February 19, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

കോടതി, ബ്രാഹ്മണര്‍, ക്രിമിനലുകള്‍, ഭക്ഷ്യ സുരക്ഷ : സംഭവബഹുലം

ടീം അഴിമുഖം    മൂന്നു സംഭവങ്ങളാണ് ഡല്‍ഹി രാഷ്ട്രീയത്തില്‍ കഴിഞ്ഞയാഴ്ച തരംഗങ്ങളുണ്ടാക്കിയത്. മൂന്നു കോടതി വിധികളും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ‘തുറന്നു പറച്ചിലുകളും’ ഭക്ഷ്യസുരക്ഷാ പദ്ധതിയെ വോട്ടാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെ തത്രപ്പാടുകളുമാണിത്. ആദ്യം കോടതി വിധികളെ എടുക്കാം.    ‘ക്രിമിനലു’കള്‍ക്ക് വിലക്ക്  രണ്ടു ദിവസങ്ങളായി സുപ്രീം കോടതി രണ്ട് പ്രധാനപ്പെട്ട വിധികള്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പു രംഗം ശുദ്ധീകരിക്കാന്‍ ഉതകും എന്ന് മാധ്യമങ്ങളെല്ലാം വാഴ്ത്തിപ്പാടിയ ഈ വിധി ‘ക്രിമിനലു’കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നു. രണ്ടു വലിയ […]

ടീം അഴിമുഖം 
 
മൂന്നു സംഭവങ്ങളാണ് ഡല്‍ഹി രാഷ്ട്രീയത്തില്‍ കഴിഞ്ഞയാഴ്ച തരംഗങ്ങളുണ്ടാക്കിയത്. മൂന്നു കോടതി വിധികളും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ‘തുറന്നു പറച്ചിലുകളും’ ഭക്ഷ്യസുരക്ഷാ പദ്ധതിയെ വോട്ടാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെ തത്രപ്പാടുകളുമാണിത്. ആദ്യം കോടതി വിധികളെ എടുക്കാം. 
 
‘ക്രിമിനലു’കള്‍ക്ക് വിലക്ക് 
രണ്ടു ദിവസങ്ങളായി സുപ്രീം കോടതി രണ്ട് പ്രധാനപ്പെട്ട വിധികള്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പു രംഗം ശുദ്ധീകരിക്കാന്‍ ഉതകും എന്ന് മാധ്യമങ്ങളെല്ലാം വാഴ്ത്തിപ്പാടിയ ഈ വിധി ‘ക്രിമിനലു’കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നു. രണ്ടു വലിയ പാര്‍ട്ടികളും ആദ്യ ദിവസം തന്നെ വിധിയെ സ്വാഗതം ചെയ്തു. മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം സി.പി.ഐ-എം വിധിയെ ചോദ്യം ചെയ്തു. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന പല നേതാക്കളുടേയും സമ്മര്‍ദ്ദഫലമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇപ്പോള്‍ വീണ്ടുവിചാരം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി ഉടനെ നല്‍കിയേക്കാം. 
 
ഈ കോടതി വിധിക്കൊരു ജനാധിപത്യ വിരുദ്ധ സ്വഭാവമുണ്ട്. തങ്ങളുടെ പ്രതിനിധി ഒരു ‘ക്രിമിനല്‍’ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങള്‍ തന്നെയല്ലേ? നൂറുശതമാനവും പരിപൂര്‍ണമായ ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പക്ഷേ ഈ വിധി പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍ ജനാധിപത്യ, നിയമ ധ്വംസനങ്ങള്‍ക്ക് പേരു കേട്ട സര്‍ക്കാരുകളുള്ള ഈ നാട്ടില്‍ ഈ വിധി ദുരുപയോഗം ചെയ്യപ്പെടാനാണ് കൂടുതല്‍ സാധ്യത. ഭരണ സംവിധാനം തന്നെ വെടിവച്ചു കൊന്ന ഇസ്രത് ജഹാന്റെ കുടുംബാംഗങ്ങള്‍ക്ക് പത്തു വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാത്ത നാടാണിത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. 
 
