ആരോപണവിധേയമായ ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായും ട്രസ്റ്റി അനില്‍ മിശ്രയും രാജിവച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും സംഭാവനയായി ലഭിച്ച ഫണ്ടില്‍ വന്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇരുവരുടെയും രാജി. വെള്ളിയാഴ്ചയാണ് ഇരുവരും തങ്ങളുടെ പദവികള്‍ രാജിവെച്ചത്. അറസ്റ്റിലായ എട്ട് പേരില്‍ ചമ്പത് റായുടെ മുന്‍ ഡ്രൈവര്‍ രാം ശങ്കര്‍ യാദവ് എന്ന ടിന്നു യാദവും ഉള്‍പ്പെടുന്നുണ്ട്. ചമ്പത്തിനും അനിലിനുമെതിരേ ഇതുവരെ നേരിട്ട് കുറ്റങ്ങളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെങ്കിലും, സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതേത്തുടര്‍ന്നാണ് ഇരുവരും സ്ഥാനമൊഴിഞ്ഞത്.
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ നജീന തഹസീലില്‍ ജനിച്ച 79-കാരനായ ചമ്പത് റായ്, ആര്‍.എസ്.എസിലൂടെയും വിശ്വ ഹിന്ദു പരിഷത്തിലൂടെയും (വി.എച്ച്.പി) ദീര്‍ഘകാലം പ്രവര്‍ത്തിച്ചാണ് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുന്‍നിര മുഖമായി മാറിയത്. ഫിസിക്സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിജ്നോറിലെ ഒരു കോളേജില്‍ 11 വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തിരുന്നു. ബാല്യം മുതല്‍ക്കേ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റായ്, പിന്നീട് അധ്യാപന ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണസമയ പ്രചാരകനായി മാറുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ച അദ്ദേഹം ഡെഹ്റാഡൂണ്‍, സഹാരന്‍പൂര്‍, മീററ്റ് തുടങ്ങിയ ഇടങ്ങളില്‍ സംഘത്തിന്റെ ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചു. 1986-ല്‍ വി.എച്ച്.പിയുടെ പ്രാന്ത് സഹ-സംഘടനാ സെക്രട്ടറിയായ അദ്ദേഹം, 1991-ല്‍ രാമജന്മഭൂമി പ്രസ്ഥാനം അതിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ് അയോധ്യയിലേക്ക് മാറുന്നത്. വി.എച്ച്.പിയുടെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് പദവി വരെ വഹിച്ച റായെ, പിന്നീട് ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെയാണ് അദ്ദേഹം ക്ഷേത്ര നിര്‍മാണത്തിന്റെ പ്രധാന മേല്‍നോട്ടക്കാരനായി മാറിയത്. അയോധ്യയിലെ കാര്‍സേവകപുരം കേന്ദ്രമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
അതേസമയം, ട്രസ്റ്റിന്റെ ഫണ്ട് വിവരങ്ങള്‍ പ്രധാനമന്ത്രിക്കോ അന്വേഷണസംഘത്തിനോ കൈമാറാന്‍ ചമ്പത് റായ് വിസമ്മതിച്ചതായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. വന്‍തോക്കുകളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള വെറും കണ്‍കെട്ടുവിദ്യ മാത്രമാണ് നിലവിലെ എസ്.ഐ.ടി അന്വേഷണമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, റായ്ക്ക് ചുറ്റുമുള്ള ആളുകളെ അദ്ദേഹം അമിതമായി വിശ്വസിച്ചതുകൊണ്ട് മേല്‍നോട്ടത്തില്‍ സംഭവിച്ച ചില ‘വീഴ്ചകള്‍’ മാത്രമായിരിക്കാം ഇതെന്നാണ് അയോധ്യയിലെയും ലഖ്നൗവിലെയും വി.എച്ച്.പി നേതാക്കള്‍ അദ്ദേഹത്തെ പ്രതിരോധിച്ച് പറയുന്നത്.
ട്രസ്റ്റില്‍ നിന്ന് രാജിവെച്ച രണ്ടാമത്തെ പ്രമുഖനായ 65-കാരന്‍ അനില്‍ മിശ്ര, 2020-ല്‍ രൂപീകരിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ 15 സ്ഥാപക ട്രസ്റ്റിമാരില്‍ ഒരാളാണ്. 2024 ജനുവരി 22-ന് നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അനില്‍ മിശ്രയും ഭാര്യ ഉഷയും ആയിരുന്നു ‘പ്രധാന യജമാനന്മാര്‍’ (മുഖ്യ ആതിഥേയര്‍) ആയി കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ജനുവരി 16-ന് സരയൂ നദിയില്‍ മുങ്ങി നിവര്‍ന്ന്, മന്ത്രോച്ചാരണങ്ങളോടെ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചതും തുടര്‍ന്ന് എട്ട് മണിക്കൂറോളം നീണ്ടുനിന്ന പ്രായശ്ചിത്ത, സങ്കല്‍പ്പ, കര്‍മ്മകുടി പൂജകള്‍ അനുഷ്ഠിച്ചതും മിശ്രയായിരുന്നു. ട്രസ്റ്റി ആയതുമുതല്‍ അയോധ്യയില്‍ താമസിച്ച് ക്ഷേത്ര നിര്‍മാണ പുരോഗതി മാധ്യമങ്ങളോടും വി.ഐ.പി സന്ദര്‍ശകരോടും പങ്കുവെച്ചിരുന്നതും അദ്ദേഹമായിരുന്നു.
യു.പിയിലെ അംബേദ്കര്‍ നഗര്‍ സ്വദേശിയായ അനില്‍ മിശ്ര അടിയന്തരാവസ്ഥക്കാലത്താണ് ആര്‍.എസ്.എസില്‍ ചേരുന്നത്. പിന്നീട് അവധ് മേഖലയിലെ ആര്‍.എസ്.എസ് പ്രാന്ത് കാര്യവാഹക് പദവിയിലടക്കം അദ്ദേഹം എത്തിച്ചേര്‍ന്നു. ഹോമിയോപ്പതി വിഭാഗത്തില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറായിരുന്ന മിശ്ര 2020 ലാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. അതിനുശേഷമാണ് അയോധ്യ കേന്ദ്രീകരിച്ചുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലും ക്ഷേത്ര നിര്‍മാണത്തിലും അദ്ദേഹം പൂര്‍ണ്ണമായും മുഴുകിയത്. അദ്ദേഹത്തിന്റെ രണ്ട് മക്കളും ഡോക്ടര്‍മാരാണ്; ഇതില്‍ ഒരാള്‍ ജര്‍മ്മനിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഫണ്ട് തട്ടിപ്പ് വിവാദവും പ്രമുഖരുടെ രാജിയും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
Content Summary; Ram temple trust general secretary Champat Rai and trustee Anil Mishra resigned following the arrest. Ram temple donation scam
This post was last modified on June 27, 2026 11:37 am
Leave a Comment