സൈബർ സുരക്ഷ ലക്ഷ്യമിട്ട് മൊബൈൽ ഫോണുകൾക്കായി സഞ്ചാർ സാഥി ആപ്ലിക്കേഷൻ വികസിപ്പിച്ച് ടെലികോം മന്ത്രാലയം. പുതിയ സ്മാർട്ട്‌ഫോണുകളിൽ ഇവ നിർബന്ധിതമായും ഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദ്ദേശം. ഡിലീറ്റ് ചെയ്യാൻ കഴിയാത്ത തരത്തിൽ സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം. ഇക്കാര്യം മൊബൈൽ ഫോൺ നിർമ്മാതാക്കളെ കേന്ദ്ര ടെലികോം മന്ത്രാലയം നേരിട്ട് അറിയിച്ചതായാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്.
എല്ലാ പുതിയ ഫോണുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള ഈ സൈബർ സുരക്ഷാ ആപ്പ് ഉണ്ടാകണം എന്നാണ് നിർദേശം. ഈ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് ഒരിക്കലും നീക്കം ചെയ്യാൻ കഴിയില്ല. സൈബർ കുറ്റകൃത്യങ്ങളും ഹാക്കിംഗും വർധിക്കുന്നത് തടയുക. കൂടാതെ, മോഷ്ടിക്കപ്പെട്ട ഫോണുകൾ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചതിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വാദം . ഈ നീക്കം, ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ കാരണമായിട്ടുണ്ട്.
ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളും, ഈ നീക്കത്തിൽ വലിയ ആശങ്ക രേഖപ്പെടുത്തുന്നു. ഒരു സർക്കാർ ആപ്ലിക്കേഷൻ ഉപയോക്താവിന്റെ സമ്മതമില്ലാതെ ഫോണിൽ സ്ഥിരമായി നിലനിർത്തുന്നത്, ഉപകരണത്തിലുള്ള വ്യക്തികളുടെ നിയന്ത്രണം ഇല്ലാതാക്കുന്നു. ഡിലീറ്റ് ചെയ്യാനാകാത്ത ഒരു ആപ്പ്, ഉപയോക്താവിന്റെ ഫോൺ ലോഗുകൾ, ലൊക്കേഷൻ, മറ്റ് ആക്റ്റിവിറ്റികൾ എന്നിവ ശേഖരിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഒരുതരം ഡിജിറ്റൽ നിരീക്ഷണത്തിന് വഴിയൊരുക്കുമെന്നും വിമർശകർ വാദിക്കുന്നു.
സഞ്ചാർ സാഥി’ക്ക് കോൾ/എസ്എംഎസ് ലോഗുകൾ, മൊബൈൽ നമ്പർ പോലുള്ള വിവരങ്ങൾ ആവശ്യമാണ്. സ്വകാര്യത നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ശേഖരിക്കുന്ന ഡാറ്റയുടെ വ്യാപ്തിയും അത് കൈകാര്യം ചെയ്യുന്ന രീതിയും സംബന്ധിച്ച് സുതാര്യത കുറവുണ്ടെങ്കിൽ സ്വകാര്യതയ്ക്ക് ഭീഷണിയാകും. ആപ്പിൾ പോലുള്ള കമ്പനികൾ സാധാരണയായി തങ്ങളുടെ സ്വന്തം ആപ്പുകൾ മാത്രമാണ് പ്രീലോഡ് ചെയ്യാൻ അനുവദിക്കുന്നത്. ഒരു സർക്കാർ ആപ്പ് നിർബന്ധമാക്കുന്നത് അവരുടെ ആന്തരിക നയങ്ങൾക്കും ഉപയോക്തൃ സ്വകാര്യത സംബന്ധിച്ച നിലപാടുകൾക്കും എതിരാണ്.
ചുരുക്കത്തിൽ, സുരക്ഷ ഉറപ്പാക്കാനുള്ള നിയമം എന്നതിലുപരി, ഇത് പൗരന്മാരുടെ സ്വകാര്യ വിവരങ്ങളിലേക്കുള്ള ഭരണകൂടത്തിന്റെ അനധികൃതമായ കടന്നുക്കയറ്റമായി മാറാനുള്ള സാധ്യതകളാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
സർക്കാർ വികസിപ്പിച്ച ഒരു സ്പാം വിരുദ്ധ മൊബൈൽ ആപ്ലിക്കേഷന്റെ കാര്യത്തിൽ ടെലികോം റെഗുലേറ്ററുമായി നേരത്തെ അഭിപ്രായവ്യത്യാസത്തിൽ ഏർപ്പെട്ടിരുന്ന ആപ്പിൾ പുതിയ ഉത്തരവിന് വിധേയരായ കമ്പനികളിൽ ഒന്നാണ്. സാംസങ് , വിവോ , ഒപ്പോ , ഷവോമി തുടങ്ങിയ കമ്പനികളും ഈ ഉത്തരവിന് കീഴിൽ വരും.
നവംബർ 28ൽ പുറത്തുവന്ന ഉത്തരവ് പ്രകാരം, പ്രധാന സ്മാർട്ട്‌ഫോൺ കമ്പനികൾക്ക് 90 ദിവസത്തെ സമയമാണ് നൽകിയിട്ടുള്ളത്. ഈ സമയപരിധിക്കുള്ളിൽ സർക്കാരിന്റെ സഞ്ചാർ സാഥി’ എന്ന ആപ്പ് പുതിയ മൊബൈൽ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം. ഉപയോക്താക്കൾക്ക് അത് പ്രവർത്തനരഹിതമാക്കാൻ സാധിക്കില്ല.
സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കും.
നിങ്ങളുടെ പേരിലുള്ള മൊബൈൽ ഫോൺ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുണ്ട് ആപ്പിൽ. മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ സിം എടുത്തിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനും ബ്ലോക്ക് ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
അതേസമയം, ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്‍. സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
content summary: Is the purpose of a mandatory smartphone cybersecurity app to prevent fraud, or is it a step toward invading personal privacy?