 
കോടതിയുടെ ഇത്തരം വിധികള്‍ക്കു പുറകിലും ഒരു രാഷ്ട്രീയമുണ്ട്. പാര്‍ലമെന്റിന്റെ ഉത്തരവാദിത്തം പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ പല ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ തന്നെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ പാര്‍ലമെന്റിലെത്തിക്കാന്‍ ശ്രമിക്കാറില്ല. വേണ്ട വിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റിനെ തന്നെ വേദിയാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കാറുമില്ല. ഇങ്ങനെ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുമ്പോള്‍ സ്വാഭാവികമായും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും മാധ്യമങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ പേരില്‍ ഗാലറിയില്‍ നിന്നിറങ്ങി കളിക്കും. അതുകൊണ്ട് ഇത്തരം വിധികള്‍ ജനാധിപത്യ സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തും. രാഷ്ട്രീയക്കാര്‍ക്ക് ഇതൊരു പാഠമാകേണ്ടതാണ്. 
 
ജാതി റാലിയും ബ്രാഹ്മണരും 
ജാതി റാലികളെ നിരോധിച്ചു കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചും സുപ്രധാനമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. ജാതി റാലികള്‍ ഭരണഘടനയ്ക്ക് എതിരാണെന്നാണ് കോടതി പറഞ്ഞത്. പക്ഷേ, ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിനു നില്‍ക്കാന്‍ കച്ച കെട്ടിയിരിക്കുന്ന നരേന്ദ്ര മോദിയെ ഈ വിധി പരോക്ഷമായി സഹായിച്ചേക്കാം. 10 ശതമാനം വരുന്ന ബ്രാഹ്മണര്‍ ഉത്തര്‍ പ്രദേശില്‍ നിര്‍ണായക ശക്തിയാണ്. ജയിക്കുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ സാമര്‍ഥ്യമുള്ളവരാണ് യു.പിയിലെ ബ്രാഹ്മണര്‍. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും മുമ്പന്തിയില്‍ നില്‍ക്കുന്നവരും അവരവരുടെ പ്രദേശങ്ങളില്‍ അഭിപ്രായ രൂപീകരണത്തിന് ശേഷിയുള്ളവരുമാണ് ബ്രാഹ്മണര്‍. അതുകൊണ്ടു തന്നെ അവരെ കൂടെ നിര്‍ത്താന്‍ രാഷ്ട്രീയ കക്ഷികള്‍ തന്ത്രങ്ങള്‍ മെനയാറുമുണ്ട്. കഴിഞ്ഞ തവണ ബി.എസ്.പി ഭരണത്തിലെത്തിയപ്പോള്‍ നിര്‍ണായക വോട്ട് ലഭിച്ചത് ബ്രാഹ്മണ സമുദായത്തിന്റേതാണ്. ഇത് നിലനിര്‍ത്താന്‍ ബി.എസ്.പി തുടര്‍ച്ചയായി ‘ബ്രാഹ്മിണ്‍ ഭായിചാരാ റാലി’ (ബ്രാഹ്മണ സാഹോദര്യ റാലി)കള്‍ നടത്താറുമുണ്ട്. ബി.എസ്.പിയുടെ ഈ തന്ത്രത്തിന് മറുപടിയെന്നോണം എസ്.പിയും ചെറുതെങ്കിലും, ഈ നിര്‍ണായക വോട്ടു ബാങ്കിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. രണ്ടു കൂട്ടരും നടത്തിയ റാലികള്‍ക്ക് ഇപ്പോഴത്തെ കോടതി വിധി തിരിച്ചടിയാകും. 
ആയ കാലത്ത് കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവരാണ് യു.പി ബ്രാഹ്ണര്‍. എന്നാല്‍ രാമജന്മഭൂമി പ്രശ്‌നമടക്കം ഉയര്‍ത്തി ബി.ജെ.പി രംഗത്തെത്തിയതോടെ ഇവര്‍ കൂറുമാറി. ബി.ജെ.പി 1999-ല്‍ 56 ലോക്‌സഭാ സീറ്റുകള്‍ നേടിയത് ഒ.ബി.സി വോട്ടിനൊപ്പം 10 ശതമാനം വരുന്ന ബ്രാഹ്മണ വോട്ടുകളും ഒമ്പതു ശതമാനം വരുന്ന ക്ഷത്രിയ വോട്ടുകളും ഏകോപിപ്പിച്ചാണ്. ഈ 19 ശതമാനത്തിന്റെ ഏകോപനമാണ് മോദിയുടേയും അമിത് ഷായുടേയും ലക്ഷ്യവും. ഈ വോട്ട് ബാങ്ക് വിഘടിക്കുന്നത് മോദിയുടെ പ്രധാനമന്ത്രിയെ മോഹത്തെ വരെ ബാധിക്കും. ഇതിന്റെ ഏകോപനം തടയാനാണ് എസ്.പിയും ബി.എസ്.പിയും ശ്രമിക്കുന്നത്. അതുകൊണ്ടാണ് ബി.എസ്.പി അധ്യക്ഷ മായാവതി നിരോധിക്കേണ്ടത് ജാതി റാലികളെയല്ല, മറിച്ച് ആര്‍.എസ്.എസിനേയും വി.എച്ച്.പി.യേയുമാണെന്ന് പറയുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിനും വി‌.എച്ച്.പിക്കും ആകാമെങ്കില്‍ ജാതി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളെ മാത്രം വിലക്കുന്നതില്‍ എന്തു ന്യായം എന്നാണ് അവര്‍ ചോദിക്കുന്നത്. 
 
