്പം, സംഘടനയ്ക്കുണ്ടായ വലിയ പ്രതിച്ഛായ നഷ്ടം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാകും കടുത്ത ആലോചനകള്‍ നടക്കുക.
Content Summary; The alleged theft of donations from Ayodhya’s Ram Temple emerges as a major credibility crisis for the RSS, dominating its annual Prant Pracharak Baithak in Belagavi.
This post was last modified on July 6, 2026 1:38 pm
Leave a Comment