March 21, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

സോളാര്‍ : ഉമ്മന്‍ ചാണ്ടി ജനങ്ങളോട് ചെയ്യുന്നത്

ടീം അഴിമുഖം     മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പ്രതിച്ഛായാ സൂക്ഷിപ്പുകാരും നാഴികയ്ക്ക് നാല്‍പ്പതു വട്ടം കെട്ടിഘോഷിക്കുന്ന ഒന്നുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത അഴിമതി ഇല്ലാതാക്കുമെന്ന്.  ഇപ്പോള്‍ രാജി വച്ചാല്‍ അത് സത്യത്തോടുള്ള അനീതിയാകുുമെന്നാണ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. താനും തന്റെ ഓഫീസും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ തന്റേയും തന്റെ ഓഫീസിന്റെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നുമാണ് ഇതിനു കാരണമായി ഉമ്മന്‍ ചാണ്ടി പറയാറ്. എന്നാല്‍ സുതാര്യത (Transparency)യേയും സമ്പര്‍ക്ക (Access)ത്തേയും രണ്ടായി തന്നെ […]

ടീം അഴിമുഖം
 
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പ്രതിച്ഛായാ സൂക്ഷിപ്പുകാരും നാഴികയ്ക്ക് നാല്‍പ്പതു വട്ടം കെട്ടിഘോഷിക്കുന്ന ഒന്നുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത അഴിമതി ഇല്ലാതാക്കുമെന്ന്.  ഇപ്പോള്‍ രാജി വച്ചാല്‍ അത് സത്യത്തോടുള്ള അനീതിയാകുുമെന്നാണ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. താനും തന്റെ ഓഫീസും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ തന്റേയും തന്റെ ഓഫീസിന്റെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നുമാണ് ഇതിനു കാരണമായി ഉമ്മന്‍ ചാണ്ടി പറയാറ്. എന്നാല്‍ സുതാര്യത (Transparency)യേയും സമ്പര്‍ക്ക (Access)ത്തേയും രണ്ടായി തന്നെ കാണണം. ഇതു രണ്ടും ഒന്നാണെന്ന ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. 
 
സുതാര്യതയുടെ പേരില്‍ ആണയിടുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നു പേരാണ് കേരളം കണ്ട വലിയൊരു സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുന്നത്. ഉമ്മന്‍ ചാണ്ടി സുതാര്യതയ്ക്ക് നല്‍കുന്ന വ്യാഖ്യാനം എത്ര ദുര്‍ബലമാണെന്ന് ഇതു തെളിയിക്കുന്നു. 24 മണിക്കൂര്‍ ക്യാമറയ്ക്കു മുന്നില്‍ തുറന്നിരിക്കുന്നതാണ് തന്റെ ഓഫീസ് എന്നാണ് അദ്ദേഹം പറയുന്നതു. കാര്യങ്ങള്‍ പൊതു ജനത്തോട് പറയാന്‍ സ്വന്തമായി ഫേസ് ബുക്ക് പേജും ഉണ്ട്. ആര്‍ക്കും എവിടെ വച്ചും നിവേദനം നല്‍കാം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി വരാം എന്നൊക്കെ നീളുന്നു ആ വാദങ്ങള്‍. എന്നാല്‍ ഇത് കൊണ്ടൊന്നും സുതാര്യത ഉറപ്പു വരുത്താന്‍ കഴിയില്ലെന്നു കൂടിയാണ് സോളാര്‍ വിവാദം ചൂണ്ടിക്കാട്ടുന്നത്. 
 
 
ഇത്രയ്ക്കും ‘ടെക്-സാവി’യായ ഒരു മുഖ്യമന്ത്രിക്ക് പക്ഷേ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. തന്റെ ഓഫീസിലേയും തന്റെയും സുതാര്യതയേയും മുതലെടുത്ത് സ്റ്റാഫ് നടത്തിയ തട്ടിപ്പാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ഉമ്മന്‍ ചാണ്ടിക്കാകില്ല. കാരണം, ഭരണ സംവിധാനത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത, ഒരു തുടക്കക്കാരന്‍ രാഷ്ട്രീയക്കാരനൊന്നുമല്ല ഉമ്മന്‍ ചാണ്ടി. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. 1970 മുതല്‍ എം.എല്‍.എയും വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ധനകാര്യം അടക്കമുള്ള പ്രധാന വകുപ്പുകളില്‍ മന്ത്രിയുമായിരുന്നു ചാണ്ടി. പാര്‍ട്ടി കൊണ്ടു നടക്കുന്നതു പോലെ സംസ്ഥാനത്തിന്റെ ഭരണം കൊണ്ടു നടക്കുന്നത് നാലു കോടി ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. 
 