നരേന്ദ്ര മോദിയും പട്ടിക്കുട്ടിയുടെ ഉപമയും
വികസനരാഷ്ട്രീയം മാത്രം ഉയര്‍ത്തിക്കാട്ടിയാല്‍ ബി.ജെ.പി അടിത്തറ വിപുലമാക്കാനും ശക്തിപ്പെടുത്താനും  സാധിക്കില്ലെന്ന് മോദി തിരിച്ചറിഞ്ഞെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. അതിന്റെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു വെള്ളിയാഴ്ച റോയിറ്റേഴ്‌സ് പ്രസിദ്ധീകരിച്ച അഭിമുഖം.
 
താന്‍ ഒരു ഹിന്ദുദേശീയവാദിയാണെന്ന് ഒരു മറയുമില്ലാതെ മോദി തുറന്നടിച്ചു. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് ഖേദമില്ലാതെ സംസാരിച്ച മോദി കലാപത്തിനിരയായി മരിച്ച ആയിരക്കണക്കിന് പേരെ കാറിനടിയില്‍ ചതഞ്ഞരഞ്ഞ പട്ടിക്കുട്ടിയോടാണ് ഉപമിച്ചത്. സുപ്രീംകോടതി നിയമിച്ച എസ്.ഐ.ടി. തനിക്ക് ക്ളീന്‍ചിറ്റ് നല്‍കിയിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ കാര്യവും മോദി ഉയര്‍ത്തിക്കാട്ടി. അഭിമുഖത്തില്‍ ഒരു കാര്യം വ്യക്തം. അടിയുറച്ച തിവ്രഹിന്ദുവാണെന്ന ലേബല്‍ ആണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 
 
 
അതിനൊപ്പം, ആ അഭിമുഖത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാതെ പോയ മറ്റൊരു കാര്യവുമുണ്ട്. അതായത്, പോളിസി കാര്യങ്ങളിലുള്ള തുടര്‍ച്ച സംരംഭകരുടെ ആത്മവിശ്വാസം കൂട്ടുമെന്നതും അതൊരു അനിവാര്യതയുമാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. അതായത്, കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുടരുന്ന നയങ്ങളെ അതേ പോലെ പിന്തുടരുമെന്ന് സാരം. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അമേരിക്ക ഇറാക്കിനെ ആക്രമിച്ച സമയത്ത് ഇന്ത്യന്‍ സൈന്യത്തെ ഇറാക്കിലേക്കയക്കണമെന്ന അമേരിക്കന്‍ ആവശ്യത്തെ പ്രതിരോധിക്കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റേയും സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദാന്റെ സഹായം തേടിയിരുന്നു. ഇടതുപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പിനെ ചൂണ്ടിക്കാട്ടി മന്ത്രിസഭയിലും പാര്‍ട്ടിയിലും എല്‍.കെ അദ്വാനി അടക്കമുള്ള അമേരിക്കന്‍ പക്ഷപാതികളെ വാജ്‌പേയി മറികടക്കുകയായിരുന്നു. യു.പി.എയും എന്‍.ഡി.എയേയും രണ്ട് ആശയഗതി പിന്തുടരുന്നവരാണ്. എന്നാല്‍ ചില കാര്യങ്ങളിലെങ്കിലും ഇത് അംഗീകരിക്കാന്‍ മോദി തയാറല്ല എന്നു കാണാം. പ്രത്യേകിച്ച്, കോര്‍പറേറ്റുകളുടെയും നവ ഉദാരീകരണ നയങ്ങളുടെയും കാര്യത്തില്‍. ആര്‍.എസ്.എസിലെ സ്വദേശി ജാഗരണ്‍ മഞ്ചുകാരും മുരളീ മനോഹര്‍ ജോഷിയെ പോലെ ബി.ജെ.പിയിലുള്ളവരും ഇനി അപ്രസക്തരാകും എന്നും മോദി സൂചിപ്പിക്കുന്നു. 
 
മോദിയുടെ ഈ പോക്കില്‍ നിരവധി വെല്ലുവിളികളും പതിയിരിക്കുന്നുണ്ട്. ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഏറ്റവും പ്രധാനം. കുറ്റപത്രത്തില്‍ മോദിയുടെ പേരില്ലെങ്കില്‍ കൂടി ഇസ്രത് ജഹാന്‍ അടക്കമുള്ള കേസുകളില്‍ മോദിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന വിവരങ്ങള്‍ പുറത്താകുമെന്നാണ് സൂചന. ഇതിനെല്ലാം അപ്പുറം മറ്റൊരു അടിയൊഴുക്കുണ്ട്. മോദിയെ ഭയക്കുന്ന എല്‍.കെ. അദ്വാനി, രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ് അടക്കമുള്ള ബി.ജെ.പി നേതാക്കളും തമ്മിലുള്ള പടലപിണക്കത്തിന്റെ തോത് കൂടിക്കൊണ്ടേയിരിക്കും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റിലിയുടെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് പിന്നിലും ഈ തമ്മിലടിയാണ് കാരണമെന്നറിയുന്നു. ദേശീയ മാധ്യമങ്ങളേയും ഇന്ദ്രപ്രസ്ഥത്തിലെ അടിയൊഴിക്കിനേയും കൈകാര്യം ചെയ്യാന്‍ മോദിയേക്കാള്‍ മിടുക്കരാണ് ബി.ജെ.പിയിലെ മറ്റു പല നേതാക്കളുമെന്നത് ഗുജറാത്ത് മുഖ്യന് സൗത്ത് ബ്ലോക്കിലേക്കുള്ള വഴി മുടക്കാന്‍ ഇടയാക്കിയേക്കും.
 