ഉമ്മന്‍ ചാണ്ടിയുടെ സുതാര്യത ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണ്. സുതാര്യതയുടെ പേരില്‍ നാടുനീളെ നടന്ന് പരാതികള്‍ സ്വീകരിച്ചും അപ്പപ്പോള്‍ ‘തീര്‍പ്പാക്കുകയും’ ചെയ്യുന്നതിലൂടെ ചാണ്ടി തെളിയിക്കുന്നത് താന്‍ ഒരു പരാജയപ്പെട്ട ഭരണാധികാരിയാണെന്നാണ്. വില്ലേജ് ഓഫീസര്‍ക്കോ പഞ്ചായത്ത് സെക്രട്ടറിക്കോ തഹസീര്‍ദാര്‍ക്കോ ഏറി വന്നാല്‍ കളക്ടര്‍ക്കോ നിമിഷ നേരം കൊണ്ട് തീര്‍പ്പാക്കാവുന്ന പരാതികളില്‍ മാത്രമേ തന്റെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടിയും പരിഹാരം കണ്ടെത്തിയിട്ടുള്ളൂ. വര്‍ഷങ്ങളായി നാട്ടിലുള്ള പല പ്രശ്‌നങ്ങളും – വൈദ്യൂതി ലഭ്യത മുതല്‍ കുടിവെള്ളം വരെ – പ്രശ്‌നങ്ങളായി തന്നെ അവശേഷിക്കുന്നു. ഉദ്യോഗസ്ഥ സംവിധാനത്തെ കൃത്യമായി ഉപയോഗിക്കാനോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ കഴിയാത്തതു കൊണ്ട് മാത്രമാണ് ജനസമ്പര്‍ക്ക പരിപാടി പോലുള്ള രാഷ്ട്രീയ സ്റ്റണ്ടുകള്‍ കൊണ്ട് ജനത്തെ പറ്റിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. 
 
 
ഈ സുതാര്യതയുടെ മറവില്‍ പക്ഷേ, കൊയ്ത്ത് നടത്തുന്നത് കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകാരാണ്. ജനങ്ങള്‍ക്ക് സംഭവിച്ച ഈ നഷ്ടത്തില്‍ താന്‍ ഉത്തരവാദിയല്ലെന്നും തന്റെ പ്രതിച്ഛായയെ തകര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ ഗൂഡ നീക്കമാണെന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നു. പക്ഷേ, ഈ കെട്ടിപ്പൊക്കിയ സുതാര്യത അത്ര സുതാര്യമല്ലെന്ന് അദ്ദേഹം തന്നെ തെളിയിക്കുന്നുമുണ്ട്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ വരെ ഉമ്മന്‍ ചാണ്ടി കൂടെക്കൊണ്ടു നടന്നത് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെയാണ്. ഇതിലെന്ത് സുതാര്യത? 
 
മുഖ്യമന്ത്രി എന്നത് എക്‌സിക്യൂട്ടീവിലെ പരമോന്നത പദവിയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത് ഈ പദവിയോട് നീതി പുലര്‍ത്തുകയല്ല, മറിച്ച് തന്റെ പ്രതിച്ഛായ വളര്‍ത്താനുള്ള ഒരു ഏണിപ്പടി മാത്രമായി അദ്ദേഹം ആ പദവി ദുരുപയോഗപ്പെടുത്തുകയാണെന്നാണ്. മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ ഭരണ നിര്‍വഹണം നടത്തുന്നത് ജനാധിപത്യത്തോടു തന്നെയുള്ള വെല്ലുവിളിയാണ്.  തന്റെ ഓഫീസിലുള്ളവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിശ്വസീനയമായ രീതിയിലല്ല പൊതു പ്രവര്‍ത്തനം നടത്തുന്നതും. ഇതു തെളിയിക്കുന്നത് സുതാര്യമല്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും പ്രവര്‍ത്തനങ്ങളിലുണ്ട്. വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായികള്‍ ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന് അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ, ഭരണ പരിചയ സമ്പത്തുള്ള ഉമ്മന്‍ ചാണ്ടി പറയുന്നത് കേരളത്തിലെ ജനത്തിന് ദഹിക്കാവുന്നതിലും അപ്പുറത്താണ്. 
 
 
സോളാര്‍ കേസില്‍ പറയുന്ന കാര്യങ്ങളിലെ ഉറപ്പില്ലായ്മയും നിലപാടു മാറ്റവും സൂചിപ്പിക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് എന്തെല്ലാമോ മറച്ചു വയ്ക്കാന്‍ ഉണ്ട് എന്നു കൂടിയാണ്. ഉമ്മന്‍ ചാണ്ടി മറച്ചു വച്ചിരിക്കുന്ന കാര്യങ്ങള്‍ പുറത്തു കൊണ്ടു വരുന്നതിന് സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം തന്നെ വേണം. അതിന് തിരുവഞ്ചൂരിന്റെ പോലീസ് പോരാ. സി.ബി.ഐയേയും ജുഡീഷ്യല്‍ അന്വേഷണത്തേയും ഉമ്മന്‍ ചാണ്ടി ഭയക്കുന്നതെന്തിനാണ്?
 

 

×