ഭക്ഷ്യസുരക്ഷയും വോട്ട് ബാങ്കും 
പാര്‍ലമെന്റിനെ മറികടന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന യാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി. കുത്തഴിഞ്ഞു കിടക്കുന്ന പൊതുവിതരണ സംവിധാനം ഇതിന്റെ നടത്തിപ്പില്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസിന് ഉത്തമ ബോധ്യമുണ്ട്. ഭക്ഷ്യ ധാന്യം കിട്ടിയില്ലെന്ന് പറഞ്ഞ് നാളെ ആരെങ്കിലും കേസു കൊടുത്താല്‍ പ്രശ്‌നമാകുമെന്നും കോണ്‍ഗ്രസിന് അറിയാം. അതുകൊണ്ടാണ് തിരക്കു പിടിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്തത്. മൂന്നു പ്രധാന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിമാര്‍ക്കു മുമ്പാകെ വച്ചത്. പദ്ധതിക്ക് നിയമ പരിരക്ഷ ഉണ്ടെന്നുള്ളതുകൊണ്ടു തന്നെ വളരെ ശ്രദ്ധിച്ചു വേണം പദ്ധതി നടപ്പാക്കാന്‍. അതുകൊണ്ടു തന്നെ 14 കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ഡല്‍ഹിയും ഹരിയാനയും മാത്രമാണ് ഓഗസ്റ്റ് 20-ന് പദ്ധതി തുടങ്ങുമെന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു കിടക്കുന്ന ഉത്തരാഖണ്ഡും അര്‍ധ സമ്മതം മൂളിയിട്ടുണ്ട്. 
 
 
രണ്ടാമത്തെ നിര്‍ദേശം പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ്. കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഡ് പോലെ താരതമ്യേനെ ഭേദപ്പെട്ട റേഷന്‍ ശ്രൃംഖല മറ്റു സംസ്ഥാനങ്ങളില്‍ എവിടെയുമില്ല. അതുകൊണ്ടു തന്നെ കമ്പ്യൂട്ടറൈസേഷന്‍ അടക്കമുള്ള റേഷന്‍ സംവിധാനത്തിലെ സുതാര്യത ഉറപ്പു വരുത്തുന്നതിന് വലിയ സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റൊന്ന് സംസ്ഥാനങ്ങളില്‍ ആവശ്യമുള്ള സംഭരണ സംവിധാനമാണ്. ഉടന്‍ തന്നെ സ്ഥലം കണ്ടെത്തിയാല്‍ ഇന്റര്‍മീഡിയറി ഗോഡൗണുകള്‍ പണിയാനുള്ള സബ്‌സിഡി നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്. ചരക്കു നീക്കത്തിനുള്ള ചെലവിന്റെ പകുതിയെങ്കിലും കേന്ദ്രം വഹിക്കണമെന്ന് ഏറെക്കാലമായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന കാര്യവും പരിഗണനയിലുണ്ട്. പെട്രോളിന്റെ വില വര്‍ധിപ്പിച്ചു, എഫ്.ഡി.ഐ റീട്ടെയില്‍ കൊണ്ടു വന്നു, പാചക വാതക സിലിണ്ടറുകളുടെ എണ്ണം കുറച്ചു തുടങ്ങിയ പരിഷ്‌കരണണ പരിപാടികള്‍ കൊണ്ടൊന്നും ജനത്തിന്റെ വോട്ടു കിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ് – ചിദംബരം – അലുവാലിയ ടീമിന് അറിയില്ലെങ്കിലും സോണിയാ ഗാന്ധിക്കറിയാം. അതുകൊണ്ടാണ് ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടാണെങ്കിലും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഒരു പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നത്. 
 
മോദിയുടെ നേതൃത്വാധിഷ്ഠിത പ്രചരണത്തെ ഇത്തരം നീക്കങ്ങള്‍ കൊണ്ട് തടയാമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. ഏതായാലും ഇരു ഭാഗത്തു നിന്നുമുള്ള പല ഗിമ്മിക്കുകള്‍ക്കും ഈ വര്‍ഷം ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിക്കും. കോടതി വിധികളെയും മാധ്യമ റിപ്പോര്‍ട്ടുകളെയുമൊക്കെ ഇങ്ങനെ സ്വന്തം കാര്യസിദ്ധിക്കായി ഇവര്‍ ഉപയോഗിക്കും.
 
 

 

×